കൂട്ടായ്മയുടെ വിജയം; അമേരിക്കയില്‍ ഉയരുന്ന സ്‌നേഹവീടുകള്‍


ജെയ്ന്‍ ജോസഫ്‌‌\janejoseph.123@gmail.com

ഹാബിറ്റാറ്റിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവാന്‍ താത്പര്യമുള്ളവര്‍ക്ക് വെബ്സൈറ്റില്‍ രജിസ്റ്റര്‍ചെയ്ത് ജോലിദിവസങ്ങള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും.

ഹാബിറ്റാറ്റിന്റെ നേതൃത്വത്തിൽ പണിയുന്ന വീട്‌

വര്‍ഷങ്ങള്‍ക്കുമുമ്പൊരു ശനിയാഴ്ച. കുറച്ച് സുഹൃത്തുക്കളോടൊപ്പം ഒരു സന്നദ്ധസംഘത്തിന്റെ ഭാഗമായാണ് ഞങ്ങള്‍ അവിടെയെത്തിയത്. ചെറുതും വലുതുമായ പാര്‍പ്പിടങ്ങളും ഉദ്യാനങ്ങളും കളിസ്ഥലങ്ങളും വിദ്യാലയങ്ങളും ഒക്കെയായി ഒരു മാതൃകാ അമേരിക്കന്‍ വാസസ്ഥലം. അതിനിടയിലുള്ള ഒരുസ്ഥലത്താണ് ഞങ്ങള്‍ നില്‍ക്കുന്നത്. അവിടെ ഒരു വീടിന്റെ പണി നടക്കുന്നു. എന്റെ മുമ്പില്‍ അടിത്തറയില്‍നിന്ന് ഉയര്‍ന്നുനില്‍ക്കുന്ന തടിത്തൂണുകള്‍. അവയെ തമ്മില്‍ ബന്ധിപ്പിച്ച് തലങ്ങും വിലങ്ങുമായി തടിക്കഷണങ്ങള്‍. ഉയര്‍ന്നുവരുന്ന ഒരു വീട്. ഈ ജോലികളില്‍ എനിക്കെങ്ങനെ സഹായിക്കാന്‍സാധിക്കുമെന്ന ചിന്ത എന്നെ അലട്ടിക്കൊണ്ടിരുന്നു.

കൈകളില്‍ സുരക്ഷയ്ക്കായുള്ള കൈയുറകളും പാദങ്ങള്‍ മുഴുവനായി ആവരണംചെയ്യുന്ന പാദരക്ഷകളും പേരെഴുതിയൊട്ടിച്ച ഹെല്‍മെറ്റും ധരിച്ചുവന്ന ഞങ്ങളോട് മൈക്ക് ഉറക്കെ ചോദിച്ചു. ''ഒരു കുടുംബത്തിന്റെ വീടെന്ന സ്വപ്നത്തില്‍ കൈത്താങ്ങാവാന്‍ നിങ്ങള്‍ തയ്യാറാണോ?'' ''അതേ'' എന്ന് മറ്റുള്ളവര്‍ ഉറച്ചുപറയുമ്പോള്‍ എന്റെ ശബ്ദം മാത്രം താഴ്ന്നിരുന്നു.

ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി എന്ന സംഘടനയാണ് ഈ വീടിന്റെ നിര്‍മാണം നടത്തുന്നത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ലോകത്തിലെത്തന്നെ ഏറ്റവുംവലിയ ഭവനനിര്‍മാണസംഘടനയാണ് ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി. അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും അമേരിക്കയ്ക്ക് പുറത്ത് എഴുപതിലേറെ രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന ഈ സംഘടന ഇതിനോടകം അനേകലക്ഷം ജനങ്ങള്‍ക്ക് ഭവനനിര്‍മാണവും പുനഃസ്ഥാപനവും സാധ്യമാക്കിയിട്ടുണ്ട്. അമേരിക്കയില്‍ ഭവനനിര്‍മാണച്ചെലവിന്റെ ഒരു നല്ല ശതമാനം തൊഴിലാളികളുടെ കൂലിയാണ്. എന്നാല്‍, പൂര്‍ണമായും സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ഹാബിറ്റാറ്റ് വീടുകള്‍ നിര്‍മിക്കുന്നത്. ഹാബിറ്റാറ്റുമായി സഹകരിക്കുന്ന കമ്പനികള്‍ നിര്‍മാണത്തിനുള്ള സാമഗ്രികള്‍ വിലക്കിഴിവില്‍ ലഭ്യമാക്കുന്നു. ഈ വീടുകള്‍ ലാഭമീടാക്കാതെ നിര്‍മാണച്ചെലവില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഹാബിറ്റാറ്റ് വില്‍ക്കുന്നു. അതുവഴി ജീവിക്കാനായി കഠിനാധ്വാനംചെയ്യുന്ന ഒരു സാധാരണക്കാരന് വീടെന്ന വിദൂരസ്വപ്നം സാക്ഷാത്കരിക്കാനാവുന്നു.

ഇന്നിവിടെ സന്നദ്ധപ്രവര്‍ത്തകരായി ഏതാണ്ട് ഇരുപതോളം പേരുണ്ട്. ഞങ്ങളുടെ സുഹൃദ്സംഘത്തെ കൂടാതെ വേറൊരു സംഘടനയില്‍നിന്നുള്ള കുറച്ചാള്‍ക്കാരും. ഹാബിറ്റാറ്റിന്റെ സ്ഥിരംജോലിക്കാരായ നാലുപേരാണ് ഞങ്ങളെ നയിക്കുന്നത്. മൈക്കാണ് സൂപ്പര്‍വൈസര്‍.

ഹാബിറ്റാറ്റിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവാന്‍ താത്പര്യമുള്ളവര്‍ക്ക് വെബ്സൈറ്റില്‍ രജിസ്റ്റര്‍ചെയ്ത് ജോലിദിവസങ്ങള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. തങ്ങളുടെ ജോലികളില്‍നിന്ന് വിരമിച്ച മൈക്കിനെപ്പോലുള്ള അനേകര്‍ തങ്ങളുടെ സമയത്തിന്റെ നല്ലപങ്ക് ഹാബിറ്റാറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നു. എന്നെപ്പോലെയുള്ള ധാരാളംപേര്‍ ഇവിടെയെത്തി ചെറിയ ജോലികളില്‍ പങ്കാളികളാവുന്നു. ഒരു ജോലിയും ചെറുതല്ല എന്നതാണ് ഹാബിറ്റാറ്റിന്റെ മുദ്രാവാക്യം.

മൈക്ക് ഞങ്ങളെ നാലു സംഘങ്ങളായി തിരിച്ചു. ഞങ്ങളുടെ സംഘത്തലവന്‍ ജോണ്‍ ഞങ്ങള്‍ ചെയ്യേണ്ട ജോലികള്‍ വിവരിച്ചു. ഒരു ബെഡ്റൂമിന്റെ ഭിത്തിക്കായുള്ള തടിക്കഷണങ്ങള്‍ പല അളവുകളില്‍ മുറിച്ചെടുത്ത് അത് പലയിടങ്ങളിലായി ആണിയടിച്ചുറപ്പിക്കുക എന്നതാണ് ആദ്യജോലി. ജോണ്‍ എന്നെയും എന്റെ സുഹൃത്ത് റോബിനെയും ഒരു യന്ത്രത്തിനടുത്തേക്ക് കൊണ്ടുപോയി. വീടിന്റെ മുന്‍വശത്ത് വെച്ചിരിക്കുന്ന യന്ത്രം ചൂണ്ടിക്കാട്ടി ജോണ്‍ ഞങ്ങളോട് ചോദിച്ചു. ''ടേബിള്‍ സോ ആണിത്. ഉപയോഗിച്ചിട്ടുണ്ടോ?'' ഇല്ലായെന്ന് ഞാനും ഉണ്ടെന്ന് റോബും മറുപടി പറഞ്ഞു. ''ജെയിന്‍ ടേബിള്‍ സോ ഉപയോഗിച്ചിട്ടില്ലെങ്കില്‍ പഠിക്കാന്‍ ഇതാണ് ഏറ്റവുംനല്ല അവസരം''. ജോണ്‍ ഒരു തടിക്കഷണം എടുത്തുവെച്ച് ആ യന്ത്രം എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്ന് ലളിതമായി വിവരിച്ചു. വലത് കൈ പിടിച്ചിരിക്കുന്ന ഭാഗം താഴേക്ക് സാവധാനം വലിച്ചു. അതീവ മൂര്‍ച്ചയുള്ള വാള്‍ വലിയൊരു ശബ്ദത്തോടെ തടിക്കഷണത്തിലൂടെ കടന്ന് അതിനെ രണ്ട് കഷണമാക്കി. ജോണ്‍ സേഫ്റ്റി ഗ്‌ളാസ് എങ്ങിനെ വെക്കണമെന്നും കൈകള്‍ എങ്ങനെ പിടിക്കണമെന്നുമൊക്കെ വിവരിച്ചു. എന്‍ജിനിയറിങ് കോളേജുകളില്‍ യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പഠിച്ചിട്ടുണ്ടെങ്കിലും അതൊന്നും ദൈനംദിനജീവിതത്തില്‍ ആവശ്യമായിട്ടില്ല എന്നതാണ് സത്യം. ഒഴിഞ്ഞുമാറാന്‍ പറ്റില്ലെന്നുറപ്പായപ്പോള്‍ വളരെ ശ്രദ്ധയോടെ എന്റെ ചുമതലയിലേക്ക് ഞാന്‍ പ്രവേശിച്ചു. വിചാരിച്ചതിലും ലാഘവത്തോടെ തടി രണ്ടു കഷണമായി മുറിഞ്ഞു. ജോണ്‍ അതിലെ ചെറിയ കഷണമെടുത്തുകാണിച്ച് എന്നെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു. ''കുട്ടികളുടെ ബെഡ്റൂമിലെ ജനാലയുടെ ഒരു വശമാണിത്.'' എന്റെ കണ്ണുകള്‍ അഭിമാനത്താല്‍ തിളങ്ങി. ജനാലയില്‍ മുഖംചേര്‍ത്ത് പുറത്തേക്കുനോക്കുന്ന ഒരു കുഞ്ഞുമുഖം എന്റെ മനസ്സില്‍ തെളിഞ്ഞു. എന്റെ ആശങ്കകളെല്ലാം അകന്നു. ഞാന്‍ ഓരോ തടിക്കഷണമായി മുറിച്ചുതുടങ്ങി. റോബ് ആണ് മുറിക്കേണ്ടതെവിടെയെന്നു അളന്ന് അടയാളപ്പെടുത്തിത്തരുന്നത്. റോബ് അമേരിക്കന്‍ പട്ടാളത്തില്‍നിന്ന് വിരമിച്ചയാളാണ്. ധാരാളംസമയം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നു. ഹാബിറ്റാറ്റിനോടൊപ്പം അനേകം വീടുകളുടെ നിര്‍മാണത്തില്‍ പങ്കെടുത്ത കഥകള്‍ റോബ് പങ്കുവെച്ചു. ആ മുഖത്ത് സ്ഫുരിക്കുന്ന സന്തോഷംതന്നെയാണ് അദ്ദേഹത്തിന് ലഭിക്കുന്ന പ്രതിഫലം! ഓരോ തടിക്കഷണവും മുറിഞ്ഞുവീഴുമ്പോള്‍ റോബിന്റെ അഭിനന്ദനങ്ങളോടൊപ്പം എന്റെ ആത്മവിശ്വാസവും കൂടിവന്നു.

jane joseph

ഓരോ മണിക്കൂര്‍ കഴിയുന്തോറും വീടിന്റെ ആകൃതി മാറിവരുന്നു. അമേരിക്കയില്‍ ഭവനനിര്‍മാണം കേരളത്തിലേതില്‍നിന്ന് വളരെ വ്യത്യസ്തമാണ്. സിമന്റിന്റെ ഉപയോഗം വളരെ കുറവാണ്. തടിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അടിത്തറയില്‍നിന്ന് വീടിന്റെ ഏകദേശരൂപം തടിക്കഷണങ്ങളാല്‍ ഉയരും. ഭിത്തികളും മേല്‍ക്കൂരയും എല്ലാം ഉള്‍പ്പെടുന്ന ഒരു ചട്ടക്കൂട്. ഫ്രെയിമിങ് എന്നപേരിലാണ് ഈ ഘട്ടം അറിയപ്പെടുന്നത്. തടിഭിത്തികള്‍ക്കകത്ത് ഇന്‍സുലേഷനുള്ള വസ്തുക്കള്‍ നിറച്ച് അതിനിടയിലൂടെ പ്ലംബിങ്, വയറിങ് എന്നതിനൊക്കെയുള്ള ഇടങ്ങള്‍ ഒരുക്കി, പിന്നെ തടികൊണ്ടുള്ള ചട്ടക്കൂടിനുപുറത്ത് മറ്റു നിര്‍മാണസാമഗ്രികളും പ്ലൈവുഡും ഉപയോഗിച്ചാണ് ഭിത്തികള്‍ പൂര്‍ത്തിയാവുന്നത്. ഇന്ന് ഞങ്ങള്‍ ചെയ്യുന്നത് ഫ്രെയിമിങ്ങാണ്.

മൈക്കിന്റെ വിസിലടിശബ്ദം മുഴങ്ങി. ആദ്യ രണ്ടുമണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. ഇനി ജോലികള്‍ മാറാനുള്ള സമയമാണ്. എല്ലാവര്‍ക്കും എല്ലാ ജോലികളിലും പരിചയം ലഭിക്കുക എന്നതാണ് ഉദ്ദേശ്യം. എന്റെ അടുത്ത ജോലി ബെഡ്റൂമിലെ ഭിത്തികളിലെ തടിത്തൂണുകള്‍ക്കിടയില്‍ നീളംകുറഞ്ഞ തടിക്കഷണങ്ങള്‍ തിരശ്ചീനമായി ആണിയടിച്ച് ഘടിപ്പിക്കുക എന്നതാണ്. തീയില്‍നിന്നുള്ള സുരക്ഷയ്ക്കുവേണ്ടിയാണ്. തീപ്പിടിത്തമുണ്ടായാല്‍ ഇന്‍സുലേഷന്‍ വസ്തുക്കളിലൂടെ പടരുന്ന തീയുടെ ആളിക്കത്തലിന്റെ വേഗംകുറയ്ക്കാന്‍ ഈ തടിക്കഷണങ്ങള്‍ സഹായിക്കും. എന്നോടൊപ്പം തടിക്കഷണങ്ങള്‍ ഉറപ്പിക്കുന്നത് ഹെലനാണ്. ഹെലന്‍, ജോലിചെയ്യുന്ന കമ്പനിയുടെ ഭാഗമായും അല്ലാതെയും 'ഹാബിറ്റാറ്റി'ല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പെയിന്റിങ്, ഫ്‌ളോറിങ് തുടങ്ങിയ ജോലികളാണ് കൂടുതല്‍ ചെയ്തിട്ടുള്ളത്. ഹാബിറ്റാറ്റില്‍ ജോലികള്‍ചെയ്ത പരിചയംവെച്ച് സ്വന്തംവീടിന്റെ ഫ്‌ളോറിങ് അടുത്തിടെ താനും ഭര്‍ത്താവും കൂടി മാറ്റിയ കഥ ഹെലന്‍ ആവേശത്തോടെ പങ്കുവെച്ചു. ഹാബിറ്റാറ്റില്‍ സന്നദ്ധസേവനംചെയ്ത് പുതിയ തൊഴില്‍ പഠിച്ച് ജീവിതമാര്‍ഗം കണ്ടെത്തിയ ചിലരെക്കുറിച്ചുള്ള ഹെലന്റെ കഥകള്‍ എന്റെ മനസ്സുനിറച്ചു. സഹജീവികള്‍ക്കായും സമൂഹത്തിനായും തന്റെ സമയവും കഴിവുകളും ചെലവഴിക്കുമ്പോള്‍ കിട്ടുന്ന സന്തോഷമാണ് ഹെലന്റെ ജീവിതം അര്‍ഥപൂര്‍ണമാക്കുന്നത്. ചുറ്റികയുപയോഗിച്ച് ആണിയടിച്ചുകൊണ്ടിരുന്ന എനിക്ക് നെയില്‍ഗണ്‍ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് ഹെലന്‍ പഠിപ്പിച്ചുതന്നു. ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് ഉറപ്പിച്ച തടിക്കഷണങ്ങള്‍ ആ കിടപ്പുമുറിയില്‍ കരുതലിന്റെ കൈയൊപ്പ് ചാര്‍ത്തി.

കൃത്യം ഒരുമണിയായപ്പോഴേക്കും ഉച്ചഭക്ഷണത്തിനുള്ള വിസില്‍ മുഴങ്ങി. നാലുമണിക്കൂര്‍ കഴിഞ്ഞുപോയത് അറിഞ്ഞതേയില്ല. പണിയായുധങ്ങളും കൈയുറകളും ഹെല്‍മെറ്റുകളും വെക്കേണ്ട സ്ഥലങ്ങള്‍ മൈക്ക് കാണിച്ചുതന്നു. എല്ലാറ്റിനും കൃത്യമായ അടുക്കും ചിട്ടയുമുണ്ട്. ഓരോ ദിവസവും മാറിവരുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കുറഞ്ഞസമയംകൊണ്ട് ജോലികളുടെ ഭാഗമാകാന്‍ സാധിക്കുന്നത് കൃത്യമായി പാലിക്കപ്പെടുന്ന പദ്ധതികളും നടപടിക്രമങ്ങളും വഴിയാണ്.

ഉച്ചഭക്ഷണസാമഗ്രികളുമായി മുറ്റത്ത് ഒരു ചെറിയ ടെന്റ് ഉയര്‍ത്തിയിരിക്കുന്നു. മടക്കാവുന്ന മേശയുടെ മുകളില്‍ സാന്‍ഡ്വിച്ചുകളും പഴവര്‍ഗങ്ങളും വെള്ളക്കുപ്പികളും നിരന്നു. ഭക്ഷണവുമായെത്തിരിക്കുന്നത് ഒരു സീനിയേഴ്സ് ഹോമില്‍നിന്നുള്ള സംഘമാണ്. നാല് അമ്മൂമ്മമാരും രണ്ട് അപ്പൂപ്പന്മാരും! അവര്‍ ഒരുമിച്ചുകൂടി ഉണ്ടാക്കിയ ഭക്ഷണമാണ്. ഹാബിറ്റാറ്റിനായി മാത്രമല്ല, ഇതുപോലെയുള്ള പലയിടങ്ങളിലേക്കും അന്നപ്പൊതികളുമായി അവരെത്തുന്നു. അവര്‍ക്ക് ഊര്‍ജം ലഭിക്കുന്ന, അവരുടെ ദിനങ്ങളെ വ്യത്യസ്തവും അര്‍ഥപൂര്‍ണവും ആക്കുന്ന പ്രവൃത്തി. തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിന് അവരുടെ സംഭാവന ഇതാണ്. എല്ലാവരും നല്ലപ്രായമുള്ളവരാണ്. ഒരാള്‍ക്ക് ഊന്നുവടിയുണ്ട്. കുറഞ്ഞസമയംകൊണ്ട് അവര്‍ എല്ലാവരെയും പരിചയപ്പെട്ടു, സ്‌നേഹത്തോടെ ഇടപഴകി, വയറും മനസ്സും നിറച്ച് അവര്‍ യാത്രയായി.

കൃത്യം രണ്ടുമണിയായപ്പോള്‍ മൈക്ക് എല്ലാവരെയും ഒരുമിച്ചുകൂട്ടി. മൈക്കിന്റെ കൂടെ പുതിയ രണ്ടുപേര്‍. മൈക്ക് അവരെ പരിചയപ്പെടുത്തി. ജെയിംസും എമിലിയും. ഇതവരുടെ വീടാണ്. ഉച്ചകഴിഞ്ഞുള്ള ജോലികളില്‍ അവരും ഞങ്ങളുടെകൂടെ കൂടി. എമിലി ഞങ്ങളുടെ സംഘത്തിലായിരുന്നു. പ്രധാന കിടപ്പുമുറിയുടെ ഭിത്തികളാണ് ഞങ്ങള്‍ എമിലിയോടൊത്ത് പണിതത്. എമിലി ഹാബിറ്റാറ്റിലെ ജോലികളുടെ എല്ലാവിധ നിര്‍മാണപ്രവര്‍ത്തനങ്ങളിലും കഴിവുസിദ്ധിച്ചുകഴിഞ്ഞിരിക്കുന്നു. ഈ വീടിനായി മുന്നൂറുമണിക്കൂറാണ് അവര്‍ക്ക് സേവനം ചെയ്യേണ്ടത്. എന്നാല്‍, തങ്ങളുടെ അപേക്ഷ ഹാബിറ്റാറ്റ് അംഗീകരിച്ചുകഴിഞ്ഞപ്പോള്‍തൊട്ട് മറ്റുവീടുകളുടെ ജോലികളില്‍ പങ്കുചേര്‍ന്ന് ജെയിംസും എമിലിയുംകൂടി ഇരുന്നൂറ്റിയമ്പത് മണിക്കൂറോളം സമ്പാദിച്ചിരുന്നു. ഇപ്പോള്‍ വേണ്ടതിലുമധികം മണിക്കൂറുകള്‍ ചെലവഴിച്ചെങ്കിലും ഹാബിറ്റാറ്റിന്റെ സേവനത്തിന് പകരംവെക്കാന്‍ ഇതൊന്നും പോരായെന്ന് പറയുമ്പോള്‍ ആ ശബ്ദം ഇടറിയിരുന്നു. രണ്ട് കുട്ടികളാണവര്‍ക്ക്; രണ്ടാണ്‍കുട്ടികള്‍. സ്വന്തമായി മുറികള്‍ ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് കുട്ടികള്‍. ഇപ്പോള്‍ കൊടുക്കുന്ന വാടകയെക്കാളും കുറഞ്ഞ അടവിലാണ് ഈ വീടിന്റെ ലോണ്‍. രണ്ടും മൂന്നും ജോലികള്‍ ചെയ്ത് കുടുംബം പുലര്‍ത്തുന്ന അവര്‍ക്ക് അപ്രാപ്യമായ ഒന്നായിരുന്നു സ്വന്തമായി ഒരു വീടെന്ന സ്വപ്നം. ഞാന്‍ ആ ചട്ടക്കൂടിലേക്ക് മുഖംചേര്‍ത്തു. ജനിച്ചുവളര്‍ന്ന എന്റെ വീടിന്റെ തണലും തണുപ്പും എനിക്ക് അനുഭവപ്പെട്ടു.

വീട് തലമുറകളിലൂടെ കൈമാറ്റംചെയ്യപ്പെടുന്ന സമ്പാദ്യമാണ്; പ്രതീക്ഷകളുടെ അടിസ്ഥാനശിലയാണ്. ഞാന്‍ ഭാഗമായിട്ടുള്ള പല സന്നദ്ധപ്രവര്‍ത്തനങ്ങളിലും ലഭിക്കുന്നയാളിന്റെ മുഖം അദൃശ്യമായിരുന്നു. ഇവിടെ അവരെ എനിക്ക് കാണാം. എമിലിയുടെയും ജയിംസിന്റെയും കൂടെ പാര്‍പ്പിടമെന്ന അവരുടെ സ്വപ്നത്തില്‍ കൈകോര്‍ക്കുമ്പോഴുള്ള സന്തോഷം മറഞ്ഞിരുന്ന് പണംനല്‍കുമ്പോള്‍ കിട്ടുന്നതിലും വളരെവലുതാണ്.

കിടപ്പുമുറി കഴിഞ്ഞ് ഞാന്‍ അടുക്കളയുടെ ഫ്രെയിമിങ്ങിലേക്ക് കടന്നു. അടുക്കളയുടെ പണികള്‍ നയിച്ചത് വില്യമാണ്. വര്‍ഷങ്ങളായി കാര്‍പ്പെന്ററി ജോലികളാണ് വില്യം നയിക്കുന്നത്. ഒരു കമ്പനിയില്‍ ആര്‍ക്കിടെക്ട് ആയി ജോലിചെയ്യുന്നതിനൊപ്പമാണ് ഹാബിറ്റാറ്റിലെ ജോലികള്‍ക്കായി സമയംകണ്ടെത്തുന്നത്. ആര്‍ക്കിടെക്ട് എന്നനിലയില്‍ വീടുകള്‍ രൂപകല്പനചെയ്യുന്ന ജോലിക്ക് ഒരു പൂര്‍ണത ലഭിച്ചത് പണിയായുധം കൈയിലെടുത്ത് ഹാബിറ്റാറ്റിലൂടെ സമൂഹത്തിനായി പ്രവര്‍ത്തിച്ച് തുടങ്ങിയപ്പോഴാണ് എന്ന സന്തോഷം വില്യം പങ്കുവെച്ചു.

ഇതുകൂടാതെ വര്‍ഷത്തില്‍ ഒരുമാസമെങ്കിലും മറ്റൊരു സംഘടനയുടെ ഭാഗമായി വിദേശരാജ്യമായ ഹോണ്‍ഡുറസില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നു. പ്രകൃതിക്ഷോഭങ്ങളുടെ കെടുതികള്‍ ഏറെ സംഭവിക്കുന്ന സ്ഥലമാണത്. ഹോണ്‍ഡുറസില്‍ ചെലവഴിച്ച ആദ്യദിനങ്ങള്‍ ജീവിതത്തോടുള്ള തന്റെ സമീപനംതന്നെ മാറ്റിയെന്ന് വില്യം പറയുമ്പോള്‍ ആ വാക്കുകളുടെ പിന്നിലെ അര്‍ഥതലങ്ങള്‍ ആ കണ്ണുകളില്‍ ഞാന്‍ ദര്‍ശിച്ചു. ഒരു ജീവിതത്തില്‍ എത്രയധികം വേഷങ്ങള്‍ അണിയാന്‍ ഭാഗ്യംലഭിച്ച മനുഷ്യന്‍. ഇതുവരെ ഞാന്‍ ചെയ്തു എന്ന് അഭിമാനിച്ചിരുന്നതൊക്കെ എത്ര നിസ്സാരമെന്നും ഇനിയുമെന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്നും ഇവിടെ ഞാനിടപെട്ട ഓരോരുത്തരില്‍നിന്നും ഞാന്‍ മനസ്സിലാക്കുന്നു. അടുക്കളയിലെ ഫ്രെയിമിങ് പൂര്‍ണമായിക്കഴിഞ്ഞിരിക്കുന്നു. ഇവിടെ ഉയരുന്ന ചിരികളും പാകപ്പെടുന്ന ചിന്തകളും നിറയുന്ന മനസ്സുകളും എനിക്കുമുമ്പില്‍ ദൃശ്യമാവുന്നതുപോലെ!

അടുത്ത ഒരുമണിക്കൂര്‍ എല്ലാവരും സഹായിച്ചാല്‍ മേല്‍ക്കൂരയുടെ ഫ്രെയിമിങ് തീര്‍ക്കാമെന്ന മൈക്കിന്റെ നിര്‍ദേശപ്രകാരം ഞങ്ങള്‍ എല്ലാവരും ഒത്തുകൂടി. ഐലസാ വിളികളോടെ ഞങ്ങള്‍ ഒത്തുപിടിച്ചു. ഒരേതാളം. അഞ്ചുമണിയാവാന്‍ കുറച്ചു മിനിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ മേല്‍ക്കൂരയുടെ ചട്ടക്കൂട് പൂര്‍ണമായിരിക്കുന്നു എന്ന് മൈക്ക് ഉറക്കെ വിളിച്ചുപറഞ്ഞ് വിസിലടിച്ചു. എല്ലാവരും കൈയടിച്ച് ആഹ്‌ളാദത്തില്‍ പങ്കുചേര്‍ന്നു. ഞങ്ങള്‍ക്ക് മുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന മേല്‍ക്കൂരയുടെ ചട്ടക്കൂടിനിടയിലൂടെ അനുഗ്രഹവര്‍ഷം ചൊരിയുന്ന അസ്തമയസൂര്യന്‍! മനുഷ്യര്‍ ഒത്തൊരുമിച്ചാല്‍ സാധ്യമാവുന്നതിനെയോര്‍ത്ത് ഞാന്‍ അഭിമാനംകൊണ്ടു. പണിസ്ഥലം വൃത്തിയാക്കി പണിയായുധങ്ങള്‍ എല്ലാം യഥാസ്ഥാനത്തുവെച്ച് എല്ലാവരോടും യാത്രപറഞ്ഞ് ഞങ്ങള്‍ പുറത്തിറങ്ങി. ഞാന്‍ നല്ല ഓട്ടം ഓടി. എന്റെ കടമകള്‍ നിര്‍വഹിച്ചു എന്ന് പറയാന്‍ സാധിക്കുന്ന അര്‍ഥപൂര്‍ണമായ ഒരു ദിവസം.

നാളെ അടുത്തസംഘം എത്തും. ഞങ്ങള്‍ നിര്‍ത്തിയിടത്തുനിന്ന് അവര്‍ തുടങ്ങും അവര്‍ ആരെന്ന് ഞങ്ങള്‍ക്കറിയില്ല. എന്നാല്‍, അദൃശ്യമായ സ്‌നേഹത്തിന്റെ ഭിത്തികള്‍ക്കുള്ളില്‍ ഞങ്ങള്‍ ഒരു കുടുംബമാണ്.

ഞങ്ങള്‍ പിന്നീട് പലപ്പോഴും ആ വീടിന്റെ മുമ്പിലൂടെ കടന്നുപോയിട്ടുണ്ട്. ഒരു എന്‍ജിനിയര്‍ എന്നനിലയിലും അതിലുപരി ഒരു മനുഷ്യനെന്നനിലയിലും ഏറെ അഭിമാനം നല്‍കുന്ന കാഴ്ചയാണ് ആ വീട്. ഈ രാജ്യത്തേക്ക് കടന്നുവരുന്ന ഓരോ കുടുംബത്തിന്റെയും മനസ്സിലുള്ള 'അമേരിക്കന്‍ ഡ്രീം' എന്ന സങ്കല്പത്തിന്റെ കേന്ദ്രമാണ് സ്വന്തമായി ഒരു വീട്. സമൂഹത്തിലെ സുമനസ്സുകളെ ഏകോപിപ്പിച്ച് സുസ്ഥിരമായ ഒരു ജീവിതത്തിലേക്കുള്ള താക്കോലാണ് ഹാബിറ്റാറ്റ് അര്‍ഹതപ്പെട്ടവര്‍ക്ക് കൈമാറുന്നത്. കൂട്ടായ്മയുടെയും സാഹോദര്യത്തിന്റെയും ഉജ്ജ്വലപ്രതീകങ്ങളാണ് ഈ വീടുകള്‍. കരുതലിന്റെ ആണികളടിച്ച് സ്‌നേഹത്തിന്റെ ആവരണമണിയിച്ച് ഭദ്രമാക്കിയ ഭവനങ്ങള്‍. അവിടെ തീര്‍ച്ചയായും മനുഷ്യത്വവും ആര്‍ദ്രതയും വളര്‍ന്ന് തലമുറകളിലൂടെ പന്തലിക്കും.

Content highlights: love of homes from america, house making charity from america

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram