To advertise here, Contact Us



നിങ്ങളുടെ കൈയിലുണ്ട് ആ നിശബ്ദ പകര്‍ച്ചവ്യാധി


അഞ്ജലി എന്‍.കുമാര്‍ | anjalink291@gmail.com

3 min read
Read later
Print
Share

രാത്രി ഉറങ്ങുന്നതിന് മുമ്പുള്ള മൊബൈല്‍ഫോണ്‍ ഉപയോഗം ഉറക്കക്കുറവുണ്ടാക്കും. തന്മൂലം ക്ഷീണവും അലസ മനോഭാവവും ജീവിതത്തിലുണ്ടാകുമെന്നും പഠനം പറയുന്നു. കിടക്കുന്നതിന് മുമ്പ് മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്ന 72.4 ശതമാനം പേര്‍ക്കും നല്ല ഉറക്കം കിട്ടുന്നില്ലെന്നാണ് പഠനം പറയുന്നത്.

കൊച്ചിയിലെ പ്രധാന ഐ.ടി. കമ്പനിയിലെ 'ടെക്കി'കളായ ദമ്പതിമാര്‍ അടുത്തിടെ കൗണ്‍സലിങ്ങിന് സഹായം തേടി. പൊരുത്തപ്പെടാനും പരസ്പരം പിന്തുണയ്ക്കാനും കഴിയാതെ, തുടര്‍ന്ന് ജീവിക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവിലാണ് ഒരു വര്‍ഷമായ ദാമ്പത്യജീവിതത്തിന്റെ അനുഭവങ്ങളുമായി ഇവര്‍ കൗണ്‍സലറുടെ മുന്നിലെത്തിയത്. ഏറെ പിരിമുറുക്കം നിറഞ്ഞ ജോലിക്കുശേഷം വീട്ടിലെത്തുന്ന ഇരുവരും വിശ്രമിക്കുന്നത് മൊബൈല്‍ ഫോണിലേക്ക് ഊളിയിട്ടാണ്. എല്ലാ സമൂഹിക മാധ്യമങ്ങളിലൂടെയും കയറിയിറങ്ങി ഇരുവരും ഉറക്കത്തിലേക്ക് വഴുതിവീഴും. രാവിലെ വീണ്ടും ജോലിയുടെ തിരക്കിലേക്ക്.

To advertise here, Contact Us

ഇത് സ്ഥിരമാകവേ അവരുടെ ജീവിതവും അകന്നു. ജോലിയുടെ സമ്മര്‍ദവും ഉറക്കമില്ലായ്മയും പരസ്പരധാരണയില്ലായ്മയും അവരുടെ ജീവിതത്തെ വഴിതിരിച്ചു. അമിതോത്കണ്ഠയും വിഷാദവുമെല്ലാമാണ് അവരെ കൗണ്‍സലറുടെ അടുത്തെത്തിച്ചത്. കൗണ്‍സലിങ്ങിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയപ്പോള്‍ ഇരുവരും തിരിച്ചറിഞ്ഞത് തങ്ങളുടെ നല്ലസമയം കൈക്കലാക്കിയ 'മൊബൈല്‍ഫോണ്‍' എന്ന വില്ലനെയാണ്.

കൗണ്‍സലറുടെ സഹായത്തോടെ, ജീവിതത്തില്‍ ചിട്ട കൊണ്ടുവരാനും മൊബൈലിന് നിശ്ചിതസമയം നല്‍കി മാറ്റിനിര്‍ത്താനും ഇവര്‍ ശ്രമിച്ചു. തങ്ങളുടെ ഇടയിലുണ്ടായിരുന്ന മൗനം ഇല്ലായതായപ്പോഴാണ് പ്രശ്‌നക്കാരന്‍ മൊബൈല്‍ഫോണ്‍ ആണെന്ന് ഇരുവരും മനസ്സിലാക്കിയത്.

ഇത് ഒരു പ്രത്യേക കുടുംബത്തിന്റെ മാത്രം അവസ്ഥയല്ലെന്നാണ് മാനസിക വിദഗ്ദ്ധര്‍ പറയുന്നത്. വേഗത്തിലോടുന്ന ജീവിതത്തില്‍ പലപ്പോഴും 'ക്വാളിറ്റി ടൈം' എന്ന ചെല്ലപ്പേരോടെ നമ്മള്‍ വിളിക്കുന്ന, കുടുംബാംഗങ്ങളോടൊത്തുള്ള സമയം ചെലവിടല്‍ പലര്‍ക്കും സാധിക്കുന്നില്ല. അടുത്തിരിക്കുന്നവരെ മാനിക്കാതെ അകലെയുള്ളവരെ അടുപ്പിക്കാനാണ് ഇന്ന് എല്ലാവരും ശ്രമിക്കുന്നത്. കുടുംബാംഗങ്ങളോട് സംസാരിക്കുമ്പോഴും കൈയില്‍ പബ്ജിയോ വാട്‌സാപ്പോ ഓപ്പണ്‍ ആയിരിക്കും. ഇത് പലവിധത്തിലുള്ള പ്രശ്‌നങ്ങളാണ് ബന്ധങ്ങളിലും വ്യക്തിത്വത്തിലും സൃഷ്ടിക്കുന്നത്. ഇതിന് തെളിവാണ് 'നിംഹാന്‍സി'ന്റെ പഠനം.

നിംഹാന്‍സിന്റെ പഠനം പറയുന്നത്

ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ് (നിംഹാന്‍സ്) 18 മുതല്‍ 40 വയസ്സ് വരെയുള്ളവരുടെ ഇടയിലാണ് മൊബൈല്‍ ഉപയോഗത്തെക്കുറിച്ച് പഠനം നടത്തിയത്. ഈ പ്രായത്തിലുള്ളവരുടെ ഇടയില്‍ നടത്തിയ സര്‍വേയില്‍ മൊബൈല്‍ഫോണ്‍ ഉപയോഗത്തെക്കുറിച്ചും അവ എങ്ങനെ ഒരു വ്യക്തിയുടെ ഉറക്കത്തെയും തുടര്‍ന്നുള്ള ജീവിതത്തെയും ബാധിക്കുന്നു എന്നതിനെക്കുറിച്ചുമുള്ള പഠനമാണ് നിംഹാന്‍സ് നടത്തിയത്.

രാത്രി ഉറങ്ങുന്നതിന് മുമ്പുള്ള മൊബൈല്‍ഫോണ്‍ ഉപയോഗം ഉറക്കക്കുറവുണ്ടാക്കും. തന്മൂലം ക്ഷീണവും അലസ മനോഭാവവും ജീവിതത്തിലുണ്ടാകുമെന്നും പഠനം പറയുന്നു. കിടക്കുന്നതിന് മുമ്പ് മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്ന 72.4 ശതമാനം പേര്‍ക്കും നല്ല ഉറക്കം കിട്ടുന്നില്ലെന്നാണ് പഠനം പറയുന്നത്. കിടക്കുന്ന സ്ഥലത്തുതന്നെയാണ് ഭൂരിഭാഗം ആളുകളും മൊബൈല്‍ഫോണ്‍ വയ്ക്കുന്നത്. കട്ടിലില്‍ തലയിണയ്ക്കടിയിലും വശങ്ങളിലുമെല്ലാമാണ് രാത്രി മൊബൈലിന്റെ സ്ഥാനം.

കട്ടിലില്‍ത്തന്നെ മൊബൈല്‍ സൂക്ഷിച്ച് ഉറങ്ങുന്നവരില്‍ പുരുഷന്മാരാണ് കൂടുതലെന്ന് പഠനം പറയുന്നു. ഇവരില്‍ 70 ശതമാനം പുരുഷന്മാര്‍ക്കും ഉറക്കം കുറവാണ്. പഠനത്തില്‍ പങ്കെടുത്തവരില്‍ 54 ശതമാനം സ്ത്രീകള്‍ക്കും ശരിയായ ഉറക്കം ലഭിക്കുന്നില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഉറങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പുതന്നെ മൊബൈല്‍ഫോണ്‍ മാറ്റിവയ്ക്കണമെന്നാണ് നിംഹാന്‍സ് നിര്‍ദേശിക്കുന്നത്. ഉറങ്ങാന്‍ തയ്യാറാവുന്നതിന് മുമ്പുതന്നെ ഇവയുടെ ഉപയോഗം കുറച്ചാല്‍ ഉറക്കമില്ലായ്മ ഒഴിവാക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദ്യാര്‍ഥിനികള്‍ മള്‍ട്ടി മീഡിയ ആപ്പുകളും സാമൂഹിക മാധ്യമങ്ങളും ഏറെ ഉപയോഗിക്കുമ്പോള്‍, പുരുഷന്മാരും കുട്ടികളും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഗെയിം ആപ്പുകളാണ്.

കേരളവും വ്യത്യസ്തമല്ല

നിംഹാന്‍സിന്റെ പഠനത്തോടൊപ്പം ചേര്‍ത്തുവയ്ക്കാവുന്നതാണ് കേരളത്തിന്റെയും മെട്രോ നഗരമായ കൊച്ചിയുടെയും അവസ്ഥ. സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഉപയോഗത്തെക്കുറിച്ച് കൃത്യമായ പഠനങ്ങള്‍ നടന്നിട്ടില്ലെങ്കിലും കേരളവുമായി ഈ പഠനങ്ങള്‍ക്ക് വലിയ സാമ്യമുണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട കേസുകളില്‍ മുന്നില്‍നില്‍ക്കുന്നത് മൊബൈല്‍ ഉപയോഗമാണെന്ന് കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ് സൈക്കോളജി ആന്‍ഡ് സൈക്യാട്രിക് വിഭാഗം പ്രൊഫസര്‍ ഡോ. സജു ജോര്‍ജ് പറയുന്നു.

കേരളത്തില്‍ 14 മുതല്‍ 55 ശതമാനം പേര്‍ മൊബൈല്‍ ഉപയോഗിക്കുന്നതില്‍, 20 ശതമാനം ആളുകള്‍ക്കുപോലും ശരിയായ ഉപയോഗം നടക്കുന്നില്ല. സാങ്കേതികവിദ്യയില്‍ അടിപ്പെട്ട ഒരുവിഭാഗം ആളുകളാണ് ഇവര്‍. ഒരു വ്യക്തി ഇന്റര്‍നെറ്റിലോ മൊബൈല്‍ ഗെയിമിലോ അടിമപ്പെട്ടാല്‍, അദ്ദേഹത്തിന് ചുറ്റുമുള്ള അഞ്ച് മുതല്‍ എട്ട് പേരെ വരെയാണ് അത് ദോഷമായി ബാധിക്കുക.

14 മുതല്‍ 18 വയസ്സ് വരെയുള്ളവരില്‍ അമിത ഇന്റര്‍നെറ്റ് ഉപയോഗം പഠനത്തെയാണ് ബാധിക്കുന്നതെങ്കില്‍, 25 മുതല്‍ 40 വയസ്സ് വരെയുള്ളവരില്‍ കുടുംബപ്രശ്‌നങ്ങളാണ് ഇവ ഉണ്ടാക്കുന്നത്.

കുട്ടികളോട് 'നോ' പറയാന്‍ വരട്ടെ

പിഞ്ചുകുഞ്ഞുങ്ങള്‍ പോലും മൊബൈല്‍ ഫോണും അവയുടെ ഉപയോഗവും കണ്ടാണ് വളരുന്നത്. മാതാപിതാക്കളുടെ ഉപയോഗമാണ് ഇതിന് കാരണം. വളരുംതോറും കുഞ്ഞുങ്ങള്‍ക്ക് തന്റെ മാതാപിതാക്കള്‍ ഉപയോഗിക്കുന്ന വസ്തുവിനെ അടുത്തറിയാനുള്ള ആകാംക്ഷ കൂടും. കുഞ്ഞുങ്ങള്‍ മൊബൈല്‍ഫോണിലേക്ക് കൈയെത്തിക്കുന്നതിലുള്ള പ്രധാന കാരണമിതാണ്.

ഗെയിം കളിച്ചുകൊണ്ടും യൂട്യൂബില്‍ സ്ഥിരം കറങ്ങിനടന്നും കൊണ്ട് കുഞ്ഞുങ്ങളോട് 'നോ' പറയാന്‍ സാധിക്കില്ല. അവര്‍ക്ക് അത് മനസ്സിലാകുകയുമില്ല. കുഞ്ഞുങ്ങളോട് 'വേണ്ട' എന്ന് പറയുമ്പോള്‍ അതുപറയാന്‍ ഞാന്‍ അര്‍ഹനാണോ, അല്ലെങ്കില്‍ അര്‍ഹയാണോ എന്ന് ഒന്നുകൂടി ചിന്തിച്ചിട്ട് വേണം പറയാന്‍ എന്നുമാത്രം. കുട്ടികളുടെ മുന്നില്‍ വളരെ മിതമായി മാത്രം ഫോണ്‍ ഉപയോഗിക്കുകയാണ് വേണ്ടത്.

മാനസിക സമ്മര്‍ദത്തിലേക്ക് നയിക്കും

മൊബൈല്‍ഫോണിന്റെ അമിതോപയോഗത്തെ 'നിശ്ശബ്ദ പകര്‍ച്ചവ്യാധി' ആയി വിശേഷിപ്പിക്കാം. ഉപയോഗിക്കുന്നയാള്‍ കടന്നുപോകുന്ന മാനസിക സംഘര്‍ഷം ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കില്ല. വിഷാദരോഗവും അമിതാകാംക്ഷയുമെല്ലാം തുടര്‍ന്നുവരാം. ഇവ ആത്മഹത്യാ പ്രവണതയിലേക്ക് വരെ ചെന്നെത്തിക്കുന്നുണ്ട്.

'ഗെയിമിങ് ഡിസോര്‍ഡര്‍' ഇന്നൊരു മാനസിക രോഗമായി അംഗീകരിച്ചിട്ടുണ്ട്. ഈ അവസ്ഥ മാറുന്നതിന് കൃത്യമായ ബോധവത്കരണം മാത്രമാണ് ആവശ്യം. ശരിയായ ചികിത്സയിലൂടെ ഇത് ഭേദമാക്കാനും സാധിക്കും.- ഡോ. സജു ജോര്‍ജ് (പ്രൊഫസര്‍, കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ്, സൈക്കോളജി ആന്‍ഡ് സൈക്യാട്രിക് വിഭാഗം)

Content Highlights: Mobile phone addiction, Problems of mobile phone use, Mobile phone addiction and mental health

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

നിരീക്ഷിക്കൂ, നിങ്ങളിലെ ഈ ലക്ഷണങ്ങള്‍ ചിലപ്പോള്‍ ബിപിഡിയുടേതാവാം

Jan 16, 2018


mathrubhumi

2 min

സംശയം മുതല്‍ ഇല്ലാത്തത് കാണല്‍ വരെ; ഒരായിരം മുഖങ്ങളുണ്ട് ഈ രോഗത്തിന്

Jan 15, 2019

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us