ദക്ഷിണേന്ത്യയില്‍ ആദ്യമായി ലംബോര്‍ഗിനിയുടെ ഡീലര്‍ഷിപ്പ് തുറക്കുന്നത് ബെംഗളൂരു എന്ന ഉദ്യാനനഗരിയിലാണ്. 48 വയസ് മാത്രം പ്രായമുള്ള ടി.എസ്. സതീഷ് എന്നയാളാണ് അതിന്റെ അമരക്കാരന്‍. അധികമാര്‍ക്കുമില്ലാത്ത വാഹനം സ്വന്തമാക്കണമെന്ന് ആഗ്രഹത്തില്‍നിന്നാണ് ഇന്നാട്ടില്‍ ഇല്ലാത്ത വാഹനത്തിന്റെ ഒരു ഷോറൂം തന്നെ തുറക്കണമെന്ന ആശയം ജനിക്കുന്നത്.
ലംബോര്‍ഗിനിയുടെ അവന്റഡോര്‍ റോഡ്സ്റ്റര്‍ എന്ന വാഹനമായിരുന്നു സതീഷ് ആദ്യമായി സ്വന്തമാക്കിയ ആഡംബര കാര്‍. അദ്ദേഹം ആ വാഹനം സ്വന്തമാക്കുമ്പോള്‍ ഇന്ത്യയില്‍ രണ്ട് ഷോറൂമുകളാണ് ലംബോര്‍ഗിനിക്കുള്ളത്. എട്ട് കോടി രൂപ വിലയുള്ള ഈ വാഹനം ഇന്ത്യയില്‍ ഇന്നും വിരളമാണ്. ബിഎംഡബ്ല്യുവിന്റെ അഞ്ച് കാറുകള്‍, രണ്ട് ഔഡി കാറുകള്‍, ഫോക്‌സ്വാഗണ്‍ പസാറ്റ്, ഹ്യുണ്ടായി വെര്‍ണ എന്നിവയും ഇപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടുമുറ്റത്തുണ്ട്.
ഈ നേട്ടങ്ങള്‍ കൈയെത്തിപിടിക്കും മുമ്പ് അദ്ദേഹവും കഷ്ടപ്പാടിന്റെ ഒരു ഭൂതകാലത്തിലൂടെ സഞ്ചരിച്ചിട്ടുണ്ട്. 13-ാം വയസിലാണ് സതീഷ് ബെംഗളൂരു എന്ന നഗരത്തിലെത്തുന്നത്. മല്ലേശ്വരത്തെ ഒറ്റമുറി വീട്ടില്‍ സഹോദരിക്കും ഭര്‍ത്താവിനുമൊപ്പം താമസിച്ചായിരുന്നു സ്‌കൂള്‍ പഠനം. 16-ാം വയസില്‍ സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിച്ചതോടെ അദ്ദേഹം ജോലിക്കിറങ്ങി.
ഒരു അഭിഭാഷകന് ചായ കൊണ്ടുപോയി നല്‍കുന്ന ജോലിയാണ് സതീഷിന് ആദ്യം ലഭിച്ചത്. ഈ ജോലിക്കൊപ്പം വൈകുന്നേരങ്ങളില്‍ പഠനത്തിനായി സമയം നീക്കിവെച്ചു. പിന്നീട് ദയാനന്ദ് സാഗര്‍ എന്ന ഈവനിങ് കോളേജില്‍നിന്ന് കൊമേഴ്‌സില്‍ ബിരുദം സ്വന്തമാക്കി. ബിരുദധാരിയായിതിന് ശേഷം 1987ല്‍ ടൈറ്റാന്‍ വാച്ചസില്‍ ടൈപ്പിസ്റ്റായി സതീഷിന് ജോലി ലഭിച്ചു.
മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം 1200 രൂപ ശമ്പളത്തില്‍ എച്ച്പിയുടെ പര്‍ച്ചേസിങ്ങ് വിഭാഗത്തില്‍ ടൈപ്പിസ്റ്റ് ജോലിയില്‍ കയറി. പിന്നീട് ഇതേ കമ്പനിയില്‍ വിവിധ വിഭാഗത്തിനൊപ്പം സതീഷ് ജോലി ചെയ്തു. ഒടുവില്‍ 1999-ല്‍ എച്ച്പിയുടെ ലോജസ്റ്റിക് മനേജര്‍ തസ്തികയിലിരിക്കുമ്പോഴാണ് സതീഷ് അവിടെനിന്നും പടിയിറങ്ങുന്നത്. അന്ന് 1.5 ലക്ഷം രൂപയായിരുന്നു അദ്ദേഹത്തിന്റെ ശമ്പളം.
1999-ന് ശേഷം 4000 സ്‌ക്വയര്‍ ഫീറ്റ് പ്ലോട്ട് വാങ്ങി സതീഷ് റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് ഇറങ്ങി. എന്നാല്‍, സാമ്പത്തിക മാന്ദ്യവും സ്ഥലവുമായി ബന്ധപ്പെട്ട കേസും അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങിയതോടെ അദ്ദേഹത്തിന്റെ പഴയ സഹപ്രവര്‍ത്തകന്‍ ആ സ്ഥലം വാങ്ങുകയായിരുന്നു. പിന്നീടുള്ള അഞ്ച് വര്‍ഷം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു.
2008-09 കാലഘട്ടത്തില്‍ ബെംഗളൂരുവിലും കേരളത്തിലുമായി ഒന്നിലധികം ഹൗസിങ്ങ് പ്രോജക്ടുകള്‍ ഏറ്റെടുത്ത് നടപ്പാക്കി. അതൊരു തിരിച്ചുവരവായിരുന്നു. പിന്നീടുള്ള നാല് വര്‍ഷം കുതിപ്പിന്റേതായിരുന്നു. 2013-ല്‍ സതീഷിന്റെ ആസ്തി 400 കോടിയിലെത്തി.
2014-ലാണ് ബെംഗളൂരുവില്‍ ലംബോര്‍ഗിനി ഷോറൂം ആരംഭിക്കുന്നത്. ഡല്‍ഹിയിലും മുംബൈയിലും മാത്രമായിരുന്നു അതുവരെ ലംബോര്‍ഗിനിയുടെ ഷോറൂമുണ്ടായിരുന്നത്. ഇന്നും ദക്ഷിണേന്ത്യയിലെ ഒരേയൊരു ലംബോര്‍ഗിനി ഡീലറാണ് സതീഷ്. സ്വപ്നങ്ങള്‍ക്ക് പരിധിയില്ലെന്നും നിശ്ചയ ദാര്‍ഢ്യത്തോടെ മുന്നോട്ടുനീങ്ങിയാല്‍ വിജയം നമുക്കൊപ്പമുണ്ടാകുമെന്നും സ്വന്തം ജീവിതത്തിലൂടെ വരച്ചുകാണിക്കുകയാണ് അദ്ദേഹം.
Source: CarToq
Content Highlights: Success Story Of Satheesh, First Lamborghini Dealer In South India