To advertise here, Contact Us



ലക്ഷ്യം, പ്രണവ് മോഹൻലാൽ ചിത്രം; ജീത്തു ജോസഫ് മനസ്സ് തുറക്കുന്നു


പി.പ്രജിത്ത്

2 min read
Read later
Print
Share

പ്രണവ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായിക്കഴിഞ്ഞു. പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങാനിരിക്കുകയാണ്.

ലയാള സിനിമയ്ക്ക് പുതിയ ദൃശ്യവിരുന്നു സമ്മാനിച്ച സംവിധായകനാണ് ജീത്തു ജോസഫ്. ബോക്സ് ഓഫീസില്‍ മലയാളത്തിന്റെ വലുപ്പംകൂട്ടിയ സംവിധായകന്‍ ലക്ഷ്യമെന്ന പുതിയ സിനിമയില്‍ തിരക്കഥാകൃത്തിന്റെ വേഷത്തിലാണെത്തുന്നത്. നവാഗതനായ അന്‍സാര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ബിജു മേനോനും ഇന്ദ്രജിത്തുമാണ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ അനുഭവങ്ങൾ പങ്കിടുകയാണ് ജീത്തു ജോസഫ്

To advertise here, Contact Us

സംവിധായകന്റെ റോളില്‍ നിന്നുമാറി തിരക്കഥാകൃത്താകാനുള്ള തീരുമാനം എന്തായിരുന്നു?

ലക്ഷ്യത്തിന്റെ സംവിധായകന്‍ അന്‍സാര്‍ ഖാനുമായി വളരെക്കാലത്തെ സൗഹൃദമുണ്ട്. അന്‍സാറിന്റെ തന്നെ കഥയാണ് കൊണ്ടുവരുന്നത്. ആദ്യകേള്‍വിയില്‍തന്നെ ആരിലും ഇഷ്ടം ജനിപ്പിക്കുന്ന സംഭവങ്ങളിലൂടെയാണ് കഥാപാത്രങ്ങള്‍ സഞ്ചരിക്കുന്നത്. അത്തരമൊരു ഇഷ്ടംതന്നെയാണ് തിരക്കഥ എഴുതാമെന്ന തീരുമാനത്തിനുപിന്നിലുണ്ടായത്. സംവിധായകനോളം ഭാരിച്ചജോലിയല്ല എനിക്ക് തിരക്കഥാരചന. എഴുത്ത് പൂര്‍ത്തിയാകുന്നതോടെ മനസികസമ്മര്‍ദം അവസാനിക്കുന്നു. സംവിധായകന്റെ ജോലിയുമായി താരതമ്യം ചെയ്തു നോക്കുമ്പോള്‍ തിരക്കഥാരചനയില്‍ അല്പം സമ്മര്‍ദം കുറവാണെന്നാണ് എന്റെ പക്ഷം.

ലക്ഷ്യത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ?

കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന ചേരുവകള്‍ ചിത്രത്തിലുണ്ടെന്ന് ഉറപ്പിച്ചുപറയാം. ലക്ഷ്യത്തെക്കുറിച്ച് നിറഞ്ഞ പ്രതീക്ഷയാണുള്ളത്. അതുതന്നെയാണ് ചിത്രത്തിന്റെ നിര്‍മാണപങ്കാളിയാകാന്‍ പ്രേരിപ്പിച്ചതും. ലൈഫ് ഓഫ് ജോസൂട്ടി മറ്റൊരാളുടെ കഥയില്‍ ഞാന്‍ സംവിധാനം ചെയ്ത സിനിമയാണ്. ലക്ഷ്യത്തിലെത്തുമ്പോള്‍ സംവിധാനം മറ്റൊരാള്‍ക്കു നല്‍കുന്നു. വ്യത്യസ്തതകള്‍ പരീക്ഷിക്കപ്പെടുകയാണ്. കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ലക്ഷ്യത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്നുണ്ട്. കുറ്റവാളികളും അവര്‍ക്കു പിറകെയുള്ള പോലീസിന്റെ ഓട്ടവുമെല്ലാം. മുന്‍പ് കേട്ടതാണെങ്കിലും വ്യത്യസ്തമായ ചിലത് സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാടിന്റെ ദൃശ്യഭംഗി സ്‌ക്രീനില്‍ നിറയ്ക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
ലക്ഷ്യം ഒരു അഡ്വഞ്ചറസ് ഡ്രാമയാണ്. എന്റെ മുന്‍സിനിമകളായ മെമ്മറീസ്, ദൃശ്യം എന്നിവയെപ്പോലെ പുതിയ ചിത്രവും പ്രേക്ഷകര്‍ സ്വീകരിക്കുമെന്നുതന്നെയാണ് പ്രതീക്ഷ.

സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത് കാടിനുള്ളിലാണെന്ന് കേട്ടിട്ടുണ്ട്. വെല്ലുവിളികളെക്കുറിച്ച്?

ഒരു പ്രത്യേക സാഹചര്യത്തില്‍ രണ്ട് വ്യത്യസ്ത സ്വഭാവമുള്ള കുറ്റവാളികള്‍ കാട്ടിനകത്ത് അകപ്പെടുന്നതും പോലീസ് പിന്തുടരുന്നതിലൂടെയുമെല്ലാമാണ് ചിത്രം വികസിക്കുന്നത്. അതിരപ്പിള്ളി, വാഴച്ചാല്‍ മേഖലകളിലായിരുന്നു ചിത്രീകരണം. കാട്ടിനകത്തായതിനാല്‍ വെളിച്ചം പ്രശ്‌നമായിരുന്നു. രാവിലെ വൈകിമാത്രം ഷൂട്ടിങ് തുടങ്ങാനും വൈകീട്ട് നേരത്തെ ചിത്രീകരണം അവസാനിപ്പിക്കേണ്ടിയും വന്നു. അഭിനേതാക്കളും ടെക്നീഷ്യന്‍മാരും ഏറെ കഷ്ടതകള്‍ സഹിച്ചിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ് ബിജു മേനോന് രണ്ടാഴ്ചയോളം വിശ്രമം വേണ്ടിവന്നു.

ജീത്തു ജോസഫിന്റെ പ്രണവ് മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച്?

അടുത്ത സിനിമ പ്രണവിനെ നായകനാക്കിയാണ്. തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു. സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങാനിരിക്കുകയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us