അജ്ഞാതന്റെ 'കളിപ്പാവ'യായി ചിത്ര, NSE-യിലെ രഹസ്യവിവരങ്ങളടക്കം ഹിമാലയത്തിലെ യോഗിക്ക്, ദുരൂഹം


File Photo: PTI

നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്(എന്‍.എസ്.ഇ) മുന്‍ എം.ഡി.യും സി.ഇ.ഒ.യുമായ ചിത്ര രാമകൃഷ്ണനും 'അജ്ഞാതനായ' യോഗിയുമായുള്ള ആശയവിനിമയം അടിമുടി ദുരൂഹമെന്ന് റിപ്പോര്‍ട്ട്. എന്‍.എസ്.ഇ. എം.ഡി.യായിരുന്ന കാലത്ത് ഓഹരി വിപണിയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ 'അജ്ഞാതന്' കൈമാറിയെന്നതാണ് ഏറെ ഗൗരവമേറിയ വിഷയം.

തന്റെ ആത്മീയഗുരുവായ ഹിമാലയത്തിലെ ഒരു സന്യാസിയുമായാണ് ഈ വിവരങ്ങളെല്ലാം പങ്കിട്ടതെന്നാണ് ചിത്ര രാമകൃഷ്ണന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യ്ക്ക് നല്‍കിയ മറുപടി. വ്യക്തിജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും ഇദ്ദേഹത്തില്‍നിന്ന് ഉപദേശങ്ങള്‍ സ്വീകരിച്ചിരുന്നതായും ചിത്ര സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ആരാണെന്നോ എന്താണെന്നോ അറിയാത്ത, കൃത്യമായ ഒരു ചിത്രം പോലുമില്ലാത്ത ഒരു അജ്ഞാതനുമായി സുപ്രധാന വിവരങ്ങള്‍ പങ്കുവെച്ചത് അതീവഗൗരവത്തോടെയാണ് സെബി നോക്കിക്കാണുന്നത്. മാത്രമല്ല, ചിത്ര സി.ഇ.ഒ. ആയിരുന്ന സമയത്ത് നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനെ നിയന്ത്രിക്കുന്നതില്‍ ഈ അജ്ഞാതന് റോളുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ കരുതുന്നു.

ആരാണ് ചിത്ര രാമകൃഷ്ണ...

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പഠനം പൂര്‍ത്തീകരിച്ച ചിത്രയുടെ കരിയറിന്റെ തുടക്കം 1985-ല്‍ ഐ.ഡി.ബി.ഐ പ്രൊജക്ട് ഫിനാന്‍സ് ഡിവിഷനിലായിരുന്നു. എന്‍.എസ്.ഇ.യുടെ പ്രാരംഭകാലം മുതല്‍ ചിത്ര എന്‍.എസ്.ഇ.യുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ഹര്‍ഷദ് മെഹ്ത്തയുടെ ഓഹരി കുംഭകോണത്തിന് പിന്നാലെ ഓഹരി വിപണിയുടെ വിശ്വാസ്യത വീണ്ടെടുക്കാനും സുതാര്യതയും ലക്ഷ്യമിട്ട്‌ തൊണ്ണൂറുകളുടെ ആദ്യത്തില്‍ ഇതിനായി അഞ്ചംഗസമിതിയെയും സര്‍ക്കാര്‍ നിയോഗിച്ചു. ഈ സമിതിയിലും ചിത്ര അംഗമായിരുന്നു. എന്‍.എസ്.ഇ. മുന്‍ എം.ഡി.യായ രവി നരേയ്‌നും ആദ്യ എം.ഡി.യായ ആര്‍.എച്ച്. പാട്ടീലും ഈ സമിതിയിലുണ്ടായിരുന്നു.

രവി നരേയ്‌ന്റെ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് ചിത്ര രാമകൃഷ്ണനെ എന്‍.എസ്.ഇ. എം.ഡി.യായി തിരിഞ്ഞെടുക്കുന്നത്. 2013 ഏപ്രില്‍ ഒന്ന് മുതല്‍ അഞ്ചുവര്‍ഷത്തേക്കായിരുന്നു നിയമനം.

ആര്‍.എച്ച്. പാട്ടീലിനും നരേയ്‌നും ഒപ്പം എന്‍.എസ്.ഇ.യുടെ വളര്‍ച്ചയില്‍ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയായിരുന്നു ചിത്രയും. എന്നാല്‍ 2016 ഡിസംബര്‍ രണ്ടിന് എം.ഡി, സി.ഇ.ഒ. സ്ഥാനത്ത് നിന്ന് ചിത്ര രാമകൃഷ്ണന്‍ രാജിവെച്ചു. ബോര്‍ഡ് മെമ്പര്‍മാരുമായുള്ള ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നായിരുന്നു രാജി.

സെബിയുടെ കണ്ടെത്തലുകള്‍...

2019 ഏപ്രിലിലാണ് എന്‍.എസ്.ഇയിലെ വിവിധ ക്രമക്കേടുകള്‍ സെബി കണ്ടെത്തിയത്. മാത്രമല്ല, ശമ്പളയിനത്തില്‍ ചിത്ര വന്‍തുക കൈക്കലാക്കിയതായും സെബി കണ്ടെത്തിയിരുന്നു ചിത്രയ്ക്ക് ഉയര്‍ന്ന ശമ്പളം നല്‍കാനായി ചട്ടങ്ങളില്‍ മാറ്റംവരുത്തിയതിന് 50 ലക്ഷം രൂപയാണ് എന്‍.എസ്.ഇ.യ്ക്ക് സെബി പിഴ ചുമത്തിയത്. എന്‍.എസ്.ഇ. എം.ഡി.യായിരുന്ന കാലത്ത് വെറും മൂന്ന് വര്‍ഷം കൊണ്ട് 44 കോടി രൂപയാണ് ചിത്ര ശമ്പളമായി വാങ്ങിയതെന്ന് സെബി കണ്ടെത്തിയിരുന്നു. മാത്രമല്ല, അവസാനത്തെ എട്ടുമാസം 23 കോടി രൂപ കൂടെ അധികമായി കൈപ്പറ്റിയെന്നും കണ്ടെത്തി. സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെ ലിസ്റ്റഡ് കമ്പനികളുമായോ മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍സ്റ്റിറ്റിയൂഷനുകളുമായോ സഹകരിക്കുന്നതില്‍നിന്ന് ചിത്രയെ സെബി അഞ്ച് വര്‍ഷത്തേക്ക് വിലക്കിയിരുന്നു.

2022 ഫെബ്രുവരി 11-ന് ചിത്രയും നരേയ്‌നും അടക്കമുള്ള മുന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടികളാണ് സെബി പിഴ ചുമത്തിയത്. എന്‍.എസ്.ഇ. ഗ്രൂപ്പ് ഓപ്പറേറ്റിങ് ഓഫീസറായും എം.ഡി.യുടെ ഉപദേശകനായും ആനന്ദ് സുബ്രഹ്‌മണ്യനെ നിയമിച്ച കേസിലായിരുന്നു സെബിയുടെ നടപടി. ചിത്രയ്ക്ക് മൂന്ന് കോടിയും എന്‍.എസ്.ഇ, നരേയ്ന്‍ എന്നിവര്‍ക്ക് രണ്ടുകോടിയും പിഴ ചുമത്തി.

ഫെബ്രുവരി 11-ന് പുറത്തിറക്കിയ സെബിയുടെ ഉത്തരവിലാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ചിത്ര ഒരു യോഗിയുമായി കൈമാറിയതിന്റെ വിവരങ്ങളുള്ളത്. എന്‍.എസ്.ഇയെ നിയന്ത്രിച്ചിരുന്നത് ഈ അജ്ഞാത വ്യക്തിയാണെന്നും ചിത്ര രാമകൃഷ്ണ ഇയാളുടെ കൈയിലെ കളിപ്പാവയായിരുന്നു എന്നുമാണ് സെബിയുടെ റിപ്പോര്‍ട്ടിലുള്ളത്.

സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ചിത്ര കൈക്കൊണ്ടിരുന്നത് ഈ യോഗിയുടെ നിര്‍ദേശം അനുസരിച്ചായിരുന്നു. മാത്രമല്ല, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളും ഇയാളുമായി പങ്കുവെച്ചു. രഹസ്യവിവരങ്ങളും ഡിവിഡന്റ്, സാമ്പത്തിക റിപ്പോര്‍ട്ട്, എച്ച്.ആര്‍. പോളിസി, സെബിയ്ക്ക് നല്‍കേണ്ട മറുപടികള്‍ തുടങ്ങിയ നിരവധി കാര്യങ്ങളാണ് അജ്ഞാതനായ യോഗിയുമായി ചിത്ര പങ്കുവെച്ചത്. rigyajursama@outlook.com എന്ന ഇ-മെയില്‍ വിലാസത്തിലേക്കാണ് ചിത്ര വിവിധ സന്ദേശങ്ങള്‍ അയച്ചിരുന്നത്. അജ്ഞാതനായ യോഗി ചിത്രയുടെ ഓരോ ഇ-മെയിലുകള്‍ക്കും ഈ മെയില്‍ ഐ.ഡി.യിലൂടെ മറുപടി നല്‍കി.

rigyajursama@outlook.com എന്ന ഇ-മെയില്‍ വിലാസത്തിന്റെ ഉടമയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെയ്ക്കാമോ എന്ന ചോദ്യത്തിനാണ് അദ്ദേഹം ഹിമാലയത്തില്‍ വസിക്കുന്ന സിദ്ധപുരുഷന്‍/യോഗി ആണെന്ന് ചിത്ര മറുപടി നല്‍കിയത്. തീര്‍ഥാടന കേന്ദ്രങ്ങളിലെ വിവിധ ചടങ്ങുകളില്‍വെച്ച് അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും ചിത്ര പറഞ്ഞിരുന്നു. എന്നാല്‍ ഹിമാലയത്തില്‍ കഴിയുന്ന യോഗി എങ്ങനെയാണ് നിരന്തരം ഇ-മെയിലുകളിലൂടെ ബന്ധപ്പെട്ടിരുന്നതെന്ന ചോദ്യത്തിന് അദ്ദേഹത്തെപ്പോലെയുള്ള ആത്മീയ ശക്തികള്‍ക്ക് അതെല്ലാം കഴിയുമെന്നായിരുന്നു മറുപടി.

20 വര്‍ഷം മുമ്പ് ഗംഗാതീരത്ത് വെച്ചാണ് ആദ്യമായി യോഗിയെ കാണുന്നത്. പിന്നീട് വര്‍ഷങ്ങളോളം അദ്ദേഹത്തിന്റെ ഉപദേശങ്ങളും നിര്‍ദേശങ്ങളും വ്യക്തിജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും ഉപയോഗപ്പെടുത്തി. അദ്ദേഹം കൃത്യമായി എവിടെയാണുള്ളതെന്ന് തനിക്കറിയുമായിരുന്നില്ല. ആവശ്യമുള്ളപ്പോള്‍ അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശം തേടാനുള്ള ഒരു വഴിയുണ്ടാക്കണമെന്ന് താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് അദ്ദേഹം ഇ-മെയില്‍ ഐ.ഡി. കൈമാറിയതും താന്‍ സന്ദേശങ്ങള്‍ അയച്ചതെന്നും ചിത്ര സെബിയോട് പറഞ്ഞിരുന്നു.

chitra ramkrishna nse
File Photo. PTI

ഈ യോഗി എന്‍.എസ്.ഇയിലെ അംഗമൊന്നും അല്ല. അദ്ദേഹം ഒരു ആത്മീയ ശക്തിയാണ്. എന്‍.എസ്.ഇ.യുമായി ബന്ധപ്പെട്ട പലവിവരങ്ങളും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ഒരു എം.ഡിയെന്ന നിലയില്‍ വിദഗ്ധരില്‍നിന്നും മറ്റ് ഉന്നത ഉദ്യോഗസ്ഥരില്‍നിന്നും മാര്‍ഗനിര്‍ദേശം തേടാറുണ്ട്. ഇതും അതുപോലെയാണ്. യോഗിയുടെ മാര്‍ഗനിര്‍ദേശങ്ങളും ഉപദേശങ്ങളും തന്റെ ജോലി മികച്ചതാക്കാന്‍ സഹായിച്ചു. ആത്മീയമായ കാര്യമായതിനാല്‍ സ്ഥാപനത്തിന്റെ രഹസ്യസ്വഭാവത്തെ ബാധിക്കുമെന്ന ചോദ്യം ഉയരുന്നില്ല. മാത്രമല്ല, ഈ വിവരങ്ങള്‍ കൈമാറിയതുകൊണ്ട് വ്യക്തിപരമായ നേട്ടമുണ്ടോ എന്ന ചോദ്യവുമില്ല. ഇതെല്ലാം സ്ഥാപനത്തിനെ മികച്ചതാക്കാന്‍ തന്നെ സഹായിച്ചെന്നാണ് കരുതുന്നതെന്നും ചിത്ര രാമകൃഷ്ണന്‍ സെബി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു.

ചിത്രയുടെ മൊഴിക്കൊപ്പം ഇവരും യോഗിയും പരസ്പരം അയച്ച ചില ഇ-മെയിലുകളും പുറത്തുവന്നിട്ടുണ്ട്. യോഗി ആഫ്രിക്കന്‍ ദ്വീപ് രാജ്യമായ സീഷെല്‍സിലേക്ക് ചിത്രയെ ഒപ്പം യാത്ര ചെയ്യാന്‍ ക്ഷണിച്ചതും അതിനുള്ള ടിക്കറ്റുകള്‍ എടുക്കാമെന്ന്‌ വാഗ്ദാനം ചെയ്യുന്നതുമാണ് ഇ-മെയിലുകളില്‍ ഒന്ന്. 'നിങ്ങള്‍ക്ക് നീന്തല്‍ അറിയാമെങ്കില്‍ നമുക്ക് കടലിലുള്ള കുളിയും ബീച്ചുമെല്ലാം ആസ്വദിക്കാം' എന്ന വാക്കുകളും 2015 ഫെബ്രുവരി 17-ന് അയച്ച ഇ-മെയിലിലുണ്ട്.

2015 ഫെബ്രുവരി 18-ന് അയച്ച ഇ-മെയിലില്‍ യോഗി പറയുന്നത് ഇങ്ങനെ:-

' ഇന്ന് നിന്നെ കാണാന്‍ മനോഹരമായിരിക്കുന്നു. നിങ്ങളെ സുന്ദരമാക്കുന്ന തലമുടി വിവിധരീതിയില്‍ ഒരുക്കാനുള്ള വഴികള്‍ നിങ്ങള്‍ പഠിക്കണം. ഇതൊരു സൗജന്യമായ ഉപദേശമാണ്. നിങ്ങള്‍ക്ക് പിടികിട്ടികാണുമെന്ന് എനിക്ക് അറിയാം'

2015 സെപ്റ്റംബര്‍ 16-ന് അയച്ച മറ്റൊരു സന്ദേശം ഇങ്ങനെ:-

'ഞാന്‍ അയച്ചുനല്‍കിയ മകര കുണ്ഡല ഗാനം നിങ്ങള്‍ കേട്ടോ? അതിലെ ആവര്‍ത്തനങ്ങളുടെ മാറ്റൊലി തീര്‍ച്ചയായും കേള്‍ക്കണം. നിങ്ങളുടെ മുഖത്തും ഹൃദയത്തില്‍നിന്നും ഉത്സാഹം കാണുമ്പോള്‍ എനിക്ക് സന്തോഷം തോന്നുന്നു. ഇന്നലെ നിങ്ങളോടൊപ്പം ചിലവഴിച്ച സമയം എന്നെ ഏറെ സന്തോഷിപ്പിച്ചു. നിങ്ങള്‍ ചെയ്യുന്ന ഈ ചെറിയ കാര്യങ്ങള്‍ നിങ്ങളെ കൂടുതല്‍ ഊര്‍ജസ്വലയാക്കുകയും ചെറുപ്പമാക്കി മാറ്റുകയുമാണ്.

യോഗിയും ചിത്രയും തമ്മിലുള്ള ഈ ആശയവിനിമയും സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ കൈമാറിയതുമെല്ലാം അതീവഗൗരവത്തോടെയാണ് സെബി നോക്കിക്കാണുന്നത്. ആനന്ദ് സുബ്രഹ്‌മണ്യനെ നിയമിക്കാനുള്ള നീക്കത്തിന് പിന്നിലും ഇതേ യോഗിയുടെ നിര്‍ദേശമാണെന്നാണ് സെബിയുടെ സംശയം. വരുംദിവസങ്ങളില്‍ ഇതുസംബന്ധിച്ച നിര്‍ണായകവിവരങ്ങളെല്ലാം പുറത്തുവന്നേക്കും.

Content Highlights: who is nse former md and ceo chira ramkrishna and her communication with a yogi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram