''അങ്കിളിനൊരു മോഡലിന്റെ ലുക്കുണ്ട്...'' 67-ാം വയസ്സില്‍, കാന്‍സറിന്റെ അവശതയിലും യുവാക്കളുടെ ആവേശമായ ഹാര്‍ലി ഡേവിഡ്സണ് ബൈക്കിന്റെ മോഡലാവാനുള്ള മോഹത്തിനു തീകൊളുത്തിയത് അപരിചിതനായ യുവാവിന്റെ ഈ വാക്കുകളായിരുന്നു.
വേദനസംഹാരിയുടെ ബലത്തില്‍ രോഗക്കിടക്കയില്‍നിന്ന് തപ്പിത്തടഞ്ഞെഴുന്നേറ്റു വീടിനുവെളിയിലിറങ്ങിയതായിരുന്നു ശശിധരന്. അഞ്ചാറുമാസമായി സംസാരിക്കാന്‍പോലുമാവാതെ കിടക്കയില്‍ത്തന്നെ ആയിരുന്നതിനാല്‍ അപ്പൂപ്പന്താടിപോലെ സുന്ദരമായ താടിരോമങ്ങള്‍ നീണ്ടുവളര്ന്നിട്ടുണ്ട്.
അതുവഴിപോയ യുവാവ് ആദ്യം ആ സുന്ദരനെ കൗതുകത്തോടെ നോക്കി, പിന്നെ അടുത്തുവന്ന് ഒരു സെല്‍ഫിയെടുത്തു, ഒപ്പം മോഡലിനെപ്പോലെയെന്ന ഹരംപിടിപ്പിക്കുന്ന കമന്റും. യുവാവു പോയിട്ടും ശശിധരന് ആ വാക്കുകള്ക്കുപിറകിലായിരുന്നു.
ഒരുവര്‍ഷം മുമ്പാണ് ശശിധരനെ കാന്‍സര്‍ ബാധിച്ചത് തിരിച്ചറിഞ്ഞത്. വൃക്കയില്‍നിന്ന് ശ്വാസകോശത്തിലേക്കും ബാധിച്ചതോടെ കീമോതെറാപ്പിപോലും പറ്റില്ലെന്നായി. വേദനസംഹാരിയായിരുന്നു ഏകമരുന്ന്.
കാണാനെത്തുന്നവരുടെ സഹതാപം അസഹനീയമായതോടെ ഇച്ഛാശക്തിയോടെ എണീറ്റു. ഡോ. വി.പി. ഗംഗാധരന്റെ പ്രോത്സാഹനമായിരുന്നു ശക്തി. എണീറ്റിരിക്കാന്‍ സാധിച്ചതോടെ ഏറെക്കഴിയാതെ നടക്കാനും തുടങ്ങി.
അച്ഛന്റെ അസുഖമറിഞ്ഞ് ദുബായിയില്‍നിന്നെത്തിയ മകള്‍ ശാരിയോട് ശശിധരന് തന്റെമോഹം പറഞ്ഞു. ശാരി കൊച്ചിയിലെ ഷോറൂമുകാരുമായി സംസാരിച്ചു. അവര്‍ക്കും പൂര്‍ണസമ്മതം.
മകളുമൊത്ത് ശശിധരന് ഷോറൂമിലെത്തിയപ്പോള്‍ അവിടെ ഫോട്ടോഗ്രാഫര്‍ ഉള്‍പ്പടെ എല്ലാം ഒരുങ്ങിയിരുന്നു. സ്വപ്നവാഹനത്തില്‍ ആഗ്രഹം തീരുംവരെ ശശിധരന് മോഡലായി. 67-കാരനെന്ന് ആരും പറയില്ല. കാന്‍സറിന്റെ അവശത കാണാനേയില്ല.
വിലകൂടിയ ജാക്കറ്റും കൂളിങ് ഗ്ലാസുമൊക്കെ ശശിധരനെ തീര്‍ത്തും വേറൊരാളാക്കി. കമ്പനിയുടെ ഷോറൂമുകളിലെ ജീവനക്കാരിലേക്ക് വാട്സാപ്പിലൂടെ പറന്നുനടക്കുകയാണ് ശശിധരന്റെ അതിജീവനകഥയും ഫോട്ടോകളും. ചെന്നൈയില്‍ 35 വര്‍ഷം സിവില്‍-മെക്കാനിക്കല്‍ കോണ്‍ട്രാക്ടറായിരുന്നു തൃശ്ശൂര്‍ പേരാമംഗലം ചങ്ങരംകുമരത്ത് ശശിധരന്.
Content Highlights: 67 Year Old Man Become Harley Davidson Bike Model