ഫാ. ടോണി കോഴിപ്പാടൻ. വീടുകളുടെ വെഞ്ചിരിപ്പ് കർമം പാലക്കാട് രൂപതാ ബിഷപ് ജേക്കബ് മനത്തോടത്ത് നിർവഹിക്കുന്നു.
2018-ലും 2019-ലും കനത്തമഴയില്‍ കേരളത്തിലുണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലുകളുമെല്ലാം മലയാളിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ഒട്ടേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിനു പുറമെ വലിയതോതിലുള്ള നാശനഷ്ടവും ഒപ്പം സാമ്പത്തികബാധ്യതയുമാണ് അവ കേരളത്തിന് വരുത്തിത്തീര്‍ത്തത്. പാലക്കാട് ജില്ലയിലെ മലയോര മേഖലയായ ചീനിക്കപ്പാറയും സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോകുകയായിരുന്നു. 2018-ല്‍ കനത്ത മഴയെത്തുടര്‍ന്ന് ഇവിടെ ഉരുള്‍പൊട്ടലുണ്ടായി. അപ്രതീക്ഷിതമായുണ്ടായ ആ ദുരന്തത്തില്‍ എട്ടുകുടുംബങ്ങള്‍ക്കാണ് തങ്ങളുടെ വീടുകള്‍ നഷ്ടമായത്. തികച്ചും കര്‍ഷകഗ്രാമമായ ഇവിടെ കൂലിപ്പണിയെടുത്തും റബ്ബര്‍ ടാപ്പിങ് നടത്തിയുമാണ് ആളുകള്‍ നിത്യവൃത്തിക്കുമുള്ള പണം കണ്ടെത്തിയിരുന്നത്. നിനയ്ക്കാതെ വന്നെത്തിയ ഉരുള്‍പൊട്ടലില്‍ ജീവന്‍ മാത്രം കൈയില്‍പിടിച്ച് മലമുകളില്‍നിന്നും അവര്‍ക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
ഇവര്‍ക്ക് രക്ഷകനായി കടന്നുവരികയായിരുന്നു ചീനിക്കപ്പാറ സെന്റ് തോമസ് ഇടവകവികാരി ഫാ. ടോണി കോഴിപ്പാടന്‍. 2016-ണ് ഫാ. ടോണി ചീനിക്കപ്പാറ ഇടവക വികാരിയായി എത്തുന്നത്. അന്നമുതൽ ഇടവകക്കാരുടെ ഓരോ കാര്യങ്ങൾക്കും അദ്ദേഹം ഓടി നടന്ന് സഹായം ചെയ്തുവന്നു. എന്നാൽ, തുടർച്ചയായ രണ്ടുവർഷങ്ങളിലുണ്ടായ പ്രകൃതിദുരന്തത്തിൽ അദ്ദേഹത്തിന് മുന്നിൽ വന്നെത്തിയത് പുതിയ ദൗത്യമായിരുന്നു. ഉരുൾപൊട്ടലുകളിൽ വീടുകൾ നഷ്ടമായ 33 കുടുംബങ്ങൾക്ക് ഫാ. ടോണിയുടെ നേതൃത്വത്തിൽ വീടുകൾവെച്ചു നൽകി.
2018-ല്‍ ചീനിക്കപ്പാറയിലെ കുണ്ടംപൊട്ടി എന്ന സ്ഥലത്തുണ്ടായ ഉരുള്‍പൊട്ടലില്‍ എട്ടുകുടുംബങ്ങള്‍ക്ക് വീട് നഷ്ടമായിരുന്നു. പൂര്‍ണമായും ഭാഗികമായും വീടുകള്‍ തകര്‍ന്നുവെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇവര്‍ക്ക് വീടുവെച്ചു നല്‍കാന്‍ ഫാ. ടോണി തീരുമാനിച്ചു. വീട് വെക്കുന്നതിനുള്ള സ്ഥലം പള്ളിയോട് ചേര്‍ന്ന് സൗജന്യമായി തന്നെ കണ്ടെത്തി. നിര്‍മാണത്തിനുള്ള പണം കണ്ടെത്തുകയായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഫാ. ടോണി പറയുന്നു. 'തീര്‍ത്തും നിര്‍ധനകുടുംബങ്ങള്‍ താമസിക്കുന്ന ഈ ഇടവകയില്‍നിന്നുതന്നെ വീടുകള്‍ വയ്ക്കുന്നതിനുള്ള പണം കണ്ടെത്താന്‍ കഴിയുമായിരുന്നില്ല. അതിനാല്‍, വിദേശത്തും സ്വദേശത്തുമുള്ള എന്റെ സുഹൃത്തുക്കള്‍ വഴിയും സ്‌പോണ്‍സര്‍ഷിപ്പ് വഴിയുമാണ് ഈ തുക കണ്ടെത്തിയത്. ജോയ് ആലുക്കാസ് ഗ്രൂപ്പും വൈദിക സന്യാസസഭയായ വിന്‍സെന്‍ഷ്യല്‍ കോണ്‍ഗ്രിഗേഷനും ഉദ്യമത്തില്‍ പങ്കാളികളായി-ഫാ.ടോണി പറഞ്ഞു. 2019-ല്‍ എട്ടു കുടുംബങ്ങൾക്കും വീടുകൾ കൈമാറി.
2019-ല്‍ രണ്ടാമത്തെ ദുരന്തത്തിന് നാട് സാക്ഷ്യം വഹിച്ചു. ഇടവകയിലെ തന്നെ വട്ടപ്പാറ എന്ന സ്ഥലത്ത് ഉരുള്‍ പൊട്ടുകയും കിലോമീറ്റുകളോളം സ്ഥലത്ത് ഭൂമി വിണ്ടുകീറുകയുംചെയ്തു. തുടര്‍ന്ന് ഈ പ്രദേശം മുഴുവനും താമസയോഗ്യമല്ലാതായി മാറി. ഇവിടെയുള്ള പൂര്‍ണമായും വീടുകള്‍ നഷ്ടപ്പെട്ട 11 കുടുംബങ്ങള്‍ക്കും സുരക്ഷിതമായ സ്ഥലത്ത് വീടുവെച്ചു നല്‍കാന്‍ ഫാ.ടോണി തീരുമാനിച്ചു. വലിയ മലമ്പ്രദേശമായതിനാല്‍ വരും വര്‍ഷങ്ങളിലും ഇവിടെ ഉരുള്‍പൊട്ടാനുള്ള സാധ്യത ഏറെയായിരുന്നു. അതിനാല്‍, അവിടെ താമസിക്കുന്ന ബാക്കിയുള്ള കുടുബങ്ങള്‍ക്കും വലിയ സുരക്ഷാഭീഷണിയുണ്ടായിരുന്നു. തുടര്‍ന്ന് മുഴുവന്‍ കുടുംബങ്ങളെയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി താമസിപ്പിച്ചു. വാടകയ്ക്ക് വീടെടുത്താണ് ഈ കുടുംബങ്ങളെ മുഴുവനും വീട് പണി പൂര്‍ത്തിയാകുന്നത് വരെ താമസിപ്പിച്ചത്. ഇത്തവണയും ദുബായിലുള്ള സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായം തേടിയും സ്‌പോണ്‍സര്‍ഷിപ്പിലൂടെയുമാണ് വീട് വയ്ക്കുന്നതിനുള്ള പണം സ്വരൂപിച്ചത്. 2021 ഏപ്രിലില്‍ 18 വീടുകളുടെ താക്കോല്‍ദാനം നടന്നു. പാലക്കാട് ബിഷപ് ജേക്കബ് മനത്തോടത്താണ് വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചത്. ശേഷിക്കുന്ന വീടുകളുടെ താക്കോല്‍ദാനം പണികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൈമാറി.
ആദ്യത്തെ എട്ടുവീടുകള്‍ക്കും ഭൂമി സൗജന്യമായി ലഭിച്ചപ്പോള്‍ ഇത്തവണ പക്ഷേ, ഭൂമി വില കൊടുത്തു വാങ്ങേണ്ടി വന്നു. ഒരു സെന്റിന് 35,000 മുതല്‍ 40000 രൂപവരെയാണ് ചെലവായത്. ചീനിക്കപ്പാറ ഇടവകയ്ക്കുള്ളില്‍ തന്നെയാണ് 33 വീടുകളും നിര്‍മിച്ച് നല്‍കിയത്. അഞ്ചുവീടുകളൊഴികെ ബാക്കിയെല്ലാം വെവ്വേറെ സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്നു.
പഞ്ചായത്ത് മെമ്പര്‍ അടക്കമുള്ള 11 പേര്‍ അടങ്ങുന്ന കമ്മിറ്റിക്ക് രൂപം നല്‍കി ഇവരുടെ നേതൃത്വത്തിലാണ് വീടുപണികള്‍ പൂര്‍ത്തിയാക്കിയത്. ''ഇത് വലിയൊരു ഉദ്യമമായിരുന്നു. അതിനാല്‍, എനിക്കുമാത്രമായി ഇത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയില്ല. അങ്ങനെയാണ് കമ്മിറ്റിക്ക് രൂപം നല്‍കിയത്''-ഫാ. ടോണിയുടെ വാക്കുകള്‍.
ഒരുവീട് നിര്‍മിക്കുന്നതിന് ഏകദേശം 7 ലക്ഷം രൂപയാണ് ചെലവായത്. സ്ഥലം വാങ്ങിയത് അടക്കമുള്ള വീടുകള്‍ക്ക് 9 ലക്ഷത്തിന് മുകളില്‍ ചെലവ് വന്നു. അഞ്ച് മുതല്‍ ഏഴ് സെന്റ് വരെയുള്ള ഭൂമിയിലാണ് ഓരോ വീടും പണിതുയര്‍ത്തിയിരിക്കുന്നത്. സിറ്റൗട്ട്, രണ്ട് കിടപ്പുമുറികള്‍, ഹാള്‍, ഒരു ടോയ്‌ലറ്റ് അടുക്കള എന്നിവയാണ് വീടിനുള്ളിലെ സൗകര്യങ്ങള്‍. നാലോളം വീടുകളുടെ നിര്‍മാണത്തിന് സര്‍ക്കാര്‍ ധനസഹായമായ 3.75 ലക്ഷം രൂപ ലഭിച്ചു. പാലക്കാട് രൂപതയില്‍നിന്നും സാമ്പത്തികമായും മറ്റും വളരെയേറെ സഹായം ലഭിച്ചുവെന്ന് ഫാ. ടോണി പറഞ്ഞു.
ഈ 33 വീടുകള്‍ക്കു പുറമെ ഒട്ടേറെ വീടുകളുടെ അറ്റകുറ്റപ്പണികളും ഫാ. ടോണിയുടെ നേതൃത്വത്തില്‍ ചെയ്തുനല്‍കിയിട്ടുണ്ട്. ഇതിൽ ഇതരമതത്തിൽപ്പെട്ടവരുമുണ്ട്.
ഫാ. ടോണിയുടെ പ്രവര്‍ത്തനം മാതൃകയാക്കി പാലക്കാട് രൂപതയുടെ നേതൃത്വത്തില്‍ മറ്റ് ഇടവകകളില്‍ 150 കുടുംബങ്ങള്‍ക്ക് വീട് വെച്ചുകൊടുത്തുകൊണ്ടിരിക്കുകയാണ്. ഏപ്രില്‍ പകുതിയാകുമ്പോഴേക്കും ഈ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
തൃശ്ശൂര്‍ ചാലക്കുടി കുറ്റിക്കാട് സ്വദേശിയാണ് ഫാ. ടോണി. ജോസ് കോഴിപ്പാടന്‍-സിസിലി ദമ്പതികളുടെ മകനാണ് ഫാ.ടോണി. രണ്ട് സഹോദരങ്ങളാണ് അദ്ദേഹത്തിനുള്ളത്.
Content highlights: new houses bulit by young priest from Palakkad cheenikkapara, Fr. Tony kozhipadan bulit 33 new houses