To advertise here, Contact Us



മുറ്റത്ത് മഴക്കുഴികള്‍, ചുറ്റും നിറയെ മരങ്ങള്‍; ഈ ഹരിത വീട്ടില്‍ തണുപ്പും ജലലഭ്യതയും ആവോളം


എം.ബി. ബാബു

3 min read
Read later
Print
Share

ഒരിറ്റുവെയില്‍ പോലും വീടിന്റെ വിശാലമായ മുറ്റത്ത് പതിക്കുന്നില്ല. സൂര്യതാപം ഏറ്റുവാങ്ങി പകരം തണലും തണുപ്പും നല്‍കി വീടിനെ കാത്തുസൂക്ഷിക്കുകയാണ് മാവും മരക്കൂട്ടങ്ങളും. ഈ വീടും അതിനെപ്പൊതിഞ്ഞ തണലുമെല്ലാം കാണണമെങ്കില്‍ പേരാമംഗലത്തെത്തണം.

ഈ വീടിന് ഗേയ്റ്റ് ഇല്ലായിരുന്നെങ്കില്‍ പൊരിവെയിലില്‍ ആരും മുറ്റത്തെ തണലിലേക്ക് കയറിയിരുന്നേനെ. അത്രമാത്രമുണ്ട് മരങ്ങള്‍ നല്‍കുന്ന തണലും ശാന്തതയും ആശ്വാസവും. ഒരിറ്റുവെയില്‍ പോലും വീടിന്റെ വിശാലമായ മുറ്റത്ത് പതിക്കുന്നില്ല. സൂര്യതാപം ഏറ്റുവാങ്ങി പകരം തണലും തണുപ്പും നല്‍കി വീടിനെ കാത്തുസൂക്ഷിക്കുകയാണ് മാവും മരക്കൂട്ടങ്ങളും. ഈ വീടും അതിനെപ്പൊതിഞ്ഞ തണലുമെല്ലാം കാണണമെങ്കില്‍ പേരാമംഗലത്തെത്തണം. അവിടെ കനിങ്ങാട്ടു തറവാടാണ് തണലും തണുപ്പും ജലസമൃദ്ധിയുമെല്ലാം സ്വായത്തമാക്കിയിരിക്കുന്നത്.

To advertise here, Contact Us

തണലും താപാക്രമണം തടയാനുള്ള സംവിധാനവുമെല്ലാം ഈ വീട്ടില്‍ വര്‍ഷങ്ങളുടെ പ്രയത്‌നത്തിലൂടെ നേടിയെടുത്തതാണ്. 20 വര്‍ഷത്തിനിടെ നട്ടുവളര്‍ത്തിയ ആറ് മാവാണ് മുറ്റത്ത് തണല്‍ വിരിക്കുന്നത്. കാലപ്പഴക്കം കണക്കാക്കാനാകാത്ത മാവ് മുത്തശിയും അവയ്ക്ക് മുകളില്‍ തണല്‍ വീഴ്ത്തുമ്പോള്‍ മുറ്റത്തെ ചൂട് താപനിലയില്‍നിന്ന് മൂന്ന് ഡിഗ്രിയോളം കുറയുന്നു. നിറയെ കായ്ച്ചും പഴുത്തും കൈയെത്തും താഴെ നില്‍ക്കുന്ന മാങ്ങ കണ്ണിനു സന്തോഷവും പകരുന്നു.

റോഡില്‍നിന്ന് ഏതാണ്ട് 50 മീറ്റര്‍ മുറ്റം വിട്ടാണ് വീട് നിര്‍മിച്ചിരിക്കുന്നത്. വിശാലമായ മുറ്റത്ത് മാവുകള്‍ക്ക് പുറമേ അവക്കാഡോ, കറുവ, സര്‍വസുഗന്ധി, നെല്ലി, ഗ്ലൂവിക്ക, വെള്ളച്ചാന്പ, കണിക്കൊന്ന തുടങ്ങി വിവിധയിനം മരങ്ങളുണ്ട്. ഇവയെല്ലാം പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നു. ഒന്നരയേക്കര്‍ സ്ഥലത്ത് വീടിന് പിന്നില്‍ മരങ്ങളുടെ സമൃദ്ധിയാണ്.

നീണ്ട പരിശ്രമങ്ങളുടെ ഫലമായാണ് മുറ്റവും തൊടികളും നിറയെ മരങ്ങള്‍ നട്ടുവളര്‍ത്തിയതെന്ന് വീട്ടുടമ പി. സത്യനാരായണന്‍ പറയുന്നു. കടുത്ത ചൂടിനെ മുന്നില്‍ക്കണ്ടാണ് വീടും നിര്‍മിച്ചത്. വീടിന് നല്ല ഉയരം നല്‍കിയിട്ടുണ്ട്. നിറയെ ജനലുകളും സ്ഥാപിച്ചു. കാറ്റ് കടന്ന് പോകാന്‍ നിറയെ വഴികള്‍. മുറ്റത്തെ തണലിന്റെ തണുപ്പ് വീട്ടിനുള്ളില്‍ മുഴുവനും അനുഭവപ്പെടുന്നു.

ആര്‍ക്കും പരീക്ഷിക്കാവുന്ന വഴികളിലൂടെയാണ് ഈ വീട്ടില്‍ തണലും ജല ലഭ്യതയും വീട്ടുകാര്‍ ഉറപ്പുവരുത്തിയത്. മുറ്റത്തും പറമ്പിലും നിറയെ മഴക്കുഴികളുണ്ട്. 2500 സ്‌ക്വയര്‍ ഫീറ്റിന് മുകളില്‍ വീഴുന്ന മുഴുവന്‍ മഴവെള്ളവും വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഏകദേശം രണ്ടു ലക്ഷം രൂപ ചെലവിട്ടു ഇവര്‍ കിണറ്റിലേക്ക് ശേഖരിക്കുന്നു. റീചാര്‍ജിങ്ങിലൂടെ കിണറിനു പുതു ജീവന്‍ നല്‍കി ജല ലഭ്യത ഉറപ്പു വരുത്താനുമാകുന്നു. അതിനാല്‍ ഒരിക്കല്‍ പോലും വേനലില്‍ വെള്ളത്തിന്റെ പ്രശ്‌നമുണ്ടായിട്ടില്ല. പറമ്പില്‍ പെയ്യുന്ന മഴവെള്ളം പരമാവധി ജലസേചനത്തിനായുള്ള കുളത്തിലേക്കാണ് ഒഴുക്കുന്നത്.

വീടിന് മുകളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വീട്ടിലേക്ക് ആവശ്യമായ വൈദ്യുതി ഇതില്‍ നിന്ന് കിട്ടുമെന്ന് മാത്രമല്ല വീട്ടിലേക്ക് ചൂട് മുകളിലൂടെ കടക്കാതിരിക്കാനുള്ള കവചവുമാണിത്. ഇവയെല്ലാം ചേര്‍ത്താണ് കഠിനമായ വേനലിനെതിരേ ഇവര്‍ കുട ചൂടുന്നത്.

വീട്ടുമുറ്റം നിറഞ്ഞു നില്‍ക്കുന്ന മാവുകളെല്ലാം വിവിധയിനങ്ങളാണ്. അല്‍ഫോന്‍സയും നാട്ടുമാവും പ്രിയോരും അടക്കമുണ്ട്. മാവുകളെല്ലാം തറകെട്ടി സംരക്ഷിച്ചിട്ടുണ്ട്.

മാവുകള്‍ക്കിടയിലെ സ്ഥലത്ത് ബഫല്ലോ ഗ്രാസ് എന്ന ഇനം പച്ചപ്പുല്ലു പിടിപ്പിച്ചിട്ടുണ്ട്. വെള്ളം ഭൂമിയിലേക്കിറങ്ങാനായി സഹായിക്കും ഇവ. മഴക്കാലത്തു പെയ്യുന്ന ഒരിറ്റു വെള്ളം പോലും പുറത്തു പോകാതെ ഈ പുല്‍പ്പരവതാനി കുടിച്ചു തീര്‍ക്കും. മുറ്റത്ത് നടപ്പാതയിലും പുല്ലില്ലാത്ത മറ്റിടങ്ങളിലും മഴവെള്ളം താഴാനായി ഗുരുഡീസ് ഇനം മണ്‍ജനലുകള്‍ പാകിയിരിക്കുകയാണ്. നിര്‍മാണപാകപ്പിഴ കാരണം വിറ്റഴിക്കാനാകാതെ കമ്പനി വെച്ചിരുന്ന ഗുരുഡീസ് ചുരുങ്ങിയ വിലയ്ക്ക് വാങ്ങി മണ്ണില്‍ പാകുകയായിരുന്നു. മഴവെള്ളം നേരിട്ട്‌ േശഖരിച്ച് ഭൂമിയിലേക്ക് ഇറക്കിവിടും ഈ ജനലുകള്‍. ജനലുകളുടെ കണ്ണികളില്‍ ബേബി മെറ്റല്‍ നിറച്ചിരിക്കുന്നു. ഇവ ചൂട് പുറത്തേക്ക് വിടില്ല.

ജലലഭ്യത ഉള്ളതിനാല്‍ വീട്ടുപറമ്പില്‍ ചോളവും കടലയും കരിമ്പും കൃഷിചെയ്തു വരുന്നു. അതില്‍നിന്ന് നല്ല വിളവും ലഭിക്കാറുണ്ട്. ജലത്തിന്റെ ഉപയോഗം തീരെ കുറഞ്ഞ പോളിഹൗസ് രീതിയിലൂടെ കോളിഫ്‌ലവര്‍, കാബേജ്, വെണ്ട, പയര്‍ എന്നീ പച്ചക്കറികളും ഉത്പാദിപ്പിക്കുന്നു.

വീടിനു ചുറ്റും പറമ്പിലും ധാരാളം കരിയില വീഴുന്നത് കത്തിച്ച് ചാരമാക്കി അത് വൃക്ഷങ്ങള്‍ക്കുതന്നെ വളമായി നല്‍കുന്നു. ഇതാണ് ഏക വളപ്രയോഗം. കൃഷിയോടുള്ള പ്രിയം മൂലം പണ്ട് തറവാട്ടില്‍ ഉപയോഗിച്ചിരുന്ന കൃഷിഉപകരണങ്ങളുടെ വലിയൊരു ശേഖരംതന്നെ ഇവിടെയുണ്ട്. പുതുതലമുറ ഒരിക്കലും കണ്ടിരിക്കാത്ത മര ഉപകരണങ്ങളാണ് ഏറെയും. നെല്‍കൃഷിക്ക് തടമെടുക്കാന്‍ ഉപയോഗിച്ചിരുന്ന കട്ടത്തല്ലി, കഞ്ഞി കുടിക്കാനുള്ള പ്രത്യേക തവി, പറ, പത്തായം എന്നിവയെല്ലാം േശഖരത്തിലുണ്ട്.

കനിങ്ങാട്ടു തറവാട്ടില്‍ കൃഷിക്ക് നേതൃത്വം നല്‍കുന്നത് അഭിഭാഷകയായ ലക്ഷ്മി മേനോനാണ്. ഭര്‍ത്താവ് സത്യനാരായണനും ഒപ്പമുണ്ട്. മകള്‍ ദേവനന്ദ മേനോനും അമ്മ നളിനി മേനോനും എല്ലാ സഹായവുമായി ഇവര്‍ക്കൊപ്പമുണ്ട്.

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട് കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: How to Beat the Summer Heat with Trees My Home Kerala Home Designs

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us