മൂന്നര മണിക്കൂര്‍, ലക്ഷ്യമിട്ടത് അഞ്ച് എ.ടി.എം; കേരളത്തെ നടുക്കിയ എ.ടി.എം കവര്‍ച്ച ഇങ്ങനെ


2 min read
Read later
Print
Share

ഇരുമ്പനത്തെ എസ്.ബി.ഐ എ.ടി.എമ്മില്‍നിന്ന് 25 ലക്ഷം രൂപയും തൃശൂര്‍ കൊരട്ടിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് എ.ടി.എമ്മില്‍ നിന്ന് 10.6 ലക്ഷം രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്.

മൂന്നര മണിക്കൂറിനിടെ കോട്ടയം മോനിപ്പിള്ളി മുതല്‍ തൃശൂര്‍ കൊരട്ടി വരെയുള്ള അഞ്ച് എ.ടി.എമ്മുകളാണ് മോഷ്ടാക്കള്‍ ലക്ഷ്യമിട്ടത്. ഇതില്‍ രണ്ടിടത്തുനിന്നുമായി കവര്‍ന്നെടുത്തത് 35 ലക്ഷം രൂപ. കൊച്ചി ഇരുമ്പനത്തെ എസ്.ബി.ഐ എ.ടി.എമ്മില്‍നിന്ന് 25 ലക്ഷം രൂപയും തൃശൂര്‍ കൊരട്ടിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് എ.ടി.എമ്മില്‍ നിന്ന് 10.6 ലക്ഷം രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്. കഴിഞ്ഞദിവസം കവര്‍ച്ചയും മോഷണശ്രമവും നടന്ന സ്ഥലങ്ങളും സമയവും കവര്‍ച്ച ചെയ്തരീതിയും ഇങ്ങനെ...

പുലര്‍ച്ചെ ഒരുമണി- വെമ്പള്ളി, മോനിപ്പിള്ളി

കോട്ടയം കുറവിലങ്ങാടിന് സമീപം എം.സി. റോഡിലെ വെമ്പള്ളി, മോനിപ്പിള്ളി എന്നിവിടങ്ങളില്‍. ക്യാമറയില്‍ സ്പ്രേ പെയിന്റ് അടിക്കുന്നതിന്റെ ട്രയല്‍ ഇവിടെ നടത്തി. സ്പ്രേ പെയിന്റ് അടിച്ചതോടെ ഇവിടുത്തെ സി.സി.ടി.വി. ക്യാമറകളില്‍ നിന്ന് ദൃശ്യങ്ങള്‍ കിട്ടാതായി. ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കിട്ടാതെ വന്നതോടെ അധികൃതര്‍ അന്വേഷണം തുടങ്ങി.

പുലര്‍ച്ചെ 3.22 ഇരുമ്പനം

സീ പോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡിലെ എസ്.ബി.ഐ.യുടെ എ.ടി.എം. ഇവിടെ മുന്‍പും കവര്‍ച്ചശ്രമം നടന്നിട്ടുണ്ട്.പണം സുക്ഷിക്കുന്ന ട്രേയുടെ ഭാഗം ഗ്യാസ്‌കട്ടര്‍ ഉപയോഗിച്ച് അറുത്ത് മാറ്റിയാണ് കവര്‍ച്ച. അറിഞ്ഞത് രാവിലെ. കൗണ്ടറില്‍ നിന്നും ഒരു ജോടി ഗ്ലൗസ്, തുണിക്കഷണം, വെള്ളക്കുപ്പി എന്നിവ പോലീസിന് ലഭിച്ചു. രണ്ടു വിരലടയാളങ്ങളും കിട്ടി.

പുലര്‍ച്ചെ 3.30 കളമശേരി

എച്ച്.എം.ടി. ജങ്ഷനില്‍ പോളിടെക്നിക്കിന് സമീപത്തുള്ള എസ്.ബി.ഐ. എ.ടി.എമ്മിലും കവര്‍ച്ചശ്രമം നടന്നു. അകത്തുകയറിയ മോഷ്ടാക്കള്‍ രണ്ട് ക്യാമറകളിലും പെയിന്റ് സ്പ്രേ ചെയ്തെങ്കിലും അലാറം അടിച്ചതിനാല്‍ രക്ഷപ്പെട്ടു

പുലര്‍ച്ചെ 4.50 കൊരട്ടി

ദേശീയ പാതയോരത്ത് കൊരട്ടിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം. കവര്‍ന്നത് 10.60 ലക്ഷം. രാവിലെ 9.45 ന് ബാങ്കിലെത്തിയ അസിസ്റ്റന്റ് മാനേജര്‍ അസാധാരണമായി എ.ടി.എമ്മിന്റെ പുറത്തെ ഷട്ടര്‍ അടഞ്ഞ് കിടക്കുന്നത് കണ്ട് തുറന്ന് നോക്കിയതോടെയാണ് കവര്‍ച്ച നടന്നതായി അറിയുന്നത്. വിരലടയാള
വിദഗ്ധരും പോലീസും എത്തി പരിശോധിച്ചു. പോലീസ് നായ ഹണി ദേശിയ പാതവരെ പോയി നിന്നു.

ക്യാമറ കണ്ടത്

ഇരുമ്പനത്ത് എ.ടി.എം.കവര്‍ച്ച നടത്തിയവരുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു. ഒരാള്‍ മുഖം മറച്ചിട്ടില്ല. മറ്റൊരാള്‍ ഭാഗികമായി മുഖം മറച്ചിട്ടുണ്ട്. ഇയാള്‍ നീല ഉടുപ്പാണ് ധരിച്ചിരിക്കുന്നത്. കാവി നിറമുള്ള ഒരു തുണികൊണ്ട് മുഖം മറച്ചുപിടിച്ചിരിക്കുകയാണ്. മറ്റെയാള്‍ താരതമ്യേന ചെറുപ്പമാണ്. കൈലിയോ മറ്റോ തോളിന്റെ ഇരുവശത്തുമായി തൂക്കിയിട്ടിട്ടുണ്ട്. 3.22:40 എന്നാണ് ക്യാമറയില്‍ ചിത്രം പതിഞ്ഞ സമയം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram