എത്ര പെട്ടെന്നാണ് ഒരു ജീവന്‍ അപഹരിക്കപ്പെടുന്നത്? പ്രണയനൈരാശ്യം വരുമ്പോള്‍ കാമുകന്‍ കാമുകിയെ കൊല്ലുന്നതും ഇഷ്ടക്കേടുകള്‍ കുടുംബങ്ങള്‍ക്കകത്ത് സംഘര്‍ഷം സൃഷ്ടിക്കുന്നതും നിത്യസംഭവമായി. ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍ പത്രങ്ങളില്‍ വായിക്കുമ്പോള്‍ ഞെട്ടലില്ലാതാവുന്നു.
ശരിക്കും ഇവരൊക്കെ ക്രൂരന്മാരായിരുന്നോ അതോ ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങള്‍ നേരിടാന്‍ മനസ്സിന് പക്വത ഇല്ലാതാവുകയാണോ? ഏതെങ്കിലും തരത്തിലുള്ള വ്യക്തിത്വ വൈകല്യങ്ങളാണോ ഇവരെ ഇങ്ങനെ ഒക്കെ ചെയ്യിച്ചത്?
ജനങ്ങളെ വ്യത്യസ്തരാക്കുന്നത് അവരുടെ രൂപങ്ങളിലെ വ്യത്യാസം കൊണ്ടു മാത്രമല്ല, അവരുടെ വ്യക്തിത്വം കൂടിയും കൊണ്ടാണ്. ഓരോ വ്യക്തിയുടെയും വ്യക്തിപ്രഭാവം അനുസരിച്ചാണ് ഓരോ കുടുംബവും അങ്ങനെ സമൂഹവും എന്തിന് ലോകം പോലും മുന്‍പോട്ട് പോവുന്നത്. വ്യക്തിത്വത്തിന് വളരെ അധികം പ്രസക്തി ഉണ്ടെന്ന് മനസ്സിലാക്കണം.
കാഴ്ചയില്‍ മാത്രമല്ല പെരുമാറ്റത്തിലൂടെയും കൂടിയാണ് നാം ഒരു വ്യക്തിയെ കാണുന്നത്. നമ്മുടെ ഏറ്റവും നല്ല മുഖം പുറമേക്ക് കാണിക്കുക എന്ന കാര്യത്തില്‍ നാം ശ്രദ്ധ ചെലുത്തണം. അത് കൊണ്ടാണ് വ്യക്തിത്വവികാസത്തിനു ഇത്രയും പ്രസക്തി വരുന്നത്. ഒരു വ്യക്തിയുടെ സ്വന്തം കാഴ്ചപ്പാട്, സമൂഹം അയാള്‍ക്ക് നല്‍കുന്ന മൂല്യം, അയാള്‍ മറ്റു വ്യക്തികളുമായി നടത്തുന്ന ഇടപെടലുകള്‍ എന്നിങ്ങനെ എല്ലാം ഉള്‍പ്പെടുന്ന ആകെ രൂപമാണ് അയാളുടെ വ്യക്തിത്വം.
വ്യക്തിത്വം എപ്പോഴാണ് രൂപാന്തരം പ്രാപിക്കുന്നത്? വ്യക്തിത്വ രൂപവത്കരണം കേവലം ഒരു സമയത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. കുഞ്ഞു ജനിക്കുമ്പോള്‍ വീട്ടുകാര്‍ പറയാറുണ്ട് - ദേഷ്യക്കാരനാണ്, പാവമാണ് എന്നൊക്കെ. അതായത് അവന്‍ എങ്ങനെ ആണെന്നതിന് ഒരു ഏകദേശം ധാരണ ഉണ്ടാവും എന്നര്‍ഥം. കുടുംബം, കുടുംബാന്തരീക്ഷം, ജനിതകം, കൂട്ടുകെട്ട് എന്നിവയ്‌ക്കെല്ലാം വ്യക്തിത്വരൂപവത്കരണത്തില്‍ പങ്കുണ്ട്.
ജന്മസിദ്ധമായി കിട്ടുന്ന സ്വഭാവത്തിന് അനുഭവങ്ങളുടെ വെളിച്ചത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവാം. എല്ലാ വ്യക്തികളിലും കുറ്റങ്ങളും കുറവുകളുംപോലെ ഗുണങ്ങളും ഉണ്ട്. കുറവുകള്‍ പരിഹരിക്കുന്നതിനുള്ള ശ്രമം സ്വന്തം ഉള്ളില്‍ നിന്ന് അവന്റെ ചുറ്റുപാടുകളിലേക്ക് വരുമ്പോഴാണ് വ്യക്തിത്വം വളരുന്നത്.
കൗമാരപ്രായമൊക്കെ ആവുമ്പോഴേക്ക് അവന്റെ വ്യക്തിത്വം ഉറച്ചു എന്നൊക്കെ മനഃശാസ്ത്രപരമായി പറയാം. എന്നിരുന്നാലും ജീവിതകാലം മുഴുവനും വ്യക്തിത്വവികസനത്തിനുള്ള സാധ്യതകള്‍ തുറന്നു കിടക്കുന്നുണ്ട്. പലപ്പോഴും ഇതില്‍ വൈകല്യങ്ങള്‍ ഉണ്ടാവുകയും വ്യക്തിയെ മാത്രമല്ല കുടുംബത്തെയും സമൂഹത്തെയും ബാധിക്കുകയും ചെയ്യാം.
വ്യക്തിത്വവൈകല്യങ്ങള്‍ പൊതുവെ ഒന്‍പതു തരത്തിലാണ് ഉള്ളത്. ഇവയെ മൂന്നു തട്ടിലാക്കി പറയാം.
- ബാഡ്,
- മാഡ്
- സാഡ്.
പരനോയിഡ് വ്യക്തിത്വം, സ്‌കിസോയിഡ് വ്യക്തിത്വം, സ്‌കിസോഫ്രേനിക് വ്യക്തിത്വം എന്നിവ മാഡ് ഗ്രൂപ്പില്‍ പെടുന്നു. മാനസികമായി പ്രശ്നങ്ങള്‍ ഉള്ള വ്യക്തിയെ കാണുമ്പോള്‍ അല്ലെങ്കില്‍ ഇടപഴകുമ്പോള്‍ നമുക്ക് തോന്നിപ്പിക്കുന്ന വ്യക്തിത്വങ്ങള്‍. അതായത് സാമൂഹിക വിരുദ്ധ സ്വഭാവം, എടുത്തു ചാട്ടം, ബഹളം, ഹിസ്ടറിയോണിക് അഥവാ മറ്റുള്ളവരെ കാണിക്കുന്ന രീതിയിലുള്ള പെരുമാറ്റം, അല്ലെങ്കില്‍ അറ്റെന്‍ഷന്‍ സീക്കിങ് അഥവാ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തിലുള്ള സ്വഭാവം എന്നിവ ഇക്കൂട്ടത്തില്‍ പെടും.
അധികാര മനോഭാവം, മറ്റുള്ളവര്‍ തന്നെ മാനിക്കണം, മറ്റുള്ളവരുടെ ശ്രദ്ധ തന്നിലായിരിക്കണം, ഞാന്‍ കഴിഞ്ഞേ ഉള്ളു മറ്റൊരാള്‍ എന്നീ ചിന്തകള്‍ ഉള്ള വ്യക്തിത്വം സാഡ് ഗ്രൂപ്പില്‍ പെടും. ഒരു വ്യക്തിക്ക് ഇതില്‍ എല്ലാത്തരത്തിലുമുള്ള സ്വഭാവങ്ങള്‍ ഉണ്ടെങ്കിലും അത് വ്യക്തിയെ ദോഷകരമായി ബാധിക്കുമ്പോഴാണ് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ എന്ന് പറയുന്നത്. പലപ്പോഴും ഈ വ്യക്തിക്കുണ്ടാകുന്ന പ്രശ്നങ്ങള്‍, അയാള്‍ മൂലം സമൂഹത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍, അങ്ങനെ വരുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. എന്നാല്‍ നാം ശ്രദ്ധിക്കപ്പെടാതെ പോവുമ്പോള്‍ വ്യക്തിക്ക് വിഷാദം, മദ്യപാനത്തിന് അടിമപ്പെടല്‍ അങ്ങനെയൊക്കെ വരാം. ചികിത്സയുടെ വിവിധ ഘട്ടങ്ങളില്‍ ഈ വൈകല്യങ്ങള്‍ക്ക് പ്രത്യേകം സ്ഥാനം ഉണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നാം ഇവരെ എന്തൊക്കെ ചെയ്യണം? വ്യക്തികളെ കുറ്റപ്പെടുത്താതെ മനസ്സിലാക്കുവാന്‍ ശ്രമിക്കുക. കുട്ടിക്കാലം മുതല്‍ക്കു തന്നെ ലക്ഷണങ്ങള്‍ കാണിക്കും. ചെറിയ ചെറിയ സാധനങ്ങള്‍ മോഷ്ടിക്കുക, കൂട്ടുകാരുമായി വഴക്കുണ്ടാക്കുക അങ്ങനെ ചെറിയ ലക്ഷണങ്ങള്‍.
ഉചിതമായ സാമൂഹിക സ്വഭാവം, വിധി, പ്രേരണ നിയന്ത്രണം എന്നിവ ഉള്‍പ്പെടെയുള്ള പെരുമാറ്റത്തിന് തലച്ചോറിന്റെ പ്രീഫ്രോണ്ടല്‍ കോര്‍ടെക്സാണ് ഉത്തരവാദി എന്ന് പഠനങ്ങള്‍ പറയുന്നു. തലച്ചോറിന്റെ പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്സ് രാസ അസന്തുലിതാവസ്ഥയില്‍ നിന്നാണ് ആന്റിസോഷ്യല്‍ സോഷ്യല്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ വികസിക്കുന്നത്. ജനിതക ഘടകങ്ങളും വ്യക്തിയുടെ പരിസ്ഥിതിയും പ്രത്യേകിച്ച് കുടുംബാന്തരീക്ഷവും ചേര്‍ന്നതാണ് ഈ തകരാറിന് കാരണം. നാഡീവ്യവസ്ഥയിലെ അസാധാരണ രസതന്ത്രം, തലച്ചോറിന്റെ ഭാഗങ്ങളിലെ അപാകം, ന്യായവിധി, തീരുമാനമെടുക്കല്‍, ആസൂത്രണം, ആവേശകരമായതും ആക്രമണാത്മകവുമായ പെരുമാറ്റം എന്നിവ പോലുള്ള ജൈവശാസ്ത്രപരമായ ഘടകങ്ങള്‍ കാരണമായേക്കാമെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു.
ആന്റി സോഷ്യല്‍ പേഴ്സണാലിറ്റികള്‍ പലപ്പോഴും നാശം വിതയ്ക്കും. അവര്‍ ചെയ്യുന്ന ചെയ്തികളെക്കുറിച്ച് കുറ്റബോധം ഉണ്ടാവില്ല. ബിഹേവിയറല്‍ തെറാപ്പി കൊണ്ട് ഒരു പരിധി വരെ മാറ്റങ്ങള്‍ വരുത്താം. അപകടകരമാവുന്ന രീതിയിലുള്ള അക്രമസ്വഭാവം കാണിക്കുന്നവരെ, ഒരു നല്ല മനഃശാസ്ത്ര വിദഗ്ധനെ കാണിച്ച് മരുന്നുകള്‍ വച്ചും ചികിത്സിക്കാം. മാതാപിതാക്കള്‍ക്കും കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും ഇതില്‍ സഹായിക്കാം. അങ്ങനെ ഒരു വ്യക്തിയെ മാത്രമല്ല ഒരു പുത്തന്‍ സമൂഹത്തെ മുഴുവന്‍ വാര്‍ത്തെടുക്കാം.
Content Highlight: Personality Disorders and anti social lives