അഞ്ചാം വയസ്സിൽ കൊനേരു ഹംപിയെ ചെസ് ബോർഡിന് മുന്നിലിരുത്തിയത് അച്ഛൻ കൊനേരു അശോകാണ്. അച്ഛനെ തോൽപ്പിക്കുന്നതിലായിരുന്നു അന്ന് ഹംപിക്ക് ഹരം. മകളുടെ നീക്കങ്ങൾ കണ്ട്, മികച്ച ചെസ് കളിക്കാരനായ അശോകിന് വിസ്മയം. ഹംപിക്ക് അസാധാരണ കഴിവുകൾ ഉണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഓരോ തവണ താൻ തോൽക്കുമ്പോഴും മകൾ ഭാവിയിൽ വലിയ വിജയങ്ങൾ നേടുമെന്ന് ആ അച്ഛന്റെ മനസ്സുപറഞ്ഞു. പ്രൊഫസറായിരുന്ന അശോക് ജോലി രാജിവെച്ച് മകളുടെ പരിശീലകനായി.അച്ഛനെ തോൽപ്പിച്ചുതുടങ്ങിയ മകൾ ഇന്ന്, 32-ാം വയസ്സിൽ ലോകജേതാവായിരിക്കുന്നു. മോസ്‌കോയിൽ നടന്ന ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ഈ വിജയവാഡക്കാരി കിരീടം സ്വന്തമാക്കി. അസുലഭനേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതയായി, രണ്ടാമത്തെ ഇന്ത്യൻ താരവും. 2017-ൽ വിശ്വനാഥൻ ആനന്ദ് പുരുഷവിഭാഗം കിരീടം നേടിയിരുന്നു. ഇപ്പോഴിതാ, ഇന്ത്യയിലെ ഏറ്റവും മികച്ച വനിതാ ചെസ് താരം താൻ തന്നെയെന്ന് ഹംപി തെളിയിച്ചിരിക്കുന്നു.
കിരീടവുമായെത്തുന്ന അമ്മയെ കാത്തിരിക്കുകയാണ് നാട്ടിൽ, രണ്ടുവയസ്സുകാരിയായ മകൾ അഹാന. അമ്മ ലോകചാമ്പ്യനായത് തിരിച്ചറിയാനുള്ള പ്രായം ആ കുഞ്ഞിനായിട്ടില്ല. അഞ്ചാം വയസ്സിൽ കളി തുടങ്ങി, നീണ്ട 27 വർഷത്തിനുശേഷമാണ് ഹംപി ലോകകിരീടത്തിൽ മുത്തമിടുന്നത്. അതും അമ്മയായ ശേഷം. 2016-ൽ ചെസിൽനിന്ന് ഹംപി അവധിയെടുത്തിരുന്നു. അമ്മയാവാനുള്ള തയ്യാറെടുപ്പ്. രണ്ടുവർഷത്തോളം ചെസ് ബോർഡിൽ നിന്നകന്നുനിന്നു. പിന്നീട് തിരിച്ചുവന്നെങ്കിലും ടൂർണമെന്റുകളിൽ തിളങ്ങാനായില്ല. ഹംപിയുടെ കാലം അവസാനിച്ചെന്ന് പലരും കരുതി. പോരാട്ടവീര്യം ചോർന്നിട്ടില്ലെന്ന് തെളിയിക്കേണ്ട ബാധ്യതയിലായിരുന്നു അവർ. മോസ്‌കോയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ഹംപി കിരീടം നേടുമെന്ന് ഇന്ത്യയിലെ ചെസ് സമൂഹം പ്രതീക്ഷിച്ചതേയില്ല. ഹംപിക്കുപോലും വലിയ പ്രതീക്ഷയില്ലായിരുന്നു. ആദ്യ മൂന്നുസ്ഥാനങ്ങളിൽ ഒന്ന് നേടിയാൽത്തന്നെ വലിയ ഭാഗ്യം എന്നാണ് അവർ കരുതിയത്. പക്ഷേ, വിധി കരുതിവെച്ചത് ഒന്നാംസ്ഥാനം തന്നെ. അമ്മയായ ശേഷം കായികരംഗത്തേക്ക് തിരിച്ചുവന്ന് വൻ വിജയങ്ങൾ നേടിയവർ പലരുണ്ട്. ബോക്‌സിങ്ങിൽ മേരി കോം തന്നെ ഉദാഹരണം. പക്ഷേ, മേരി അമ്മയാകുന്നതിനുമുമ്പും ലോകചാമ്പ്യനായിരുന്നു. ആദ്യമായി ലോകചാമ്പ്യനാവുന്നത്, അമ്മയായശേഷം എന്ന അപൂർവതയാണ് ഹംപിയുടേത്.
ലോക ചെസ് ഫെഡറേഷൻ (ഫിഡെ) സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ വനിതകളിൽ 13-ാം സീഡായിരുന്നു ഹംപി. ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് ഹംപിക്ക് ടൈബ്രേക്കർ കളിക്കാൻ അവസരം ഒരുങ്ങിയത്. ടൈബ്രേക്കറിൽ ചൈനീസ് താരം ടിങ്ജീ ലീക്കെതിരേ ആദ്യമത്സരം തോറ്റിട്ടും ശക്തമായി തിരിച്ചുവന്ന് ലോകകിരീടം സ്വന്തമാക്കാനായി. അതിവേഗ ചെസ് ഗെയിമുകളായ റാപ്പിഡും ബ്ലിറ്റ്‌സും ഹംപിക്ക് അത്ര പ്രിയപ്പെട്ടതല്ല. സമയത്തിന്റെ സമ്മർദംതന്നെ കാരണം. ചുരുങ്ങിയ സമയംകൊണ്ട് അതിവേഗ നീക്കങ്ങൾ നടത്തേണ്ടതുണ്ട്. പക്ഷേ, ലോകവേദിയിൽ ഇന്ത്യൻ താരത്തിന്റെ നിശ്ചയദാർഢ്യത്തിനൊപ്പം റാപ്പിഡും ബ്ലിറ്റ്‌സും ചേർന്നുനിന്നു.
ആൺകുട്ടികളോടൊപ്പം മത്സരിച്ച് കിരീടം നേടിയിട്ടുണ്ട് ഹംപി. 1999-ൽ അഹമ്മദാബാദിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ അണ്ടർ-12 വിഭാഗത്തിൽ കിരീടം ഹംപിക്കായിരുന്നു. കണ്ണഞ്ചിപ്പിക്കും വേഗത്തിലായിരുന്നു ഹംപിയുടെ വളർച്ച. ഇക്കാലത്തിനിടെ എണ്ണമറ്റ ബഹുമതികളും കിരീടങ്ങളും അവരെ തേടിയെത്തി. ഗ്രാൻഡ് മാസ്റ്റർ പദവിനേടുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതയായി. ഏഷ്യയിലെ ഏറ്റവും പ്രായംകുറഞ്ഞ ഇന്റർനാഷണൽ മാസ്റ്ററായി. അണ്ടർ 10, 12, 14 വിഭാഗങ്ങളിൽ ലോകകിരീടം നേടി. ലോക ജൂനിയർ കിരീടവും സ്വന്തം. 2004 മുതൽ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്. അന്നുമുതൽ അകന്നുനിന്ന കിരീടമാണ് ഇന്ന് ഹംപിയെ തേടിയെത്തിയത്.ഹംഗറിയുടെ ചെസ് ഗ്രാൻഡ് മാസ്റ്റർ ജൂഡിത്ത് പോൾഗറാണ് ഹംപിയുടെ മാതൃക. ആരെയും ഏതു സാഹചര്യത്തെയും ഏതു വെല്ലുവിളിയെയും നേരിടാനുള്ള പോൾഗറുടെ മനക്കരുത്താണ് ഹംപിയെ ആകർഷിച്ചത്. കരിയറിൽ ഏറ്റവും വേണ്ടസമയത്ത് ആ കരുത്തുനേടാൻ കഴിഞ്ഞത് ഹംപിയെ വിശ്വവിജയിയാക്കി. ഇന്ത്യയിലെ എല്ലാ വനിതകളെയും പ്രചോദിപ്പിക്കുന്ന വിജയഗാഥ.