To advertise here, Contact Us



തി​രഞ്ഞെടുപ്പ്‌ ഫലങ്ങൾ പറയുന്നത്‌


2 min read
Read later
Print
Share

കാര്യങ്ങൾ എളുപ്പമല്ലെന്നും പതിവു വാചാടോപവും പാരമ്പര്യ പ്രസംഗവും പ്രത്യയശാസ്ത്ര ശുദ്ധിഭാവവുംകൊണ്ട്‌ പുത്തൻ

മൂന്നു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ത്യൻ നാഷണൽ കോൺഗ്രസിനും സി.പി.എമ്മിനും ചില താക്കീതുകൾ നൽകുന്നു. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇനി മുന്നോട്ടെങ്ങനെ നീങ്ങുമെന്ന സുപ്രധാനവും സങ്കീർണവുമായ ചോദ്യത്തിനു മുന്നിലാണ്‌ തിരഞ്ഞെടുപ്പുഫലങ്ങൾ കോൺഗ്രസിനെയും ഇടതുപക്ഷത്തെയും കൊണ്ടുചെന്നു നിർത്തിയിരിക്കുന്നത്‌.

To advertise here, Contact Us

വിജയം നേടിയ ബി.ജെ.പി.ക്കാകട്ടെ വർധിതമായ ആത്മവിശ്വാസത്തോടെ പൊതുതിരഞ്ഞെടുപ്പിനെ നേരിടാനാവുന്ന സാഹചര്യവും ഈ തിരഞ്ഞെടുപ്പുകൾ നൽകുന്നു. നാഗാലാൻഡിലും ത്രിപുരയിലും ഒരു സീറ്റുപോലും നേടാനാകാതെ തകർന്നടിഞ്ഞ കോൺഗ്രസിന്‌ മേഘാലയയിലെ നേട്ടത്തിൽ ആശ്വസിക്കാനെങ്കിലും വകയുണ്ട്‌. ബി.ജെ.പി.യെ നേരിടാൻ കോൺഗ്രസുമായി സഖ്യം വേണ്ടതുണ്ടോ എന്ന പ്രശ്നത്തിൽ കടുത്ത അഭിപ്രായഭിന്നതയിലെത്തിനിൽക്കുന്ന സി.പി.എമ്മിനാകട്ടെ, ഈ തിരഞ്ഞെടുപ്പുഫലം കടുത്ത പ്രതിസന്ധിയാണു സമ്മാനിച്ചിരിക്കുന്നത്‌.

ത്രിപുരയിലെ ഭരണനഷ്ടം സി.പി.എമ്മിനെ കടുത്ത രാഷ്ട്രീയപ്രതിസന്ധിയിലേക്കാണ്‌ എത്തിച്ചിരിക്കുന്നത്‌, അവർ സമ്മതിച്ചാലും ഇല്ലെങ്കിലും. രാഷ്ട്രീയ വാചകക്കസർത്തും മൈതാനപ്രസംഗവും പ്രതീകാത്മക സമരങ്ങളുംകൊണ്ട്‌ നേരിടാനാവാത്ത എതിർശക്തിക്കു മുന്നിൽ തങ്ങൾ ദുർബലരായിരിക്കുന്നുവെന്നു സി.പി.എമ്മിന്റെ മാത്രമല്ല, പൊതുവിൽ ഇടതുപക്ഷത്തിന്റെ നേതൃത്വവും അംഗീകരിക്കാതിരിക്കുകയാണെങ്കിൽ അത്‌ യാഥാർഥ്യത്തിൽനിന്നുള്ള ഒളിച്ചോടൽ മാത്രമാണ്‌.

ത്രിപുരയിലെ തോൽവി പ്രത്യയശാസ്ത്രതലത്തിലും ദേശീയരാഷ്ട്രീയത്തിലെ മുന്നണിബന്ധ സങ്കല്പത്തിലും സി.പി.എമ്മിനെ പുനശ്ചിന്തയ്ക്കും പുനരാഖ്യാനങ്ങൾക്കും പ്രേരിപ്പിക്കാതിരിക്കാൻ തരമില്ല. ദേശീയകക്ഷിയെന്ന നിലയിലും ബി.ജെ.പി. വിരുദ്ധ ദേശീയമുന്നണിയിലെ പ്രധാന ഘടകകക്ഷിയെന്ന നിലയിലും സി.പി.എമ്മിനുണ്ടായിരുന്ന സ്ഥാനത്തെയും അവകാശവാദങ്ങളെയും ത്രിപുരയിലെ പരാജയം ദുർബലമാക്കുന്നു.

തങ്ങളുടെ ശക്തികേന്ദ്രമായിരുന്ന ബംഗാളിൽ, കുറഞ്ഞത്‌ തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിലെങ്കിലും തുടച്ചുനീക്കപ്പെട്ട സി.പി.എമ്മിന്‌ ബാക്കിനിന്ന രണ്ടു പിടിവള്ളികളിലൊന്നായിരുന്നു ത്രിപുര. അവിടത്തെ ഭരണനഷ്ടം ആ പാർട്ടിയെ കേരളത്തിൽ മാത്രം അധികാരവും സ്വാധീനതയുമുള്ള ദേശീയകക്ഷിയാക്കി ദുർബലമാക്കിയിരിക്കുന്നു.

ഏക ദേശീയതാവാദത്തിന്റെ പതിവു വാങ്‌മയത്തിനു പകരം മാറ്റത്തിനു തയ്യാറാവുക എന്നർഥമുള്ള ‘ചലോ പൾട്ടായ്‌’ എന്ന മുദ്രാവാക്യമുയർത്തിയാണ്‌ ബി.ജെ.പി. ത്രിപുരയിൽ സി.പി.എമ്മിനെ നേരിട്ടത്‌. ദുർബലരായിരുന്ന അവർ, സമീപകാലത്തു രൂപവത്‌കരിച്ച ‘ത്രിപുര ആദിവാസി ജനമുന്നണി’ എന്ന ഇൻഡിജീനസ്‌ പീപ്പിൾസ്‌ ഫ്രണ്ട്‌ ഓഫ്‌ ത്രിപുര’ (ഐ.പി.എഫ്‌.ടി.) എന്ന തദ്ദേശീയ രാഷ്ട്രീയകക്ഷിയുമായി കൂട്ടുചേർന്ന്‌ ശക്തി വർധിപ്പിക്കുകയും ചെയ്തു.

ത്രിപുര വിഭജിച്ച്‌ ‘ത്രിപ്രലാൻഡ്‌’ എന്ന ഗോത്രവർഗ സംസ്ഥാനം രൂപവത്‌കരിക്കണമെന്നു വാദിക്കുന്ന ആ കക്ഷി തികഞ്ഞ സി.പി.എം. വിരുദ്ധരാണ്‌. ആ സഖ്യം ഗോത്രവർഗമേഖലയിൽ ബി.ജെ.പി.ക്കു ഗുണകരമായി; പരമ്പരാഗത ശക്തിയായിരുന്ന സി.പി.എമ്മിനെ ദുർബലമാക്കുകയും ചെയ്തു. ഗോത്രജനവിഭാഗങ്ങളും ബംഗാളി കുടിയേറ്റക്കാരും നിറഞ്ഞ ത്രിപുരയുടെ ജനസംഖ്യാഭൂപടത്തിൽ ഇപ്പോൾ ഭൂരിപക്ഷം കുടിയേറ്റക്കാർക്കാണ്‌.

സവർണ ഹിന്ദുക്കളുടെ ആ ഭൂരിപക്ഷവും ബി.ജെ.പി.യെ സഹായിച്ചു. കാൽനൂറ്റാണ്ടായി തുടരുന്ന സി.പി.എം. ഭരണത്തിനുകീഴിൽ ത്രിപുരയിലെ വികസനം മുരടിക്കുകയും തൊഴിലില്ലായ്മ രൂക്ഷമാവുകയും ചെയ്തതിനാൽ ഭരണമാറ്റം വേണമെന്ന്‌ ബി.ജെ.പി. ഉയർത്തിയ മുദ്രാവാക്യത്തെ ജനസ്വീകാര്യമാക്കുന്നതിൽ ഇൗ ഘടകങ്ങളെല്ലാം സഹായകമായി.

അസ്തിത്വ പ്രതിസന്ധിയിലാണ്‌ ത്രിപുരയിലെ തിരഞ്ഞെടുപ്പുഫലം സി.പി.എമ്മിനെ എത്തിച്ചിരിക്കുന്നത്‌. വർഗരാഷ്ട്രീയനാട്യവും തൊലിപ്പുറമേയുള്ള മുതലാളിത്തവിരുദ്ധ വാചകക്കസർത്തുംകൊണ്ട്‌ ദേശീയ രാഷ്ട്രീയത്തിലെ പുതിയ ഗതിവിഗതികളെ നേരിടാൻ ഇനി അവർക്കു കഴിയുമെന്നു തോന്നുന്നില്ല.

ഇനിയെെന്തന്നോ എങ്ങനെ വേണമെന്നോ ഉള്ള ചോദ്യത്തെ പുറമേ സമ്മതിച്ചാലുമില്ലെങ്കിലും അകമേ ചർച്ചചെയ്യാതെ പറ്റില്ല എന്ന സ്ഥിതിയിൽ സി.പി.എം. നേതൃത്വം എത്തിയിരിക്കുന്നുവെന്ന്‌ രാഷ്ട്രീയ നിരീക്ഷകർക്കെല്ലാം ഇപ്പോഴറിയാം, അവരെ പിന്തുണയ്ക്കുന്ന സാമാന്യജനങ്ങൾക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കുവേണ്ടി രണ്ടാം യു.പി.എ. സർക്കാരിന്റെ കാലത്ത്‌ ഒരു മന്ത്രാലയംതന്നെ രൂപവത്‌കരിച്ച കോൺഗ്രസും പ്രതിസന്ധി നേരിടുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us