To advertise here, Contact Us



അയലത്തെ പൊതുഅടുക്കള


ഡോ.ടിഎം. തോമസ് ഐസക്‌

4 min read
Read later
Print
Share

ഏകീകൃതരൂപത്തിനും സർക്കാർ സഹായം ഉറപ്പുവരുത്തുന്നതിനും കുടുംബശ്രീവഴിയാണ് ജനകീയഹോട്ടലുകൾ നടത്തുന്നത്. 20 രൂപയ്ക്ക് ഊണ് ലഭിക്കും, സ്പെഷ്യലിന്‌ അധികപണം നൽകണം, 10 ശതമാനംവരെ ഊണ് പാവപ്പെട്ടവർക്ക്‌ സൗജന്യമായി നൽകണം, സർക്കാർ സബ്സിഡി നൽകും-ഇതാണ് ജനകീയഹോട്ടലുകളുടെ പ്രത്യേകതകൾ. ലോക്‌ഡൗൺ കാലത്താണ് ആരംഭിച്ചതെങ്കിലും അവയിന്നും ഫലപ്രദമായി പ്രവർത്തിക്കുന്നു.

-

വീടാണെങ്കിൽ അടുക്കളയും വേണമെന്നാണ്‌ സങ്കല്പം. എന്നുെവച്ച് എല്ലാവീട്ടിലും എല്ലാം എന്തിന്‌ പാചകം ചെയ്യണം? ഒരു അടുക്കളയിൽ പാചകംചെയ്ത് അയലത്തുകാർ പങ്കിട്ടാൽ പോരേ? ഇതാണ്‌ പൊന്നാനിയിലെ തൃക്കാവ് പ്രദേശത്ത് 10 വീട്ടുകാർ ചെയ്യുന്നത്. 10 വീട്ടുകാർക്കുംവേണ്ട പ്രഭാതഭക്ഷണം, ഉച്ചയ്ക്കും വൈകുന്നേരത്തുംവേണ്ട കറികൾ എന്നിവ ഒരു പൊതു അടുക്കളയിൽ പാചകംചെയ്യുന്നു. ടിഫിൻ കാരിയറുകളിലായി എട്ടുമണിക്കുമുമ്പ് 10 പേരുടെയും വീടുകളിലെത്തിക്കുന്നു. വീടുകളിൽ ചോറും ചായയും മറ്റുംമാത്രമേ െവക്കാറുള്ളൂ. വീട്ടിലെ പാചകജോലിയും കുടുംബച്ചെലവും കുറയും. ഒരു കുടുംബത്തിന്‌ തൊഴിലുമാകും.

To advertise here, Contact Us

സമൂഹ അടുക്കള
ഇപ്പോൾ സുപ്രീംകോടതി കേന്ദ്രസർക്കാരിനോട്‌ പരിഗണിക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന സമൂഹ അടുക്കളയിൽനിന്ന്‌ വ്യത്യസ്തമാണ് മേൽപ്പറഞ്ഞ മാതൃക. സമൂഹ അടുക്കളവഴി പൊതുജനങ്ങൾക്ക്‌ ചുരുങ്ങിയവിലയ്ക്ക് ഭക്ഷണംനൽകുന്നു; അല്ലെങ്കിൽ, പാവപ്പെട്ടവർക്ക്‌ സൗജന്യമായി. തമിഴ്നാട്ടിലെ അമ്മ ഭക്ഷണശാല, കേരളത്തിലെ ജനകീയ ഹോട്ടൽ എന്നിവ ഉദാഹരണങ്ങളാണ്. കേരളത്തിൽ തുടക്കം സർക്കാർ നേരിട്ടുനടത്തിയ മാവേലി ഹോട്ടലുകളാണ്. പക്ഷേ, ഇത്‌ വേണ്ടത്ര വിജയിച്ചില്ല. ജനകീയ ഹോട്ടലുകൾ ആവിഷ്കരിച്ചത് ആലപ്പുഴയിലെ ജനകീയ ഭക്ഷണശാല/ജനകീയ അടുക്കളകളിലെ അനുഭവത്തിൽനിന്നാണ്. പാലിയേറ്റീവ് സംഘടനകളാണ് ആലപ്പുഴയിൽ ഇവ നടത്തിയത്. 600-ഓളം കുടുംബങ്ങൾക്ക്‌ നാലുവർഷമായി സൗജന്യഭക്ഷണം നൽകുന്നു. ഇതിനുപുറമേ ന്യായവിലയ്ക്കും ഭക്ഷണം കൊടുക്കുന്നു.

ഏകീകൃതരൂപത്തിനും സർക്കാർ സഹായം ഉറപ്പുവരുത്തുന്നതിനും കുടുംബശ്രീവഴിയാണ് ജനകീയഹോട്ടലുകൾ നടത്തുന്നത്. 20 രൂപയ്ക്ക് ഊണ് ലഭിക്കും, സ്പെഷ്യലിന്‌ അധികപണം നൽകണം, 10 ശതമാനംവരെ ഊണ് പാവപ്പെട്ടവർക്ക്‌ സൗജന്യമായി നൽകണം, സർക്കാർ സബ്സിഡി നൽകും-ഇതാണ് ജനകീയഹോട്ടലുകളുടെ പ്രത്യേകതകൾ. ലോക്‌ഡൗൺ കാലത്താണ് ആരംഭിച്ചതെങ്കിലും അവയിന്നും ഫലപ്രദമായി പ്രവർത്തിക്കുന്നു.

പൊതുഅടുക്കള
മുകളിൽ വിവരിച്ച സമൂഹ അടുക്കളയിൽനിന്ന് വ്യത്യസ്തമാണ് അയലത്തെ പൊതുഅടുക്കള. ഇവിടെ ഭക്ഷണം പാചകംചെയ്യുന്നത് അംഗങ്ങളായ അയലത്തെ കുടുംബങ്ങൾക്കുവേണ്ടിമാത്രമാണ്. ഭക്ഷണം എന്തെന്ന്‌ തീരുമാനിക്കുന്നതും ഇവരെല്ലാം ഒരുമിച്ചാണ്. ചെലവ് വിഭജിച്ചെടുക്കുകയാണ്‌ രീതി.

പാവപ്പെട്ടവർക്കുവേണ്ടിയുള്ള സമൂഹ അടുക്കളകൾ ലോകത്തെമ്പാടുമുണ്ട്. ക്ഷാമകാലത്തും സാമ്പത്തികതകർച്ചയുടെ കാലത്തും പാശ്ചാത്യരാജ്യങ്ങളിൽവരെ സമൂഹ അടുക്കളകൾ വ്യാപകമാകും. എന്നാൽ, അയലത്തുകാർക്കുള്ള പൊതുഅടുക്കള അനുഭവങ്ങൾ പ്രായേണ ഇല്ലെന്നുതന്നെ പറയാം.

ഇരട്ടിഭാരം
നമ്മുടെ നാട്ടിലും സ്ത്രീകൾ കൂടുതൽ പുറംജോലികൾക്ക്‌ പോകുന്നുണ്ട്. സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം ഗണ്യമായി ഉയർത്തണമെന്നുള്ളതാണ് സർക്കാരിന്റെ നയം. എന്നാൽ, പുരുഷനെപ്പോലെത്തന്നെ പുറത്ത്‌ ജോലിക്കുപോകുന്ന സ്ത്രീ വീട്ടിൽവന്നാൽ ഗാർഹികജോലികളെല്ലാം ചെയ്തേതീരൂ. ഇതിനെയാണ് ഇരട്ടിഭാരം എന്നുപറയുന്നത്. വീട്ടുജോലികളുടെ ഭാരം ആരും കാണുന്നുമില്ല, വിലമതിക്കപ്പെടുന്നുമില്ല.

പാശ്ചാത്യരാജ്യങ്ങളിൽ രണ്ടുരീതിയിലാണ് ഗാർഹികജോലിഭാരം കുറച്ചത്. കൂടുതൽ ഭക്ഷണം ഹോട്ടലുകളിൽനിന്നും കാന്റീനുകളിൽനിന്നും കഴിക്കുക. രണ്ട്, കുടുംബജോലികൾ ലഘൂകരിക്കാൻ യന്ത്രങ്ങളെ ഉപയോഗപ്പെടുത്തുക. അടുക്കള സ്മാർട്ടാകും. ഇതാണ് കേരളസർക്കാർ മുന്നോട്ടുെവച്ചിരിക്കുന്ന സ്മാർട്ട് കിച്ചൺ പദ്ധതിയുടെ ഉദ്ദേശ്യം. അയലത്തെ പൊതു അടുക്കള ഒരുപടികൂടി മുന്നോട്ടുപോകുന്നു.

മാജിതയുടെ സാക്ഷ്യം
പൊന്നാനി പൊതുഅടുക്കള പ്രസ്ഥാനത്തിന്റെ മുൻനിരക്കാരിയായ മാജിത പറയുന്നു: ‘‘ഇന്നുഞാൻ പോക്സോ കേസുകളിലെ സർക്കാർ വക്കീലാണ്. ഈ പൊതു അടുക്കള തുടങ്ങുന്നതിനുമുൻപ്, ഉറക്കമുണർന്നാൽ നേരെ അടുക്കളയിലേക്ക് പ്രവേശിക്കുകയും ഊണിലും ഉറക്കത്തിലുംവരെ അടുക്കളയിൽ എന്തുണ്ടാക്കണമെന്ന ചിന്തയിലുമായിരുന്നു. അഭിഭാഷകവൃത്തിയിൽ ഒരിക്കലും മനസ്സുറപ്പിച്ച് നിൽക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. അഭിഭാഷകനും പൊതുപ്രവർത്തകനുമായ എന്റെ പങ്കാളി ഖലിമും എന്നോടൊപ്പം അടുക്കളയിൽ പരമാവധി സമയങ്ങളിൽ ഉണ്ടാകുമെങ്കിൽപ്പോലും കുഞ്ഞുങ്ങൾക്ക് ഇലക്കറികളും മറ്റും ചേർത്തുള്ള പോഷകസമ്പുഷ്ടമായ ഭക്ഷണം വല്ലപ്പോഴുംപോലും ഉണ്ടാക്കി നൽകാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. തിരക്കുകൾക്കിടയിൽ അടുക്കളജോലി ഒരു എളുപ്പത്തിൽ ക്രിയചെയ്യലായി മാറിയിരുന്നു. ഇപ്പോൾ എഴുന്നേറ്റാൽ ഒരു ചായയുമിട്ട്, എന്നെ സർക്കാർ ഏൽപ്പിച്ച ജോലിയിലേക്ക് എനിക്ക് നേരിട്ട് കടക്കാൻ കഴിയുന്നു. ഇരകളാക്കപ്പെട്ട ഒട്ടേറെ പെൺകുട്ടികളോട് ആത്മാർഥത പുലർത്തി ജോലിചെയ്യാൻ എന്നെ ഈ പ്രസ്ഥാനം സഹായിക്കുന്നു’’. ഈ വാക്കുകളെക്കാൾ വലിയ സാക്ഷ്യം പൊതുഅടുക്കള പ്രസ്ഥാനത്തിന്‌ വേണ്ടതില്ല.

സാമ്പത്തികം
പൊന്നാനിയിലെ പൊതു അടുക്കളയിലൂടെ വിളമ്പുന്ന ഭക്ഷ്യസാധനങ്ങൾ നാലുപേരടങ്ങുന്ന വീട്ടിൽ പാചകംചെയ്യുകയാണെങ്കിൽ എന്തുചെലവുവരുമെന്ന്‌ കണക്കാക്കി നോക്കി. ഓരോ ദിവസവും പൊതു അടുക്കളയിലേക്കുവാങ്ങുന്ന സാധനങ്ങളുടെ കണക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ഇടുന്നുണ്ട്. നാലുപേരുടെ കുടുംബത്തിന് പയറുവർഗങ്ങളും പച്ചക്കറികളും മത്സ്യവുംമറ്റും വാങ്ങാൻവേണ്ടി 5000 രൂപ ചെലവുവരും. പിന്നെ പാചകത്തിന്‌ വൈദ്യുതി, ഗ്യാസ്, വെള്ളം തുടങ്ങിയവയ്ക്കൊക്കെ 1500 രൂപ ചെലവുവരും. അങ്ങനെ മൊത്തം 6500 രൂപ. ശരാശരി ഒരു ദിവസം ഒരാൾക്ക് 55 രൂപ.

എന്നാൽ, മേൽകണക്കിൽ ഒരു പ്രധാനകാര്യം വിട്ടുകളഞ്ഞിട്ടുണ്ട്. പാചകക്കാരി സ്ത്രീയുടെ കൂലി. തൊഴിലുറപ്പുകൂലി ഇട്ടാൽപ്പോലും പ്രതിമാസം 8730 രൂപ വരും. ഇതടക്കം ഒരാൾക്ക് പ്രതിദിന ഭക്ഷണച്ചെലവ് 127 രൂപ. എന്നാൽ, പൊതു അടുക്കളയിലേക്ക്‌ പ്രതിദിനം 70 രൂപ​െവച്ചേ നൽകേണ്ടതുള്ളൂ.

പൊതുഅടുക്കളയിൽ ജോലി ചെയ്യുന്നയാൾക്ക് ഏതാണ്ട് 20,000 രൂപയെങ്കിലും പ്രതിമാസം ലഭിക്കും. ഇത് അവരുടെതന്നെ സാക്ഷ്യം. അത്‌ കൂടുകയല്ലാതെ കുറയില്ല. ഇതിനുപുറമേ പാചകക്കാരിയുടെ കുടുംബത്തിന് സൗജന്യമായി ഭക്ഷണവും ഇതിൽനിന്ന്‌ ലഭിക്കും.

ഇടത്തരക്കാരുടെയോ?
അടുത്ത വിമർശനം പൊതുഅടുക്കള ഇടത്തരക്കാർക്കുവേണ്ടിയാണ്, പാവപ്പെട്ടവർക്ക് അനുയോജ്യമല്ല എന്നാണ്. ഇടത്തരക്കാർക്ക് ഇതിന്‌ താത്‌പര്യമുണ്ടാവില്ലെന്നതാണ്‌ സത്യം. പുറത്ത്‌ ജോലിചെയ്യാൻ പോകുന്ന താഴ്ന്ന ഇടത്തരം ജീവനക്കാരുടെയും പ്രൊഫഷണലുകളുടെയും വീടുകളിലാണ് ഇത്തരം സംവിധാനം അനിവാര്യമായി വരുന്നത്.

പാവപ്പെട്ടവർക്കും പൊതു അടുക്കളകളാകാം. ഭക്ഷണം എത്ര ചെലവുള്ളതാകണമെന്നത് അംഗങ്ങൾ തന്നെയാണല്ലോ തീരുമാനിക്കുന്നത്. പൊതുഅടുക്കള സംബന്ധിച്ച് എത്ര പരതിയിട്ടും എനിക്ക്‌ കണ്ടെത്താൻ കഴിഞ്ഞ ചുരുക്കം ചില മാതൃകകളിലൊന്ന് പെറുവിലെ ഖനിത്തൊഴിലാളികൾ ഇടതുപക്ഷ സർക്കാരിന്റെ പിന്തുണയോടെ ആരംഭിച്ച പൊതുഅടുക്കളകളാണ്.

ചെലവുകുറയ്ക്കാൻ
ചെലവുകുറയ്ക്കാനും ഗുണം കൂട്ടാനും മാർഗങ്ങൾ ഏറെയുണ്ട്. പൊന്നാനിയിൽ ഇപ്പോൾ രണ്ട് അടുക്കളകളായിട്ടുണ്ട്. ബാലുശ്ശേരിയിലും ഒന്നുണ്ട്. ഒരു പ്രദേശത്തുതന്നെ ഒട്ടേറെ പൊതു അടുക്കളകളുണ്ടായാൽ ഇവർക്ക് ഗുണമേന്മയേറിയ സാധനങ്ങൾ വാങ്ങി പാചകത്തിന്‌ റെഡിയാക്കിനൽകാനും ഒരു തൊഴിൽഗ്രൂപ്പ് ആരംഭിക്കാം. ഗുണമേന്മയേറിയ കറിമസാല പൗഡറുകളും അച്ചാറുകളും മാവും മറ്റും ഉണ്ടാക്കുന്നതിന്‌ മറ്റൊരു തൊഴിൽ ഗ്രൂപ്പാകാം. കേരള സർക്കാരിന്റെ സ്മാർട്ട് കിച്ചൺ പദ്ധതി പൊതുഅടുക്കളയോട്‌ ബന്ധപ്പെടുത്തിയാൽ അവിടത്തെ ജോലിഭാരവും കുറയും. കൂടുതൽ വൃത്തി ഉറപ്പുവരുത്താനുമാകും.

ഒരു കാര്യം തീർച്ച. കേരളം വളരെ ഗൗരവമായി ചർച്ചചെയ്യേണ്ടുന്ന ഒരു നൂതന പരീക്ഷണമാണ് പൊന്നാനിയിലെ പൊതുഅടുക്കള.

കാണാപ്പണിയല്ല, തൊഴിലാണ്‌
ഈ സമ്പ്രദായത്തിന്‌ വരാവുന്ന ഒരു വിമർശനം, പൊതു അടുക്കളയിലും സ്ത്രീയാണ് ജോലിചെയ്യുന്നത്; അവരെ മറ്റുള്ളവർ ചൂഷണംചെയ്യുന്നില്ലേ? പൊതു അടുക്കളയിൽ സ്ത്രീതന്നെ ജോലി ചെയ്യണമെന്നില്ല. ഹോട്ടലുകളിലുംമറ്റും പുരുഷന്മാരല്ലേ പാചകം. ഇനി സ്ത്രീതന്നെ ചെയ്താലും അത്‌ കാണാപ്പണിയല്ല. അവർ സ്വമേധയാ സ്വീകരിച്ചിരിക്കുന്ന തൊഴിലാണ്. സർക്കാർ പാചകക്കാർക്ക്‌ നിശ്ചയിച്ചിരിക്കുന്ന മിനിമം കൂലിയെക്കാൾ ഗണ്യമായി അധികവരുമാനം ഇവർക്കു ലഭിക്കുന്നുണ്ട്. ഇനി പോരായെന്നുണ്ടെങ്കിൽ വർധിപ്പിക്കാൻ കൂട്ടായി തീരുമാനിച്ചാൽ മതി. ഏതായാലും അംഗങ്ങൾ ഭക്ഷണസാധനങ്ങൾ പുറത്തുവിറ്റ് ലാഭമുണ്ടാക്കാനല്ലല്ലോ പൊതു അടുക്കള നടത്തുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us