വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ ഓര്‍മയായത് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സംഗീതത്തെയും സ്‌നേഹിക്കുന്നവര്‍ക്ക്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബാലുവിന്റെയും മകളുടെയും ഓര്‍മകളില്‍ നീറുകയാണ് ഉറ്റവര്‍.
എന്നാല്‍, ദുഖകരമായ ഈ സാഹചര്യത്തിലും ബാലഭാസ്‌കറിന്റെ മരണത്തെ ചുറ്റിപ്പറ്റിയും മറ്റും ഒട്ടേറെ ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അദ്ദഹത്തിന്റെ 'ദുരൂഹ' മരണത്തിന്റെ ചുരുളഴിക്കാനും ഇറങ്ങിത്തിരിച്ചിരിക്കുന്നത് ഏറെ ദുഖകരമാണ്. ഇപ്പോള്‍ ഇതിനെതിരേ ബാലഭാസ്‌കറിന്റെ സുഹൃത്തും സംഗീത സംവിധായകനും ഗായകനുമായ ഇഷാന്‍ ദേവ് രംഗത്തെത്തിയിരിക്കുകയാണ്.
സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി ബാലഭാസ്‌കര്‍ എന്ന വ്യക്തിയെ കരിവാരി തേക്കരുതെന്നും വെറും മഞ്ഞപ്പത്ര വാര്‍ത്തയാക്കി ആ കലാകാരന്റെ മരണം മാറ്റരുതെന്നും ഇഷാന്‍ അഭ്യര്‍ഥിക്കുന്നു
ഇഷാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ആരെയും ബുദ്ധിമുട്ടിക്കാതെ, ആരെയും പാര വെക്കാതെ, ആരെയും ഉപയോഗിക്കാതെ സ്വന്തം പ്രയത്‌നം ,കഷ്ട്ടപാട് ,കഠിനാധ്വാനം എന്നിവ കൊണ്ടുമാത്രം മേലെ വന്ന് എല്ലാവര്‍ക്കും മാതൃക ആയും മാര്‍ഗദര്‍ശി ആയും മാറിയ കലാകാരനാണ് ബാലഭാസ്‌കര്‍.
വെറും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെയും മറ്റും തരം താഴ്ത്തുന്നതരത്തിലുള്ള പോസ്റ്റുകള്‍ ,വീഡിയോ എന്നിവ വന്നുതുടങ്ങി. കേരളം കണ്ട ഏറ്റവും മഹാനായ കലാകാരന്മാരില്‍ ഒരാളാണ് ബാലഭാസ്‌കര്‍ എന്ന് നിസംശയം പറയുന്ന നമ്മള്‍ അദ്ദേഹത്തെ ഇങ്ങനെ കരിവാരി തേക്കുന്നത് വളരെ വേദനാ ജനകമാണ്.
അടുത്തറിയാവുന്ന എല്ലാവര്‍ക്കും പ്രിയപ്പെട്ട ആള്‍ തന്നെയാണ് അദ്ദേഹം ഇപ്പോഴും. കേവലം നിങ്ങളുടെ മഞ്ഞപത്ര വാര്‍ത്തയാക്കി ആ കലാകാരന്റെ അകാലമരണം മാറ്റരുത്. കൂടെ നിന്നു ചങ്കു പിടയുന്ന ആയിരങ്ങളുടെ അപേക്ഷയാണ് ഇത്.സ്വസ്ഥമായി ഉറങ്ങട്ടെ ആ അച്ഛനും മകളും ...പ്‌ളീസ്...
violinist balabhaskar daughter tejaswini bala death ishaan dev against balabhaskar death rumours