ബാലു പറഞ്ഞു; കുഞ്ഞുമോള്‍ നെഞ്ചത്ത് കിടന്ന് ഉറങ്ങുകയാണ്, ഫോണ്‍ എടുത്താല്‍ അവള്‍ ഉണരും


2 min read
Read later
Print
Share

ലോകമറിയുന്ന സംഗീതസംവിധായകനാകാനായിരുന്നു അവന്റെ മോഹം, അതില്‍ ഗ്രാമി അവാര്‍ഡ് അവന്റെ സ്വപ്നമായിരുന്നു.

സ്വപ്നങ്ങളുടെ രാജകുമാരനായിരുന്നു ബാലു. സ്വപ്നംകണ്ടതെല്ലാം കഠിനപ്രയത്‌നത്താല്‍ അവന്‍ സ്വന്തമാക്കിയിരുന്നു. പ്രതിഭയില്‍ സംഗീതലോകത്തെ പദവികള്‍, സ്‌നേഹനിധിയായ ഭാര്യ, ഓമനിക്കാനൊരു കുഞ്ഞ്, മനസ്സുതുറക്കാന്‍ ഒത്തിരി കൂട്ടുകാര്‍ അങ്ങനെയെല്ലാം... അതെല്ലാം വിട്ടെറിഞ്ഞാണ് അവന്‍ പോയത്, സത്യത്തില്‍ അവനെ അറിയുന്നവരുടെ ചങ്ക് പറിച്ചുകൊണ്ടുള്ള യാത്ര. ദൈവത്തിന് ഇഷ്ടമായവരെ നേരത്തേ വിളിക്കുമെന്ന് വീണ്ടും വീണ്ടും പറയേണ്ടിവരും.

പ്രസരിപ്പുള്ള മുഖമായിരുന്നു ബാലുവിന്റെ പ്ലസ്. അവന് കണ്ണുകൊണ്ട് ചിരിക്കാന്‍ കഴിയുമെന്ന് തോന്നിപ്പോയിരുന്നു. അതുകൊണ്ടുതന്നെ ഒരിക്കല്‍ പരിചയപ്പെട്ടവര്‍ ബാലുവിനെ മറക്കില്ല. ഞങ്ങള്‍ അടുത്ത ബന്ധുക്കളായതിനാല്‍ കുട്ടിക്കാലംമുതല്‍ നല്ല കൂട്ടുകാരായിരുന്നു. സന്തോഷമായാലും സങ്കടമായാലും എല്ലാം ഞങ്ങള്‍ പരസ്പരം പങ്കുവെച്ചിരുന്നു. എന്റെ വീട്ടില്‍ വന്നാല്‍ സംഗീതംതന്നെയായിരുന്നു ഞങ്ങളുടെ ഹോബി. ഞാന്‍ പാടും അവന്‍ വയലിന്‍ വായിക്കും.ഭാവിയെക്കുറിച്ച് അവന് വലിയ പ്രതീക്ഷയായിരുന്നു. ലോകമറിയുന്ന സംഗീതസംവിധായകനാകാനായിരുന്നു അവന്റെ മോഹം, അതില്‍ ഗ്രാമി അവാര്‍ഡ് അവന്റെ സ്വപ്നമായിരുന്നു.

അടുത്തിടെ വിളിച്ചപ്പോള്‍ അവന്‍ ഫോണ്‍ എടുത്തില്ല. കുറച്ചുകഴിഞ്ഞപ്പോള്‍ ബാലു തിരിച്ചുവിളിച്ചു. ''ചേട്ടാ കുഞ്ഞുമോള്‍ എന്റെ നെഞ്ചത്തുകിടന്ന് ഉറങ്ങുകയായിരുന്നു. ഫോണ്‍ എടുത്ത് സംസാരിച്ചാല്‍ അവള്‍ ഉണരും... അതുകൊണ്ടാണ് ഫോണ്‍ എടുക്കാതിരുന്നത്...''അതായിരുന്നു ബാലു. കാത്തിരിപ്പിനൊടുവില്‍ കുഞ്ഞ് പിറന്നപ്പോള്‍ അവന്‍ ഏറെ സന്തോഷിച്ചു. പണ്ടൊക്കെ വിദേശ സംഗീതപരിപാടിക്കിടയിലെ ഷോപ്പിങ്ങില്‍ വയലിന്‍ വാങ്ങിച്ചുകൂട്ടുകയായിരുന്നു അവന്റെ ക്രേസ്. മകള്‍ പിറന്നതിനുശേഷം ലഗേജ് മുഴുവന്‍ അവള്‍ക്കുവേണ്ടിയുള്ള കളിപ്പാട്ടങ്ങള്‍ വാങ്ങിച്ചുവെക്കലായിരുന്നു പ്രധാന പരിപാടി.

ഭക്ഷണപ്രിയനായ ബാലു അടുത്തിടെ ഭയങ്കര ഹെല്‍ത്ത് കോണ്‍ഷ്യസായി. അന്വേഷിച്ചപ്പോള്‍ സിക്‌സ് പാക്കായിരുന്നു അവന്റെ ലക്ഷ്യം. അതിനൊരു പ്രോത്സാഹനമാകാന്‍ മൂന്ന് മാസംകൊണ്ട് ബോഡിഫിറ്റാക്കാന്‍ ഞങ്ങള്‍ ചലഞ്ചും ചെയ്തു. സംഗീതപ്രിയനാണെങ്കിലും ബാലു അഭിനയമോഹിയായിരുന്നു. അത് പലര്‍ക്കും അറിയില്ല. അടുത്തിടെ 'വേളി 'എന്ന ചിത്രത്തില്‍ ബാലഭാസ്‌കറായിത്തന്നെ അവന്‍ അഭിനയിച്ചു. പുതിയൊരു മലയാളചിത്രത്തില്‍ നായകനാകാന്‍ പോകുന്ന കാര്യവും അവന്‍ പറഞ്ഞിരുന്നു. കണ്ണെക്കലമാനൈ..., പുതുവെള്ളെ മഴൈ..., എന്നവളൈ... എന്നിവയായിരുന്നു അവന്റെ പ്രിയഗാനങ്ങള്‍. ഇനി അവനില്ലാതെ ആ ഗാനങ്ങള്‍ എങ്ങനെ കേള്‍ക്കാന്‍ കഴിയും...

അപകടവാര്‍ത്തറിഞ്ഞ് ചെന്നപ്പോള്‍ അവന്‍ ഐ.സി.യു.വി.ല്‍ആയിരുന്നു. അതുകൊണ്ട് ശരിക്കും കാണാന്‍ കഴിഞ്ഞില്ല. ഐ.സി.യു.വി.ല്‍ ആയിരുന്നപ്പോള്‍ സ്റ്റീഫന്‍ ദേവസിയോട് കണ്ണുതുറന്ന് പതുക്കെ സംസാരിച്ചിരുന്നു.

രണ്ടുമാസം മുന്‍പാണ് ബാലു അവസാനമായി എന്റെ വീട്ടില്‍ വന്നത്. വന്നുകയറുമ്പോള്‍ അവന് നല്ല തലവേദനയും ജലദോഷവും ഉണ്ടായിരുന്നു. കുറേസമയം ആവിപിടിക്കുകയും ബാം പുരട്ടുകയും ചെയ്തപ്പോള്‍ സമാധാനമായി. ഹിന്ദി മ്യൂസിക്കല്‍ ആല്‍ബം ചെയ്യാനുള്ള കാര്യം അന്നവന്‍ പറഞ്ഞു. അങ്ങനെ രാത്രി വൈകുന്നതുവരെ ഞങ്ങള്‍ സംഗീതസ്വപ്നങ്ങള്‍ പങ്കുവെച്ചു. ഭക്ഷണം കഴിച്ചു. അന്നവിടെ തങ്ങാതെ പാതിരാത്രിതന്നെ തിരിച്ചുപോകാന്‍ അവന്‍ ഇറങ്ങി. രാത്രി യാത്ര പാടില്ലെന്ന് ഒരുപാട് തവണ വിലക്കിയെങ്കിലും അവന്‍ കേട്ടില്ല... ''എന്റെ യാത്രാസമയം ഇങ്ങനെയുള്ള നേരങ്ങളിലാണ്. ആ ശീലങ്ങളൊക്കെ മാറ്റണം...'' കള്ളച്ചിരിചിരിച്ച് അവന്‍ യാത്ര പറഞ്ഞുപോയി...'' അങ്ങനെയുള്ള നേരത്തുതന്നെയായിരുന്നല്ലോ... അവന്റെ അപകടവും...
ചങ്ങാതീ, സംഗീതമുള്ള കാലത്തോളം നിന്റെ ഓര്‍മ വിട്ടുപോകില്ല...

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram