To advertise here, Contact Us



സര്‍വത്ര സ്മാര്‍ട്ട്; ഇന്ത്യന്‍ നിരത്തിലേക്ക് സ്മാര്‍ട്ടായെത്തുന്ന ഹെക്ടറും വെന്യുവും


സി.സജിത്ത്‌

4 min read
Read later
Print
Share

ഹ്യുണ്ടായുടെ പുതിയ ചെറിയ എസ്. യു.വി. 'വെന്യു'വാണ്. എം.ജി. വലിയ എസ്.യു.വി.യിലാണ് ഇതെല്ലാം നല്‍കുന്നതെങ്കില്‍ ഹ്യുണ്ടായ് ചെറിയ എസ്.യു.വി.യാണ് ഇന്റര്‍നെറ്റ് കഫേയാക്കി മാറ്റുന്നത്.

'ഖുല്‍ജാ സിംസിം' എന്നു പറഞ്ഞാല്‍ താനേ തുറക്കുന്ന ഗുഹാവാതില്‍... അതിനകത്ത് എണ്ണിയാലൊടുങ്ങാത്ത നിധി... ഇത് നാടോടിക്കഥ... ഇപ്പോള്‍ പേരെടുത്ത് വിളിച്ചാല്‍ പല വാതിലുകളും തുറക്കും... കാലം സ്മാര്‍ട്ടായി. സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിന് ശേഷം വരാനിരിക്കുന്നത് 'സ്മാര്‍ട്ട് കാറു'കളുടെ കാലമാണ്... അതിന് തുടക്കം കുറക്കുകയാണിവിടെ. ഇനി ഭാവിയില്‍ ഡ്രൈവര്‍ വേണ്ടാത്ത കാര്‍ കൂടിയായാല്‍ പൂര്‍ണമായി.

To advertise here, Contact Us

പറഞ്ഞുവരുന്നത്, വരാന്‍പോകുന്ന രണ്ട് സ്മാര്‍ട്ട് കാറുകളെക്കുറിച്ചാണ്. ആദ്യം വരുന്നത് ബ്രിട്ടീഷ് രക്തം സിരകളിലോടുന്ന ചൈനീസുകാരനാണ്. 'എം.ജി.' എന്നു ചുരക്കപ്പേരിലറിയപ്പെടുന്ന 'മോറിസ് ഗാരേജ്.' എം.ജി.യുടെ 'ഹെക്ടര്‍' എന്ന എസ്.യു.വി.യാണ് തികച്ചും സ്മാര്‍ട്ടായി വരുന്നത്. പിന്നാലെ നമ്മുടെ സ്വന്തം ഹ്യുണ്ടായിയും എത്തും. ആദ്യം ചൈനയും പിന്നെ കൊറിയയുമാണ് ഇന്ത്യയെ സ്മാര്‍ട്ടാക്കാനെത്തുക. ഹ്യുണ്ടായുടെ ഇറങ്ങാന്‍ പോകുന്ന 'വെന്യു'വും ഇത്തരത്തിലൊന്നാണ്. ആദ്യം എം.ജി.യെക്കുറിച്ചാവട്ടെ...

'മോറിസ് ഗാരേജ്' എന്ന എം.ജി.

എം.ജി.യുടെ ചരിത്രം പുഷ്‌കലമാണ്. 1920-കളില്‍ ബ്രിട്ടനിലെ സ്‌പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായാണ് ആരംഭം. സ്‌പോര്‍ട്സ് കാറുകള്‍ക്ക് പുറമെ, 'കൂപ്പെ'കളും 'സലൂണു'കളുമൊക്കെ നിര്‍മിച്ച് പേരെടുത്തു. പല ലയനങ്ങള്‍ക്കും ശേഷം അവസാനം ചൈനയിലെ 'നാജിങ് ഓട്ടോമൊബൈല്‍സി'ന്റെ ൈകയിലെത്തി. പിന്നീട് 'സായിക് മോട്ടോര്‍സി'ന്റേതായി മാറി.

എങ്കിലും 'മോറിസ് ഗാരേജ്' എന്ന ഐതിഹാസിക ബ്രാന്‍ഡിന്റെ ആഢ്യത്വം നിലനിര്‍ത്തിതന്നെയാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലേക്കുള്ള എം.ജി.യുടെ വരവ് കുറച്ചുകാലമായി പറഞ്ഞുകേള്‍ക്കുന്നതാണ്. എന്നാല്‍, വരവ് മാസാക്കാകുകയാണ് 'ഹെക്ടര്‍' എന്ന എസ്. യു.വി.യിലൂടെ. ഇതുവരെ കാണാത്ത എസ്.യു.വി.യായിരിക്കും ഇത്. അതായത്, ഒറിജിനല്‍ സ്മാര്‍ട്ട്.

ഹലോ എം.ജി.

ഇനി കാറില്‍ കയറി 'ഹലോ എം.ജി.' എന്നു വിളിച്ചാല്‍ 'ഗുഡ്മോര്‍ണിങ്' എേന്നാ 'ഗുഡ് ഈവനിങ്' എന്നോ കേള്‍ക്കാം. കാര്യം പറഞ്ഞാല്‍ എ.സി. പോരാ, കൂട്ടണം എന്നുണ്ടെങ്കില്‍ മന്ത്രിച്ചാല്‍ മതി, ഇനി ഇഷ്ടപ്പെട്ട പാട്ടാണ് വേണ്ടതെങ്കില്‍ പാട്ടിന്റെ ആദ്യവരികള്‍ മൂളിയാല്‍ മതി... ഉടനെ സറൗണ്ട് സൗണ്ടില്‍ വരികള്‍ ഒഴുകിയെത്തും... ഇതാണ് ഹെക്ടര്‍.

എല്ലാത്തരത്തിലും ഇന്ത്യക്കാരുടെ ഡ്രൈവിങ്ങിനെ അടുത്ത തലത്തിലേക്ക് ഉയര്‍ത്താന്‍ എത്തുകയാണിത്. സ്മാര്‍ട്ട് വാഹനങ്ങളില്‍ ശ്രദ്ധയൂന്നുകയാണ് ഇപ്പോള്‍ എം.ജി. ലോകത്ത് 'ടെസ്ല' കഴിഞ്ഞാല്‍ സ്മാര്‍ട്ട്, വൈദ്യുത വാഹനങ്ങളില്‍ ഗവേഷണം നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് എം.ജി. അതിനാല്‍, ഇന്ത്യയിലേക്ക് വരുമ്പോള്‍ ആ മാസ് കാണിക്കാനൊരുങ്ങുകയാണ് അവര്‍.

ഫൈവ് ജി

'ഫൈവ് ജി' കണക്ടിവിറ്റിയുമായാണ് ഹെക്ടര്‍ വരുന്നത്. അതിനുള്ള സിം കാറിനുള്ളില്‍ തന്നെയുണ്ടാവും. അതായത്, ഇന്റര്‍നെറ്റ് കാര്‍. പൂര്‍ണസമയവും ഇന്റര്‍നെറ്റുമായി ബന്ധിക്കപ്പെട്ടിരിക്കുമെന്നര്‍ഥം. ടെക് രംഗത്തെ ആഗോള ഭീമന്‍മാരെല്ലാം ഹെക്ടറിനു വേണ്ടി ഒന്നിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റ്, അഡോബി, അണ്‍ലിമിറ്റ്, സാപ്പ്, സിസ്‌കോ, ടോംടോം, പാനസോണിക്, ന്യൂ ആന്‍സ്, കോഗ്‌നിസെന്റ്... ഇങ്ങിനെ പോകുന്നു ലിസ്റ്റ്.

'ഐ സ്മാര്‍ട്ട് നെക്സ്റ്റ് ജെന്‍ 5 റെഡി' എന്നാണ് കമ്പനി ഇതിനെ വിളിക്കുന്നത്. ഇതിലെ 5ജി സിമ്മിന് വേണ്ട സാങ്കേതികത നല്‍കുന്നത് എയര്‍ടെല്‍ ആണ്. ഇനി, ഇന്ത്യക്കാരുടെ ഇംഗ്ലീഷ് കേട്ടാല്‍ മനസ്സിലാക്കാനായി സഹായിച്ചിരിക്കുന്നത് 'ന്യൂ ആന്‍സ്, ആണ്. കാറിന്റെ വോയ്സ് കമാന്‍ഡ് ഇന്ത്യന്‍ സംസാര രീതിയ്ക്ക് അനുസരിച്ചാണ് പാകപ്പെടുത്തിയിരിക്കുന്നത്.

അതിനാല്‍ ബ്രിട്ടീഷ് ഇംഗ്ലീഷോ, ചൈനീസ് ഇംഗ്ലീഷോ വേണ്ടിവരില്ല. നൂറിലേറെ കമാന്‍ഡുകള്‍ സെറ്റ് ചെയ്താണ് ഹെക്ടര്‍ വരുന്നത്. സണ്‍ റൂഫ്, ജനലുകള്‍, വാതിലുകള്‍, എ.സി. നാവിഗേഷന്‍, എന്റര്‍ടെയ്ന്റ്മെന്റ് എന്നിങ്ങനെയുള്ളവയെല്ലാം നിര്‍ദേശത്തിലൂടെ നിയന്ത്രിക്കാന്‍ കഴിയും. 'ഹലോ എം.ജി.' എന്ന് സംബോധന ചെയ്തു വേണം തുടങ്ങാനെന്നു മാത്രം.

കാറിലെ ഫൈവ് ജി സിം ഉപയോഗിച്ചുതന്നെ വാഹനത്തിന്റെ ആപ്പുകളെല്ലാം അപ്ഡേറ്റ് ചെയ്യാന്‍ കഴിയും. ഫോണുമായി കണക്ട് ചെയ്ത് ഫോണ്‍കോളുകള്‍ വിളിക്കാന്‍ കഴിയും. എന്നാല്‍, കാറിലെ സിം ഹോട്ട് സ്‌പോട്ട് ആയി ഉപയോഗിക്കാനുള്ള കാര്യം നടപ്പില്ല. അതിലും സ്മാര്‍ട്ടാണ് കമ്പനി. കാറിന്റെ സോഫ്റ്റ്വേറുകള്‍ വരെ നമുക്ക് അപ്ഡേറ്റ് ചെയ്യാന്‍ ഇതിലൂടെ കഴിയും. നാവിഗേഷന് പിന്തുണയ്ക്കുന്നത് 'ടോം ടോം' ആണ്. വാഹനത്തിന്റെ ഒരോ പ്രവൃത്തിയും ഓരോതവണ സ്റ്റാര്‍ട്ട് ആക്കുമ്പോഴും സ്‌കാാന്‍ ചെയ്യാനുള്ള ആപ്പും ഇതിലുണ്ട്.

അതായത് വണ്ടിയുള്ള സ്ഥലം, ടയറിലെ കാറ്റ്, ഡോറുകള്‍ അടഞ്ഞോ, സീറ്റ്ബെല്‍റ്റുകള്‍ ഇട്ടോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കാര്‍ തന്നെ പരിശോധിക്കും. ഇതിനായി മൈക്രോസോഫ്റ്റിന്റെ അഷര്‍ ക്ലാഡിലുള്ള 'എം.ജി. സ്മാര്‍ട്ട് ആപ്പ്' ആയിരിക്കും തുണയാകുക. ഈ ആപ്പ് ഉപയോഗിച്ച് കാറിന്റെ ഡോറുകള്‍ തുറക്കാം, അടയ്ക്കാം. 'ജിയോ ഫെന്‍സ്' ചെയ്യാം. അതായത്, പാര്‍ക്ക് ചെയ്ത കാര്‍ ജിയോഫെന്‍സ് ചെയ്ത പരിധിക്കപ്പുറം മറ്റൊരാള്‍ക്ക് കൊണ്ടുപോകാന്‍ കഴിയില്ല. പിന്നെ, കാറിന്റെ സര്‍വീസുകളെക്കുറിച്ചും ഇതില്‍ പരിശോധിക്കാം.

കാറിലും സിംകാര്‍ഡ്

ഇനിയുള്ളതാണ് തലച്ചോര്‍... 'മെഷീന്‍ ടു മെഷീന്‍' സിംകാര്‍ഡാണ് ഇതിലുള്ളത്. ഫൈവ് ജി തരുന്ന ഈ കാര്‍ഡ് പക്ഷേ, ഊരിയെടുക്കാന്‍ കഴിയില്ല. ഇതിലൂടെയാണ് ഇന്റര്‍നെറ്റ് സേവനം ലഭിക്കുക. എയര്‍ടെല്ലിന്റെ ഈ സിം ആദ്യം ഫ്രീയാണെന്നാണ് കമ്പനി പറയുന്നത്. ഭാവിയിലെന്താകുമെന്ന് അറിയില്ല. ഇതിലെ ഇന്റര്‍നെറ്റ് ഉപയോഗിച്ച് ഫോണുമായും കണക്ട് ചെയ്യാം. കാറില്‍ത്തന്നെ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും കഴിയും.

ഇതിനു പിന്നിലും അംബാനി കുടുംബത്തിന്റെ കൈയുണ്ട്. അനില്‍ അംബാനിയുടെ 'അണ്‍ലിമിറ്റ്' ആണ് ഒരു പങ്കാളി. 'സിസ്‌കോ'യാണ് മറ്റൊരാള്‍. സെന്‍ട്രല്‍ കണ്‍സോളിലെ പത്ത് ഇഞ്ചുള്ള വമ്പന്‍ ടച്ച് സ്‌ക്രീനാണ് ഇതിനെല്ലാം പിന്നില്‍. എല്ലാം സ്പര്‍ശനവും ശബ്ദവും കൊണ്ട് അഡ്ജസ്റ്റ് ചെയ്യുകയാതിനാല്‍ സെന്‍ട്രല്‍ കണ്‍സോളില്‍ നോബുകള്‍ കുറവാണ്.

ഹ്യുണ്ടായ് 'വെന്യു' ന്യൂജെന്‍ കോംപാക്ട് എസ്.യു.വി.

ഇനിവരുന്നത് ഹ്യുണ്ടായുടെ പുതിയ ചെറിയ എസ്. യു.വി. 'വെന്യു'വാണ്. എം.ജി. വലിയ എസ്.യു.വി.യിലാണ് ഇതെല്ലാം നല്‍കുന്നതെങ്കില്‍ ഹ്യുണ്ടായ് ചെറിയ എസ്.യു.വി.യാണ് ഇന്റര്‍നെറ്റ് കഫേയാക്കി മാറ്റുന്നത്. ഹ്യുണ്ടായ് ബ്ലൂലിങ്ക് എന്നാണിതിന് പേര്. 33 ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങളാണ് വെന്യുവിലുണ്ടാകുക. 'വൊഡാഫോണു'മായാണ് ഹ്യുണ്ടായ് ചേരുന്നത്.

വൊഡാഫോണ്‍ ഇ-സിമ്മും വോയ്സ് കമാന്‍ഡില്‍ പ്രവര്‍ത്തിക്കും. നാവിഗേഷന്‍, സ്ഥലവിവരണം, അപകടമുന്നറിയിപ്പ്, ട്രാഫിക് അലര്‍ട്ട് എന്നിങ്ങനെയുള്ള അറിയിപ്പുകളാണ് പ്രധാനം. വെഹിക്കിള്‍ തെഫ്റ്റ് ട്രാക്കിങ്, ഇമ്മൊബിലൈസേഷന്‍, ലോക്ക് ആന്‍ഡ് അണ്‍ലോക്ക്, ജിയോ ഫെന്‍സ് അലേര്‍ട്ട് എന്നീ സുരക്ഷാ സംവിധാനങ്ങളും ഇതില്‍ നല്‍കുന്നുണ്ട്. ഈ സെഗ്മെന്റിലില്ലാത്ത പല ഫീച്ചറുകളുമായാണ് വെന്യു വരുന്നത്.

ഈ രണ്ട് വാഹനങ്ങളും ഡ്രൈവിങ്ങിനെ അടുത്ത തലത്തിലേക്കാണ് എത്തിക്കുന്നത്. വോയ്സ് കമാന്‍ഡിങ് ഇതുവരെ വമ്പന്‍ ആഡംബര വണ്ടികളില്‍ മാത്രമായിരുന്നു കാണപ്പെട്ടിരുന്നത്. അത് ചെറിയവയിലേക്ക് ഇറങ്ങിവരികയാണ്. അതായത്, സാധാരണക്കാരന്റെ കാറും സ്മാര്‍ട്ട് ആകുകയാണ്. സ്മാര്‍ട്ട് ഫോണുകള്‍ എല്ലാവരുടെ കൈകളിലേക്കും എത്തിയതുപോലെ ഇനിയുള്ള കാറുകളുടെ കാലം സ്മാര്‍ട്ട് കാറുകളുടേതാണ്. ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ...

'ജെയിംസ്ബോണ്ട്' ചിത്രങ്ങളിലേതുപോലെ നമ്മുടെ അടുത്തേക്ക് തിരഞ്ഞുവരുന്ന കാര്‍... സ്വയം വാതില്‍ തുറക്കുന്നു, കയറിയിരുന്നാല്‍ അപ്പോള്‍ കാര്‍ ചോദിക്കുന്നു: 'ഗുഡ്മോര്‍ണിങ് സര്‍, എങ്ങോട്ടാണ് പോകേണ്ടത്...?' സ്ഥലം പറയുന്നു... സെന്റര്‍ കണ്‍സോളിലെ നാവിഗേഷനില്‍ വഴി തെളിയുന്നു... ട്രാഫിക്കില്ലാത്ത റൂട്ടും വ്യക്തമാക്കിത്തരുന്നു... വാഹനം തനിയെ നീങ്ങുന്നു... എന്തു സുന്ദരമായ നടക്കാന്‍ പോകുന്ന സ്വപ്നം.

Content Highlights: MG Hector And Hyundai Venue, New SUVs.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us