സിറിൽ
മോഡലാവണമെന്ന സിറിലിന്റെ സ്വപ്‌നവും പൂവണിഞ്ഞു. ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പിയുടെ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്തപ്പോള്‍ ഡൗണ്‍ സിന്‍ഡ്രോം ബാധിതനായ സിറിലിന് സന്തോഷം ആകാശത്തോളം. മകന്റെ സ്വപ്‌നങ്ങള്‍ക്കൊപ്പം കൂട്ടുനില്‍ക്കുമ്പോള്‍, അവ സ്വന്തമാക്കുമ്പോള്‍ അച്ഛന്‍ സേവ്യറിനും അമ്മ ലിന്‍സിക്കും അഭിമാനിക്കാം.
മാതൃഭൂമി ഡോട്ട് കോമിലൂടെയാണ് ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പി ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സിറിലിനെക്കുറിച്ചും അവന്റെ മോഡലിങ് സ്വപ്‌നത്തെക്കുറിച്ചും അറിഞ്ഞത്. തുടര്‍ന്ന് സിറിലിന്റെ അച്ഛന്‍ സേവ്യറെ വിളിച്ച് കാര്യം പറഞ്ഞു.
എന്നെ സമൂഹമാധ്യമത്തില്‍ പിന്തുടരുന്ന, എന്റെ ഫോട്ടോഷൂട്ടുകള്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് സിറില്‍. ഞാന്‍ അവനെ മോഡലാക്കി ഫോട്ടോഷൂട്ട് ചെയ്താല്‍ അവന് ഒരുപാട് സന്തോഷമാകുമെന്ന് സിറിലിന്റെ പപ്പ എന്നോട് പറഞ്ഞു. എന്നാല്‍ പിന്നെ ഫോട്ടോഷൂട്ടുമായി മുന്നോട്ടു പോകാമെന്നും അവന്റെ ജന്മദിനത്തില്‍ തന്നെ ആകട്ടെ എന്നും തീരുമാനിച്ചു. ഫോട്ടോഷൂട്ടില്‍ വളരെ ആക്ടീവായാണ് സിറില്‍ ഉണ്ടായത്. തുടക്കം മുതല്‍ അവസാനം വരെ ഊര്‍ജസ്വലമായിരുന്നു. ഫോട്ടോഷൂട്ടിനെ കുറിച്ച് മഹാദേവന്‍ തമ്പി പറഞ്ഞു.

സിറിലിന്റെ പത്തൊമ്പതാം പിറന്നാള്‍ ദിനത്തിലാണ് ഫോട്ടോഷൂട്ട് നടത്തിയത്. ലോക ഫോട്ടോഗ്രഫി ദിനത്തിലാണ് സിറിലിന്റെ കഥ പറഞ്ഞുള്ള വീഡിയോ മഹാദേവന്‍ തമ്പി പങ്കുവെച്ചത്. സെലിബ്രിറ്റി മേക്കപ് ആര്‍ട്ടിസ്റ്റ് നരസിംഹ സാമിയാണ് സിറിലിനെ സ്‌റ്റൈല്‍ ചെയ്തത്. ബിജി നയനാ ഡിസൈനിങ് ആണ് കോസ്റ്റ്യൂം. സജിത് ഓര്‍മ റീടെച്ചും ചെയ്തു.
തിരുവനന്തപുരം അമ്പലമുക്ക് ചൂഴമ്പാല സ്വദേശിയാണ് സിറില്‍. കവടിയാറിലുള്ള സാല്‍വേഷന്‍ ആര്‍മി ഹയര്‍ സെക്കന്ററി സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിയാണ്. അച്ഛന്‍ സേവ്യര്‍, അമ്മ ലിന്‍സി, സഹോദരി ജെനിഫര്‍ എന്നിവരടങ്ങുന്നതാണ് കുടുംബം.
ഡൗണ്‍ സിണ്‍ഡ്രോം എന്ന ജനിതകാവസ്ഥയില്‍ ജനിച്ച സിറിലിനെ സമൂഹജീവിതം നയിക്കാന്‍ പ്രാപ്തമാക്കുകയാണ് സിറിലിന്റെ കുടുംബം. അതിലൂടെ മറ്റുള്ളവരോട് ഇടപെടാന്‍ പര്യാപ്തമാക്കുകയാണ് സേവ്യറും ഭാര്യ ലിന്‍സിയും ചെയ്യുന്നത്.സിറില്‍സ് ഹണി എന്ന പേരില്‍ തേന്‍ വില്‍ക്കുന്നത് ആരംഭിക്കുകയും സിറിലിനെ ഒപ്പം ചേര്‍ത്ത് കാര്യങ്ങളൊക്കെ പഠിപ്പിക്കുകയും ചെയ്തു. സ്വന്തമായി തേന്‍ കുപ്പികളില്‍ നിറയ്ക്കാനും അത് ഭംഗിയായി പായ്ക്ക് ചെയ്ത് വില്‍പ്പനയ്ക്ക് തയ്യാറാക്കുന്നതും ഇപ്പോള്‍ സിറില്‍ തന്നെയാണ്. തേന്‍ വില്‍പ്പനയോടൊപ്പം അമ്മയ്ക്കൊപ്പം ഗാര്‍ഡനിങ്ങിലും സിറില്‍ തിരക്കിലാണ്.