ന്യൂഡല്‍ഹി: ഇന്ത്യ ഈ വര്‍ഷം നേരിട്ട സൈബര്‍ ആക്രമണങ്ങളുടെ എണ്ണം 4.3 ലക്ഷം വരുമെന്ന് റിപ്പോര്‍ട്ടുകള്‍, ചൈന, റഷ്യ, യു.എസ്, നെതര്‍ലാന്‍ഡ്‌സ്, ജര്‍മനി എന്നീ അഞ്ചു രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയെ ലക്ഷ്യം വെച്ചുള്ള സൈബര്‍ ആക്രമണങ്ങള്‍ കൂടുതലായി ഉണ്ടായിട്ടുള്ളതെന്നും ഫിന്നിഷ് സൈബര്‍ സുരക്ഷാ കമ്പനിയായ എഫ്- സെക്യുര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ അഞ്ചുരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയ്ക്ക് നേരെ ഉണ്ടായത് 436,090 സൈബര്‍ ആക്രമണങ്ങളാണെന്ന് എഫ്- സെക്യുര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഇന്ത്യയില്‍ നിന്നുണ്ടാകുന്ന സൈബര്‍ ആക്രമണങ്ങളേക്കാള്‍ 12 മടങ്ങ് അധികമാണ് ഇന്ത്യയ്ക്ക് പുറത്തുനിന്ന് ഉണ്ടാകുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
ചൈന, റഷ്യ, യുഎസ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ ഇന്ത്യയ്ക്ക് നേരെ ഉണ്ടായത്. കഴിഞ്ഞ ജൂണ്‍ വരെ ഇന്ത്യയ്ക്ക് ഈ മൂന്നുമാസങ്ങളില്‍ നേരിടേണ്ടിവന്നത് 73,000 ആക്രമണങ്ങളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
റഷ്യയില്‍ നിന്നാണ് ഇന്ത്യയിലേക്ക് ഏറ്റവുമധികം സൈബര്‍ ആക്രമണങ്ങളുണ്ടായത്. 255,589 തവണ. രണ്ടാം സ്ഥാനം യു.എസിനാണ്( 103,458). ചൈന (42,544), നെതര്‍ലാന്‍ഡ്‌സ്( 19,169) ജര്‍മനി ( 15,330) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍ നിന്നുണ്ടായ ആക്രമണങ്ങള്‍.
അതേസമയം ഇന്ത്യയില്‍ നിന്നുള്ള ഹാക്കര്‍മാര്‍ ഏറ്റവുമധികം ആക്രമിച്ചത് ഓസ്ട്രിയ, നെതര്‍ലാന്‍ഡ്‌സ്, യു.കെ, ജപ്പാന്‍, ഉക്രൈന്‍ എന്നീ രാജ്യങ്ങളെയാണ്. 36,563 ആക്രമണങ്ങളാണ് ഇന്ത്യയില്‍ നിന്ന് ഈ അഞ്ചുരാജ്യങ്ങളിലേക്ക് നടന്നത്.
ഇന്ത്യ എത്രത്തോളം ഡിജിറ്റലാകുന്നുവോ അതിനനുസരിച്ച് ആഗോള സൈബര്‍ ക്രിമിനലുകള്‍ ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നുവെന്നാണ് കണക്കുകള്‍ തെളിയിക്കുന്നതെന്നാണ് എഫ്- സെക്യുര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. സൈബര്‍ ആക്രമണങ്ങള്‍ കണ്ടെത്താന്‍ ഇവര്‍ സജ്ജമാക്കിയ ഹണിപോട്ട് സംവിധാനം വഴിയാണ് ഇന്ത്യ നേരിടുന്ന സൈബര്‍ വിപത്ത് പുറത്തുകൊണ്ടുവന്നത്. ഇത്തരത്തില്‍ 41 ഹണിപോട്ടുകള്‍ ലോകത്തെമ്പാടുമായി എഫ്- സെക്യുര്‍ സ്ഥാപിച്ചിട്ടുണ്ട്.