നടപ്പുസാമ്പത്തികവര്‍ഷം ആദ്യ എട്ടുമാസക്കാലത്ത്(ഏപ്രില്‍-നവംബര്‍) ഇന്ത്യയില്‍ വിറ്റഴിച്ചത് 1309 വൈദ്യുത കാറുകള്‍മാത്രം. വൈദ്യുത കാറുകള്‍ക്കായുള്ള പ്രചാരണം ശക്തമാണെങ്കിലും വില്‍പ്പന ഇനിയും ചൂടുപിടിച്ചില്ലെന്നാണ് കണക്കുകള്‍ പറയുന്നത്.
18.82 ലക്ഷം യാത്രാവാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകളിലെത്തിയതില് 0.07 ശതമാനം മാത്രമാണ് വൈദ്യുതി കാറുകള്‍. 'കൂടുതലും ടാക്സി വിഭാഗത്തിലാണ് വൈദ്യുത വാഹനങ്ങള്‍ക്ക് താത്പര്യം. മഹീന്ദ്ര ഇ-വെരിറ്റോ, ടാറ്റ ടിഗോര്‍ തുടങ്ങിയ സെഡാന് വാഹനങ്ങളാണ് ഇക്കാലത്ത് വിറ്റഴിച്ചതില്‍ ഏറിയ പങ്കും.
മഹീന്ദ്ര ഇ-വെരിറ്റോ 513 എണ്ണവും ടാറ്റ ടിഗോര്‍ ഇ.വി. 491 എണ്ണവുമാണ് ഇക്കാലത്ത് വിറ്റുപോയത്. നവംബറില്‍ മാത്രം 102 ടാറ്റ ടിഗോര്‍ ഇ.വി. നിരത്തിലിറങ്ങി. ഇ-വെരിറ്റോ 79 എണ്ണവും. ഇരു കാറുകളുടെയും വില്‍പ്പനയുടെ പ്രതിമാസ ശരാശരിയെക്കാള്‍ ഏറെ ഉയര്‍ന്ന നിരക്കാണിത്.
ജൂണില്‍ ഇന്ത്യയിലെത്തിയ ഹ്യുണ്ടായ് കോനയുടെ 280 യൂണിറ്റുകള്‍ ഇതുവരെ വിറ്റഴിഞ്ഞിട്ടുണ്ട്. മാസം ശരാശരി 46 കോന വില്‍ക്കുന്നതായാണ് കണക്ക്. നവംബറില്‍ വില്‍പ്പന 53 എണ്ണമായിരുന്നു.
അതേസമയം, മഹീന്ദ്രയുടെ ആദ്യം മുതലുള്ള ഹാച്ച്ബാക്ക് വാഹനമായ ഇ 20-ന്റെ ആവശ്യകത വലിയതോതില്‍ കുറഞ്ഞു. എട്ടുമാസക്കാലത്ത് ആകെ വിറ്റത് 25 എണ്ണമാണ്.
പോര്‍ഷെയുടെ ടൈകോണ്‍, മഹീന്ദ്ര ഇ.കെ.യു.വി. 100, ഔഡി ഇ-ട്രോണ്‍ എസ്.യു.വി., ജഗ്വാര്‍ ഐ-പേസ്, ടാറ്റ നെക്സണ്‍ ഇ.വി., മാരുതി സുസുക്കി വാഗണര്‍ ഇലക്ട്രിക്, എം.ജി. സെഡ്എസ് ഇ.വി. എന്നീ മോഡലുകള്‍ 2020-ല്‍ നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ മോഡലുകളും മികച്ച അടിസ്ഥാന സൗകര്യങ്ങളുമെത്തുന്നതോടെ രാജ്യത്ത് വൈദ്യുതകാറുകളുടെ വില്‍പ്പന ഉയരുമെന്നുതന്നെയാണ് വിപണിയുടെ പ്രതീക്ഷ.
Content Highlights: Electric Car Sale In Last Eight Months