മുല്ല, പുതിയമുഖം, സീനിയേഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മീര നന്ദന്‍. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് മീര ജോലിയുടെ ഭാഗമായി ദുബായിലേക്ക് ചേക്കേറുന്നത്. സിനിമ വാര്‍ത്തകള്‍ക്ക് അപ്പുറത്ത് മീര വീണ്ടും വാര്‍ത്താ താരമായത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൂടെയും അതിനു വന്ന കമന്റുകളിലൂടെയുമാണ്. ആ സംഭവത്തെ കുറിച്ചും മീരയ്ക്ക് ബോള്‍ഡായ മറുപടി ഉണ്ട്. തന്റെ വസ്ത്രത്തിന്റെ നീളം അളക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യം കൊടുത്തിട്ടില്ലെന്ന് പറയുകയാണ് മീര. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് മീര തന്റെ നിലപാട് വ്യക്തമാക്കിയത്.
"പണ്ടൊക്കെ പുറത്തു പോകുമ്പോള്‍ ആള്‍ക്കാര്‍ അടുത്ത് വന്നു പറയും സിനിമയിലൊക്കെ കാണാറുണ്ട് കേട്ടോ. പിന്നീട് ചാനലിലെ പ്രോഗ്രാം നന്നാവുന്നുണ്ട് എന്നായി. എന്നാല്‍ ഇന്ന് എല്ലാവരും കാണുമ്പോള്‍ പറയുന്നത് ഇന്‍സ്റ്റയില്‍ ഇട്ട ഫോട്ടോ കണ്ടു എന്നാണ്. ഞാന്‍ പോലും അറിയാതെ ഞാനൊരു അധോലോകമായില്ലേ ഈയിടെ...
ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത് ചര്‍ച്ച തുടങ്ങി രണ്ടു ദിവസം കഴിഞ്ഞാണ് ഞാന്‍ ഇക്കാര്യം അറിയുന്നത്. ആ ഫോട്ടോ എന്റെ മാതാപിതാക്കള്‍ക്ക് അയച്ചു കൊടുത്തിരുന്നു. അവര്‍ നെഗറ്റീവായൊന്നും പറഞ്ഞില്ല . അതിനു ശേഷമാണ് പോസ്റ്റ് ചെയ്തത്. ഞാന്‍ നോക്കുമ്പോഴേക്കും വാര്‍ത്തകളില്‍ എന്റെ ഫോട്ടോ നിറഞ്ഞു കിടക്കുകയാണ്. ഞാന്‍ ഇട്ട ഡ്രസ്സിന്റെ നീളം കുറഞ്ഞു എന്നൊക്കെയാണ് വാര്‍ത്ത. ആ കുപ്പായത്തിന് നീളം കുറവാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഇതിലെ ഏറ്റവും വലിയ കോമഡി എന്ന് പറഞ്ഞാല്‍ എന്റെ അമ്മാമ ഈ വാര്‍ത്ത കണ്ടു വിളിച്ചു...'എന്റെ മീര എന്താണിത്, ദുബായിലായിട്ടും ആള്‍ക്കാര്‍ക്ക് പുതിയ ലോകത്തെ കുറിച്ചൊന്നും വിവരമില്ലേ. ഇതൊക്കെയാണോ വാര്‍ത്ത, ഇവരൊക്കെ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത്'.എന്ന് പറഞ്ഞു. അപ്പോള്‍ തഗ് ലൈഫ് അമ്മാമ എന്നാണ് ഞാന്‍ ചിന്തിച്ചത്.
കുറച്ചു നാള്‍ കഴിഞ്ഞു അമേരിക്കയില്‍ പോയപ്പോള്‍ മറ്റൊരു ഫോട്ടോ പോസ്റ്റ് ചെയ്തു. അതും വാര്‍ത്തയായി. ഒരുപാട് മോശം കമന്റുകള്‍ ആ ഫോട്ടോയ്ക്ക് താഴെ വന്നിരുന്നു. ആദ്യ നാളുകളിലൊക്കെ മറുപടി കൊടുക്കുമായിരുന്നു. പിന്നെ ഇത്തരക്കാര്‍ക്ക് മറുപടി കൊടുത്തിട്ടൊന്നും കാര്യമില്ലെന്നു മനസിലായി. കമന്റ് ചെയ്യുന്നതില്‍ രണ്ടു വിഭാഗമുണ്ട്. ഒന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യൂ എന്ന് പറയുന്നവര്‍, രണ്ട്, എന്തിനാണ് വേണ്ടാത്ത പണിക്ക് പോകുന്നത് എന്ന് ഉപദേശിക്കുന്നവര്‍. എങ്ങനെയാണ് ചേട്ടന്മാരെ ഇത് വേണ്ടാത്ത പണിയാകുന്നത്. ആള്‍ക്കാരെ ബോധ്യപ്പെടുത്താന്‍ വേണ്ടി നമുക്ക് ജീവിക്കാന്‍ പറ്റില്ല. എന്റെ പേജില്‍ എനിക്ക് ഇഷ്ടമുള്ള ഫോട്ടോ പോസ്റ്റ് ചെയ്യും അതാണല്ലോ സ്വാതന്ത്ര്യം എന്ന് പറയുന്നത്..."
Content Highlights : Meera Nandhan interview On Movies Life Insta Photos For Star And Style