പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കായി സൈമ പുരസ്‌കാര വേദിയില്‍ സഹായം അഭ്യര്‍ഥിച്ച് പൃഥ്വിരാജ്. കൂടെ എന്ന ചിത്രത്തിലെ അഭിനയത്തിന് പൃഥ്വിരാജിനാണ് സൈമയില്‍ മികച്ച നടനുള്ള ക്രിട്ടിക് അവാര്‍ഡ് ലഭിച്ചത്. അവാര്‍ഡ് ഏറ്റുവാങ്ങിയതിനു ശേഷം സംസാരിക്കവേയാണ് പൃഥ്വി കേരളത്തിന് വേണ്ടി സഹായമഭ്യര്‍ഥിച്ചത്.
പൃഥ്വിയുടെ വാക്കുകള്‍
മലയാള സിനിമയെ പ്രതിനിധീകരിച്ചു വന്നിരിക്കുന്നതുകൊണ്ട് കേരളത്തെക്കുറിച്ചാണ് എനിക്ക് പറയുവാനുള്ളത്. രണ്ടു ലക്ഷത്തിലേറെ പേരാണ് ദുരന്തം ബാധിച്ച് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. അവരില്‍ ഭൂരിഭാഗം പേരും നാളെ എന്നൊരു സങ്കല്‍പം പോലുമില്ലാതെ സമയം ചെലവഴിക്കുന്നവരാണ്. നിങ്ങളാല്‍ കഴിയുന്ന സഹായം കേരളത്തിന് വേണ്ടി നിങ്ങളോട് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.
മലയാള സിനിമാ മേഖലയിലെ ഒട്ടനവധി ആള്‍ക്കാര്‍ കൈകോര്‍ത്ത് തങ്ങളാല്‍ ആവുന്നതൊക്കെ ചെയ്യുന്നുണ്ട്. പക്ഷേ അത് മതിയാവില്ല. ഇവിടെ ഇരിക്കുന്നവരും ഇത് കേള്‍ക്കുന്നവരും എങ്ങനെ സഹായിക്കണം എന്ന് സംശയമുണ്ടെങ്കില്‍ എന്റെയോ, ലാലേട്ടന്റെയോ, ടൊവിനോയുടെയോ സാമൂഹ്യമാധ്യമങ്ങളില്‍ നോക്കിയാല്‍ മനസിലാക്കാനാകും. എല്ലാവരും സഹായിക്കണം. ഞങ്ങള്‍ക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്- പൃഥ്വിരാജ് പറഞ്ഞു.
പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ് പൃഥ്വിരാജും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവ സംഘടനയായി പ്രവര്‍ത്തിക്കുന്ന അന്‍പോട് കൊച്ചി വഴി പ്രളയക്കെടുതി നേരിടുന്ന വയനാട് തിരുനെല്ലിയിലേക്ക് ഒരു ലോറി നിറയെ സാധനങ്ങള്‍ താരം നേരത്തേ കൈമാറിയിരുന്നു.
Content Highlights : SIIMA Awards 2019 Prithviraj Request to help People In Flood Affected Kerala at SIIMA