ന്യൂഡല്‍ഹി: ഇന്ത്യന്‍ ബോക്‌സിങ് താരം മേരികോം ഒളിമ്പിക് യോഗ്യതാ റൗണ്ടില്‍. 51 കിലോഗ്രാം വിഭാഗം ട്രയല്‍സില്‍ നിഖാത് സരീനെ തോല്‍പ്പിച്ചാണ് മേരികോമിന്റെ മുന്നേറ്റം. ആറു തവണ ലോകചാമ്പ്യനായ മേരികോം 9-1ന് വിജയിച്ചു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചൈനയിലെ വുഹാനിലാണ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ നടക്കുക.
ആദ്യ റൗണ്ടില്‍ വിജയിച്ചാണ് ഇരുവരും മുഖാമുഖം വന്നത്. നിലവിലെ ദേശീയ ചാമ്പ്യനായ ജ്യോതി ഗുലിയയെ ആണ് നിഖാത് തോല്‍പ്പിച്ചത്. റിതു ഗ്രെവാളിനെതിരെ ആയിരുന്നു മേരികോമിന്റെ വിജയം.
നേരത്തെ മേരി കോമിനെ യോഗ്യതാ റൗണ്ടില്‍ പങ്കെടുപ്പിക്കാനായിരുന്നു ഫെഡറേഷന്റെ തീരുമാനം. എന്നാല്‍ ഇതിനെതിരേ സരീന്‍ രംഗത്തുവന്നതോടെയാണ് ഇരുവരേയും ട്രയല്‍സില്‍ പങ്കെടുപ്പിച്ചത്.
മറ്റു മത്സരങ്ങളില്‍ 57 കിലോഗ്രാം വിഭാഗത്തില്‍ ലോക യൂത്ത് ചാമ്പ്യന്‍ സാക്ഷി ചൗധരി ഏഷ്യന്‍ വെള്ളിമെഡല്‍ ജേതാവ് മനീഷ മൗനേയും 60 കിലോഗ്രാം വിഭാഗത്തില്‍ മുന്‍ ദേശീയ ചാമ്പ്യന്‍ സിമ്രാന്‍ജിത് കൗര്‍ പവിത്രയെയും ആദ്യറൗണ്ടില്‍ തോല്‍പ്പിച്ചു.
Content Highlights: Mary Kom Beats Nikhat Zareen Will Represent India In 2020 Olympic Qualifiers