കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയാ മോട്ടോഴ്സിന്റെ ആദ്യ കാര്‍ കിയ എസ്.പി. 2 ഐ 2019-ല്‍ ഇന്ത്യന്‍ വിപണിയിലെത്തും. ഇന്ത്യയുടെ റോയല്‍ ബംഗാള്‍ ടൈഗറിന്റെ കരുത്തുറ്റ മുഖത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് വാഹനത്തിന്റെ രൂപകല്പന. ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ വരവറിയിച്ച് ഇതിന്റെ കണ്‍സെപ്റ്റ് മോഡലും കിയ പ്രദര്‍ശിപ്പിച്ചിരുന്നു.
മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ അഞ്ച് മുന്‍നിര വാഹന നിര്‍മാതാക്കള്‍ക്കൊപ്പം എത്തുകയാണ് ലക്ഷ്യം. 2021-ഓടെ പ്രതിവര്‍ഷം അഞ്ചു വാഹനങ്ങള്‍ വീതം അവതരിപ്പിക്കത്തക്ക വിധം പോര്‍ട്ട്ഫോളിയോ വിപുലമാക്കുമെന്ന് കിയാ മോട്ടോഴ്സ് ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് തലവന്‍ മനോഹര്‍ ഭട്ട് പറഞ്ഞു.
ഒരു വര്‍ഷം മുമ്പാണ് ആന്ധ്രപ്രദേശിലെ അനന്തപുരില്‍ പുതിയ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് കിയാ മോട്ടോഴ്സ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 2019 പകുതിയോടെ ഇത് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകും. പ്ലാന്റിന്റെ വാര്‍ഷിക ഉത്പാദനശേഷി 3,00,000 വാഹനങ്ങളാണ്. 3,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. ആഗോള നിലവാരമനുസരിച്ചുള്ള സാങ്കേതിക വിദ്യയില്‍, ഏറ്റവും മികച്ച തദ്ദേശീയ നിര്‍മാണത്തിനായി പ്ലാന്റില്‍ 110 കോടി ഡോളറാണ് കിയാ നിക്ഷേപിച്ചിരിക്കുന്നത്.
കമ്പനിയുടെ ആഗോള ലക്ഷ്യത്തിന്റെ ഭാഗമായി 2025-ഓടെ 16 ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ട്. അനന്തപുര്‍ പ്ലാന്റില്‍നിന്ന് 2021-ഓടെ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ആഗോള തലത്തില്‍ കിയാ മോട്ടോഴ്സ് കോര്‍പ്പറേഷന്‍ കഴിഞ്ഞ വര്‍ഷം 2.8 ദശലക്ഷം കാറുകളാണ് വിറ്റഴിച്ചത്.
Content Highlights; Kia First SUV Model Coming Launched In 2019