നല്ല ബന്ധങ്ങളുണ്ടാക്കാം, വഴികളിതാ...


സുജിത്ത് ബാബു/psy.sujith@gmail.com

3 min read
Read later
Print
Share

വ്യക്തി ബന്ധങ്ങളില്‍ പോസിറ്റിവിറ്റി നിറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?

റ്റുള്ളവരില്‍ നിന്നും നല്ല വാക്കുകള്‍ കേള്‍ക്കാന്‍ ഇഷ്ടമല്ലാത്തവര്‍ ആരാണുള്ളത്? നമ്മുടെ ദൈനംദിന ജീവിത മാനസിക അവസ്ഥകളില്‍ മറ്റുള്ളവരുടെ നല്ല വാക്കുകള്‍ക്കു എന്തെങ്കിലും പ്രാധാന്യമുണ്ടോ ? എറിക് ബെന്‍ (Eric Berne) എന്ന മനോരോഗ വിദഗ്ദ്ധന്‍ തന്റെ വളരെ പ്രശസ്തമായ ദി ഗെയിംസ് പീപ്പിള്‍ പ്ലേ (The Games People Play) എന്ന പുസ്തകത്തിലൂടെ ജീവിതത്തില്‍ വ്യക്തി ബന്ധങ്ങളുടെ പ്രാധാന്യത്തെയും നല്ല ചിന്തകള്‍ എങ്ങനെ മാനസിക അവസ്ഥകളെ സ്വധീനിക്കുന്നുവെന്നും വിവരിക്കുന്നുണ്ട്.

ഒരു കുഞ്ഞു ജനിച്ചു വീഴുമ്പോള്‍ രക്ഷിതാക്കളുടെ സാമീപ്യം, തലോടല്‍ ഒക്കെയാണ് കുട്ടികളുടെ മാനസികാവവസ്ഥയെ സ്വാധീനിക്കുന്നതെങ്കില്‍ ബുദ്ധിപരമായ വികാസത്തോടെ വാക്കുകളിലൂടെ ലഭിക്കുന്ന പരിഗണനയും പ്രോത്സാഹനവുമൊക്കെ വ്യക്തിയുടെ മാനസിക അവസ്ഥയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അതുപോലെ കുടുംബ ബന്ധങ്ങളെയും, ഭാര്യ-ഭര്‍തൃ ബന്ധത്തെയും, ഔദ്യോഗിക ബന്ധങ്ങളെയും സാമൂഹിക ബന്ധങ്ങളെയുമൊക്കെ ദൃഢമാക്കുന്നതില്‍ നല്ല ചിന്തകള്‍ക്കും പ്രോത്സാഹനത്തിനും കാര്യമായ പങ്കുണ്ട്.

വ്യക്തി ബന്ധങ്ങളില്‍ പോസിറ്റിവിറ്റി നിറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?

സ്‌നേഹത്തിന്റെ ഭാഷയില്‍ സംസാരിക്കാന്‍ ശ്രമിക്കാം

മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ കഴിവതും ചിരിച്ച മുഖത്തോടെ സംസാരിക്കുകയും നാം ഇടപെടുന്ന വ്യക്തിയെ ബഹുമാനിച്ചുകൊണ്ടും അവരെ പൂര്‍ണമായും അംഗീകരിച്ചു കൊണ്ടും സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മളിലൂടെ പോസിറ്റീവ് ആയ ഊര്‍ജ്ജം മറ്റുള്ളവരിലേക്ക് വ്യാപിക്കുകയും ആശയ വിനിമയവും ആത്മബന്ധവും കൂടുതല്‍ ദൃഢമാവുകയും ചെയ്യും.

മറ്റൊരാളുമായി ഇടപെടുമ്പോള്‍ നല്ലതു പറഞ്ഞു തുടങ്ങാം

'നീ ആകെ ക്ഷീണിച്ചു പോയല്ലോ','തടികൂടിയല്ലോ, മുടിയാകെ നരച്ചല്ലോ', തുടങ്ങിയ മറ്റുള്ളവരുടെ വിലയിരുത്തലുകള്‍ നമ്മുടെ എത്രയോ ദിവസങ്ങള്‍ നശിപ്പിച്ചിരിക്കുന്നു. ഇത്തരം ആളുകളില്‍ നിന്നും ഒരിക്കലെങ്കിലും ഒഴിഞ്ഞു മാറാന്‍ ശ്രമിക്കാത്തവരുണ്ടോ? ഒരു വ്യക്തിയെ കണ്ടുമുട്ടുമ്പോള്‍ അല്ലെങ്കില്‍ ഇടപെടുമ്പോള്‍ കഴിവതും നല്ലത് പറഞ്ഞുകൊണ്ട് തുടങ്ങുക. പലപ്പോഴും മനുഷ്യ സഹജമായി കുറവുകളും കുറ്റങ്ങളുമൊക്കെ നമ്മുടെ മനസിലേക്ക് ഓടിയെത്തിയേക്കാം എന്നാല്‍ അതിനു പ്രാധാന്യം കൊടുക്കാതെ ആ വ്യക്തിയിലുള്ള എന്തെങ്കിലും നല്ല കാര്യം പറഞ്ഞു തുടങ്ങുന്നതാണ് ഉചിതം.

നല്ല ചിന്തകളോ, പോസിറ്റിവിറ്റി തോന്നുന്ന കാര്യങ്ങളോ മനസ്സില്‍ ഒളിപ്പിച്ചു വയ്ക്കാതെ തുറന്നു പറയാം

ഒരു സുഹൃത്ത് നല്ല രീതിയില്‍ ഡ്രസ്സ് ചെയ്തു വന്നാല്‍, അല്ലെങ്കില്‍ അയാളൊരു വാഹനമോ വീടോ വാങ്ങിയാല്‍, ജീവിതത്തിലെന്തെങ്കിലും നേട്ടങ്ങളുണ്ടാക്കിയാല്‍ ഒന്ന് അഭിനന്ദിക്കാന്‍ അല്ലെങ്കില്‍ കൊള്ളാം എന്ന് പറയാന്‍ നമുക്ക് കഴിയാറുണ്ടോ? ഏതെങ്കിലും ഹോട്ടലില്‍ നിന്നും രുചികരമായ ഭക്ഷണം കഴിച്ചിട്ട് ഫുഡ് നന്നായിട്ടുണ്ട് എന്ന് അവരോട് എത്രപേര്‍ പറയാറുണ്ട്? ജീവിതത്തില്‍ ചെറിയ ചെറിയ സന്തോഷങ്ങള്‍ തരുന്ന സാഹചര്യങ്ങള്‍ പോലും അംഗീകരിക്കുകയും അത് പ്രകടിപ്പിക്കുകയും ചെയ്യുന്നത് നമ്മളിലും മറ്റുള്ളവരിലും പോസിറ്റിവിറ്റി പരക്കാന്‍ ഉപകരിക്കും. മറ്റുള്ളവരെപറ്റി നല്ലത് പറയാനും പ്രോത്സാഹിപ്പിക്കാനുമുള്ള ഒരവസരവും പാഴാക്കാതിരിക്കാം.

ചെറിയ ശ്രമങ്ങളെ പോലും പ്രോത്സാഹിപ്പിക്കാം.

സ്‌കൂളില്‍ ടീച്ചര്‍ വഴക്കുപറയുമെന്നോ മാതാപിതാക്കള്‍ ശിക്ഷിക്കുമെന്നോ ഭയന്ന്, പരീക്ഷ പാസായി ഉന്നതങ്ങളിൽ എത്തിയ എത്ര പേരുണ്ടാവും? ജീവിതത്തില്‍ ഓരോരുത്തര്‍ക്കും ലഭിച്ച നല്ല വാക്കുകളും പ്രോത്സാഹനവുമാവാം ഒരുപക്ഷെ നാം ഇപ്പോഴും ഓര്‍ത്തിരിക്കുന്നതും നമ്മെ മുന്നോട്ട് നയിക്കുന്ന ഊര്‍ജ്ജവും. ഓരോ വ്യക്തിയുടെയും ചെറിയ ശ്രമങ്ങളെ പോലും പ്രോത്സാഹിപ്പിക്കുക. അങ്ങനെ ചെറിയ ശ്രമങ്ങള്‍ വലിയ ശ്രമങ്ങളാവാനുള്ള ഇന്ധനമാണ് പ്രോത്സാഹനം.

ഗുണപരമല്ലാത്ത വിമര്‍ശനങ്ങളെ ഒഴിവാക്കാം

ഒരു വ്യക്തിയുടെ തിരുത്തപ്പെടെണ്ട കരങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ പറയേണ്ട കാര്യങ്ങള്‍ കൃത്യമായി പറയാന്‍ ശ്രമിക്കണം. അതുപോലെ തന്നെ കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ വ്യക്തിപരമായ പോരയ്മകളിലൂന്നി സംസാരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യം നല്ല കാര്യങ്ങള്‍ പറഞ്ഞുവേണം തിരുത്തപെടെണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍. ഗുണപരമല്ലാത്ത രീതിയില്‍ ഒരു വക്തിയെ അല്ലെങ്കില്‍ പെരുമാറ്റത്തെ പോസ്റ്റ്മാര്‍ട്ടം ചെയ്യുന്ന തരത്തിലേക്ക് ആശയ വിനിമയം എത്തിചേരാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് വ്യക്തിബന്ധങ്ങള്‍ ഉഷ്മളമാവാന്‍ സഹായിക്കും.

പ്രോത്സാഹന പരമായ ചിന്തകള്‍ എഴുതി വയ്ക്കാം

നമ്മുടെ മനസിലൂടെ വരുന്ന ചിന്തകള്‍ എഴുതി വയ്ക്കുമ്പോള്‍ അത് കൂടുതല്‍ ദൃഢമായി ഓര്‍മകളില്‍ സൂക്ഷിക്കപ്പെടുന്നു. ചിന്തിക്കുന്ന കാര്യങ്ങള്‍ എഴുതുമ്പോള്‍ അത് നമ്മുടെ മനസിലാണ് രേഖപ്പെടുത്തുന്നത്. നമുക്ക് ചുറ്റും കാണുന്ന നല്ലകാര്യങ്ങള്‍, നല്ല ചിന്തകള്‍, അനുഭവങ്ങള്‍ തുടങ്ങിയവ എഴുതി വയ്ക്കുന്ന ശീലം വ്യക്തി ജീവിതത്തില്‍ പോസിറ്റിവിറ്റി നിറയ്ക്കാന്‍ സഹായിക്കും.

മറ്റുള്ളവര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ നിരീക്ഷിക്കാം

പോസിറ്റീവ് ആയി ചിന്തിക്കാനുതകുന്ന ഒന്നും തന്നെ നമ്മുടെ സമൂഹത്തിലും ജീവിതത്തിലും ഇല്ല എന്ന് പരാതി പെടുന്നവരാണ് മിക്കവാറുമാളുകള്‍. ദിവസവും വന്നുകൊണ്ടിരിക്കുന്ന പത്രവാര്‍ത്തകളൊക്കെ തന്നെ ഞാനീ ലോകത്തില്‍ സുരക്ഷിതനല്ല എന്ന സന്ദേശമാവും നമുക്ക് തരിക. എന്നിരുന്നാലും നന്മയുള്ള ഒരു സമൂഹവും നമുക്ക് ചുറ്റുമുണ്ടെന്ന് മനസ്സിലാക്കണം. അതുകൊണ്ട് തന്നെയാണ് ഈ ലോകം നിലനില്‍ക്കുന്നതും. മറ്റുള്ളവര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ നിരീക്ഷിക്കുകയും അതേപറ്റി ചിന്തിക്കാനുമുള്ള ശ്രമം വ്യക്തി ജീവിതത്തിലെ നിഷേധാത്മക ചിന്തകള്‍ മാറ്റിയെടുക്കാന്‍ സഹായിക്കും.

സത്യസന്ധമായും യാഥാര്‍ഥ്യ ബോധത്തോടെയും പെരുമാറാം

മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ്. കുടുംബം, സുഹൃത്തുക്കള്‍ തുടങ്ങി നാം ഇടപെടുന്ന എല്ലാ സാഹചര്യങ്ങളും നമ്മളില്‍ അറിഞ്ഞും, അറിയാതെയും സ്വാധീനം ചെലുത്തുന്നുണ്ട്. നമ്മുടെ വ്യക്തിബന്ധങ്ങളില്‍ ആത്മാര്‍ത്ഥതയും, സത്യസന്ധതയും നിലനിര്‍ത്തുന്നത് നമ്മെ പോസിറ്റിവിറ്റിയുള്ള വ്യക്തിത്വങ്ങളാക്കി മാറ്റിയെടുക്കാന്‍ സഹായിക്കും.

കൊച്ചി റോള്‍ഡന്റ് റിജുവെനേഷന്‍ ക്ലിനിക്കല്‍ സൈക്കോളജി വിഭാഗം മേധാവിയാണ് ലേഖകന്‍

Content Highlight: How to maintain positivity in you

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram