കൊനേരു ഹംപിക്ക് ലോക റാപ്പിഡ് ചെസ് കീരീടം


മോസ്‌കോയില്‍ നടന്ന ടൂര്‍ണമെന്റിലെ ടൈബ്രേക്കറില്‍ ചൈനയുടെ ടിങ്ജീ ലീയെ തോല്‍പ്പിച്ചാണ് ഹംപി ലോകജേതാവായത്.

മോസ്‌കോ: ഇടവേളയ്ക്കുശേഷം മത്സരരംഗത്ത് തിരിച്ചെത്തിയ ഇന്ത്യയുടെ കൊനേരു ഹംപി ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍. മോസ്‌കോയില്‍ നടന്ന ടൂര്‍ണമെന്റിലെ ടൈബ്രേക്കറില്‍ ചൈനയുടെ ടിങ്ജീ ലീയെ തോല്‍പ്പിച്ചാണ് ഹംപി ലോകജേതാവായത്. ആന്ധ്രാപ്രദേശ് സ്വദേശിയും 32-കാരിയുമായ ഹംപിയുടെ ആദ്യ ലോക കിരീടമാണിത്.

പുരുഷവിഭാഗത്തില്‍ നോര്‍വേയുടെ മാഗ്‌നസ് കാള്‍സന്‍ ജേതാവായി. 15 റൗണ്ടില്‍ എട്ട് വിജയവും ഏഴ് സമനിലയും നേടിയ കാള്‍സന്‍ തോല്‍വിയറിയാതെയാണ് ഈ വിഭാഗത്തില്‍ തന്റെ മൂന്നാം കിരീടം നേടിയത്.

ലോക ചെസ് ഫെഡറേഷന്‍ (ഫിഡെ) നടത്തുന്ന ടൂര്‍ണമെന്റില്‍ വനിതകളില്‍ 13-ാം സീഡായിരുന്നു ഹംപി. നിശ്ചിത 12 റൗണ്ട് കഴിയുമ്പോള്‍ ഹംപിയും ചൈനയുടെ ടിങ്ജീ ലീയും തുര്‍ക്കിയുടെ അതാലിക് എകാറ്റെറിനയും ഒമ്പതു പോയന്റുവീതം നേടി ഒന്നാംസ്ഥാനം പങ്കിട്ടു. ആദ്യറൗണ്ടില്‍ ഹംപിക്ക് ഏഴ് വിജയവും നാല് സമനിലയും ഒരു തോല്‍വിയുമുണ്ട്.

ഇതോടെ ജേതാവിനെ നിശ്ചയിക്കാന്‍ അര്‍മഗെദോണ്‍ എന്ന അതിവേഗ ടൈബ്രേക്കറിലേക്ക് നീങ്ങി. അവിടെ ആദ്യ മത്സരം തോറ്റ ഇന്ത്യന്‍ താരം, രണ്ടാം മത്സരത്തില്‍ തിരിച്ചുവന്നു.

''ലോകകിരീടം എന്നത് സ്വപ്നത്തില്‍പ്പോലും ഉണ്ടായിരുന്നില്ല. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയാല്‍ത്തന്നെ വലിയ നേട്ടമാകുമെന്ന വിശ്വാസത്തിലാണ് തുടങ്ങിയത്. ട്രൈബ്രേക്കറില്‍ ആദ്യ ഗെയിം നഷ്ടപ്പെട്ടതോടെ രണ്ടാം ഗെയിമില്‍ മോഡേണ്‍ ഡിഫന്‍സ് തിരഞ്ഞെടുത്തു. വലിയ ചൂതാട്ടമായിരുന്നെങ്കിലും അത് വിജയം കണ്ടു. ഇതോടെ കാര്യങ്ങള്‍ എളുപ്പമായി''- മത്സരശേഷം ഹംപി പ്രതികരിച്ചു.

''എന്നില്‍നിന്ന് ഈ പ്രകടനം പലരും പ്രതീക്ഷിച്ചിരുന്നു. അന്ന് അതിലേക്ക് എത്താനായില്ല. ഇപ്പോള്‍ ലോകകിരീടം നേടാനായതില്‍ അതിയായ സന്തോഷമുണ്ട്''- അവര്‍ കൂട്ടിച്ചേര്‍ത്തു. ടൂര്‍ണമെന്റ് തുടങ്ങുമ്പോള്‍ 2438 യെലോ പോയന്റുണ്ടായിരുന്ന ഹംപി, കിരീടവിജയത്തോടെ 2538 യെലോ റേറ്റിങ്ങില്‍ എത്തി.

റാപ്പിഡ് (അതിവേഗ മത്സരം)

അതിവേഗ ചെസ് ഗെയിമാണ് റാപ്പിഡ്. ഇരു താരങ്ങള്‍ക്കും 15 മിനിറ്റുവീതമാണ് അനുവദിക്കുക (ചില ടൂര്‍ണമെന്റുകളില്‍ 25 മിനിറ്റുവീതവും അനുവദിക്കാറുണ്ട്). മോസ്‌കോയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 15 മിനിറ്റ് വീതമായിരുന്നു മത്സരം.

ഒരാള്‍ കളിക്കാന്‍ തുടങ്ങിയാല്‍ അവരുടെ ടൈം ക്ലോക്ക് ഓണ്‍ ആകും. ആ മൂവ് തീരുന്നതോടെ എതിരാളിയുടെ ക്ലോക്ക് ഓണ്‍ ആകും. ഒരു മൂവിന് ഇത്രസമയം എന്ന നിബന്ധനയില്ല. 15 മിനിറ്റ് മത്സരത്തില്‍ ആദ്യ മൂവിന് 12 മിനിറ്റ് എടുത്താല്‍ പിന്നീട് എല്ലാ മൂവിനും ചേര്‍ന്ന് മൂന്നുമിനിറ്റ് മാത്രമേ ശേഷിക്കുന്നുണ്ടാകൂ.

ഒരേദിവസം ആറോ എട്ടോ റൗണ്ട് മത്സരങ്ങള്‍ കളിക്കേണ്ടിവരും. ഇതിനിടെ വെള്ളം കുടിക്കാനും മറ്റ് അത്യാവശ്യ കാര്യങ്ങളും അനുവദിക്കും. പക്ഷേ, അത് ആ കളിക്കാരന് അനുവദിച്ച സമയത്തില്‍നിന്ന് കുറയ്ക്കും.

ബ്ലിറ്റ്സ് (മിന്നല്‍) ചെസ്

റാപ്പിഡിനെക്കാള്‍ വേഗത്തിലുള്ള മത്സരമാണിത്. മൂന്നുമിനിറ്റും രണ്ട് സെക്കന്‍ഡും ആയിരിക്കും ഒരാള്‍ക്ക് മത്സരത്തില്‍ കിട്ടുന്ന സമയം. ബുദ്ധിക്കൊപ്പം കൈകളും അതിവേഗം ചലിക്കണം.

അര്‍മഗദോണ്‍

ടൂര്‍ണമെന്റുകള്‍ വിരസമായ സമനിലയില്‍ പിരിയുന്നത് ഒഴിവാക്കാന്‍ ഇപ്പോള്‍ സംഘാടകര്‍ ശ്രമിക്കാറുണ്ട്. അതിന്റെ ഭാഗമാണ് അര്‍മഗദോണ്‍ എന്ന ടൈബ്രേക്കര്‍. ഇതില്‍, വെള്ള കരു ഉപയോഗിക്കുന്ന ആള്‍ക്ക് അഞ്ചുമിനിറ്റും കറുപ്പ് കരുകൊണ്ട് കളിക്കുന്നവര്‍ക്ക് അതിനെക്കാള്‍ കുറഞ്ഞ സമയവുമായിരിക്കും (മിക്കവാറും നാലുമിനിറ്റ്)കിട്ടുക. കറുത്ത കരുകൊണ്ട് കളിക്കുന്നവര്‍ക്ക് സമനില പിടിച്ചാല്‍ കളി, അല്ലെങ്കില്‍ ടൂര്‍ണമെന്റ് ജയിക്കാം എന്ന സാഹചര്യത്തിലാണിത്.

വിവരങ്ങള്‍ക്ക് കടപ്പാട്: എം.ബി. മുരളീധരന്‍ (ഫിഡെ മാസ്റ്റര്‍)

Content Highlights: Koneru Humpy Becomes Women's World Rapid Chess Champion

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram