സേനാമേധാവി രാഷ്ട്രീയം പറയരുത്


2 min read
Read later
Print
Share

പൗരത്വനിയമ ഭേദഗതിയെത്തുടർന്ന്‌ രാജ്യത്തുനടക്കുന്ന പ്രക്ഷോഭങ്ങളെ പരോക്ഷമായി വിമർശിച്ച് കരസേനാമേധാവി ജനറൽ ബിപിൻ റാവത്ത് കഴിഞ്ഞദിവസം നടത്തിയ പ്രസംഗം വിവാദമായിരിക്കയാണ്. പൗരസമൂഹത്തെയും പ്രതിരോധസേനയെയും തമ്മിൽ വേർതിരിക്കുന്ന അദൃശ്യരേഖയുടെ നഗ്നമായ ലംഘനമാണ് ഈ അഭിപ്രായപ്രകടനം. ജനറൽ റാവത്ത് നേതൃഗുണങ്ങളെക്കുറിച്ച് വിദ്യാർഥികളോട്‌ സംസാരിച്ചതാണെന്നും ഇതിന് വർത്തമാനകാല സംഭവങ്ങളുമായി ബന്ധമില്ലെന്നുമാണ് കരസേനയുടെ വിശദീകരണം. പ്രസംഗം നടത്തിയ സമയവും സന്ദർഭവും പരിഗണിക്കുമ്പോൾ ഇത് മുഖവിലയ്ക്കെടുക്കാൻ സാധ്യമല്ല. കരസേനാമേധാവിയുടെ വിവാദപരാമർശങ്ങൾക്കെതിരേ രാജ്യത്തെ പ്രതിപക്ഷകക്ഷികൾ തത്‌ക്ഷണം രംഗത്തുവന്നപ്പോൾ ഭരണപക്ഷത്തെ ചില കേന്ദ്രങ്ങൾ പിന്തുണയുമായി വന്നത് വിവാദത്തിലെ രാഷ്ട്രീയചേരിതിരിവ് പ്രകടമാക്കി. ഇതാദ്യമായല്ല, ഇന്ത്യൻ പ്രതിരോധസേനയുടെ ഉദാത്തമായ സങ്കല്പങ്ങളെ ജനറൽ റാവത്ത് വെല്ലുവിളിക്കുന്നത്. പാകിസ്താനും ചൈനയുമായുള്ള രാജ്യത്തിന്റെ അസുഖകരമായ ബന്ധങ്ങളെക്കുറിച്ച് കരസേനാമേധാവിയുടെ നിരുത്തരവാദപരവും അനവസരത്തിലുള്ളതുമായ അഭിപ്രായപ്രകടനങ്ങൾ പലരുടെയും നെറ്റിചുളിപ്പിച്ചിട്ടുണ്ട്. പാകിസ്താൻ കരസേനാമേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ പാകിസ്താൻ പാർലമെന്റിൽ നടത്തിയ പ്രസംഗത്തെ പുച്ഛിച്ചതും ഈയിടെ പത്രസമ്മേളനം നടത്തി ജമ്മുകശ്മീരിലെ സ്കൂൾ പാഠപുസ്തകങ്ങളിലെ ഉള്ളടക്കത്തെക്കുറിച്ച് പ്രത്യേക ഉദ്ദേശ്യത്തോടെ വിമർശിച്ചതും നമ്മുടെ സാമ്പ്രദായിക പ്രവണതകൾക്ക്‌ യോജിച്ചതല്ലെന്ന്‌ വിലയിരുത്തപ്പെട്ടിരുന്നു.
അയൽരാജ്യങ്ങളിലെ സേനകൾ പലഘട്ടത്തിലും രാഷ്ട്രീയത്തിൽ ഇടപെടുകയും തങ്ങൾക്ക്‌ താത്പര്യമില്ലാത്ത ഭരണകൂടങ്ങളെ അട്ടിമറിക്കുകയുംചെയ്തപ്പോൾ അരാഷ്ട്രീയതയും നിഷ്പക്ഷതയും മുഖമുദ്രയാക്കിയാണ് ഇന്ത്യൻസേന ഇതുവരെ നിലനിന്നിരുന്നത്. പട്ടാളത്തിന്റെ സ്ഥാനം എന്നും ബാരക്കിലാണെന്ന്‌ തിരിച്ചറിഞ്ഞ് സേനയും രാഷ്ട്രീയവും തമ്മിലുള്ള സമതുലനാവസ്ഥ കാത്തുസൂക്ഷിക്കാൻ ഇരുപക്ഷത്തെയും തലപ്പത്തുള്ളവർ എന്നും ശ്രദ്ധിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം രാജ്യം കെട്ടിപ്പടുത്തപ്പോൾ ഈ ബന്ധം വളരെ പവിത്രമായി സൂക്ഷിക്കാൻ നമ്മുടെ സ്ഥാപകപിതാക്കന്മാർ ബദ്ധശ്രദ്ധരായിരുന്നു. അരക്ഷിതമായ കാലഘട്ടങ്ങളിലും രാഷ്ട്രീയമായ അസ്ഥിരത പുലർത്തിയിരുന്ന സർക്കാരുകൾ രാജ്യം ഭരിച്ചപ്പോഴും സേനയുടെ ഉത്തരവാദിത്വത്തിന് ഒരു മാറ്റവുമുണ്ടായിരുന്നില്ലെന്നത് ഓർക്കേണ്ടതാണ്.
രാഷ്ട്രീയ മുതലെടുപ്പിനായി സേനയുടെ നേട്ടങ്ങളെ ദുരുപയോഗപ്പെടുത്തുന്ന പ്രവണത സമീപകാലത്തായി കണ്ടുവരുന്നുണ്ട്. സായുധനേട്ടങ്ങൾ തിരഞ്ഞെടുപ്പുകളിൽ വിഷയമാവുന്നതും അതിന്റെപേരിൽ അവകാശവാദങ്ങൾ ഉന്നയിക്കുന്നതും മുമ്പെങ്ങും കാണാത്ത പ്രവണതയാണ്. ദേശീയ സുരക്ഷയും ദേശസ്നേഹവും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാന ചർച്ചാവിഷയമാവുമ്പോൾ സേനയുടെ സാന്നിധ്യം പശ്ചാത്തലമാവുന്നു. ജനറൽ ബിപിൻ റാവത്ത് ഇപ്പോൾ നടത്തിയ പ്രസ്താവനയും ഇതിന്റെയൊക്കെ തുടർച്ചയായി കാണേണ്ടിവരും. സൈന്യം രാഷ്ട്രീയത്തിൽ ഇടപെട്ടാലുണ്ടാവുന്ന ദൂഷ്യങ്ങൾ എന്താണെന്ന്‌ മനസ്സിലാക്കാൻ ദൂരേയ്ക്കൊന്നും നമുക്ക് നോക്കേണ്ടതില്ല. പാകിസ്താൻ ഒരു പരാജയരാഷ്ട്രമാണെന്ന് ലോകം വിലയിരുത്തുന്നതിന്‌ പ്രധാന കാരണംതന്നെ അവിടെയുള്ള സൈന്യത്തിന്റെ രാഷ്ട്രീയ ഇടപെടലാണ്.
സേന രാഷ്ട്രീയം പറഞ്ഞുതുടങ്ങിയാൽ സൈന്യത്തിന്റെ മികവിനെയായിരിക്കും അത് ആദ്യം ബാധിക്കുക. സ്ഥാനക്കയറ്റത്തിന് ഉദ്യോഗസ്ഥരുടെ രാഷ്ട്രീയവീക്ഷണം മാനദണ്ഡമാക്കിയാൽ കഴിവുള്ളവർ തഴയപ്പെടും. രണ്ട്‌ മുതിർന്ന ഉദ്യോഗസ്ഥരെ മറികടന്നാണ് ബിപിൻ റാവത്തിനെ കരസേനാ മേധാവിയാക്കിയത്. ഡിസംബർ 31-ന്‌ വിരമിക്കാനിരിക്കെയാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. കേന്ദ്രസർക്കാർ പുതുതായി നിയമിക്കാനിരിക്കുന്ന സംയുക്ത പ്രതിരോധമേധാവിയെന്ന പദവിയിലേക്ക് സാധ്യത കല്പിക്കപ്പെടുന്നവരിൽ പ്രധാനി ജനറൽ ബിപിൻ റാവത്താണെന്നതും ഗൗരവമായി കാണേണ്ട വസ്തുതയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram