ഏറ്റുമാനൂരില്‍: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് 16 പേര്‍ക്ക് പരിക്ക്. അയ്യപ്പന്‍മാര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലറും കെ.എസ്.ആര്‍.ടി.സി ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഏറ്റുമാനൂര്‍ എം.സി. റോഡില്‍ വിമല ആശുപത്രിക്ക് സമീപം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം.
14 അയ്യപ്പന്‍മാരും കെഎസ്ആര്‍ടിസി ഡ്രൈവറും ഒരു ബസ് യാത്രക്കാരനും ഉള്‍പ്പടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ തകര്‍ന്ന ട്രാവലര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. പരിക്കേറ്റ എല്ലാവരെയും കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വയനാട്, അമ്പലവയല്‍, മീത്തല്‍ വീട്ടില്‍ രാജീവ് (49), കാരച്ചാല്‍, കേശവന്‍ ചെട്ടി (75), പുത്തൂര്‍ വിജയന്‍ (35), ആലുംമൂട്ടില്‍ വിനയകുമാര്‍ (35), കോലടിയില്‍, പുത്തന്‍പുര ഗംഗാധരന്‍ (60), നെന്‍ മേനി രാധാകൃഷ്ണന്‍ (46), ഉത്തര (7), സജിയുടെ മകള്‍ ദേവപ്രിയ (7), വിജയന്റെ മകള്‍ നിരഞ്ജന (7), പുത്തൂര്‍ നാരായണന്‍ (62), കാലയപുര സരണ്‍ (17), ലക്ഷ്മി പ്രിയ (7), രഞ്ജിത്ത് (30), ട്രാവലര്‍ ഡ്രൈവര്‍ പഴുപ്പത്തോട് രതീഷ് (38), കെ. എസ്. ആര്‍. ടി. സി. ഡ്രൈവര്‍ കത്താടുകുളം, ചെമ്പോത്തക്കാലായില്‍ അനില്‍ കുമാര്‍ (44), കെ .എസ് . ആര്‍.ടി.സി യാത്രക്കാരായ പത്രോസ് (65) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.
Content Highlights: Sabarimala pilgrims injured in bus accident at ettumanoor