മണ്മറഞ്ഞുപോയ ചിലരുടെ മടങ്ങിവരവ് ലോകം ആഘോഷിക്കും... അവര്‍ക്കുമുന്നില്‍ പലപ്പോഴും ചരിത്രങ്ങള്‍ പോലും ഒന്നുമല്ലാതാകും... അങ്ങിനെ ചില ജനുസുകളുണ്ട്... അതിലൊന്നിനെക്കുറിച്ചാണ് ഇന്ന് പറയുന്നത്. ഒരു ഒറ്റയാന്റെ കൊമ്പുപിടിച്ചുള്ള യാത്ര... എഴുപതുകളില്‍ കത്തിനില്‍ക്കുകയും പിന്നീട് കെട്ടുപോകുകയും ചെയ്ത ഒരു ക്ലാസിക് മോട്ടോര്‍ സൈക്കിള്‍, വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും പിറവിയെടുത്ത് മറ്റൊരു അവതാരമായി വന്ന് മാസ് ഹിറ്റാകുന്ന കഥ.
ബ്രിട്ടീഷുകാരനായ 'ട്രയംഫി'ന്റെ 'ബോണ്‍വില്‍' ക്ലാസിക് മോട്ടോര്‍സൈക്കിളുകളില്‍ ചരിത്രമാണ്. ഈ വിഭാഗത്തിലെ അതി ഉദാത്തമായ രൂപകല്പനയാണ് ഈ ഇരുചക്രവാഹനം നല്‍കുന്നത്. അറുപതുകളിലെ സൗന്ദര്യം അതിന്റെ പൂര്‍ണതയിലെത്തുന്നതാണ് പ്രത്യേകിച്ച് 'ബോണ്‍വില്‍ ടി 120'. ബ്രിട്ടീഷ് ബൈക്ക് നിര്‍മാതാക്കളില്‍ നിന്നുള്ള ആദ്യ ബോണ്‍വില്‍ ടി 120 രൂപമെടുക്കുന്നത് 1959-ല്‍ ആണ്. ഉത്തയിലെ ബോണ്‍വില്‍ ഉപ്പുപാടങ്ങളില്‍ നിന്നാണ് ഈ പേര് കമ്പനി കണ്ടെടുക്കുന്നത്. ഇതിന് പിന്നിലുള്ള കഥ ഇങ്ങനെ:
1956-ല്‍ ടെക്‌സസില്‍ നിന്നുള്ള റേസറായ ജോണി അലന്റെ വിജയഗാഥയുടെ സ്മരണാര്‍ഥമാണ് ട്രയംഫ് തങ്ങളുടെ പ്രസ്റ്റീജ് വാഹനത്തിന് ഈ പേര് നല്‍കിയത്. ബോണ്‍വില്‍ ഉപ്പുപാടത്തില്‍ ട്രയംഫിന്റെ 650 സി.സി. ട്വിന്‍ സിലിന്‍ഡര്‍ എന്‍ജിന്‍ തീപാറിച്ച 'ഡെവിള്‍സ് ആരോ' എന്ന പ്രത്യേകമായി തയ്യാറാക്കിയ മോട്ടോര്‍സൈക്കിളിലായിരുന്നു ജോണി അലന്‍ 311 കിലോമീറ്റര്‍ എന്ന മാസ്മരിക വേഗം കൈവരിച്ച് റെക്കോഡിട്ടത്. ആ ചരിത്രത്തിന്റെ ഓര്‍മയ്ക്കായിരുന്നു ട്രയംഫ് 1959-ല്‍ ഇറക്കിയ കരുത്തന് ഉപ്പുപാടത്തിന്റെ പേരിടുന്നത്.
റേസിങ് ജീന്‍ തന്നെയായിരുന്നു ബോണ്‍വില്ലിന്റെ പ്രത്യേകത. അറുപതുകളില്‍ നിരവധി അവാര്‍ഡുകള്‍ ബോണ്‍വില്‍ ടി 120 വാരിക്കൂട്ടിയിട്ടുണ്ട്. സ്റ്റാന്‍ഡിങ് സ്റ്റാര്‍ട്ടായി 160 കിലോമീറ്റര്‍ പിന്നിടുന്ന ആദ്യത്തെ പ്രൊഡക്ഷന്‍ ബൈക്ക് കൂടിയായിരുന്നു ബോണ്‍വില്‍ ടി 120 സാമ്പത്തിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് 1975-ല്‍ കമ്പനി ബോണ്‍വില്ലിന്റെ നിര്‍മാണം നിര്‍ത്തി. പുതിയ ഉടമസ്ഥര്‍ക്ക് കീഴില്‍ 2001 മുതല്‍ വീണ്ടും എത്തി. പിന്നീട് കാലത്തിനനുസരിച്ചുള്ള പരിഷ്‌കാരങ്ങള്‍ ബോണ്‍വില്ലിനുണ്ടായി... അതാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് കഥ.
ഇനിയുള്ളത് കളറാണ്. എന്നാല്‍, ബ്ലാക്ക് ആന്‍ഡ് വൈറ്റിലും കളറിലും ബോണ്‍വില്‍ തിളങ്ങുന്നുണ്ട്. 2019-ല്‍ ആണെങ്കിലും ബോണ്‍വില്‍ ടി 120 വ്യത്യസ്തമാകുന്നത് അതിന്റെ ക്ലാസിക് ടച്ച് കൊണ്ടുതന്നെയാണ്. റിട്രോ രൂപങ്ങള്‍ക്ക് ആവശ്യക്കാരേറുന്ന ഇക്കാലത്ത്, പ്രത്യേകിച്ചും. കൊച്ചിയിലെ ട്രയംഫിന്റെ ഷോറൂമില്‍നിന്ന് ഇവനെ തിരഞ്ഞെടുത്ത് പുറത്തിറക്കുമ്പോള്‍ ശരിക്കും ഒരു കൊമ്പന്റെ കൊമ്പുപിടിച്ച് നടക്കുന്ന ഫീലായിരുന്നു. പുതിയ 1200 സി.സി. എന്‍ജിന്റെ ഗാംഭീര്യമേറിയ ശബ്ദംതന്നെ മതി റോഡിലുള്ളവരെ നോക്കിക്കാന്‍. ചുട്ടുപഴുക്കുന്ന എന്‍ജിനെ തണുപ്പിക്കാന്‍ ലിക്വിഡ് കൂളിങ് അടക്കം നല്‍കിയിട്ടുണ്ട്.
കൂട്ടിയ കരുത്തും റോഡില്‍ ശരിക്കനുഭവിക്കാന്‍ കഴിയുന്നുണ്ട്. പുതിയ പാരലല്‍ ട്വിന്‍ എന്‍ജിനെ 'ടോര്‍ക്ക് എന്‍ജിന്‍' എന്നാണ് കമ്പനി വിളിക്കുന്നത്. റോഡിലെ പ്രകടനം അത് വ്യക്തമാക്കുന്നുണ്ട്. സംഭവം ക്ലാസിക് ലുക്കിലൊക്കെയാണെങ്കിലും എല്ലാ നവീന സാങ്കേതികതയും ഇതില്‍ ഒന്നിക്കുന്നുണ്ട്. റെയിന്‍, റോഡ് എന്നിങ്ങനെ രണ്ട് റൈഡിങ് മോഡുകളുണ്ട്. കൂടാതെ എ.ബി.എസ്, ട്രാക്ഷന്‍ കണ്‍ട്രോളും, ലിക്വിഡ് കൂളിങ്ങും. പരന്ന സീറ്റുകള്‍ കാലിന് നല്ല സപ്പോര്‍ട്ട് തരുന്നുണ്ട്.
പിന്നിലിരിക്കുന്നയാള്‍ക്കും ടി 120-ലെ ഇരുത്തം ബുദ്ധിമുട്ടുണ്ടാക്കില്ല. വലിയ ഹാന്‍ഡില്‍ ബാറിന്റെ സുഖമറിയുന്നത് വളവുകളിലാണ്. ചെറുതായൊന്ന് തിരിച്ചാല്‍ മതി കാര്യങ്ങള്‍ നടന്നുകിട്ടും. പരമ്പരാഗത രീതിയില്‍ത്തന്നെ തുടരുന്നതാണ് ഇന്‍സ്ട്രമെന്റ് പാനല്‍. സ്പീഡോമീറ്ററും ടാക്കോ മീറ്ററും രണ്ടായി തന്നെയുണ്ട്. റൈഡിങ് മോഡുകള്‍ക്കായി എല്‍.സി. ഡി. ഡിസ്പ്ലേ നല്‍കിയിട്ടുണ്ട്. ഇതില്‍ ഗിയര്‍ പൊസിഷന്‍, ടാങ്ക് കാലിയാകുമെന്ന വിവരം, പെട്രോളിന്റെ കണക്ക്, ക്ലോക്ക്, ശരാശരി ഇന്ധന ഉപയോഗം, ട്രാക്ഷന്‍ കണ്‍ട്രോളിന്റെ സ്വിച്ച് എന്നിവയെല്ലാമുണ്ട്. എല്‍.ഇ.ഡി.യിലാണ് ഡി.ആര്‍. എല്ലും ഹെഡ്ലൈറ്റും. ടെയ്ല്‍ ലൈറ്റും എല്‍.ഇ.ഡി. തന്നെയാണ്. കാഴ്ചയ്ക്കും യാത്രാസുഖത്തിലും ഒട്ടും നിരാശപ്പെടുത്തില്ല ഈ ക്ലാസിക് സംഭവം.
Content Highlights: Triumph Bonneville T120 Bike Test Drive