
കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ സ്ഫോടനമുണ്ടായ സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു | ഫയൽചിത്രം | ഫോട്ടോ: കെ.കെ.സന്തോഷ്/മാതൃഭൂമി
2006 മാര്‍ച്ച് മൂന്നാം തീയതി, അന്നാണ് കോഴിക്കോട് നഗരത്തെ നടുക്കിയ ഇരട്ടസ്ഫോടനം നടന്നത്. മാവൂര്‍ റോഡിലെ രണ്ട് ബസ് സ്റ്റാന്‍ഡുകളില്‍ 20 മിനിറ്റിന്റെ ഇടവേളയിലായിരുന്നു സ്ഫോടനങ്ങള്‍. രണ്ടുപേര്‍ക്ക് നിസ്സാര പരിക്കേല്‍ക്കുകയും ചെയ്തു.
സ്ഫോടനം നടക്കുന്നതിന് മുമ്പ് കളക്ടറേറ്റിലേക്കും ഒരു സായാഹ്ന പത്രത്തിന്റെ ഓഫീസിലേക്കും അജ്ഞാത ഫോണ്‍കോള്‍ വന്നിരുന്നു. 'കളിയല്ല, കാര്യമായിട്ടാണ്. അരമണിക്കൂറിനകം ബോംബ് സ്ഫോടനം ഉണ്ടാകും. മാറാട് സംഭവത്തിന്റെ ബാക്കിയാണിത്'- എന്നായിരുന്നു ഫോണ്‍സന്ദേശം. കളക്ടറേറ്റില്‍ വിളിച്ചയാള്‍ കളക്ടറെ കിട്ടാത്തതിനാല്‍ എ.ഡി.എമ്മിനോടാണ് സംസാരിച്ചത്.
അജ്ഞാത ഫോണ്‍കോളിന് പിന്നാലെ പറഞ്ഞസമയത്തുതന്നെ ആദ്യ ബോംബ് സ്ഫോടനമുണ്ടായി. ഉച്ചയ്ക്ക് 12.45-ഓടെ മാവൂര്‍ റോഡിലെ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിലായിരുന്നു ആദ്യ സ്ഫോടനം. കെ.എസ്.ആര്.ടി.സി. വര്‍ക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടത്തിന് പിന്നില്‍ മാലിന്യം കൂട്ടിയിട്ട സ്ഥലത്തായിരുന്നു ബോംബ് പൊട്ടിയത്. തൊട്ടടുത്തുള്ള ഹോട്ടലിന്റെ ജനല്‍ച്ചില്ല് സ്ഫോടനത്തില്‍ തകര്‍ന്നു. പരസ്യബോര്‍ഡില്‍ തുളകള്‍ വീണു. സ്ഫോടനശബ്ദം കേട്ടതോടെ കൈരളി തീയേറ്ററില്‍നിന്ന് ജനങ്ങള്‍ ഇറങ്ങിയോടി. വിവരമറിഞ്ഞ് പോലീസും മറ്റും സ്ഥലത്തേക്ക് ഓടിയെത്തി.
എന്നാല്‍ കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡില്‍ പോലീസ് പരിശോധന നടക്കുന്നതിനിടെ 1.05-ന് തൊട്ടടുത്ത മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിലും അടുത്ത ബോംബ് പൊട്ടി. ഇവിടെയാണ് ചുമട്ട് തൊഴിലാളിക്കും പോലീസ് ഉദ്യോഗസ്ഥനും നിസാര പരിക്കേറ്റത്. രണ്ടിടത്ത് മിനിറ്റുകളുടെ ഇടവേളകളില്‍ ബോംബ് സ്ഫോടനമുണ്ടായതോടെ നഗരം പരിഭ്രാന്തിയിലായി. ജനങ്ങള്‍ പരക്കംപാഞ്ഞതോടെ നഗരത്തില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
നഗരത്തിലെ തിരക്കേറിയ കേന്ദ്രങ്ങളില്‍ ബോംബ് സ്ഫോടനമുണ്ടായത് പോലീസിനെയും അധികൃതരെയും ഒരുപോലെ ഞെട്ടിച്ചു. തിരക്കേറിയ ബസ് സ്റ്റാന്ഡുകളാണെങ്കിലും രണ്ടിടത്തും ആളൊഴിഞ്ഞ സ്ഥലമാണ് അക്രമികള്‍ സ്ഫോടനം നടത്താനായി തിരഞ്ഞെടുത്തത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് 'അല്ഖാനുന് കേരള' എന്ന സംഘടനയുടെ പേരില്‍ എഴുതിത്തയ്യാറാക്കിയ കുറിപ്പും അന്നേദിവസം പത്രം ഓഫീസുകളില്‍ ലഭിച്ചിരുന്നു.

നടക്കാവ് പോലീസും കസബ പോലീസുമാണ് സംഭവത്തില്‍ ആദ്യം കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. പ്രതികളെക്കുറിച്ച് ചില സൂചനകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നെങ്കിലും കൊച്ചി കളക്ടറേറ്റ് സ്ഫോടനക്കേസില്‍ അബ്ദുള്‍ ഹാലിം പിടിയിലായതോടെയാണ് കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലും വഴിത്തിരിവുണ്ടായത്. തുടര്‍ന്ന് തടിയന്റവിട നസീറിലേക്കും അന്വേഷണമെത്തി. പ്രതികളെക്കുറിച്ചും ആസൂത്രണത്തെക്കുറിച്ചും ക്രൈംബ്രാഞ്ചിന് ഏകദേശ വിവരങ്ങള്‍ ലഭിച്ച വേളയിലാണ് കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഏറ്റെടുത്തത്. 2009 ഡിസംബര്‍ നാലിനാണ് കേസ് എന്‍.ഐ.എ.യെ ഏല്പിക്കാന് തീരുമാനമായത്. തുടര്‍ന്ന് എന്‍.ഐ.എ. കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
തടിയന്റവിട നസീര്‍, ഷഫാസ്, അബ്ദുള്‍ ഹാലിം, ചെട്ടിപ്പടി യൂസഫ് എന്നിവരാണ് കേസിന്റെ ആദ്യവിചാരണ നേരിട്ടത്. കേസിലെ പ്രതികളായിരുന്ന രണ്ടുപേര്‍ അന്ന് വിദേശത്ത് ഒളിവിലായിരുന്നു. മുഹമ്മദ് അസര്‍, പി.പി.യൂസഫ് എന്നിവരായിരുന്നു ഇവര്‍. ഇരുവരെയും 2019-ല്‍ ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് പിന്നീട് പിടികൂടി. കേസിന്റെ വിചാരണയ്ക്കിടെ ഒരു പ്രതി മരിച്ചു. മറ്റൊരു പ്രതിയായ ഷമ്മി ഫിറോസിനെ കേസില്‍ മാപ്പ് സാക്ഷിയാക്കുകയും ചെയ്തു.
ഭീകരസംഘടനയായ ലഷ്കര്‍ ഇ-തൊയ്ബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറാണ് തടിയന്റവിട നസീറെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ബംഗ്ലാദേശില്‍ അഭയം തേടിയിരുന്ന നസീറിനെ 2009-ലാണ് ഇന്ത്യയ്ക്ക് കൈമാറിയിരുന്നത്. ബെംഗളൂരു സ്ഫോടനക്കേസ്, കളമശ്ശേരി ബസ് കത്തിക്കല്‍ കേസ് എന്നിവയിലും നസീര്‍ പ്രതിയായിരുന്നു.

ഇരട്ട സ്ഫോടന കേസില്‍ തടിയന്റവിട നസീറിനെ ജീവപര്യന്തം തടവിനും ഷഫാസിനെ ഇരട്ട ജീവപര്യന്തം തടവിനുമാണ് കോടതി ശിക്ഷിച്ചത്. പ്രത്യേക എന്‍.ഐ.എ. ജഡ്ജി എസ്.വിജയകുമാറാണ് പ്രതികളുടെ ശിക്ഷ വിധിച്ചത്. മറ്റുപ്രതികളായ അബ്ദുള്‍ ഹാലിമിനെയും ചെട്ടിപ്പടി യൂസഫിനെയും കോടതി വെറുതെവിടുകയും ചെയ്തു.
കോഴിക്കോട് ഇരട്ട സ്ഫോടനം തീവ്രവാദി ആക്രമണമാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. രണ്ടാം മാറാട് കേസില്‍ പ്രതികള്‍ക്ക് ജാമ്യം കിട്ടാത്തതിനാലാണ് പ്രതികള്‍ സ്ഫോടനം ആസൂത്രണം ചെയ്തതെന്നും സര്‍ക്കാരിനെതിരായ പ്രതിഷേധം കൂടെയായിരുന്നു സ്ഫോടനമെന്നും കോടതി വിലയിരുത്തി. കുറച്ചുകൂടിയ വലിയ സ്ഫോടനമാണ് പ്രതികള്‍ ഉദ്ദേശിച്ചതെന്നും തെളിവുകള്‍ വിലയിരുത്തിയ ശേഷം കോടതി പറഞ്ഞിരുന്നു.
രവീന്ദ്രനായിരുന്നു അന്നത്തെ എന്‍.ഐ.എ. പ്രോസിക്യൂട്ടര്‍. ശിക്ഷാവിധി കഴിഞ്ഞ് അല്പനേരം കഴിഞ്ഞപ്പോള്‍ തടിയന്റവിട നസീര്‍ വിശുദ്ധഗ്രന്ഥമായ ഖുര്‍ആന്‍ പ്രോസിക്യൂട്ടര്‍ നല്‍കുകയും ചെയ്തിരുന്നു. വിശുദ്ധ ഖുര്‍ആന്റെ ഇംഗ്ലീഷിലുള്ള ചെറിയ പതിപ്പാണ് നസീര്‍ പ്രോസിക്യൂട്ടര്‍ക്ക് നല്‍കിയിരുന്നത്. ഇതിലെ പല പേജുകളിലും ചുവന്നമഷി കൊണ്ട് അടയാളപ്പെടുത്തുകയും ചെയ്തിരുന്നു.
ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിച്ച ആദ്യ തീവ്രവാദ കേസിലെ വിധിയായിരുന്നു കോഴിക്കോട് ഇരട്ട സ്ഫോടന കേസിന്റേത്. അതിനാല്‍തന്നെ പ്രതികളെ വെറുതെവിട്ടതിനെതിരേ എന്‍.ഐ.എ. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയും ചെയ്തു. ഇതിനിടെ, ശിക്ഷാവിധിക്കെതിരേ നസീറും ഷഫാസും ഹൈക്കോടതിയെ സമീപിച്ചു. ഈ രണ്ട് അപ്പീലുകളിലുമാണ് 2022 ജനുവരി 27-ന് ഹൈക്കോടതി വിധി പറഞ്ഞത്. തടിയന്റവിട നസീറിനെയും ഷഫാസിനെയും ഹൈക്കോടതി കേസില്‍നിന്ന് വെറുതെവിട്ടു. നേരത്തെ രണ്ട് പ്രതികളെ വെറുതെവിട്ടതിനെതിരേ എന്‍.ഐ.എ. നല്കിയ അപ്പീലും ഹൈക്കോടതി തള്ളി.
Content Highlights: Kozhikode Twin Blast Case Details