മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ രചിച്ച് സംവിധാനംചെയ്യുന്ന 'അഞ്ചാം പാതിരാ'യെന്ന ചിത്രം പ്രദര്‍ശനത്തിനെത്തുന്നതിന്റെ ആഹ്‌ളാദത്തിലാണ് കുഞ്ചാക്കോ ബോബന്‍. അഭിനയജീവിതത്തിലെ വേറിട്ട വേഷമാണ് ചിത്രത്തിലെ പോലീസ് കണ്‍സള്‍ട്ടിങ് ക്രിമിനോളജിസ്റ്റ് അന്‍വര്‍ ഹുസൈന്‍ എന്ന് താരം പറയുന്നു.
2020-ലെ ആദ്യചിത്രം അഞ്ചാംപാതിരാ പ്രദര്‍ശനത്തിനെത്തുന്നു. സിനിമ നല്‍കുന്ന പ്രതീക്ഷകള്‍.
2020-ല്‍ തിയേറ്ററിലെത്തുന്ന എന്റെ ആദ്യചിത്രമാണ് അഞ്ചാംപാതിര. ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ് ചിത്രം. അഞ്ചും പാതിരയും തമ്മില്‍ എന്താണ് ബന്ധമെന്നാണ് ചിത്രം പറയുന്നത്.
ത്രില്ലര്‍ സിനിമകളുടെ അല്ലെങ്കില്‍ നോവലുകളുടെ വലിയൊരു ആരാധകനാണ് ഞാന്‍. അതുകൊണ്ടുതന്നെ ഒരു ത്രില്ലര്‍ സിനിമ അഭിനയിക്കണമെന്നത് ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു.
സംവിധായകന്‍ മാനുവലിന് പറയാനുള്ള കഥ കേള്‍ക്കാന്‍ ആവശ്യപ്പെടുന്നത് നിര്‍മാതാവ് ആഷിക് ഉസ്മാനാണ്. ആട്, ആന്‍മരിയ കലിപ്പിലാണ് മുതലായ കോമഡി ഫീല്‍ഗുഡ് സിനിമചെയ്ത സംവിധായകനില്‍നിന്ന് ഇത്തരമൊരു കഥ പ്രതീക്ഷിച്ചിരുന്നില്ല.
മിഥുന്‍ മാനുവലും-ക്രൈംത്രില്ലറും ആലോചിച്ചപ്പോള്‍ എത്തുംപിടിയും കിട്ടിയില്ല. നമ്മള്‍ പ്രതീക്ഷിക്കുന്ന ചേരുവയല്ല അഞ്ചാം പാതിരയുടേത്.
കഥ പറഞ്ഞുകഴിഞ്ഞ് ഞാന്‍ മിഥുനിനോട് ആദ്യം ചോദിച്ചത്, ഇതിനുപിറകില്‍ ഏതുകൊറിയന്‍പടമാണ് എന്നാണ്. പക്ഷേ, ആത്മവിശ്വാസത്തോടെ മിഥുന്‍ പറഞ്ഞത്, 'ഇത് ഒരു കൊറിയന്‍ പടത്തിലും കാണാന്‍ പറ്റില്ല' എന്നാണ്. ഇതൊരു യഥാര്‍ഥ സംഭവമാണെന്ന് അവകാശപ്പെടുന്നില്ലെങ്കിലും ചിലപ്പോള്‍ നടന്നതാകാം. പ്രേക്ഷകനില്‍ ആകാംക്ഷയുണര്‍ത്തുന്ന നിരവധി രംഗങ്ങള്‍ കഥയ്ക്കുകൂട്ടായി എത്തുന്നുണ്ട്.
മിഥുന്‍ മാനുവല്‍ പറഞ്ഞ ക്രൈംത്രില്ലറിന്റെ ഭാഗമാകാമെന്ന് ഉറപ്പിക്കുന്നത് എപ്പോഴാണ്.
മലയാളികളുടെ ഒരു സൈക്കോളജി എല്ലാം അറിയാമെന്ന ധാരണയാണ്. അറിയാവുന്ന കാര്യമായാലും അറിയാത്ത കാര്യമായാലും നമുക്ക് നമ്മുടേതായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മുന്‍വിധികളും മുന്‍ധാരണകളുമൊക്കെയുണ്ടാകും.
മുന്‍വിധിയോടെയാണ് മിഥുനില്‍നിന്ന് കഥകേള്‍ക്കാന്‍ ഇരുന്നത്. പുള്ളി പോയാല്‍ ഏതുവരെ പോകും എന്നൊരു ധാരണയായിരുന്നു.
കഥ മുന്നോട്ടുപോകവേ ഞാന്‍ വിചാരിച്ച വഴികളിലൂടെയല്ല സിനിമ പോകുന്നതെന്ന് മനസ്സിലായി. നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത, വ്യത്യസ്തമായ വഴിത്തിരിവുകള്‍ വന്നുകൊണ്ടേയിരുന്നു. കഥ കേട്ടുകഴിഞ്ഞപ്പോള്‍ സമാനമായ കഥകളും നോവലുകളും ഇഷ്ടപ്പെടുന്ന എനിക്ക് സിനിമയും ഇഷ്ടമായി. പറഞ്ഞതുപോലെ കഥ ചിത്രീകരിച്ചാല്‍ നന്നാകുമെന്നാണ് ഞാന്‍ മിഥുനിനോട് പറഞ്ഞത്.
അണിയറപ്രവര്‍ത്തകരെക്കുറിച്ച് സംവിധായകന്‍ വിശദീകരിച്ചതോടെ പിന്നീട് കൂടുതല്‍ ആലോചിക്കേണ്ടിവന്നിട്ടില്ല. ഷൈജു ഖാലിദാണ് അഞ്ചാംപാതിരായുടെ ക്യാമറ. എഡിറ്റിങ് സൈജു ശ്രീധരന്‍, സംഗീതം സുഷിന്‍.
എനിക്ക് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ സമ്മാനിച്ച നിര്‍മാതാവാണ് ആഷിക് ഉസ്മാന്‍. കാശുമുടക്കി മാറിനില്‍ക്കുന്ന നിര്‍മാതാവല്ല അദ്ദേഹം. ആദ്യമായി ഞങ്ങളൊന്നിച്ച 'വര്‍ണ്യത്തില്‍ ആശങ്ക'യിലെ കൗട്ട ശിവന്‍ ഇന്നും ഇഷ്ടത്തോടെ ഓര്‍ക്കുന്ന കഥാപാത്രമാണ്.
ചോക്ലേറ്റ് ബോയ് എന്ന ഇമേജില്‍നിന്ന് മാറാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തുകയാണോ. ഇത്തരം കഥാപാത്രങ്ങളെല്ലാം സ്വീകരിക്കുന്നത് അതിന്റെ ഭാഗമായാണോ
അഭിമുഖങ്ങളിലെല്ലാം ഞാന്‍ നേരിടുന്ന സ്ഥിരം ചോദ്യമാണിത്. അനിയത്തിപ്രാവ് എന്ന ആദ്യസിനിമമുതല്‍തന്നെ ചോക്ലേറ്റ് ബോയ് എന്ന ഇമേജ് എനിക്കൊപ്പമുണ്ട്. 23 വര്‍ഷങ്ങള്‍ക്കിപ്പുറവും ഇത്തരമൊരു ഇമേജ് കൂടെവരുന്നു എന്നത് വ്യക്തിപരമായി ആഹ്ലാദം നല്‍കുന്ന കാര്യമാണ്. എങ്കിലും നടന്‍ എന്നനിലയില്‍ അതെനിക്കൊരു തടസ്സമാകുന്നുണ്ട്. ഇപ്പോഴും ചില അവാര്‍ഡൊക്കെ സ്വീകരിക്കാന്‍ പോകുമ്പോള്‍ അവര്‍ സമ്മാനിക്കാന്‍ പോകുന്നത് ബെസ്റ്റ് വില്ലന്‍ പുരസ്‌കാരമാണെങ്കിലും മൈക്കിലൂടെ അനൗണ്‍സ് ചെയ്യുക 'ബെസ്റ്റ് വില്ലന്‍ അവാര്‍ഡ് ഗോസ് ടു ദി ചോക്ലേറ്റ് ബോയ് ഓഫ് മലയാള സിനിമ' എന്നാകും.
അഭിനേതാവ് എന്നനിലയില്‍ മലയാള സിനിമയുടെ മാറ്റത്തിനൊപ്പം സഞ്ചരിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് ഞാന്‍, ട്രാഫിക്, ഹൗ ഓള്‍ഡ് ആര്‍ യു, ടേക്ഓഫ്, വൈറസ് തുടങ്ങിയ ചിത്രങ്ങളെല്ലാം അത്തരം മാറ്റങ്ങളുടെ ഭാഗമായിരുന്നു. അഞ്ചാംപാതിരയെയും സമാനമായൊരു ശ്രമമായാണ് കാണുന്നത്.
ഒരു സുപ്രഭാതത്തില്‍ വന്ന് പെട്ടെന്നൊരു ചെയിഞ്ച് കൊടുത്താല്‍ മലയാളികള്‍ ഒരിക്കലുമത് സ്വീകരിക്കണമെന്നില്ല. എന്റെ കാര്യത്തില്‍ പ്രത്യേകിച്ചും അത് നടക്കില്ല. മാറ്റം ക്രമാനുഗതമാകണം. അതിനുപറ്റിയ വേഷങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുന്നു.
അഞ്ചാം പാതിരായിലെ അന്‍വര്‍ ഹുസൈനെക്കുറിച്ച്?
അന്‍വര്‍ ഹുസൈന്‍ ഒരു സൈക്കോളജിസ്റ്റാണ്. സ്വന്തമായി ക്ലിനിക്കൊക്കെയുള്ള സൈക്കോളജിസ്റ്റ്. പക്ഷേ, അന്‍വറിന് ഇഷ്ടമുള്ളത് ക്രിമിനല്‍ സൈക്കോളജിയാണ്. ക്രിമിനോളജിസ്റ്റാവണം എന്നാണ് ആഗ്രഹം. ക്രിമിനല്‍ സൈക്കോളജിയില്‍ പിഎച്ച്.ഡി ചെയ്യുന്നു. അതിന്റെ ഭാഗമായി പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഒരു ക്രൈം സീക്വന്‍സിന്റെ ഭാഗമാവുകയാണ്. ഒരു എക്‌സ്പീരിയന്‍സിനുവേണ്ടി ജോയിന്‍ ചെയ്യുന്നു
പോലീസിന്റെ ഭാഗമായി ഇറങ്ങുന്ന അന്‍വര്‍ ഹുസൈന്റെ ജീവിതമാണ് ചിത്രം പറയുന്നത്. പുതിയ വഴിത്തിരിവുകള്‍ അന്‍വറിനെയും കൂടെയുള്ളവരെയും എങ്ങനെ ബാധിക്കുന്നു എന്നതാണ് സിനിമ. ഒരുപാട് ദിവസങ്ങള്‍ ഈ കഥാപാത്രത്തിനായി മാറ്റിവെക്കേണ്ടിവന്നു. എന്റെ കുഞ്ഞുജനിച്ചതും ചിത്രീകരണസമയത്തായിരുന്നു. സന്തോഷത്തോടെയാണ് കഥാപാത്രത്തെ അവതരിപ്പിച്ചത്. മറ്റുലൊക്കേഷനുകളില്‍നിന്ന് വ്യത്യസ്തമായി സെറ്റ് മൊത്തം എല്ലായ്പ്പോഴും നിശ്ശബ്ദമായിരുന്നു. കളിചിരികളൊന്നുമില്ലാത്ത അവസ്ഥ. സിനിമയുടെ കഥ ആവശ്യപ്പെടുന്നതും അത്തരമൊരു മൂഡ് തന്നെയായിരുന്നു. സിനിമയുടെ ലൈറ്റിങ് പാറ്റേണ്‍ വ്യത്യസ്തമാണ്. കാണുമ്പോള്‍ അത് മനസ്സിലാകും. ഏകദേശം എഴുപത് ശതമാനവും നൈറ്റ് സീക്വന്‍സ് ആണ്. ത്രില്ലര്‍ സിനിമകള്‍ ആസ്വദിക്കുന്ന വലിയൊരു വിഭാഗം പ്രേക്ഷകര്‍ മലയാളത്തിലുണ്ട്. 'രാക്ഷസന്‍' പോലുള്ള അന്യഭാഷാചിത്രങ്ങള്‍ നമ്മളെല്ലാം കണ്ടതാണ്.
ചാക്കോച്ചനില്‍നിന്ന് ഒരു ബിഗ്ബജറ്റ് മാസ് സിനിമ എന്ന് പ്രതീക്ഷിക്കാം
ഒരു മാസ് സിനിമ ചെയ്യാന്‍ ഞാന്‍ ഒന്നുംകൂടി മൂക്കട്ടെ. സിനിമ ചെയ്യുമ്പോള്‍ അതിന്റെ ബജറ്റ് 50 കോടി, നൂറുകോടി എന്നുപറയാനും 150 അല്ലെങ്കില്‍ 200 കോടി കിട്ടി എന്ന് തള്ളുന്നതിനോടും താത്പര്യമില്ല. ഒരു സിനിമയുടെ കഥ ആവശ്യപ്പെടുന്ന ചെലവില്‍ അതൊരുക്കുന്നതാണ് കാര്യം. വലിയ തുക െചലവിട്ട് ചെയ്യാനുള്ള ഒരു കഥ വരട്ടെ നോക്കാം.
മലയാളത്തിലെ നടന്മാര്‍ സംവിധായകരാകുന്ന കാലമാണിത്. ചാക്കോച്ചനില്‍നിന്ന് അങ്ങനെയൊരു ശ്രമമുണ്ടാകുമോ
സംവിധാനം സ്വപ്നത്തില്‍പ്പോലുമില്ല. തത്കാലം അഭിനയവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം. സിനിമയില്‍ ഇനിയും എനിക്ക് കുറെ കാര്യങ്ങള്‍ അറിയാനും പഠിക്കാനുമുണ്ട്. നടന്‍മാര്‍ സംവിധാനത്തിലേക്കിറങ്ങുമ്പോഴാണ് അവരില്‍ പലരും ആ ജോലിയുടെ തലവേദനകളും ഭാരിച്ച ഉത്തരവാദിത്വവും തിരിച്ചറിയുന്നത്. അതെല്ലാം ഞാന്‍ നേരത്തേതന്നെ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആ വഴിക്ക് നീങ്ങാന്‍ ഉദ്ദേശ്യമില്ല.
2020-ല്‍ പ്രതീക്ഷയുള്ള ഒരുപാട് സിനിമകള്‍ ചെയ്യാനുണ്ട്. അക്കൂട്ടത്തില്‍ കൂടുതല്‍ സ്ട്രെയിനെടുത്ത് ചെയ്യേണ്ട സിനിമകളും ഉള്‍പ്പെടുന്നു. അതുകൊണ്ട് അതെല്ലാം കഴിഞ്ഞിട്ടേ നിര്‍മാണത്തിലേക്കുപോലും കടക്കുന്നുള്ളൂ.
'അനിയത്തിപ്രാവി'ന് ഒരു രണ്ടാം ഭാഗത്തിന് സാധ്യതയുണ്ടോ
ഒരിക്കലുമില്ല. അത്തരം ആലോചനങ്ങള്‍ മുമ്പ് ഉയര്‍ന്നിരുന്നു. എന്നാല്‍, ആദ്യഭാഗത്തെക്കാള്‍ മികച്ചതായി രണ്ടാംഭാഗം ഒരുക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെങ്കില്‍മാത്രമേ അത്തരം ചര്‍ച്ചകള്‍ക്കുപോലും സാധ്യതയുള്ളൂ.
Content Highlights : Kunchacko Boban Interview Anjaam Pathiraa Movie