-
തേഞ്ഞിപ്പലം: സാമൂഹികമാധ്യമങ്ങളില്‍ നൃത്തച്ചുവടുകളിലൂടെ വൈറലായി മാറിയ മെഡിക്കല്‍കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യമേകി കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസും. എസ്.എഫ്.ഐയാണ് ' തത്സമയ നൃത്തച്ചുവട് ' മത്സരം സംഘടിപ്പിച്ചത്.
തൃശ്ശൂര്‍ മെഡിക്കല്‍കോളേജിലെ വിദ്യാര്‍ഥികളായ ജാനകി ഓംകുമാറിനും നവീന്‍ റസാഖിനും നേരിടേണ്ടിവന്ന വര്‍ഗീയ ഭീഷണികള്‍ക്കെതിരേ പ്രതിഷേധസൂചകമായിട്ടായിരുന്നു പരിപാടി. ഒറ്റയ്ക്കും കൂട്ടുകാര്‍ക്കൊപ്പവും വിദ്യാര്‍ഥികള്‍ തുറന്ന അരങ്ങില്‍ ചുവടുവെച്ചു.
കോവിഡ് കാരണം ഏറെക്കാലമായി കലാപരിപാടികള്‍ അന്യമായിരുന്ന കാമ്പസില്‍ നിരവധി വിദ്യാര്‍ഥികള്‍ കാഴ്ചക്കാരായി ഉണ്ടായിരുന്നു. സര്‍വകലാശാലാ ചരിത്രവിഭാഗം പ്രൊഫ. ഡോ. പി. ശിവദാസന്‍ ഉദ്ഘാടനംചെയ്തു. എ. ഗായത്രി അധ്യക്ഷതവഹിച്ചു. സി.എച്ച്. അമല്‍, ജയസംഗീത് എന്നിവര്‍ പ്രസംഗിച്ചു.