പുതിയ ചിത്രമായ ദര്‍ബാറിന്റെ ഓഡിയോ ലോഞ്ചില്‍ സ്‌റ്റൈല്‍മന്നന്‍ രജനികാന്ത് നടത്തിയ പ്രസംഗം ശ്രദ്ധ നേടുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൂപ്പര്‍താരമാകുന്നതിനും മുന്‍പ് അവഗണനയും അപമാനവും നേരിട്ട അനുഭവമാണ് രജനി പങ്കുവച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
പതിനാറ് വയതിനിലെ എന്ന സിനിമ ഇറങ്ങി വിജയമായി രണ്ടാം വാരത്തിലേക്ക് കടന്ന സമയമായിരുന്നു അത്. അതിന് മുന്‍പ് ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ആ സിനിമ എനിക്ക് ഒരുപാട് അവസരങ്ങള്‍ ഒരുക്കി തന്നു. അങ്ങനെയിരിക്കെയാണ് ഒരു നിര്‍മാതാവ് അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിനായി എന്നെ സമീപിക്കുന്നത്. അതിലെ നായകന്‍ ആരായിരുന്നു എന്നൊന്നും ഞാന്‍ പറയുന്നില്ല. ആറായിരം രൂപ പ്രതിഫലമാണ് ഞാന്‍ പറഞ്ഞുറപ്പിച്ചത്. ആയിരം രൂപ മുന്‍കൂറായി നല്‍കാമെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ എനിക്ക് പറഞ്ഞ സമയത്ത് അവര്‍ പണം നല്‍കിയില്ല. മേക്കപ്പ് ഇടുന്നതിന് മുന്‍പ് പണം നല്‍കാമെന്ന് വാക്ക് നല്‍കി.
അങ്ങനെ ഷൂട്ടിങ് തുടങ്ങുന്ന ദിവസമായി. എനിക്ക് ലൊക്കേഷനിലെത്താന്‍ കാര്‍ അവര്‍ അയച്ചു തന്നിരുന്നു. ഞാന്‍ പറഞ്ഞത് പോലെ എ.വി.എം സ്റ്റുഡിയോയിലെ ലൊക്കേഷനിലെത്തി. മുന്‍കൂറായി നല്‍കേണ്ട പണത്തെക്കുറിച്ച് ഞാന്‍ അണിയറ പ്രവര്‍ത്തകരോട് സംസാരിച്ചു. എന്നാല്‍ നിര്‍മാതാവ് അവരെ പണം ഏല്‍പ്പിച്ചിട്ടില്ല എന്ന് പറഞ്ഞ് കൈമലര്‍ത്തി. ആയിരം രൂപ കിട്ടിയാല്‍ മാത്രമേ ഞാന്‍ മേക്കപ്പ് ഇടൂ എന്ന് വ്യക്തമാക്കി.
കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു വെള്ള അംബാസിഡര്‍ കാര്‍ വന്നു നിന്നു. അതില്‍ നിന്നും നിര്‍മാതാവ് ഇറങ്ങി. കാറില്‍ നിന്ന് ഇറങ്ങിയ പാടെ, എന്താടാ നീയെന്താ വലിയ ഹീറോയാണെന്നാണോ വിചാരം, നാലഞ്ച് പടമല്ലേ ആയുളളൂ, പണം നല്‍കിയില്ലെങ്കില്‍ മേയ്ക്ക് അപ്പ് ഇടില്ലേയെന്ന് ചോദിച്ചു. നിനക്ക് വേഷവുമില്ല ഒന്നുമില്ല. പോടാ എന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞ് മേക്കപ്പ് ഇടുന്നതിന് മുന്‍പ് പണം തരാമെന്ന് സാര്‍ അല്ലേ പറഞ്ഞത്. ശരി പണം തരാന്‍ ഒരുക്കമല്ലെങ്കില്‍ വേണ്ട്, കയറ്റിയ സ്ഥലത്ത് തന്നെ ഇറക്കി വിടണമെന്ന് ഞാനും പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, കാറിന്റെ വാടക ആര് നല്‍കും നിനക്ക് കാറുമില്ല, പണവുമില്ല. നടന്ന് പോടാ... എന്റെ കയ്യിലാണെങ്കില്‍ പണമില്ല, അപമാനിക്കപ്പെട്ട ഞാന്‍ ഒന്നും മിണ്ടാതെ സ്റ്റുഡിയോ വിട്ടിറങ്ങി. തെരുവിലൂടെ നടക്കുമ്പോള്‍ പലരും എന്നെ തിരിച്ചറിയുന്നുണ്ട് എന്ന് മനസ്സിലായി. അപ്പോഴെല്ലാം എന്റെ മനസ്സിലെ ചിന്ത മറ്റൊന്നായിരുന്നു. അപമാനിച്ച് വിട്ട അതേ സ്ഥലത്ത് കാറില്‍ വന്നിറങ്ങണം. അതും വിദേശ കാറില്‍.
കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞു.. അങ്ങനെ ഞാന്‍ എ.വി.എം മുതലാളിയായിരുന്ന ചെട്ടിയാര്‍ ഉപയോഗിച്ച ഫിയറ്റ് കാര്‍ നാലര ലക്ഷം കൊടുത്ത് വാങ്ങി. ഫോറിന്‍ കാറാണെങ്കില്‍ ഡ്രൈവറും ഫോറിന്‍ തന്നെ വേണമെന്ന് എനിക്കു തോന്നി. അങ്ങനെ റോബിന്‍സണ്‍ എന്നൊരു ആംഗ്ലോ ഇന്ത്യാക്കാരന്‍ ഡ്രൈവറായി വന്നു. പാന്റും ബെല്‍റ്റും തൊപ്പിയുമൊക്കെയായി ഫുള്‍ യൂണിഫോം അയാള്‍ക്ക് നല്‍കാന്‍ ആവശ്യപ്പെട്ടു. പിറ്റേദിവസം രാവിലെ തന്നെ റോബിന്‍സണ്‍ വന്നു. കുനിഞ്ഞ് തൊപ്പിയൊക്കെ ഊരി കാറിന്റെ ഡോര്‍ തുറന്നു. ഞാന്‍ കയറിയിരുന്നു, വിടെടാ വണ്ടി എ.വി.എമ്മിലേക്ക് എന്ന് പറഞ്ഞു.
അന്ന് ആ നിര്‍മാതാവ് വണ്ടി നിര്‍ത്തിയ അതേ ഇടത്ത് കാര്‍ നിര്‍ത്തിച്ച് ഞാന്‍ പുറത്തിറങ്ങി. വണ്ടിയില്‍ ചാരി നിന്ന് 555 സിഗരറ്റ് വലിച്ചു. വണ്ടിയും തൊപ്പി വച്ച ഡ്രൈവറെയുമെല്ലാം കണ്ടപ്പോള്‍ അവിടെയുള്ളവര്‍ കരുതിയത് ഗവര്‍ണര്‍ വന്നതാണെന്നായിരുന്നു. എന്നാല്‍ ഞാന്‍ പറയുന്നു ഇതെല്ലാം സാധ്യമായത് എന്റെ കഴിവുകൊണ്ടാണെന്ന് വിശ്വസിക്കുന്നില്ല. എല്ലാം നടന്നത് എന്റെ സമയം നന്നായത് കൊണ്ടാണ്.
Content Highlights: Rajnikanth inspirational speech Darbar Audio Launch