അർക്ക വെർട്ടിക്കൽ ഗാർഡൻ
ദേശീയ ഉദ്യാനവിള ഗവേഷണകേന്ദ്രം വികസിപ്പിച്ച അർക്ക വെർട്ടിക്കൽ ഗാർഡനിലൂടെ പരിമിതമായ സ്ഥലത്ത് മികച്ച അടുക്കളത്തോട്ടം ഒരുക്കാം. ഇത് ഉപയോഗിക്കാൻ തിരഞ്ഞെടുത്ത നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ സഹായം നൽകുന്നു.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ നഗരപരിധിയിലുള്ള പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുക. ഒരു ചതുരശ്രമീറ്റർ വിസ്തൃതിയിൽ സൂര്യപ്രകാശം യഥേഷ്ടം ലഭിക്കുന്ന സ്ഥലത്ത് സ്ഥാപിക്കാം.
ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കാവുന്ന രീതിയിൽ ചക്രങ്ങളും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. 16 ചെടിച്ചട്ടികൾ, നടീൽ മാധ്യമം, തുള്ളിനന എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
ഐ.ഐ.എച്ച്.ആർ. വികസിപ്പിച്ച അർക്ക പോഷകലായനിയും പദ്ധതിപ്രകാരം ലഭ്യമാക്കുന്നു. 75 ശതമാനം സബ്‌സിഡിയിൽ നടപ്പാക്കുന്ന പദ്ധതിയിൽ 25 ശതമാനം അതായത് 6000 രൂപ ഗുണഭോക്തൃവിഹിതം അടയ്ക്കണം. മുളക്, കത്തിരിക്ക, തക്കാളി, ബീൻസ്, ഫ്രഞ്ച് ബീൻസ്, ചീര, പാലക്, മല്ലി, റാഡിഷ് എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 15 വർഷംവരെയാണ് ഒരു യൂണിറ്റിന്റെ കാലാവധി.
ചെടികൾ പരിപാലിക്കാനാവശ്യമായ അർക്ക പോഷകലായനിയും ജൈവകീടരോഗനിയന്ത്രണ ഉപാധികളും ഇതോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. അർക്ക പോഷക ലായനി അഞ്ച് മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായനിയാക്കി ചെടികളിൽ തളിക്കാം. പച്ചക്കറികൾക്കു പുറമേ പൂച്ചെടികളും ഔഷധച്ചെടികളായ ബ്രഹ്മി, പുതിന, തിപ്പല്ലി, തുളസി തുടങ്ങിയവും ഇതിൽ വളർത്താം.
വിവരങ്ങൾക്ക്:
0471-2330857.
Content Highlights: arka vertical garden structure, state horticulture mission, kitchen garden