മകനെപ്പോലെ മകാന്‍ അഥവാ 'ബേബി കയേന്‍'; പോര്‍ഷെയുടെ പുതിയ താരം


സി. സജിത്ത്

2 min read
Read later
Print
Share

'ബേബി കയേന്‍' എന്നാണ് മകാന്റെ വിളിപ്പേര്. ഉത്തമ എസ്.യു.വി.യായി അറിയപ്പെടുന്ന മകാന്റെ പരിഷ്‌കരിച്ച പതിപ്പ് ഈ വര്‍ഷം പകുതിയോടെയാണ് ഇന്ത്യയില്‍ എത്തിയത്.

കുതിച്ചുചാടാനൊരുങ്ങുന്ന 'കറുത്തകുതിര'യുടെ ചിത്രമാണ് 'പോര്‍ഷെ'യുടേത്... ജര്‍മനിയിലെ മാറിക്കൊണ്ടിരുന്ന രാഷ്ട്രീയ കാറ്റിനനുസരിച്ച് ഫെര്‍ഡിനാന്റ് പോര്‍ഷെ കണ്ടെത്തിയ വാഹനങ്ങളും മാറ്റത്തിന് വിധേയമായിക്കൊണ്ടിരുന്നു. യുദ്ധമുഖത്ത് എന്തിനും പോരുന്ന കവചിത വാഹനങ്ങള്‍ മുതല്‍, റോഡുകളിലൂടെ പറപറക്കുന്ന സ്‌പോര്‍ട്‌സ് കാറുകള്‍ വരെ 'കറുത്തകുതിര' ആലേഖനം ചെയ്തിറങ്ങി.

പുതിയ വേഗത്തിന്റെ കാലത്തില്‍ ഒരുപിടി വേഗമേറിയ കാറുകളാണ് പോര്‍ഷെയുടെ മുഖമുദ്രയാകുന്നത്. 'പാനമാര' മുതല്‍ 'കയേന്‍' വരെ അതില്‍പ്പെടും. പോര്‍ഷെ ശ്രേണിയിലെ തുടക്കക്കാരനായ 'മകാനി'ലാണ് ഇത്തവണ പരീക്ഷണം. പരിഷ്‌കരിച്ച മകാന്റെ ഉന്നതശ്രേണി അലങ്കരിക്കുന്ന 'മകാന്‍ എസി'ന്റെ ടെസ്റ്റ് ഡ്രൈവിലേക്ക്.

'ബേബി കയേന്‍' എന്നാണ് മകാന്റെ വിളിപ്പേര്. ഉത്തമ എസ്.യു.വി.യായി അറിയപ്പെടുന്ന മകാന്റെ പരിഷ്‌കരിച്ച പതിപ്പ് ഈ വര്‍ഷം പകുതിയോടെയാണ് ഇന്ത്യയില്‍ എത്തിയത്. ഗ്രില്ലില്‍ വരെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മുന്നില്‍ നിറയുന്നതാണ് ഗ്രില്ലും എയര്‍വെന്റുകളും. വലിയ എയര്‍വെന്റുകള്‍ തന്നെയാണ് വാഹനത്തിന് ഗരിമ കൂട്ടുന്നത്. ബോണറ്റിലേക്ക് പടര്‍ന്നുകയറുന്ന ഹെഡ്ലൈറ്റ് സ്ഥിരം പോര്‍ഷെ ശൈലി പിന്തുടരുന്നു.

21 ഇഞ്ച് വീലുകളിലാണ് മകാന്‍ ഉയര്‍ന്നുനില്‍ക്കുന്നത്. പുതിയ എല്‍.ഇ.ഡി. ടെയ്ല്‍ ലൈറ്റുകള്‍ മകാന് നല്‍കിയിരിക്കുന്നു. കയേനില്‍ നിന്ന് കടമെടുത്ത രൂപമാണിത്. ഇരുവശങ്ങളിലേയും ടെയ്ല്‍ ലൈറ്റുകള്‍ സംയോജിപ്പിച്ചിരിക്കുകയാണ്. അതിനു നടുവിലായാണ് 'പോര്‍ഷെ' എന്ന് എഴുതിയിരിക്കുന്നത്.

രാത്രികളില്‍ വാഹനത്തിന്റെ പൂര്‍ണരൂപം നിറങ്ങളില്‍ കാണാം. ഉള്ളിലും ഒരുപാട് മാറ്റങ്ങളുമായാണ് മകാന്‍ വരുന്നത്. ഡാഷ്ബോര്‍ഡ് ആകെ മാറി. സെന്‍ട്രല്‍ കണ്‍സോള്‍ എന്നതിനു പകരം 'കോക്പിറ്റ്' എന്ന സങ്കല്പമാണിവിടെ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. ഹാന്‍ഡ്റെസ്റ്റിന് മുന്‍ഭാഗം സ്വിച്ചുകളെക്കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ക്ലൈമെറ്റ് കണ്‍േട്രാള്‍, ഡ്രൈവിങ് മോഡുകള്‍ എന്നിവയെല്ലാം സ്വിച്ചുകളിലാണ്.

10.9 ഇഞ്ചിന്റെ ടച്ച് സ്‌ക്രീനാണ് മകാനിലേക്ക് കുടിയേറിയ മറ്റൊരു പുതുമ. എല്ലാവിധ നവീന സാങ്കേതികവിദ്യയും ഇതില്‍ സംഗമിച്ചിരിക്കുന്നു. പോര്‍ഷെ കമ്യൂണിക്കേഷന്‍ മാനേജ്മെന്റ് സിസ്റ്റത്തിനൊപ്പം ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവയെല്ലാം ഇതില്‍ പ്രവര്‍ത്തിപ്പിക്കാം.

ഈ എസ്.യു.വി.യിലെ ത്രീ സ്‌പോക്ക് സ്റ്റിയറിങ് പോര്‍ഷെയുടെ സ്റ്റാര്‍ കാറായ '911'-ല്‍ നിന്ന് കടംകൊണ്ടതാണ്. മാറ്റത്തിന്റെ ഭാഗമായി കയേനില്‍ നിന്നും 911-ല്‍ നിന്നുമാണ് പുതിയ മകാനിലേക്ക് സൗന്ദര്യവും ആര്‍ഭാടവും എത്തുന്നത്. ഓണ്‍ ലൈന്‍ നാവിഗേഷന്‍, ത്രീസോണ്‍ ക്ലൈമെറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയുമുണ്ട്.

ഇവയ്ക്ക് പുറമെ വാഹനത്തിന്റെ ഓഫ്റോഡ് പ്രകടനം നിരീക്ഷിക്കാനായി ഓഫ് റോഡ് പ്രെസിഷന്‍ ആപ്പുണ്ട്. ഇത് വാഹനത്തിലെ പോര്‍ഷെ കണക്ട് പ്ലസുമായി ചേര്‍ന്നായിരിക്കും പ്രവര്‍ത്തനം റെക്കോര്‍ഡ് ചെയ്യുക. മുന്‍പത്തെ മോഡലിലുണ്ടായിരുന്ന സസ്‌പെന്‍ഷന്‍ മാറ്റി, പകരം പോര്‍ഷെ ആക്ടീവ് സസ്‌പെന്‍ഷന്‍ മാനേജ്മെന്റാണ് നല്‍കിയിട്ടുള്ളത്. ഓഫ് റോഡ് യാത്രകള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകും ഇത്. ബോസ്, ബര്‍മെസ്റ്റര്‍ എന്നിവയുടെ ശബ്ദമാണ് പുതിയ മകാനില്‍ കേള്‍ക്കുക.

രണ്ട് എന്‍ജിനുകളുമായാണ് മകാന്‍ വരുന്നത്. മകാനും മകാന്‍ എസും. ഇതില്‍ രണ്ടാമത്തെ വിഭാഗമായിരുന്നു ടെസ്റ്റ്ഡ്രൈവിനായി നല്‍കിയത്. 3 ലിറ്റര്‍ വി6 എന്‍ജിന്റെ പ്രവര്‍ത്തനത്തില്‍ കുറ്റംപറയാന്‍ പഴുതുകളൊന്നുമില്ല. സിറ്റി ഡ്രൈവിലും ഹൈവേ ഡ്രൈവിലും ഒരുപോലെ റെസ്‌പോണ്‍സാണ് എന്‍ജിന്‍ നല്‍കുന്നത്.

സെവന്‍സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണിതിന് കൂട്ടാവുന്നത്. അതുകൊണ്ടുതന്നെ, മനസ്സുപറയുന്നിടത്തു തന്നെ വാഹനത്തിന് വേഗംകൂടുന്നുണ്ട്. ലാഗിന്റെ ചോദ്യമേ ഉദിക്കുന്നില്ല. പൂജ്യത്തില്‍ നിന്ന് നൂറിലേക്കെത്താന്‍ മകാന്‍ എസിന് 5.1 സെക്കന്‍ഡുകള്‍ മതി. ഇതിന്റെ താഴ്ന്ന മോഡലായ മകാനില്‍ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്.

Content Highlights: Test Drive Porsche Macan S

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram