പഠനം മധുരിക്കട്ടെ


2 min read
Read later
Print
Share

മത്സരാധിഷ്ഠിതം മാത്രമായി മാറിപ്പോയ പുതിയ പഠനാന്തരീക്ഷത്തിൽ സി.ബി.എസ്.ഇ. അധികൃതരുടെ 'കോപരഹിത സ്‌കൂൾ' എന്ന നിർദേശം സ്വാഗതാർഹമാണ്


സി.ബി.എസ്.ഇ. സ്കൂളുകൾ കോപരഹിതമേഖലയാക്കണം എന്നു നിർദേശിച്ച് മാനേജ്‌മെന്റുകൾക്കും സ്കൂൾ ലീഡർമാർക്കും സി.ബി.എസ്.ഇ. അധികൃതർ കത്തയച്ചിരിക്കുകയാണ്. കത്ത് സൂചിപ്പിക്കുന്നത് രണ്ടു കാര്യങ്ങളാണ്. സ്കൂളുകൾ സംഘർഷമേഖലകളോ സമ്മർദ ഫാക്ടറികളോ ആവരുത്. അത്തരം അന്തരീക്ഷത്തിൽനിന്ന് കുട്ടികളെ കരകയറ്റാൻ അധ്യാപകരും മാനേജ്‌മെന്റും സ്വയം മാതൃകകളാവണം. മത്സരാധിഷ്ഠിതം മാത്രമായി മാറിപ്പോയ പുതിയ പഠനാന്തരീക്ഷത്തിൽ സി.ബി.എസ്.ഇ. അധികൃതരുടെ ഈ നീക്കം സ്വാഗതാർഹമാണ്.

ഇടപെടാനും ഇടകലരാനുമുള്ള ഇടങ്ങളാണ് വിദ്യാലയങ്ങൾ. ഇളംമനസ്സിൽ ആത്മവിശ്വാസവും ഉൾക്കാഴ്ചയും സഹവർത്തിത്വമനോഭവവും സമഭാവനയും പകരേണ്ട കളരികൾ. പാഠപുസ്തകങ്ങൾ പറയുന്ന അറിവുകൾക്കപ്പുറം ജീവിതാവബോധത്തിന്റെ ആദ്യക്ഷരങ്ങൾ എഴുതിക്കുന്ന പാഠശാലകൾ. കുട്ടികളുടെ സ്വഭാവരൂപവത്കരണം നടക്കുന്നത് അവരുടെ വീടുകളെക്കാളുപരി സ്കൂളുകളിലാണ്. പ്രസന്നമായ വിദ്യാലയാന്തരീക്ഷം ഇതിനു പരമപ്രധാനമാണ്. സമ്മർദങ്ങളുടെ വറചട്ടിയിൽ ഒന്നും വേവില്ല. സ്കൂളുകളെ കോപരഹിതമാക്കാൻ ഒരുപിടി നിർദേശങ്ങളും ഇതിനായി സി.ബി.എസ്.ഇ. അധികൃതർ മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ നിർദേശങ്ങൾ രാജ്യത്തെ എല്ലാ സ്കൂളുകൾക്കും മാതൃകയായി സ്വീകരിക്കാവുന്നതാണ്. യുനെസ്കൊയുടെ ഏഷ്യ-പസഫിക് റീജണൽ ബ്യൂറോ ഫോർ എജ്യുക്കേഷൻ മുന്നോട്ടുവെച്ച 2016-ലെ 'ദ ഹാപ്പി സ്കൂൾസ് പ്രോജക്ട് ' ആയിരിക്കണം സി.ബി.എസ്.ഇ.യുടെ മാർഗരേഖ എന്ന് അനുമാനിക്കാം.

‘പേടിയുള്ള ചില കാര്യങ്ങളുണ്ട്, കണ്ണുണ്ടായിട്ടും സൗന്ദര്യം കാണാതിരിക്കുക, കാതുണ്ടായിട്ടും സംഗീതം കേൾക്കാതിരിക്കുക, മനസ്സുണ്ടായിട്ടും സത്യം മനസ്സിലാവാതിരിക്കുക, ഹൃദയമുണ്ടായിട്ടും ജ്വലിക്കാതിരിക്കുക...’-കോബയാഷി എന്ന കഥാപാത്രം തന്റെ വിദ്യാർഥികളെ മുൻനിർത്തി നിരീക്ഷിച്ച ഇക്കാര്യങ്ങൾ ഈ സന്ദർഭത്തിൽ ആവർത്തിക്കേണ്ടതുണ്ട്. ഉള്ളറിയാത്ത പഠനങ്ങൾ ആത്മാവില്ലാത്ത ശരീരം പോലെയാണെന്ന സത്യമാണത്. ടെറ്റ്‌സുകോ കുറൊയനാഗി എഴുതിയ വിഖ്യാതമായ ടോട്ടോചാൻ എന്ന പുസ്തകത്തിലെ പ്രധാനാധ്യാപകനാണ് കൊബയാഷി. ടോട്ടോചാൻ എന്ന കുട്ടിയെ വിദ്യാലയം എങ്ങനെ സ്വാധീനിച്ചു എന്ന കഥയിലൂടെ സ്കൂൾ വിദ്യാഭ്യാസവും സ്കൂളും എങ്ങനെയായിരിക്കണം എന്നു വിവരിക്കുന്ന ഹൃദ്യമായ പുസ്തകമാണത്. മനസ്സ് തുറക്കാനും അതിനെ ആകാശത്തോളം സ്വതന്ത്രമാക്കാനും സന്തോഷിക്കാനും കാര്യങ്ങൾ ശരിയായരീതിയിൽ മനസ്സിലാക്കാനും പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും കുട്ടികളെ പ്രാപ്തരാക്കുന്ന ആ അധ്യാപകൻ എല്ലാ അധ്യാപകർക്കും മാതൃകയാണ്.

ചെറിയ കാര്യങ്ങളിൽപ്പോലും രോഷംകൊള്ളുന്ന സമൂഹത്തിലാണ് നാമിന്നു ജീവിക്കുന്നത്. പരസ്പരം മനസ്സിലാക്കാനോ ഒട്ടുനേരം ക്ഷമിക്കാനോ മിനക്കെടാത്ത ജീവിതാവേഗങ്ങളുടെ പകർപ്പുകളായി വിദ്യാലയങ്ങളും മാറുന്നതിൽ അദ്‌ഭുതമില്ല. ചെറിയ ഗുണദോഷങ്ങൾ പോലും താങ്ങാനാവാത്ത കുട്ടികൾ, പ്രശ്നങ്ങൾ തലയിലേറ്റാൻ വയ്യെന്നു തീരുമാനിച്ച് യാന്ത്രികമായി പഠിപ്പിച്ചു പോകുന്ന അധ്യാപകർ. പരസ്പരം വിശ്വസിക്കാനാവാത്തവിധം ഇരുവിഭാഗവും അകന്നുപോകുന്ന ആപത്കരമായ പ്രവണത. ഗുരു, ദൈവമാണെന്നും ശിഷ്യർ, മക്കളാണെന്നും കരുതുന്ന മഹത്തായ പാരമ്പര്യത്തിന് പുഴുക്കുത്തേറ്റിരിക്കുന്നു. ലാളനകളിൽ വളരുന്ന തങ്ങളുടെ കുട്ടികളെ അധ്യാപകർ ശാസിച്ചാലോ ശിക്ഷിച്ചാലോ അതിനെ പർവതീകരിക്കുന്ന രക്ഷിതാക്കളും വാഗ്വാദങ്ങൾക്കുള്ള വേദി മാത്രമാവുന്ന ക്രിയാത്മകമല്ലാത്ത അധ്യാപക രക്ഷാകർത്തൃസമിതികളും വിദ്യാലയങ്ങളെ സംഘർഷകേന്ദ്രങ്ങളാക്കുന്നുണ്ട്. ഇത്തരം കടുത്ത യാഥാർഥ്യങ്ങളിലൂടെ വിദ്യാലയങ്ങൾ കടന്നുപോകുമ്പോൾ സ്കൂളുകളെ കോപരഹിത മേഖലയാക്കാനുള്ള സി.ബി.എസ്.ഇ.യുടെ തീരുമാനത്തിന് വലിയ മാനങ്ങളുണ്ട്. അധ്യാപകരും വിദ്യാർഥികളും കാണുമ്പോൾ പരസ്പരം പുഞ്ചിരിക്കുക, സൗമ്യമായി ഇടപെടുക, കുട്ടികളെ വ്യായാമവും ഏകാഗ്രതയും പരിശീലിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളാണ് സി.ബി.എസ്.ഇ. അധികൃതർ മുന്നോട്ടുവെച്ചത്. ആരോഗ്യമുള്ള ശരീരത്തോടൊപ്പം ആരോഗ്യമുള്ള മനസ്സും കുട്ടികളുടെ സമഗ്രവികസനത്തിനാവശ്യമാണെന്ന് സി.ബി.എസ്.ഇ. അഭിപ്രായപ്പെടുന്നു. ശരിയായ നിരീക്ഷണമാണത്. ഇതോടൊപ്പം അധ്യാപകർ നേരിടുന്ന ബാഹ്യസമ്മർദങ്ങളും കുട്ടികൾക്കുമേൽ വരുന്ന അമിത പഠനഭാരവും സ്കൂളുകളിലെ ഭൗതികസാഹചര്യങ്ങളും കൂടി അധികൃതർ വൈകാതെ കണക്കിലെടുക്കുമെന്നു പ്രത്യാശിക്കാം.
നുകങ്ങളിലകപ്പെട്ട കാളകളല്ല കുട്ടികളെന്നു പ്രഖ്യാപിച്ചത് അമേരിക്കയിലെ മാതൃകാവിദ്യാലയമായ അൽബനി ഫ്രീ സ്കൂളാണ്. അവരുടേതായ താളത്തിൽ പഠിക്കട്ടെ എന്നതാണ് സ്കൂളിന്റെ മുദ്രാവാക്യം തന്നെ. അത്തരം വ്യതിരിക്തമായ വിദ്യാഭ്യാസ സമ്പ്രദായത്തോടു പൂർണമായി ഉൾച്ചേർന്നില്ലെങ്കിൽപ്പോലും അവരുയർത്തുന്ന മൂല്യങ്ങളോടു സംവദിക്കേണ്ട ബാധ്യത നമ്മുടെ ശിക്ഷണശൈലിക്കുണ്ട്. കാരണം വിദ്യാലയങ്ങൾ പാകപ്പെടുത്തുന്നത് മനസ്സുകളെയാണ്, ലാഭമോഹങ്ങളെയല്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram