ഗോപിയെപ്പോലെ 'അത്രയ്ക്ക് ലോഡ്' എടുക്കാന്‍ കഴിയുന്ന നടന്മാര്‍ ഇപ്പോള്‍ ഇല്ല


ജയരാജ് വാര്യര്‍

4 min read
Read later
Print
Share

വേണുച്ചേട്ടനെപോലെ ഞാന്‍ ആരാധിക്കുന്ന നടനാണ് ഭരത് ഗോപി. അഭിനയമികവുകൊണ്ട് അദ്ഭുതപ്പെടുത്തിയ മഹാപ്രതിഭ.

ഭരത് ഗോപി വിടവാങ്ങി 13 വര്‍ഷങ്ങള്‍

കോഴിക്കോട് എന്റെ പ്രിയനഗരമാണ്. അവിടെ എനിക്ക് ജയപ്രകാശ് കുളൂരുണ്ട്. എഴുത്തുകാരും സിനിമാക്കാരുമായ സുഹൃത്തുക്കളുണ്ട്. എന്റെ ജീവിതത്തെ മാറ്റിമറിച്ച 'കാരിക്കേച്ചറി'ന്റെ നവീകരിച്ച രൂപം ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞത് അവിടെവെച്ചാണ്. നാടകപ്രവര്‍ത്തകനും നടനുമായ ജയപ്രകാശ് കുളൂര്‍ എന്റെ പ്രചോദനവും വഴികാട്ടിയുമാണ്. ഒരു ഭാണ്ഡവും പേറി കോഴിക്കോട് ഇറങ്ങിയത് തൊണ്ണൂറുകളുടെ തുടക്കത്തിലാണ്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന മോഹവുമായി കോഴിക്കോട്ടെത്തിയ എന്നെ ധൈര്യപൂര്‍വം തിരിച്ചയച്ചത് കുളൂര്‍ മാഷായിരുന്നു.

''പുതിയതായി ഒന്നു തുടങ്ങൂ...
'നടന്‍' എന്നും ഒറ്റയ്ക്കാണെന്ന് മറക്കരുത്.''
''ഏകാഭിനയം ആരംഭിക്കൂ.'' ''ഒറ്റയ്ക്ക് നില്ക്കൂ.''
''നിനക്കതിന് കഴിയും. നിനക്കു മാത്രമേ അതിനു സാധിക്കൂ.'' എന്ന വാക്കിന്റെ ധൈര്യത്തിലാണ് ഞാന്‍ വേദിയില്‍ ഉറച്ചുനിന്നത്. ഗുരുവായ ജയപ്രകാശ് കുളൂരിന്റെ ഉപദേശവും അദ്ദേഹം നല്‍കിയ ആത്മവിശ്വാസവും എനിക്ക് ശക്തി നല്കി. നൂറുകണക്കിന് വേദികളിലൂടെ കോഴിക്കോട് മുഴുവന്‍ ഞാന്‍ പ്രോഗ്രാമുകള്‍ നടത്തി. കോഴിക്കോടന്‍ സൗഹൃദങ്ങളില്‍ എന്റെ സിനിമാബന്ധങ്ങളും പൂത്തുലഞ്ഞു.

വി.ആര്‍. സുധീഷുമൊത്ത് ഒരിക്കല്‍ മഹാറാണി ഹോട്ടലില്‍വെച്ച് പ്രിയനടന്‍ നെടുമുടി വേണുച്ചേട്ടനെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു. ''കുറച്ചുദിവസം ഇവിടെ ഉണ്ടാകും. യു.എ. ഖാദറിന്റെ 'മാണിക്യം വിഴുങ്ങിയ കണാരന്‍' എന്ന ലഘുനോവല്‍ ടി.വി. പരമ്പരയാക്കുന്നതിന്റെ ഷൂട്ടിങ് ആണ്.'' വി.കെ. ശ്രീരാമന്‍, എം.എസ്. തൃപ്പൂണിത്തുറ തുടങ്ങിയവരും മഹാറാണിയില്‍ ഉണ്ടായിരുന്നു. വേണുച്ചേട്ടന്റെ മുറിയില്‍നിന്നും പിന്നീട് ഇറങ്ങിയത് ഒരാഴ്ച കഴിഞ്ഞാണ്. മാണിക്യം വിഴുങ്ങിയ കണാരന്റെ സംവിധായകന്‍ മഹാനടനാണ്, ഭരത് ഗോപി. അഭിനയകലയുടെ മറുകര കണ്ട മഹാനായ നടന്‍. എനിക്ക് അതുവരെ ഗോപിച്ചേട്ടനെ പരിചയമില്ല. ഒന്നു കാണണമെന്ന ആഗ്രഹം വേണുച്ചേട്ടനോട് പങ്കുവെച്ചു. ''നാളെ ഷൂട്ടിങ് ഇല്ല. രാവിലെ കാണാം.''

വേണുച്ചേട്ടനെപോലെ ഞാന്‍ ആരാധിക്കുന്ന നടനാണ് ഭരത് ഗോപി. അഭിനയമികവുകൊണ്ട് അദ്ഭുതപ്പെടുത്തിയ മഹാപ്രതിഭ.അഭിനയകലയുടെ ഹിമവല്‍ശൃംഗങ്ങള്‍ കീഴടക്കിയ 'കൊടിയേറ്റം' നടത്തിയ നടന്‍. എഴുപതുകളുടെ പകുതിയില്‍ സൗന്ദര്യത്തിന്റെ ആള്‍രൂപമായ പ്രേംനസീറെന്ന നിത്യഹരിത നായകന്‍ അരങ്ങുവാണകാലത്ത് അദ്ദേഹത്തിന്റെ നാട്ടുകാരനായ ഭരത് ഗോപി കൊടിയേറ്റത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയത് ചരിത്രത്തിന്റെ ഭാഗമായി.

ഒരു 'മുഖം'... ചടച്ചുമെലിഞ്ഞ ശരീരം. പക്ഷേ, എത്രയെത്ര കഥാപാത്രങ്ങള്‍. 'കൂടുവിട്ട് കൂടുമാറുക' എന്ന സിദ്ധാന്തത്തിന്റെ പ്രയോഗതലമാണ് ഭരത് ഗോപി. 'കൊടിയേറ്റ'ത്തിലെ ശങ്കരന്‍കുട്ടി എന്ന പാവത്താനില്‍നിന്ന് യവനികയിലെ തബലിസ്റ്റ് അയ്യപ്പന്‍, അപ്പുണ്ണിയിലെ പേരാറ്റ് പടവീട്ടില്‍ അയ്യപ്പന്‍ നായര്‍, ഷേക്‌സ്പിയര്‍ കൃഷ്ണപിള്ള, പത്മരാജന്റെ മാമച്ചന്‍, ഭരതന്റെ 'ഓര്‍മയ്ക്കായി'ലെ മൂകനായ ശില്പി, സന്ധ്യമയങ്ങുംനേരത്തിലെ ജഡ്ജി, ഏപ്രില്‍ 18-ലെ കോണ്‍സ്റ്റബിള്‍, കെ.ജി. ജോര്‍ജിന്റെ പഞ്ചവടിപ്പാലം, ആദാമിന്റെ വാരിയെല്ല്, മോഹന്റെ രചന, വിടപറയും മുമ്പെ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ ജീവിച്ചിരിക്കുന്ന ശില്പങ്ങളാണ്.

കഥാപാത്രങ്ങള്‍ ഈ 'നടനെ' തേടിവന്നതാണ് എന്നു പറയുന്നതാവും ശരി. ഗോപിച്ചേട്ടന് പെര്‍ഫെക്റ്റ് ആക്ടര്‍' എന്നാണ് ചാര്‍ത്തിക്കൊടുക്കാവുന്ന മുദ്ര. ഒരൊറ്റ നോട്ടംകൊണ്ടും തലചെരിച്ച് മുടിയിളക്കിയുള്ള ചലനംകൊണ്ടും ഒരേ രൂപത്തില്‍നിന്നും പിറന്നുവീണ കഥാപാത്രങ്ങള്‍ ഇന്നും പുതിയ നടന്മാര്‍ക്ക് വെല്ലുവിളിയാണ്. വേണുച്ചേട്ടന്‍ എന്നെ ഗോപിയാശാന് പരിചയപ്പെടുത്തുന്ന മുഹൂര്‍ത്തമാണ് അടുത്തത്. ''അറിയാം.'' എന്നു മാത്രം ആദ്യം പറഞ്ഞു.

നെടുമുടി വേണുവും ഭരത് ഗോപിയും എന്റെ മുമ്പില്‍ ജീവനോടെ ഇരിക്കുന്നു. അവര്‍ മറ്റുചില കാര്യങ്ങളിലേക്ക് കടന്നു. വേണുച്ചേട്ടന്റെ സാന്നിധ്യം എന്നും സുഖമുള്ളതാണ്. നര്‍മം ക്ഷിപ്രസാധ്യമാണ് അദ്ദേഹത്തിന്. സംസാരംകൊണ്ടും പാട്ടും കൊട്ടുംകൊണ്ടും മറ്റുള്ളവരെ ഉത്സാഹഭരിതരാക്കാന്‍ കഴിയുന്ന സിദ്ധി ആവോളമുണ്ട് അദ്ദേഹത്തിന്.

ഒരു നിശ്ശബ്ദ മുഹൂര്‍ത്തത്തില്‍ വേണുച്ചേട്ടന്‍ ഭരത് ഗോപിയോട് പറഞ്ഞു.
''വാരിയര്‍ ഗോപിയണ്ണനെ അവതരിപ്പിക്കുന്നത് കണ്ടിട്ടുണ്ടോ?''
ഗോപിയേട്ടന്‍ തലയാട്ടി, ഒരു നിശ്ശബ്ദതയ്ക്കുശേഷം പറഞ്ഞു.
''ജയരാജ് വാരിയര്‍ക്ക് 'ഗോപി' എന്ന വ്യക്തിയെ അനുകരിക്കാന്‍ കഴിയില്ല. എന്റെ കഥാപാത്രങ്ങളെ അനുകരിക്കാന്‍ കഴിയും.'' ആ അഭിപ്രായത്തിന് ഞാനും ശരിവെച്ചു.

ഗോപിയേട്ടന്റെ കഥാപാത്രങ്ങളെ ഞാന്‍ അദ്ദേഹത്തിനു മുന്‍പില്‍ അവതരിപ്പിച്ചു. ഞങ്ങള്‍ തമ്മിലുള്ള അടുപ്പം തുടങ്ങുകയായിരുന്നു. കൗമാരകാലത്തെ എന്റെ പ്രിയ നടന്മാര്‍ ഇവരാണ്. അഭിനയകലയിലെ രണ്ടു വന്‍ വൃക്ഷങ്ങളാണവര്‍. അവര്‍ തമ്മിലുള്ള കൊടുക്കല്‍വാങ്ങല്‍ പ്രക്രിയ എത്ര സിനിമകളിലാണ് നാം കണ്ടത്. ഭരതന്റെ പാളങ്ങള്‍, മോഹന്റെ രചന, പത്മരാജന്റെ കള്ളന്‍ പവിത്രന്‍... ഇവര്‍ തമ്മിലുള്ള രസതന്ത്രവും മറ്റൊന്നാണ്. പിന്നീട് ഭരത് ഗോപിയുമായി വളരെ അടുത്തു. സാഹിത്യ നായകന്മാരുടെ കാരിക്കേച്ചറുകള്‍ കാണാന്‍ ഏറെ ഇഷ്ടമായിരുന്നു.അഴീക്കോട് സാറിന്റെ പ്രസംഗം അനുകരിച്ചു കാണിക്കുമ്പോള്‍ കസേരയില്‍ വലതുകൈ കൊണ്ടടിച്ച് ഉറക്കെ ചിരിക്കും. ഒ.എന്‍.വി. സാറിന്റെ കവിതകള്‍ പാടുമ്പോള്‍ ഉറക്കെ ഉറക്കെ ചിരിച്ച് എന്നെ പ്രോത്സാഹിപ്പിക്കും.

തിരുവനന്തപുരത്ത് പോകുന്ന സമയത്തൊക്കെ ഞാന്‍ ചെന്ന് കാണാറുണ്ടായിരുന്നു. എറണാകുളത്ത് ജോണ്‍പോളുമായി ചേര്‍ന്ന് ഒരുപാട് തവണ ഇരുന്നിട്ടുണ്ട്. തൃശ്ശൂരിലും പലപ്പോഴും വരുമായിരുന്നു. എന്നെ കണ്ടാലുടന്‍ ഒ.എന്‍.വി. സാറിനെപ്പോലെ സംസാരിച്ചാല്‍ മാത്രം മതി എന്നു പറയും.

ഒരിക്കല്‍ തൃശ്ശൂരില്‍ വരുന്ന വിവരം നേരത്തെ അറിയിച്ചിരുന്നു. കാറില്‍നിന്നും ഇറങ്ങിയ ഉടനെ വലിയൊരു പൊട്ടിച്ചിരിയാണ് ഞാന്‍ കേട്ടത്. മഹാനടന്‍ ആഹ്ലാദത്തിലാണ്. 'ചിരി' തുടരുകയാണ്. ഹോട്ടല്‍ റൂമിലെത്തിയ ഉടന്‍ പറഞ്ഞു.''കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കരമന ജനാര്‍ദനന്‍ നായര്‍ ഫൗണ്ടേഷന്റെ മീറ്റിങ്ങായിരുന്നു. ഒ.എന്‍.വി. സാര്‍ ഉണ്ടായിരുന്നു. ഒരു മണിക്കൂര്‍ അദ്ദേഹം പ്രസംഗിച്ചു. ഗംഭീരമായിരുന്നു. പക്ഷേ, ഞാന്‍ കേട്ടത് ഒ.എന്‍.വി.യുടെ ശബ്ദമല്ല. ജയരാജിന്റെയാണ്. അന്നൊരു കാര്യം തീരുമാനിച്ചു. ഒ.എന്‍.വി. സാറിനെ ജയരാജിന്റെ അടുത്തേക്ക് വിടാം. അല്ലെങ്കില്‍ ഉടന്‍ തിരുവനന്തപുരത്തേക്ക് പോവുക. അദ്ദേഹം എങ്ങനെ സംസാരിക്കണമെന്ന് ട്യൂഷന്‍ കൊടുക്കണം.''എന്റെ അനുകരണകലയ്ക്ക് നല്കിയ ഓസ്‌കര്‍ അവാര്‍ഡായിരുന്നു ആ വാക്കുകള്‍. ഗോപിച്ചേട്ടന്‍ മരിച്ചദിവസം എനിക്ക് സ്റ്റേജ് പ്രോഗ്രാം ഉണ്ടായിരുന്നു. അന്നും ഞാനദ്ദേഹത്തെ അവതരിപ്പിച്ചു. നിലയ്ക്കാത്ത കൈയടികള്‍ മുഴങ്ങിയത് എന്റെ കാതില്‍ ഇപ്പോഴുമുണ്ട്.

ഭരത് ഗോപിച്ചേട്ടന് യാത്രകള്‍ വലിയ ഇഷ്ടമായിരുന്നു. സിംഗപ്പുര്‍ യാത്രയ്ക്ക് തയ്യാറായി നില്ക്കുന്ന സമയത്താണ് 'മരണം' അദ്ദേഹത്തെ കൊണ്ടുപോയത്. എന്നോട് കൂടെ ചെല്ലാന്‍ ആവശ്യപ്പെട്ടിരുന്നു. അതു നടന്നില്ല.

ഭരത് ഗോപി എന്ന മഹാനടന്‍ അന്തരിച്ച് വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ തൃശ്ശൂര്‍ രാമനിലയത്തില്‍വെച്ച് സംവിധായകനായ കെ.ജി. ജോര്‍ജ്സാറിനെ കണ്ടു. യവനികയും പഞ്ചവടിപ്പാലവും ആദാമിന്റെ വാരിയെല്ലും പോലെയുള്ള സിനിമകള്‍ ഇനി ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയായി ജോര്‍ജ് സാര്‍ ഇങ്ങനെ പറഞ്ഞു.

ഒരിക്കലും ഉണ്ടാവില്ല. ഗോപിയെപ്പോലെ 'അത്രയ്ക്ക് ലോഡ്' എടുക്കാന്‍ കഴിയുന്ന നടന്മാര്‍ ഇപ്പോള്‍ ഇല്ല. ഇന്നും അരങ്ങുകളില്‍ ഭരത് ഗോപിയായി മാറുമ്പോള്‍ ഉയരുന്ന ആരവമാണ് എന്റെ ഗുരുദക്ഷിണ. മരിച്ചാലും മരിക്കാത്ത ഓര്‍മകള്‍ക്കും മറക്കാന്‍ മറക്കുന്ന കഥാപാത്രങ്ങള്‍ക്കും മുന്‍പില്‍ പ്രണാമം.

Content Highlights: jayaraj warrier on Bharath Gopi KG George panchavadi palam

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram