To advertise here, Contact Us



ക്യാമറയില്‍ നിന്നും ക്യാമറയിലേക്ക്


അൽഫോൺസ പി.ജോർജ്

3 min read
Read later
Print
Share

ദേശീയ മാധ്യമമായ ഇന്ത്യാ ടിവിയുടെ കേരളത്തിലെ മേധാവിയായിരിക്കുമ്പോള്‍ തന്നെ മുകേഷ് നായര്‍ നിരവധി ചിത്രങ്ങളുടെ ഭാഗമായിക്കഴിഞ്ഞു.

മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നും അഭ്രപാളിയുടെ വെള്ളിവെളിച്ചത്തിലേക്ക് ചേക്കേറിയ പലരെയും നമുക്കറിയാം... ഇവരില്‍ പലരും ഒന്നെങ്കില്‍ എന്നന്നേക്കുമായി മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ചിട്ടുണ്ടാകും, അല്ലെങ്കില്‍ സിനിമ ഉപേക്ഷിച്ച് മാധ്യമപ്രവര്‍ത്തനത്തിലേക്ക് തന്നെ മടങ്ങിയിട്ടുണ്ടാകും. എന്നാല്‍ മുകേഷ് നായര്‍ എന്ന യുവ മാധ്യമപ്രവര്‍ത്തകന്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. ഇന്ത്യാ ടിവിയുടെ കേരളത്തിലെ മേധാവിയായിരിക്കുമ്പോള്‍ തന്നെ മുകേഷ് നായര്‍ നിരവധി ചിത്രങ്ങളുടെ ഭാഗമായിക്കഴിഞ്ഞു. സിനിമയെയും അതോടൊപ്പം മാധ്യമപ്രവര്‍ത്തനത്തെയും ഒരുപേലെ സ്നേഹിക്കുന്ന മുകേഷ് നായരുടെ വിശേഷങ്ങളിലേക്ക്

To advertise here, Contact Us

ഇന്ത്യാ ടിവിയുടെ ബ്യൂറോ ചീഫിലേക്കുള്ള യാത്ര എങ്ങനെയായിരുന്നു?

തിരുവനന്തപുരം ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി കഴിഞ്ഞ് അന്ന് എല്ലാവരും ചെയ്യുന്നപോലെ ഞാനും എഞ്ചീനീയറിങ്ങ്-മെഡിക്കല്‍ എന്‍ഡ്രന്‍സ് പരീക്ഷയൊക്കെ എഴുതി. കുഴപ്പമില്ലാത്ത റാങ്ക് ഒക്കെ ഉണ്ടായിരുന്നു. അതേവര്‍ഷമാണ് തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളേജില്‍ ജേര്‍ണലിസം കോഴ്സ് തുടങ്ങുന്നത്. അവിടെ എന്‍ട്രൻസ് എഴുതിയപ്പോള്‍ ആദ്യത്തെ അഞ്ചു റാങ്കിനുള്ളില്‍ ഞാനുമുണ്ടായിരുന്നു. അവിടെ മുതലാണ് മാധ്യമപ്രവര്‍ത്തനമാണെന്റെ വഴി എന്നു തിരിച്ചറിഞ്ഞുതുടങ്ങിയത്. കോഴ്സ് കഴിഞ്ഞ് ഇന്റെണ്‍ഷിപ്പിന് ശേഷം ഡെല്‍ഹിയിലേക്ക് വണ്ടികറി. ആ യാത്ര ജീവിതത്തില്‍ വഴിത്തിരിവാകുകയായിരുന്നു. സ്റ്റാര്‍ ന്യൂസില്‍ റെഡ് അലേര്‍ട്ട് എന്ന് പ്രോഗ്രാമില്‍ പ്രൊഡഷന്‍ ടീമിനോടൊപ്പം പ്രവര്‍ത്തിച്ചു. 2005 മുതല്‍ക്കാണ് ഇന്ത്യാ ടി.വിയുടെ ഭാഗമാകുന്നത്. ഇപ്പോള്‍ പത്ത് വര്‍ഷത്തോളമായി.

സിനിമയിലേക്ക് എത്തിയത് എങ്ങനെയാണ് ?

സ്‌കൂളിലും കോളേജിലും ഒക്കെ മിമിക്രി, മോണോ ആക്ട്, നാടകം തുടങ്ങിയവയിലൊക്കെ പങ്കെടുക്കുമായിരുന്നു. അങ്ങനെയാണ് സിനിമയിലെത്തുന്നത്. കോളേജില്‍ എന്റെ സഹപാഠിയായിരുന്നു തിരക്കഥാകൃത്ത് അരുണ്‍ലാല്‍ രാമചന്ദ്രന്‍. അരുണ്‍ ആദ്യമായി സംവിധാനം ചെയ്ത 10 am ലോക്കല്‍ കോള്‍ ആയിരുന്നു എന്റേയും ആദ്യ സിനിമ. പിന്നീട് ഒറ്റമന്ദാരം, സര്‍ സിപി, മധുര നാരങ്ങ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഷാജഹാനും പരീക്കൂട്ടിയും ആണ് അഭിനയിച്ചതില്‍ പുറത്തിറങ്ങാനുള്ള സിനിമ. ഇതില്‍ അബ്ദുള്ള എന്നുപേരുള്ള പോലീസ് ഓഫീസറുടെ വേഷമാണ് ചെയ്യുന്നത്.

ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ മലയാള സിനിമയെ എങ്ങനെ വിലയിരുത്തുന്നു?

മലയാള സിനിമയും മാധ്യമപ്രവര്‍ത്തനവും വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്ന രണ്ടു മേഖലകളാണ്. സിനിമയ്ക്ക് നമ്മുടെ മാധ്യമങ്ങളില്‍ വളരെയേറെ പ്രാധാന്യമുണ്ട്. സിനിമ അനുബന്ധ വാര്‍ത്തകള്‍ക്ക് നമ്മുടെ മാധ്യമങ്ങളില്‍ വളരെ അധികം സ്പെയ്സ് ലഭിക്കുന്നുണ്ട്. ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ സിനിമയോടും സിനിമാതാരങ്ങളോടും വളരെ അധികം ബഹുമാനമുണ്ട്.

ഒരു സിനിമാതാരമെന്ന നിലയില്‍ മാധ്യമപ്രവര്‍ത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?

നേരത്തെ പറഞ്ഞതുപോലെ തന്നെ സിനിമയും മാധ്യമപ്രവര്‍ത്തനവും ഇന്റര്‍ഡിപെന്റഡ് ആണ്. മാധ്യമങ്ങളില്ലാതെ തന്നെ സിനിമയ്ക്ക് നിലനില്‍ക്കാനാകില്ല.

സോഷ്യല്‍ മീഡിയയിലടക്കം പലരും ഉന്നയിക്കുന്ന വിമര്‍ശമാണ് മലയാള താരങ്ങള്‍ പ്രായത്തിനനുസരിച്ചുള്ള വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നില്ല എന്നത്, രജനീകാന്ത് കബാലിയിലേതു പോലുള്ള വേഷങ്ങള്‍ ചെയ്യുമ്പോള്‍ മമ്മൂട്ടി തിരഞ്ഞെടുക്കുന്നത് കസബ പോലുള്ള സിനിമകളാണ്. ഇതേക്കുറിച്ച് എന്താണ് അഭിപ്രായം?

ഇത്തരമൊരു വിമര്‍ശം ശരിയാണെന്ന് എനിക്ക് അഭിപ്രായമില്ല. കാരണം മമ്മൂട്ടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരമ്പര എന്നൊരു സിനിമ ചെയ്തിരുന്നു. അതില്‍ എൺപതിന് മുകളില്‍ പ്രായമുള്ള ആളുടെ വേഷമാണ് മമ്മൂക്ക ചെയ്യുന്നത്. ഞാന്‍ കൂടി ഭാഗമായ പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടി ചിത്രം തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടി പ്രായമുള്ള ആളുടെ വേഷവും ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഈ പറയുന്ന കബാലിയില്‍ രജനീകാന്ത് വ്യത്യസ്ത പ്രായത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് അതില്‍ ഒന്നുമാത്രമാണ് തലനരച്ച വേഷമെന്നാണ് ഞാന്‍ മനസിലാക്കുന്നത്. മലയാളത്തിന്റെ കാര്യത്തില്‍ മുന്നില്‍ വരുന്ന വേഷങ്ങള്‍ അത്തരത്തിലായതുകൊണ്ടാണ് താരങ്ങള്‍ക്ക് അത്തരം സിനിമകള്‍ തിരഞ്ഞെടുക്കേണ്ടിവരുന്നത്.

മാധ്യമപ്രവര്‍ത്തകനെന്ന നിലയിലുള്ള അനുഭവം സിനിമാ അഭിനയത്തെ എങ്ങനെ സ്വാധീനിച്ചു?

ആദ്യസിനിമയിലെ ആദ്യ ഷോട്ട് തന്നെ ഒ.കെ ആയിരുന്നു. ഇതിനുകാരണം മാധ്യമപ്രവര്‍ത്തകനെന്ന നിലയിലുള്ള അനുഭവങ്ങളാണ്. സിനിമയില്‍ വരുന്നതിനു മുന്‍പും ക്യാമറയെ ഫെയ്സ് ചെയ്തതുകൊണ്ട് സഭാകമ്പമൊ ഭയമൊ ഒന്നും ഉണ്ടായില്ല. എന്തു ചെയ്യാന്‍ പറഞ്ഞാലും ചെയ്യാമെന്ന ആത്മവിശ്വാസത്തിലേക്ക് എത്തിയത് മാധ്യമപ്രവര്‍ത്തകനായതുകൊണ്ടാണ്.

ഒരു ദേശീയ ചാനലിന്റെ കേരളത്തിലെ മേധാവി അതോടൊപ്പം നിരവധി സിനിമകളുടെ ഭാഗമാകുകയും ചെയ്യുന്നു.. സമയം ഒരു പ്രശ്നമായി വരില്ലേ..?

ഒരു ദേശീയ ചാനലിന്റെ ഭാഗമായതുകൊണ്ട് മാത്രമാണ് എനിക്ക് സിനിമകളില്‍ അഭിനയിക്കാന്‍ കഴിയുന്നത്. ദേശീയ പ്രധാന്യമുള്ള വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്താല്‍ മതി.

മാധ്യമപ്രവര്‍ത്തകന്‍/ സിനിമാതാരം ഇതില്‍ ഏതുവേഷമാണ് കൂടുതല്‍ ഇഷ്ടം?

എന്നും ഒരു മാധ്യമപ്രവര്‍ത്തകനായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. പക്ഷേ സിനിമയോട് ഒരുപാട് പാഷന്‍ ഉണ്ട്. അതുകൊണ്ടാണ് സിനിമ ചെയ്യുന്നത്. ഡിഗ്രി ടൈം മുതല്‍ ലാലേട്ടന്റെ എല്ലാ സിനിമയും റിലീസിങ്ങ് ദിവസം തന്നെ പോയികാണും ആ പതിവ് ഇന്നും തുടരുന്നു. മോഹന്‍ലാലിന്റെ കൂടെ ഒരു ചിത്രത്തിന്റെ ഭാഗമാകണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം.

പുതിയ പ്രോജക്ടുകൾ?

മമ്മൂട്ടി നായകനാകുന്ന ചിത്രം തോപ്പില്‍ ജോപ്പന്‍, പൃഥ്വിരാജ് നായകനാകുന്ന ആദം, ബോബന്‍ സാമുവല്‍-ദിലീപ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമ പകച്ചുപോയി ബാല്യം, തമിഴ് സംവിധായകന്‍ രാധാകൃഷ്ണന്റെ പുതിയ ചിത്രം, സംഗീത് ശിവന്‍ അണിയിച്ചൊരുക്കുന്ന സ്പാനിഷ് സിനിമ ഇതൊക്കെയാണ് പുതിയ പ്രേജക്ടുകൾ.

മാധ്യമപ്രവര്‍ത്തനത്തിലെ മികവിന് പ്രവാസിഭാരതീയ പുരസ്‌കാരം അടക്കം ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങള്‍ മുകേഷിനെ തേടിയെത്തുകയുണ്ടായി. തിരുവനന്തപുരം സ്വദേശിയായ അശ്വതിയാണ് ഭാര്യ, സ്വാതി മോളാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us