10 വര്‍ഷം, രണ്ട് ലക്ഷം കോടിയുടെ പശ്ചാത്തല സൗകര്യ നിക്ഷേപം; കെ റെയില്‍ പ്രധാനം-തോമസ് ഐസക്


3 min read
Read later
Print
Share

ഗതാഗതസമ്പ്രദായം കൂടുതല്‍ക്കൂടുതല്‍ റോഡ് കേന്ദ്രീകൃതമാകുന്നത് പരിസ്ഥിതിക്ക് വിനാശമാണ്. കാറുകളുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കും. ഇപ്പോള്‍ റോഡ് നവീകരിച്ചാലും നാളെ തിരക്കും കുരുക്കും പ്രത്യക്ഷപ്പെടും. അതുകൊണ്ട് സന്തുലിതമായ ഗതാഗതഘടനയ്ക്ക് റെയില്‍പോലുള്ള പൊതുഗതാഗതസംവിധാനങ്ങള്‍ വിപുലപ്പെടുത്തിയേതീരൂ.

തോമസ് ഐസക്| ഫയൽ ഫോട്ടോ: പി.ജി ഉണ്ണിക്കൃഷ്ണൻ, മാതൃഭൂമി

ന്തേ ട്രെയിന്‍ ഇരിങ്ങാലക്കുടയ്ക്കുപോകാതെ കല്ലേറ്റിന്‍കരയില്‍വെച്ച് തിരിഞ്ഞുപോകുന്നത്? പലപ്പോഴും ആലോചിച്ചിട്ടുള്ള ഒരു കാര്യമാണിത്. അശോകന്‍ ചരുവിലിന്റെ കഥ വായിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. 'വര്‍ഷങ്ങള്‍ക്കുമുമ്പ് കൊച്ചി-ഷൊര്‍ണൂര്‍ പാത പണിയാരംഭിച്ചപ്പോള്‍ അത് ഇരിങ്ങാലക്കുടയിലൂടെ കടന്നുപോകണം എന്നാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, പ്രതിഷേധിച്ചും സമരംചെയ്തും തൃപ്പൂണിത്തുറയില്‍പ്പോയി രാജാവിന്റെ കാലുപിടിച്ചും ആ വലിയ ദുരന്തം ഞങ്ങള്‍ ഒഴിവാക്കുകയാണ് ചെയ്തത്. യൂറോപ്യന്‍ ആധുനികതയുടെ ഭാഗമായിവന്ന റെയില്‍വേയുടെ സാമ്രാജ്യത്വസ്വഭാവവും അതുണ്ടാക്കുന്ന പാരിസ്ഥിതികപ്രശ്‌നങ്ങളും അന്നുതന്നെ ഞങ്ങളുടെ പൂര്‍വികര്‍ തിരിച്ചറിഞ്ഞു എന്നതാണ് വാസ്തവം. ഇപ്പോള്‍ പട്ടണത്തില്‍നിന്ന് പത്തുകിലോമീറ്റര്‍ അകലെ 'ഇരിങ്ങാലക്കുട' എന്ന് ബോര്‍ഡുവെച്ചിരിക്കുന്ന കല്ലേറ്റുംകര സ്റ്റേഷനില്‍പ്പോയി വണ്ടി കാത്തുനില്‍ക്കുമ്പോള്‍ ആ പൂര്‍വികരെ ഞങ്ങള്‍ സ്മരിക്കുന്നു.'

കെ-റെയില്‍ വന്നാല്‍ കേരളം പിളരും. പ്രളയം വരും. കടക്കെണിയിലാകും. ഇരകള്‍ കുത്തുപാളയെടുക്കും. എന്നിങ്ങനെയെല്ലാമുള്ള വേവലാതികള്‍ കാണുമ്പോള്‍ അശോകന്‍ ചരുവിലിന്റെ പൂര്‍വികരെയാണ് ഓര്‍മവരുന്നത്. ഇവയും അതിനപ്പുറവുമുള്ള കാര്യങ്ങളും ചര്‍ച്ചചെയ്യാം. പക്ഷേ, അതുവരെ എല്ലാം നിര്‍ത്തിവെക്കണമെന്നുമാത്രം പറയരുത്. ഒരു ദശാബ്ദത്തിലേറെ പഠനവും ചര്‍ച്ചയുംനടന്ന വിഷയമാണിത്.

റോഡോ റെയിലോ?

ഗതാഗതസമ്പ്രദായം കൂടുതല്‍ക്കൂടുതല്‍ റോഡ് കേന്ദ്രീകൃതമാകുന്നത് പരിസ്ഥിതിക്ക് വിനാശമാണ്. കാറുകളുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കും. ഇപ്പോള്‍ റോഡ് നവീകരിച്ചാലും നാളെ തിരക്കും കുരുക്കും പ്രത്യക്ഷപ്പെടും. അതുകൊണ്ട് സന്തുലിതമായ ഗതാഗതഘടനയ്ക്ക് റെയില്‍പോലുള്ള പൊതുഗതാഗതസംവിധാനങ്ങള്‍ വിപുലപ്പെടുത്തിയേതീരൂ.

നിലവിലുള്ള റെയില്‍ നവീകരിച്ചാല്‍ പോരേ?

പോരാ. നിലവിലുള്ള ട്രാക്കില്‍ 36 ശതമാനം വളവുകളാണ്. അവ നികത്താന്‍ റെയില്‍വേക്ക് പരിപാടിയില്ല. പുതിയ സമാന്തര ട്രാക്കിട്ടാലും ഈ വളവുകളുണ്ടാവും. സിഗ്നല്‍ ഓട്ടോമാറ്റിക്കാക്കിയാല്‍ കൂടുതല്‍ ട്രെയിന്‍ ഓടിക്കാം. പക്ഷേ, സ്പീഡ് വര്‍ധിപ്പിക്കുന്നതിനു പരിമിതിയുണ്ട്.

സ്പീഡിന് എന്താണ് ഇത്രയധികം പ്രാധാന്യം?

റോഡില്‍നിന്ന് ദീര്‍ഘദൂര കാര്‍യാത്രക്കാരെ ആകര്‍ഷിക്കണമെങ്കില്‍ സ്പീഡ് പ്രധാനമാണ്. ഇന്ന് എറണാകുളം-തിരുവനന്തപുരം കാര്‍ വഴി 5-6 മണിക്കൂര്‍ എടുക്കും. റോഡ് ആറു ലൈനാകുമ്പോള്‍ 3-4 മണിക്കൂറെങ്കിലും എടുക്കും. 1.5 മണിക്കൂര്‍കൊണ്ട് എത്താന്‍പറ്റുന്ന അതിവേഗ ട്രെയിന്‍തന്നെ ആകര്‍ഷകം. കാസര്‍കോടുവരെ നാലുമണിക്കൂറില്‍ത്താഴെ മതിയാകും. പോരാത്തതിന് കിലോമീറ്ററിന് 10 രൂപയില്‍നിന്നും യാത്രച്ചെലവ് 2.75 രൂപയായി താഴുകയുംചെയ്യും.

സ്റ്റാന്‍ഡേഡ് ഗേജ് എന്തിന്?

നിലവില്‍ റെയില്‍വേ ട്രാക്ക് ബ്രോഡ്‌ഗേജാണ്. അതില്‍ത്തന്നെ അതിവേഗപാതയും പണിയുന്നതല്ലേ അഭികാമ്യം? പക്ഷേ, ഇന്ത്യന്‍ റെയില്‍വേ മറിച്ചാണ് പറയുന്നത്. അവരും നമ്മളും സംയുക്തമായിട്ടാണ് കെ-റെയില്‍ പണിയുന്നത്. അവര്‍ ഇന്ത്യയിലെ എല്ലാ അതിവേഗ, അര്‍ധഅതിവേഗ പാതകളും സ്റ്റാന്‍ഡേഡ് ഗേജിലാണ് പണിയുന്നത്. ആഗോളമായിത്തന്നെ ഇത്തരം റെയില്‍വേകളില്‍ 90 ശതമാനത്തിലേറെ സ്റ്റാന്‍ഡേഡ് ഗേജിലാണ്.

അപ്പോള്‍ ബ്രോഡ്‌ഗേജ് യാത്രക്കാരോ?

അവര്‍ ട്രാക്ക് മാറിക്കയറണം. പക്ഷേ, ടിക്കറ്റ് ചാര്‍ജ് കൂടും. അതുകൊണ്ട് എല്ലാവര്‍ക്കും ഇന്ന് കെ-റെയില്‍ ഉപയോഗപ്പെടുത്താന്‍ വരുമാനമുണ്ടാവണമെന്നില്ല. എല്ലാവര്‍ക്കും വിമാനത്തിലും ടാക്‌സിയിലും സഞ്ചരിക്കാന്‍ കഴിയാത്തതുപോലെ. അതുകൊണ്ട് ഇന്നു നിലവിലുള്ള ബ്രോഡ് ഗേജ് നവീകരിക്കണം. കൂടുതല്‍ പാളങ്ങളും വേണം. അതിന് റെയില്‍വേയുടെമേല്‍ സമ്മര്‍ദം ചെലുത്തണം.

അപ്പോള്‍ കെ-റെയില്‍ വരേണ്യവര്‍ഗക്കാരുടേതോ?

കെ-റെയില്‍ ഇല്ലെങ്കില്‍ ഇവരുടെ ദീര്‍ഘദൂരയാത്രകള്‍ കാറിലാകും. അത് സാധാരണക്കാര്‍ക്കടക്കം കുരിശാകും. ഇന്ന് കേരളത്തില്‍ ­കെ-റെയില്‍ ഉപയോഗിക്കാന്‍ വരുമാനമുള്ള ഇടത്തരക്കാര്‍ അടക്കമുള്ളവര്‍ ജനസംഖ്യയുടെ പകുതിയോളംവരും. ഇന്നത്തെ പാവപ്പെട്ടവരുടെ അടുത്തതലമുറയെ നാളെ കെ-റെയിലിലും യാത്രചെയ്യാന്‍ വരുമാനമുള്ളവരാക്കിമാറ്റാനുള്ള വികസനതന്ത്രത്തിന്റെ ഭാഗമാണ് ഇന്നു നടത്താന്‍ ശ്രമിക്കുന്ന അഭൂതപൂര്‍വമായ പശ്ചാത്തലസൗകര്യവികസനം.

കെ-റെയില്‍ ലാഭമോ, നഷ്ടമോ?

പാളങ്ങള്‍ നിര്‍മിക്കുന്നതിനുള്ള മുതല്‍മുടക്കിന്റെ സര്‍വീസിങ് അടക്കം പരിഗണിച്ചുകൊണ്ട് കമ്പനി ലാഭത്തിലാവാന്‍ ഒന്നോ രണ്ടോ ദശാബ്ദത്തിലേറെ എടുത്തേക്കാം. നോക്കൂ, നമ്മള്‍ ദേശീയപാത ആറുവരി ആക്കുകയല്ലേ. ഇതിന് കേന്ദ്രവും സംസ്ഥാനവുംകൂടി മുതല്‍മുടക്കേണ്ടിവരുന്ന തുക കെ-റെയിലിന്റെ അത്രതന്നെ വരും. പക്ഷേ, ദേശീയപാതയുടെ ലാഭം എത്രയെന്ന് ആരെങ്കിലും ചോദിക്കുമോ? കെ-റെയിലില്‍നിന്നുള്ള ഭാവിനേട്ടങ്ങള്‍ 24 ശതമാനംവീതം ഡിസ്‌കൗണ്ട് ചെയ്താലും ഇന്നത്തെ മുതല്‍മുടക്കിന്റെ മൂല്യംവരും. അത്രയ്ക്കുവലിയ സാമൂഹികനേട്ടമാണ് കെ-റെയില്‍ നല്‍കുക.

'ഇര'കളെ നിരാലംബരാക്കുമോ?

ദേശീയപാതയും ഗെയ്ലും കൂടംകുളം പവര്‍ലൈനും എല്ലാം ഭൂമി ഏറ്റെടുക്കാനാവാതെ 'ഇര'കളുടെപേരില്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നല്ലോ. ഇപ്പോള്‍ ഇതിന്റെപേരില്‍ ഇവിടെയെവിടെയെങ്കിലും സമരമുണ്ടോ? ഏറ്റെടുക്കുന്ന ഭൂമിക്ക് ആകര്‍ഷകമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തിക്കൊണ്ടാണ് പ്രശ്‌നത്തിനു പരിഹാരംകണ്ടത്. ഇപ്പോള്‍ വിളപ്പില്‍ശാലയില്‍ സമരം നടക്കുന്നത് 20 ഏക്കര്‍ പോരാ, സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 ഏക്കര്‍ ഭൂമിയും സാങ്കേതിക സര്‍വകലാശാലയ്ക്കുവേണ്ടി ഏറ്റെടുക്കണമെന്ന് ഡിമാന്‍ഡുയര്‍ത്തിക്കൊണ്ടാണ്.

കേരളത്തെ പിളര്‍ക്കുമോ?

നിലവിലുള്ള റെയില്‍പ്പാത എംബാങ്മെന്റിനു മുകളിലാണ്. തിരൂര്‍മുതല്‍ കാസര്‍കോടുവരെയുള്ള അതിവേഗപാത ഇതിനു സമാന്തരമാണ്. അതുകൊണ്ട് പണ്ടില്ലാതിരുന്ന ഒരു പുതിയ പ്രശ്‌നവും ഇവിടെ ഉണ്ടാവില്ല. പുതിയ എംബാങ്മെന്റിന് ഉയരം കൂടുമെന്നതു ശരി. ഫെന്‍സിങ്ങും ഉണ്ടാവും (ആറുവരിപ്പാതയില്‍ ഡിവൈഡറിന് ഫെന്‍സിങ് ഉണ്ടെന്നത് ഓര്‍ക്കുക). കുറുകേക്കടക്കുന്നതിന് ഇന്നു നിലവിലുള്ള എല്ലാ റോഡിനും അണ്ടര്‍പാസേജ് ഉണ്ടാവും -500 മീറ്ററിന് ഒന്നുവീതം.

വെള്ളമൊഴുക്ക് തടസ്സപ്പെടും വെള്ളപ്പൊക്കമുണ്ടാകും എന്നൊക്കെ പറയുന്നത് അടിസ്ഥാനരഹിതമാണ്. വെള്ളം പടിഞ്ഞാറേക്ക് പരന്നൊഴുകുകയല്ല. നീര്‍ച്ചാലുകള്‍, പുഴകള്‍, തോടുകള്‍ എന്നിവയിലൂടെയാണ് ഒഴുകുന്നത്. നീര്‍ച്ചാലുകളുടെ ഒഴുക്കിനെ തടസ്സപ്പെടുത്താതെ കുറച്ചുകൂടി വിപുലീകരിച്ചുകൊടുക്കുന്നതിനാണു ശ്രമിക്കുക. അതിര്‍ത്തിക്കല്ലുകള്‍ ഇട്ടുകഴിഞ്ഞാല്‍ ഇത്തരം സ്ഥലങ്ങള്‍ കൃത്യമായി കണ്ടെത്താനാവും. എംബാങ്മെന്റുകളില്‍ ആവശ്യമായ കള്‍വര്‍ട്ടുകള്‍ ഉണ്ടായിരിക്കും. ബന്ധപ്പെട്ട ഹൈഡ്രോഗ്രാഫിക് സര്‍വേ നടന്നുവരുന്നു.

കേരളം കടക്കെണിയിലാക്കുമോ?

കടം വാങ്ങുകയും സാമ്പത്തികവളര്‍ച്ച മുരടിക്കുകയും ചെയ്താല്‍ ഫലം കടക്കെണിയായിരിക്കും. എന്നാല്‍, കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലേറെയായി ദേശീയ ശരാശരിയെക്കാളും വേഗത്തിലാണ് നമ്മള്‍ വളരുന്നത്. ഈ വളര്‍ച്ചയുടെ വേഗം ഇനിയും ഉയര്‍ത്താനാണ് നമ്മുടെ പരിശ്രമമെന്നത് വിശദീകരിച്ചല്ലോ. അതുകൊണ്ട് കെ-റെയില്‍ അടക്കമുള്ള പശ്ചാത്തലസൗകര്യ നിര്‍മാണം കേരളത്തെ കടക്കെണിയിലൊന്നുമാക്കില്ല.

ഇതുവരെ പുനര്‍വിതരണത്തിലും ക്ഷേമത്തിലുമായിരുന്നു കേരളത്തിന്റെ മിടുക്ക്. ഉയര്‍ന്നകൂലി, ഭൂപരിഷ്‌കരണം, പൊതുവിദ്യാഭ്യാസ-ആരോഗ്യാദി സൗകര്യങ്ങള്‍ ഇവയെല്ലാം കേരളത്തിലെ സാധാരണക്കാര്‍ക്ക് മറ്റു സംസ്ഥാനങ്ങളിലുള്ളവരെക്കാള്‍ വളരെ മെച്ചപ്പെട്ടൊരു ജീവിതം കഴിഞ്ഞ ഏതാനും തലമുറകളായി ഉറപ്പുവരുത്തിയിട്ടുണ്ട്. അതുകൊണ്ടുമാത്രം അഭ്യസ്തവിദ്യരായ പുതിയതലമുറ സംതൃപ്തരല്ല. അവര്‍ക്ക് തങ്ങളുടെ വിദ്യാഭ്യാസയോഗ്യതയ്ക്കനുസൃതമായ തൊഴിലവസരങ്ങള്‍ കൂടിയേതീരൂ. ഇത് ഉണ്ടാകുന്നില്ലായെന്നുള്ളതാണ് ഇന്നത്തെ വികസനപ്രതിസന്ധിയുടെ മുഖ്യവശം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram