ചോരയില്‍ കുളിച്ച് നവദമ്പതിമാര്‍, നിരീക്ഷിച്ചത് 700 പേരെ; ഒളിഞ്ഞുനോട്ടവും മോഷണവും പതിവാക്കിയ പ്രതി


3 min read
Read later
Print
Share

പ്രതി വിശ്വനാഥൻ, കൊലപാതകം നടന്ന വീട്. ഇൻസെറ്റിൽ കൊല്ലപ്പെട്ട ഉമ്മർ, ഫാത്തിമ. ഫയൽചിത്രം|മാതൃഭൂമി

2018 ജൂലായ് ആറ് വെള്ളിയാഴ്ച, പതിവുപോലെ മകനും മരുമകളും താമസിക്കുന്ന വീട്ടിലെത്തിയതായിരുന്നു വയനാട് വെള്ളമുണ്ട 12-ാം മൈല്‍ സ്വദേശിനി ആയിഷ. പക്ഷേ, പതിവിലും വിപരീതമായിരുന്നു അന്ന് ആ വീട്ടിലെ കാഴ്ചകള്‍. വീടിന്റെ പിറകിലെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ടാണ് ആയിഷ വീടനകത്തേക്ക് കയറിയത്. എന്നാല്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന മകന്‍ ഉമ്മറി(27)ന്റെയും മരുമകള്‍ ഫാത്തിമ(19)യുടെയും മൃതദേഹങ്ങള്‍ കണ്ട് അവര്‍ വാവിട്ടുകരഞ്ഞു. ബഹളം കേട്ടതോടെ സമീപവാസികളും ഓടിയെത്തി. ക്രൂരമായ ഇരട്ടക്കൊലപാതകം പുറംലോകമറിഞ്ഞു. നാട് നടുങ്ങി.

ഉമ്മറും ഫാത്തിമയും വിവാഹിതരായിട്ട് മൂന്ന് മാസമേ ആയിരുന്നുള്ളൂ. വെള്ളമുണ്ട-കുറ്റ്യാടി റോഡരികിലെ ഓടിട്ട പഴയവീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. രാത്രി വൈകിയും വാഹനങ്ങള്‍ സഞ്ചരിക്കുന്ന പ്രധാന റോഡരികില്‍നിന്ന് ഏതാനും മീറ്ററുകള്‍ അകലെ മാത്രമായിരുന്നു ഈ വീട്. എന്നാല്‍ അന്ന് രാത്രി ആ വീട്ടില്‍ നടന്ന അരുംകൊല മണിക്കൂറുകള്‍ കഴിഞ്ഞാണ് പുറംലോകമറിഞ്ഞത്.

Read Also: നാടിനെ ഞെട്ടിച്ച കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകം; പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷ തിങ്കളാഴ്ച...

ഫാത്തിമ അണിഞ്ഞിരുന്ന ആഭരണങ്ങളടക്കം എട്ടുപവന്‍ സ്വര്‍ണവും മൊബൈല്‍ഫോണും വീട്ടില്‍നിന്ന് നഷ്ടപ്പെട്ടതായി അന്നുതന്നെ പോലീസ് കണ്ടെത്തിയിരുന്നു. വീട്ടിലും പരിസരത്തും മുളകുപൊടി വിതറിയനിലയിലുമായിരുന്നു.

മോഷണശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് തുടക്കത്തിലേ സംശയിച്ചിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കാനായിരുന്നില്ല. വീട്ടിലെ ആഭരണങ്ങളും പണവും മുഴുവനും നഷ്ടപ്പെടാതിരുന്നതാണ് പോലീസിനെ കുഴക്കിയത്. മാത്രമല്ല, ലളിതമായ ജീവിതം നയിക്കുന്ന, ആരോടും ശത്രുതയില്ലാത്ത ഉമ്മറിനെയും ഫാത്തിമയെയും എന്തിന് വേണ്ടി കൊലപ്പെടുത്തണം എന്ന ചോദ്യവും ഉയര്‍ന്നു.

wayanad vellamunda couple murder
പ്രതി വിശ്വനാഥനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍. ഫയല്‍ചിത്രം/മാതൃഭൂമി

ആദ്യ ആഴ്ചകളില്‍ കേസില്‍ ഒരു തുമ്പും കിട്ടാതെ പോലീസ് അലഞ്ഞു. ഇതോടെ നാട്ടില്‍ പലവിധ അഭ്യൂഹങ്ങളും ഉയര്‍ന്നു. പോലീസിനെതിരേയും പ്രതിഷേധങ്ങളുണ്ടായി. എന്നാല്‍ സംഭവത്തിന്റെ എല്ലാവശങ്ങളും പരിശോധിച്ച പോലീസ്, മോഷണശ്രമം തന്നെയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഉറപ്പിച്ചു. പ്രതി ആര് എന്നത് മാത്രമായിരുന്നു അടുത്ത ചോദ്യം.

നിരീക്ഷിച്ചത് 700-ഓളം പേരെ, പ്രതി വലയില്‍...

കണ്ടത്തുവയല്‍ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് 700-ഓളം പേരെയാണ് പോലീസ് നിരീക്ഷിച്ചത്. കേരളത്തിലും കര്‍ണാടകയിലും തമിഴ്‌നാട്ടിലും സമാനകേസുകളില്‍ പ്രതികളായവരും ജയിലുകളില്‍നിന്ന് സമീപകാലത്ത് പുറത്തിറങ്ങിയവരും ഈ പട്ടികയിലുണ്ടായിരുന്നു കേസിലെ പ്രതിയായ വിശ്വനാഥനും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.

കുറ്റ്യാടി, തൊട്ടില്‍പ്പാലം, ചൊക്ലി തുടങ്ങിയ പോലീസ് സ്‌റ്റേഷനുകളില്‍ മോഷണക്കേസുകളില്‍ പ്രതിയായിരുന്നു വിശ്വനാഥന്‍. മോഷണവും വീടുകളില്‍ ഒളിഞ്ഞുനോട്ടവും പതിവാക്കിയ ഇയാള്‍, വെള്ളമുണ്ട, മാനന്തവാടി ഭാഗങ്ങളില്‍ ലോട്ടറി കച്ചവടം ചെയ്തിരുന്നതായും പോലീസ് മനസിലാക്കി. ഇതിനിടെയാണ് വിശ്വനാഥനെക്കുറിച്ചുള്ള മറ്റുചില നിര്‍ണായക വിവരങ്ങളും പോലീസിന് ലഭിച്ചത്.

wayanad vellamunda couple murder case
പ്രതി വിശ്വനാഥനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍ സ്ഥലത്തെത്തിയ ഉമ്മറിന്റെ മാതാവ് ആയിഷ. ഫയല്‍ചിത്രം/മാതൃഭൂമി

വിശ്വനാഥന്‍ അടുത്തിടെ സാമ്പത്തിക ബാധ്യതകളെല്ലാം തീര്‍ത്തതായി പോലീസിന് വിവരം ലഭിച്ചിരുന്നു. മോഷണംപോയ മൊബൈല്‍ ഫോണ്‍ വിശ്വനാഥന്റെ വീട്ടില്‍നിന്ന് അബദ്ധത്തില്‍ ഓണ്‍ ചെയ്തതും അന്വേഷണത്തില്‍ നിര്‍ണായകമായി. ഇതോടെ വിശ്വനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാനന്തവാടി ഡിവൈ.എസ്.പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് തൊട്ടില്‍പ്പാലം ദേവര്‍കോവിലില്‍നിന്ന് പ്രതിയെ പിടികൂടിയത്.ചോദ്യംചെയ്യലില്‍ നവദമ്പതിമാരെ കൊലപ്പെടുത്തിയത് താനാണെന്ന് പ്രതി സമ്മതിക്കുകയും ചെയ്തു.

മോഷണശ്രമം ചെറുത്തപ്പോള്‍ അടിച്ചുകൊന്നു

സംഭവദിവസം വിശ്വനാഥന്‍ പന്ത്രണ്ടാം മൈലിലാണ് ബസ്സിറങ്ങിയത്. ഇവിടെയുള്ള വീട്ടില്‍ ലൈറ്റുകണ്ട് കയറിയപ്പോള്‍ വാതില്‍ അടച്ചിട്ടില്ലെന്ന് മനസ്സിലായി. തുടര്‍ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഫാത്തിമയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു.

ശബ്ദംകേട്ടുണര്‍ന്ന ഉമ്മറിനെയും ഫാത്തിമയെയും കൈയില്‍ കരുതിയിരുന്ന കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തി. തലയില്‍ പിടിച്ചമര്‍ത്തി മരണം ഉറപ്പാക്കിയശേഷം ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളെടുത്ത് വീട്ടിലും പരിസരങ്ങളിലും മുളകുപൊടിവിതറി രക്ഷപ്പെടുകയായിരുന്നുവെന്ന് വിശ്വനാഥന്‍ പോലീസിനോട് പറഞ്ഞു.

wayanad vellamunda murder case
പ്രതി വിശ്വനാഥനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍(ഇടത്ത്) കൊലപാതകം നടന്ന വീട്(വലത്ത്). ഫയല്‍ചിത്രം/മാതൃഭൂമി

ആഭരണങ്ങള്‍ കുറ്റ്യാടിയിലെ സേട്ടുവിന്റെ കടയില്‍ വിറ്റതായി പോലീസ് കണ്ടെത്തി. കൊല്ലാനുപയോഗിച്ച കമ്പിവടിയും തെളിവെടുപ്പിനിടെ ലഭിച്ചു.മൊബൈല്‍ ഫോണ്‍ വിശ്വനാഥന്റെ വീട്ടില്‍നിന്നും ആഭരണങ്ങള്‍ കുറ്റ്യാടിയിലെ ജൂവലറിയില്‍നിന്നും കണ്ടെടുത്തു.

വിചാരണ തുടങ്ങിയത് 2020-ല്‍

മോഷണശ്രമം ചെറുത്തപ്പോള്‍ പ്രതി നവദമ്പതിമാരെ അതിക്രൂരമായി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. കുറ്റപത്രം സമര്‍പ്പിച്ച് 2020 നവംബറിലാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങിയത്. കേസില്‍ 72 സാക്ഷികളാണുണ്ടായിരുന്നത്. ഇതില്‍ 45 പേരെയാണ് വിസ്താരത്തിനായി തിരഞ്ഞെടുത്തത്. ഒടുവില്‍ 2022 ഫെബ്രുവരി രണ്ടാംവാരത്തോടെ കേസില്‍ വാദം പൂര്‍ത്തിയായി. 2022 ഫെബ്രുവരി 19-ന് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. കേസിലെ ശിക്ഷാവിധി ഫെബ്രുവരി 21 തിങ്കളാഴ്ച പ്രഖ്യാപിക്കും. പ്രതിക്കുവേണ്ടി ഷൈജു മാണിശ്ശേരിയും പബ്ലിക് പ്രോസിക്യൂട്ടറായി ജോസഫ് മാത്യുവുമാണ് കേസില്‍ ഹാജരായത്.

Content Highlights: wayanad vellamunda couple murder case how police caught accused viswanathan

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram