2019 ഇന്ത്യന്‍ നിരത്തുകള്‍ക്ക് സമ്മാനിച്ച താരങ്ങള്‍


പൂര്‍ണവളര്‍ച്ചയെത്തിയ ആദ്യ 'വൈദ്യുത കാര്‍' 2019-ല്‍ ഇന്ത്യയിലെത്തി. ഒരു പടികൂടി കടന്ന് 'ഇന്റര്‍നെറ്റ്' വ്യവഹാരത്തിലൂന്നിയ ആദ്യ 'കണക്ടഡ്' കാറും ഈ വര്‍ഷത്തിന്റെ സംഭാവനയാണ്.

2019 കടന്നുപോകുകയാണ്... ഇന്ത്യന്‍ വാഹനരംഗത്തും വിപ്ലവകരമായ ഒട്ടേറെ മാറ്റങ്ങള്‍ ഈവര്‍ഷമുണ്ടായി. അടുത്ത യുഗത്തിലേക്കുള്ള കാല്‍വെപ്പാണിത്. 'പരമ്പരാഗത ഇന്ധനം' എന്ന ചിന്തയില്‍ നിന്നുള്ള മാറ്റം ഈവര്‍ഷം മുതല്‍ കാണപ്പെട്ടുതുടങ്ങി. പൂര്‍ണവളര്‍ച്ചയെത്തിയ ആദ്യ 'വൈദ്യുത കാര്‍' 2019-ല്‍ ഇന്ത്യയിലെത്തി. ഒരു പടികൂടി കടന്ന് 'ഇന്റര്‍നെറ്റ്' വ്യവഹാരത്തിലൂന്നിയ ആദ്യ 'കണക്ടഡ്' കാറും ഈ വര്‍ഷത്തിന്റെ സംഭാവനയാണ്.

കൂടുതല്‍ വിദേശികള്‍ ഇന്ത്യന്‍ റോഡുകളിലെ സാന്നിധ്യമറിയിക്കുന്നതും ഈവര്‍ഷം തന്നെയാണ്. എന്നാല്‍, ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നത് പരമ്പരാഗതര്‍ തന്നെയാണെന്ന് മറന്നുകൂടാ. ഒരുവര്‍ഷം കടന്നുപോകുമ്പോള്‍ ഇന്ത്യന്‍ വാഹന വിപണിയിലെ ചില വിസ്മയങ്ങളെ ഒന്നുകൂടി ഓര്‍ക്കാം.

മാരുതി എസ്-പ്രെസോ

ഈ പേര് എന്നും ഇന്ത്യയില്‍ ഒരു വിസ്മയമാണ്... ആരൊക്കെ വന്നു കളിച്ചാലും കളിയില്‍ കേമനാവുന്നവന്‍. കാരണം, മാരുതിയുടെ വേരുകള്‍ ഇന്ത്യയുടെ ഹൃദയത്തിലാണെന്നതിന് തെളിവാണ് ഇന്ത്യന്‍ കാര്‍ വ്യവസായത്തില്‍ അവര്‍ തുടരുന്ന അപ്രമാദിത്വം. ഈവര്‍ഷം വില്പനയില്‍ ഒന്നാം സ്ഥാനത്തുതന്നെയാണ് മാരുതിയുടെ വാഹനങ്ങള്‍. അത് 'ആള്‍ട്ടോ 800', 'സ്വിഫ്റ്റ്', അല്ലെങ്കില്‍ 'ഡിസയര്‍' ഇവ മൂന്നും തന്നെയായിരുന്നു ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.

പുതിയൊരു സെഗ്മെന്റിനു കൂടി ഇന്ത്യയില്‍ പാത വെട്ടിത്തുറക്കുകയായിരുന്നു മാരുതി സുസുക്കിയുടെ 'എസ്-പ്രെസോ' എന്ന മൈക്രോ 'എസ്.യു.വി.' എസ്. യു.വി.യുടെ രൂപഭാവാദികളോടെ ഒരു ചെറിയ 'ഹാച്ച്ബാക്ക്'... ഇതാണ് എസ്പ്രസോ. ഇതിന്റെ പ്രധാന ആകര്‍ഷണം രൂപം തന്നെയായിരുന്നു.'അഞ്ച് ലക്ഷത്തിനു താഴെ ഒരു കുട്ടി എസ്.യു.വി.' എന്നതായിരുന്നു മാരുതിയുടെ പദ്ധതി. 'ഫ്യൂച്ചര്‍ എസ്' എന്ന സാങ്കല്പിക രൂപത്തില്‍ നിന്നും പിറവിയെടുത്തതാണ് എസ്-പ്രെസോ.

കിയ സെല്‍ട്ടോസ്

രണ്ടു വര്‍ഷം മുമ്പ് നടന്ന ഇന്ത്യ ഓട്ടോ എക്‌സ്പോയില്‍ സാങ്കല്പിക രൂപമായി അവതരിപ്പിച്ചതായിരുന്നു 'സെല്‍ട്ടോസി'നെ. കൊറിയയില്‍ നിന്ന് 'ഹ്യുണ്ടായ്'യുടെ രക്തബന്ധവുമായി വന്ന 'കിയ' പക്ഷേ, ആദ്യ വാഹനം കൊണ്ടുതന്നെ ഇവിടെ തരംഗം തീര്‍ത്തു. രണ്ടുവര്‍ഷത്തിനുള്ളില്‍ പുതിയ പ്ലാന്റ് നിര്‍മിച്ച് വണ്ടിയിറക്കിയതുതന്നെ യുദ്ധസമാനമായിട്ടായിരുന്നു.

ചന്തം കൊണ്ടും പ്രവര്‍ത്തനമികവുകൊണ്ടും സെല്‍ടോസ് എന്ന എസ്.യു.വി. വില്പനയില്‍ മുന്നിലേക്ക് പാഞ്ഞുകയറി. പുറത്തിറങ്ങിയ ആദ്യമാസം തന്നെ ബുക്കിങ്ങുകൊണ്ട് റക്കോഡിട്ട സെല്‍ട്ടോസ് വില്‍പ്പനയില്‍ ആദ്യ അഞ്ചിനുള്ളിലെത്തി.

എം.ജി. ഹെക്ടര്‍

ചൈനീസ് വാഹന നിര്‍മാതാക്കളായ 'സായ്ക് മോട്ടോഴ്സി'ന്റെ ഇന്ത്യയിലേക്കുള്ള പ്രവേശമായിരുന്നു വലിയ എസ്.യു.വി.യായ 'ഹെക്ടറു'മായി. ബ്രിട്ടീഷ് കമ്പനിയായ 'മോറിസ് ഗാരേജി'ന്റെ പേരിലുള്ള 'ഹെക്ടര്‍' വിപണിക്ക് പ്രിയപ്പെട്ടതായി.

ഇന്ത്യയിലിറങ്ങിയ മറ്റുകാറ്റഗറികളിലൊന്നുമില്ലാത്ത പത്തര ഇഞ്ചിന്റെ ടച്ച് സ്‌ക്രീനായിരുന്നു ഇന്റര്‍നെറ്റിന്റെ മാസ്മരലോകം. റിയല്‍ ടൈം നാവിഗേഷന്‍, റിമോട്ട് ലൊക്കേഷന്‍, ജിയോ ഫെന്‍സിങ്, എന്നിവയടക്കമായിരുന്നു ഇത്. 'ഫൈവ് ജി'യുടെ പ്രത്യേക സിം ഉപയോഗിച്ചായിരുന്നു ഇതിലെ ഇന്റര്‍നെറ്റ് പ്രവര്‍ത്തനം.

ഹ്യുണ്ടായ് കോന ഇലക്ട്രിക്

ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ വൈദ്യുത എസ്.യു.വി. ഇതിനുമുമ്പും ടാറ്റയും മഹീന്ദ്രയുമടക്കമുള്ള കമ്പനികള്‍ വൈദ്യുത കാറുകളെ പുറത്തിറക്കിയെങ്കിലും ആദ്യ പൂര്‍ണവളര്‍ച്ചയെത്തിയ വൈദ്യുത എസ്.യു.വി.യായിരുന്നു 'കോന'. രൂപത്തില്‍ ഒത്ത എസ്.യു.വി. 452 കിലോമീറ്ററായിരുന്നു പൂര്‍ണ ചാര്‍ജിങ്ങിലുള്ള മൈലേജ്. 39.2 കിലോവാട്ടിന്റെ ലിഥിയം അയോണ്‍ ബാറ്ററിയാണ് കരുത്തുപകരുന്നത്. നൂറ് കിലോവാട്ടിന്റെ മോട്ടോറാണ് ചക്രങ്ങളെ കറക്കുന്നത്. 25 ലക്ഷമാണ് എക്‌സ്ഷോറൂം വില.

ഹ്യുണ്ടായ് വെന്യൂ

ഹ്യുണ്ടായ് ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ കൊണ്ടുവന്ന വാഹനമായിരുന്നു 'വെന്യൂ'. ചെറിയ എസ്.യു.വി. വിഭാഗത്തിലെത്തിയ വെന്യൂ വില്‍പ്പനയിലും മുന്നേറി. 'ക്രെറ്റ'യുടെ ഭാവത്തോടെയുള്ള വെന്യു ഹ്യുണ്ടായ്യുടെ പുതിയ ഡിസൈന്‍ ഭാഷ്യവുമായാണ് വന്നത്.

ഇന്ത്യയിലെ ആദ്യ കണക്ടഡ് കാറായി എത്തിയ വെന്യൂവില്‍ ഹ്യുണ്ടായുടെ ബ്ലൂ ലിങ്ക് കണക്ടിവിറ്റിയാണ് ഉപയോഗിച്ചിട്ടുള്ളത്. വൊഡാഫോണിന്റെ ഫൈവ് ജി സിമ്മാണിതില്‍. വയര്‍ലെസ് ചാര്‍ജര്‍, എയര്‍ പ്യൂരിഫയര്‍ എന്നിവയും നല്‍കിയിരിക്കുന്നു. 33 കണക്ടഡ് ഫീച്ചേഴ്സാണ് വെന്യുവിന്റെ പ്രത്യേകത.

റെനോ ട്രൈബര്‍

ഏഴ് ലക്ഷത്തിന് താഴെ വിലയില്‍ ഏഴുപേര്‍ക്ക് സുഖമായി സഞ്ചരിക്കാവുന്ന വാഹനവുമായെത്തിയ ഫ്രഞ്ച് കമ്പനി ശരിക്കും ഞെട്ടിച്ചുകളഞ്ഞു. 'ഡസ്റ്ററി'ന് ശേഷം 'റെനോ'യുടെ സൂപ്പര്‍ഹിറ്റിലേക്ക് നീങ്ങിയ വാഹനമായിരുന്നു 'ട്രൈബര്‍'.

കാഴ്ചയിലും സൗകര്യത്തിലും റെനോ എതിരാളികളുടെ തോളൊപ്പം നിന്നു. 'ക്വിഡി'ന്റെ പ്ലാറ്റ്ഫോമായ 'സി.എം.എഫ്.എ.'യുടെ പരിഷ്‌കരിച്ച പതിപ്പിലാണ് 'ട്രൈബര്‍' എന്ന എം.പി.വി. വരുന്നത്. വാഹനത്തിനുള്ളില്‍ സൗകര്യങ്ങള്‍ ധാരാളമുണ്ടെന്നതും ട്രൈബറിന്റെ ജനപ്രീതിക്ക് കാരണമായി.

ടാറ്റാ നെക്‌സോണ്‍

സുരക്ഷയുടെ കാര്യത്തില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങാണ് ടാറ്റയുടെ നെക്‌സോണ്‍' എന്ന ചെറിയ എസ്. യു.വി.യുടെ പ്രത്യേകത. സുരക്ഷയില്‍ ഗ്ലോബല്‍ 'എന്‍.സി.എ.പി.'യുടെ ഫൈവ് സ്റ്റാര്‍ റേറ്റിങ് ലഭിക്കുന്ന ആദ്യത്തെ കാറായിരുന്നു നെക്‌സോണ്‍.

ടാറ്റയ്ക്ക് ഇന്ത്യയിലെ വില്പനയില്‍ കുതിച്ചുചാട്ടമുണ്ടാക്കിയ ത്രയങ്ങളില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട് നെക്‌സോണ്‍. നെക്‌സോണിന്റെ വൈദ്യുത പതിപ്പ് അടുത്ത വര്‍ഷം വില്പനയ്‌ക്കെത്തുന്നുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram