'പ്രിയപ്പെട്ട മകന്‍ ഷെയ്ന്‍, മോഹന്‍ലാല്‍ എന്റെ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ 22 വയസ്സാണ് പ്രായം'


3 min read
Read later
Print
Share

തന്റെ ജോലിയില്‍ അങ്ങേയറ്റത്തെ അച്ചടക്കവും കൃത്യനിഷ്ഠയും അന്നും ലാല്‍ കാണിച്ചിരുന്നു. പക്വതയുള്ള ആ പെരുമാറ്റവും അച്ചടക്കവും കഠിനാദ്ധ്വാനവുമാണ് അന്നത്തെ ആ ചെറുപ്പക്കാരനെ ഇന്നത്തെ നിലയില്‍ എത്തിച്ചത്.

ഷെയ്ന്‍ നിഗം വിഷയത്തില്‍ പ്രതികരണവുമായി സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീകുമാരന്‍ തമ്പി. നടനും നിര്‍മ്മാതാവും - സംഘട്ടനം ആവശ്യമില്ല; തിരിച്ചറിവ് മതി ! എന്ന തലക്കെട്ടോടെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ശ്രീകുമാരന്‍ തമ്പി തന്റെ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമാ അഭിനയം തുടങ്ങുന്ന കാലഘട്ടം തൊട്ടുള്ള അച്ചടക്കവും കൃത്യനിഷ്ഠയും ഉദാഹരണമാക്കിയാണ് ശ്രീകുമാരന്‍ തമ്പി ഷെയ്‌നിന് ഉപദേശം നല്‍കുന്നത്.

ശ്രീകുമാരന്‍ തമ്പിയുടെ കുറിപ്പ് വായിക്കാം:

നടനും നിര്‍മ്മാതാവും - സംഘട്ടനം ആവശ്യമില്ല; തിരിച്ചറിവ് മതി !

ഷെയ്ന്‍ നിഗം എന്ന യുവനടനും ചലച്ചിത്രനിര്‍മ്മാതാക്കളുടെ സംഘടനയും തമ്മിലുള്ള പ്രശ്‌നത്തെക്കുറിച്ച് അനവധി അഭിപ്രായങ്ങള്‍ അന്തരീക്ഷത്തില്‍ അലയടിച്ചു കൊണ്ടിരിക്കയാണ്. സിനിമാനിര്‍മ്മാണത്തെക്കുറിച്ചു യാതൊന്നുമറിയാത്ത ചില ബുദ്ധിജീവികളും ആനയെ കാണുന്ന അന്ധരെപോലെ തങ്ങളുടെ സ്വന്തം ദര്‍ശനങ്ങളുമായി ഇറങ്ങിയിട്ടുണ്ട്. യുവതലമുറയിലെ ഏറ്റവും ശ്രദ്ധേയരായ നടന്മാരില്‍ ഒരാളാണ് ഷെയ്ന്‍ എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. ഈടെ , ഇഷ്‌ക് , കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ ചിത്രങ്ങളിലെ ആ യുവാവിന്റെ അഭിനയം നന്നായിരുന്നു. എന്നാല്‍ ഒരു നടന്റെ അഭിനയം പോലെ തന്നെ സുപ്രധാനമാണ് അയാളുടെ അച്ചടക്കവും. ഒരു കഥാപാത്രത്തിന്റെ ഭാവവാഹാദികള്‍ എങ്ങനെയായിരിക്കണമെന്ന് സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തും ചേര്‍ന്ന് തീരുമാനിച്ചു കഴിഞ്ഞാല്‍ പ്രതിഫലം വാങ്ങി ആ വേഷം ചെയ്യാന്‍ സമ്മതിക്കുന്ന നടന്‍ ചിത്രത്തിന്റെ ഷൂട്ട് തീരുന്നതുവരെ തന്റെ രൂപത്തില്‍ മാറ്റം വരുത്താന്‍ പാടില്ല.

അങ്ങനെ ചെയ്താല്‍ വീണ്ടും പഴയ രൂപം വരുത്താന്‍ കൃത്രിമ മേക്കപ് ഉപയോഗിക്കേണ്ടി വരും. അത് ചിത്രത്തിന്റെ നിലവാരം കുറയ്ക്കും. ഉദാഹരണത്തിന് ഒരു നടന്‍ താടിയും മുടിയും നീട്ടി വളര്‍ത്തുന്ന ഗെറ്റപ്പിലാണ് അഭിനയിക്കുന്നതെന്നു കരുതുക. അയാള്‍ സംവിധായകന്റെ അനുവാദമില്ലാതെ ഇടയ്ക്കു വച്ച് മുടി വെട്ടുകയും താടിയെടുക്കുകയും ചെയ്താല്‍ ആ കഥാപാത്രമായി തുടര്‍ന്ന് അഭിനയിക്കണമെങ്കില്‍ കൃതൃമതാടിയും മുടിക്ക് പകരം വിഗ്ഗും ഉപയോഗിക്കേണ്ടിവരും . എത്ര നല്ല മേക്കപ്പ് മാനുണ്ടെങ്കിലും ഇവ രണ്ടും ഒരുപോലെയാവില്ല. കാണികള്‍ കുറ്റം പറയുന്നത് സംവിധായകനെയായിരിക്കും.

സിനിമയില്‍ ഏറ്റവും ദു:ഖമനുഭവിക്കുന്ന വ്യക്തി നിര്‍മ്മാതാവാണ്. ഒരു ചിത്രം ഓടിയാലും ഇല്ലെങ്കിലും നടന് പ്രതിഫലം കിട്ടും. എന്നാല്‍ ചിത്രം ഓടിയില്ലെങ്കില്‍ നഷ്ടം വരുന്നത് നിര്‍മ്മാതാവിനു മാത്രമാണ്. ചിത്രം നിര്‍മ്മിച്ച് പെരുവഴിയിലായ അനവധി നിര്‍മ്മാതാക്കളുണ്ട്. ആദ്യസിനിമയില്‍ അയ്യായിരത്തിലോ പതിനായിരത്തിലോ തുടങ്ങിയിട്ട് പ്രതിഫലം കോടികളിലേക്ക് ഉയര്‍ത്തുന്ന നടന് എന്നും എവിടെയും ലാഭം മാത്രമേയുള്ളു. ഈ സത്യം നടീനടന്മാര്‍ മനസ്സിലാക്കേണ്ടതാണ്. അങ്ങനെ മനസ്സിലാക്കിയവരാണ് പ്രേംനസീര്‍ സത്യന്‍, മധു, ജയന്‍ തുടങ്ങിയവര്‍. പ്രേംനസീറിനെയും ജയനെയും പോലെ എല്ലാവരും പെരുമാറണമെന്നൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. പ്രേംനസീര്‍ ഒരു അപൂര്‍വ്വജന്മമായിരുന്നു.

നിര്‍മ്മാതാവുണ്ടെങ്കിലേ സിനിമയുള്ളു....ഈ യാഥാര്‍ഥ്യം എല്ലാവരും അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ എല്ലാ നടന്മാരും മോഹന്‍ലാല്‍ ആന്റണി പെരുമ്പാവൂരിനെ സൃഷ്ടിച്ചതു പോലെ സ്വന്തം നിര്‍മ്മാതാക്കളെ സൃഷ്ടിക്കേണ്ടതായി വരും. . ചന്ദ്രകാന്തം (1974) മുതല്‍ ' അമ്മയ്‌ക്കൊരു താരാട്ട് (2015) വരെ കഷ്ടപ്പെട്ട് സമ്പാദിച്ച പണവും പലിശയ്ക്കു കടം വാങ്ങിയ പണവും ഉപയോഗിച്ച് ഇരുപത്തിയഞ്ചു സിനിമകള്‍ നിര്‍മ്മിച്ച ഒരു സ്വതന്ത്ര നിര്‍മ്മാതാവ് എന്ന നിലയിലും മുപ്പതോളം ചിത്രങ്ങളുടെ സംവിധായകന്‍ എന്ന നിലയിലുമാണ് ഞാന്‍ ഇത്രയും എഴുതുന്നത് .

പുതിയ താരങ്ങള്‍ക്കിടയില്‍ ലഹരി ഉപയോഗിക്കുന്ന യുവാക്കളുണ്ടെന്നു പരക്കെ സംസാരമുണ്ട്. ഇതിലെ സത്യാംശത്തേക്കുറിച്ച് എനിക്ക് അറിവില്ല. എന്റെ സിനിമകളുടെ ഒരു സെറ്റിലും മദ്യപിച്ചുകൊണ്ട് ഒരു നടനും പ്രവേശിച്ച ചരിത്രമില്ല. ചിത്രീകരണസമയത്ത് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന നടന്‍ എത്ര വലിയവനാണെങ്കിലും അയാളെ തന്റെ ചിത്രത്തില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ നിര്‍മ്മാതാവിന് തന്റേടമുണ്ടായിരിക്കണം..

* * * * * * *

''പ്രിയപ്പെട്ട മകന്‍ ഷെയ്ന്‍ , മോഹന്‍ലാല്‍ എന്റെ ' എനിക്കും ഒരു ദിവസം '' എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അയാള്‍ക്ക് ഇരുപത്തിരണ്ടു വയസ്സാണ് പ്രായം. ഏതാണ്ട് മോന്റെ ഇപ്പോഴത്തെ പ്രായം തന്നെ. തന്റെ ജോലിയില്‍ അങ്ങേയറ്റത്തെ അച്ചടക്കവും കൃത്യനിഷ്ഠയും അന്നും ലാല്‍ കാണിച്ചിരുന്നു. പക്വതയുള്ള ആ പെരുമാറ്റവും അച്ചടക്കവും കഠിനാദ്ധ്വാനവുമാണ് അന്നത്തെ ആ ചെറുപ്പക്കാരനെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. ''മുന്നേറ്റം'' എന്ന സിനിമയില്‍ എന്റെ കീഴില്‍ ആദ്യമായി അഭിനയിക്കുമ്പോള്‍ മമ്മൂട്ടിയും തികഞ്ഞ അച്ചടക്കം പാലിച്ചിരുന്നു. മികച്ച സഹകരണവും നല്‍കിയിരുന്നു. . സ്വന്തം തെറ്റ് സ്വയം തിരിച്ചറിഞ്ഞു തിരുത്തുന്നവനാണ് ലക്ഷ്യബോധമുള്ള കലാകാരന്‍. പിതാവ് അബിയുടെ ആഗ്രഹം പോലെ ഷെയ്ന്‍ ഉയരങ്ങളിലെത്തട്ടെ.... വളരെ സുദീര്‍ഘമായ വിജയത്തിന്റെ പാത നിന്റെ മുമ്പില്‍ തുറന്നു കിടക്കുന്നു.. നന്മകള്‍ നേരുന്നു.''

Content Highlights : Sreekumaran Thampi On Shane Nigam Issue

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

മകളുടെ വിവാഹത്തിനെത്തിയവര്‍ മറക്കില്ല, വി.കെ.പി നല്‍കിയ സമ്മാനം

Jul 11, 2017


mathrubhumi

1 min

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിയുടെ അമ്മ സിനിമയിലേക്ക്

Mar 21, 2019


mathrubhumi

1 min

ബാലു വര്‍ഗീസ് നായകനാകുന്ന 'മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള' ഒരുങ്ങുന്നു

Mar 20, 2019