ഉര്‍വശിയുടെ ഛായയുണ്ട് എന്ന കാരണത്താൽ ഒഴിവാക്കപ്പെട്ട ചരിത്രമുണ്ട് കൽപ്പനയ്ക്ക്


മലയാളത്തിന്റെ ചിരിക്കുടുക്ക കൽപ്പന ഓര്‍മ്മയായിട്ട് നാല് വര്‍ഷങ്ങള്‍

ലയാള സിനിമയിലെ 'ലേഡി ജഗതി' എന്ന വിശേഷണം കൽപ്പനയ്ക്ക് തികച്ചും യോജിക്കും. ജഗതിയോടൊപ്പമുള്ള കോമ്പിനേഷന്‍ സീനുകളിലാണ് തമാശരംഗങ്ങളില്‍ അവര്‍ ഏറെ തിളങ്ങിയത്. മറ്റൊന്ന് ഇന്നസെന്റിനൊപ്പവും. ജഗതി അപകടത്തില്‍ പെടുകയും ഇന്നസെന്റ് ക്രമേണ ട്രാക്ക് മാറുകയും ചെയ്തതോടെ തമാശ രംഗങ്ങളില്‍ നിന്ന് കൽപ്പനയും വഴിമാറി.

ബാലതാരമായി അരങ്ങേറി അരവിന്ദന്റെ പോക്കുവെയിലില്‍ നായികയായി പിന്നീട് സഹനായികയായി തിളങ്ങിയ സിനിമാജീവിതമായിരുന്നു കൽപ്പനയുടേത്. തിരുവതാംകൂര്‍ സഹോദരിമാരെ പോലെ മലയാള സിനിമയിലെ ഒരു ഏടാണ് കലാരഞ്ജിനി, കൽപ്പന, ഉര്‍വശി സഹോദരിമാരും. ഉര്‍വശിയുടെ ഛായയുണ്ട് എന്ന ഒറ്റക്കാരണത്താല്‍ തന്നെ അവരെ സിനിമയില്‍ നിന്ന് ഒഴിവാക്കി ചരിത്രവുമുണ്ട്. കതിര്‍മണ്ഡപം എന്ന ചിത്രത്തില്‍ ഒരേ പോലെയുള്ള രണ്ടുപേര്‍ വേണ്ട എന്നായിരുന്നു സംവിധായകന്റെ തീരുമാനം.കുട്ടിയായിരുന്ന കൽപ്പനയെ അത് വേദനിപ്പിച്ചു. എല്ലാത്തിനേയും ഒരേപോലെ പ്രസവിച്ചാല്‍ ഇങ്ങനേയം സംഭവിക്കും എന്നാണ് ഇതിന് അമ്മയോട് കല്‍പന പറഞ്ഞ മറുപടി. സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും തമാശയാണ് കൽപ്പനയുടെ വായില്‍ നിറയുക. നിഷ്‌കളങ്കമായ തമാശകളിലൂടെ അവര്‍ പ്രേക്ഷകരുടെ മനസ്സ് കീഴടക്കി.

കിട്ടിയതൊക്കെ ദൈവം അനുഗ്രഹിച്ചു തന്ന ബോണസ് എന്നാണ് കൽപ്പനയുടെ പക്ഷം. മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചതില്‍ 200 എണ്ണത്തിലും കോമഡി വേഷങ്ങളായിരുന്നു. ഡോക്ടര്‍ പശുപതിയിലെ യു.ഡി.സി എന്ന കഥാപാത്രം ആദ്യവസാനം ചിരിപടര്‍ത്തിയ ചിത്രമാണ്. ആ ചിത്രത്തില്‍ അവര്‍ പാടുന്ന പാട്ടും ആ ഭാവങ്ങളും ഇന്നും എന്നപോലെ ടെലിവിഷനിലെ കോമഡി സീനുകളില്‍ വന്നുപോകുന്നു.

സി.ഐ.ഡി ഉണ്ണിക്കൃഷ്ണന്‍ ബി.എ.ബി.എഡിലെ ക്ലാര എന്ന വേലക്കാരിയുടെ വേഷം. തോട്ടപ്പണിക്കാരനായ ജഗതിയുടെ ഉമ്മന്‍ കോശിയും ക്ലാരയും ഒത്തുള്ള രംഗങ്ങള്‍ ഈ രാജസേനന്‍ ചിത്രത്തിലെ പ്രധാന ചിരിമുഹൂര്‍ത്തങ്ങളാണ്.

പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന ചിത്രത്തില്‍ ഉര്‍വശിക്കൊപ്പം മുഴുനീള വേഷം അവര്‍ ചെയ്തു. അതിലും ജഗതിയും കൽപ്പനയും ഒത്തുള്ള രംഗങ്ങള്‍ ഹാസ്യരസം നിറഞ്ഞവയാണ്. കെ.ജി.ജോര്‍ജിന്റെ പഞ്ചവടിപ്പാലത്തിലെ അനാര്‍ക്കലി, പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ മോഹിനി, കൗതുക വാര്‍ത്തകളിലെ കമലു, കാവടിയാട്ടത്തിലെ ഡോളി, കാബൂളിവാലയിലെ ചന്ദ്രിക... അങ്ങനെ ഹാസ്യത്തിന് പുതിയൊരു ഭാവപ്പകര്‍ച്ച തന്നെ അവര്‍ നല്‍കി. എന്ത് വേഷം കിട്ടിയാലും ആസ്വദിച്ചാണ് അവര്‍ ചെയ്തിരുന്നത്.

കോമഡിരംഗങ്ങളിലെ സ്ഥിരസാന്നിധ്യമായി ചിരിപ്പിക്കുമ്പോഴും കാരക്ടര്‍ വേഷം ചെയ്യണമെന്ന് അവര്‍ ഏറെ ആഗ്രഹിച്ചിരുന്നു. ഇടയ്ക്കൊക്കെ ബിരിയാണി കിട്ടിയാല്‍ സന്തോഷമല്ലേ എന്നായിരുന്നു ഒരു അഭിമുഖത്തില്‍ ഈ അഗ്രഹത്തിന് അവര്‍ തമാശകലര്‍ത്തി പറഞ്ഞ മറുപടി. അവര്‍ ആഗ്രഹിച്ച പോലെ അവസാനകാലത്ത് കിട്ടിയ വേഷങ്ങളെല്ലാം കാരക്ടര്‍ വേഷങ്ങള്‍ തന്നെയാണ്. യഥാര്‍ഥത്തില്‍ രഞ്ജിത്തിന്റെ കേരള കഫേയാണ് കല്‍പനയെ കോമഡിയുടെ തടവില്‍ നിന്ന് മോചിപ്പിച്ചത്. അതില്‍ അന്‍വര്‍ റഷീദ് ഒരുക്കിയ ബ്രിഡ്ജിലെ വേഷം അവരുടെ സിനിമ ജീവിതത്തില്‍ വഴിത്തിരിവായി. ഇന്ത്യന്‍ റുപ്പിയിലെ മേരിയും, സ്പിരിറ്റിലെ പങ്കജവും രഞ്ജിത്ത് അവര്‍ക്കായി ഒരുക്കിയ കാരക്ടര്‍ വേഷങ്ങളായിരുന്നു.

സ്പിരിറ്റില്‍ മദ്യത്തിന് അടിമയായ നന്ദുവിന്റെ ഭാര്യയായുള്ള കഥാപാത്രം കൽപ്പനയ്ക്ക് പുതിയ മേല്‍വിലാസം നല്‍കി. ഗൗരവമുള്ള വേഷങ്ങളിലേക്കുള്ള കൂടുമാറ്റത്തിനിടയില്‍ ലഭിച്ച തനിച്ചല്ല ഞാന്‍ എന്ന സിനിമയിലെ കഥാപാത്രം അവരെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരത്തിനും അര്‍ഹയാക്കി. ബാംഗ്ലൂര്‍ ഡെയിസിലെ കഥാപാത്രം ഒരര്‍ഥത്തില്‍ ഡബിള്‍ റോള്‍ തന്നെയായിരുന്നു. നാട്ടില്‍ വിജയരാഘവന്റെ ഭാര്യയായി ഒതുങ്ങിക്കൂടിയ കഥാപാത്രം കുട്ടനൊപ്പം(നിവിന്‍ പോളി) ബാംഗ്ലൂരിലെത്തുമ്പോള്‍ തീര്‍ത്തും മോഡേണായി മാറുന്നു. ആ മാറ്റം കൽപ്പന അത്രമേല്‍ ഹൃദയഹാരിയായിട്ടാണ് അവതരിപ്പിച്ചത്. ദി ഡോള്‍ഫിന്‍സിലെ വാവ എന്ന വേഷം അവരുടെ കരിയറിലെ വ്യത്യസ്തമായ റോളായിരുന്നു. രണ്ടേ രണ്ടു സീനില്‍ മാത്രമെത്തി പ്രേക്ഷകരെ ഞെട്ടിച്ച് മരണത്തിന് കീഴടങ്ങുന്ന വേഷമായിരുന്നു ചാര്‍ലിയിലെ ക്വീന്‍ മേരി. അവസാന സീനില്‍ മരിച്ചുവീണുകൊണ്ട് അവര്‍ മലയാള സിനിമയോടുെ യഥാര്‍ഥ ജീവിതത്തോടും വിടപറഞ്ഞു.

Content Highlights : Actress Kalpana Death Anniversary Kalpana Urvashi Kalaranjini

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022