യുഡിഎഫിൽ നിന്ന് സിപിഎം തിരിച്ചുപിടിച്ചത് 9 സീറ്റുകള്‍, ബിജെപിയിൽ നിന്ന് ഒന്ന്


3 min read
Read later
Print
Share

കഴിഞ്ഞ തവണ 24 വോട്ടിന് അനില്‍ അക്കര ജയിച്ച മണ്ഡലത്തില്‍ 15168 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു സേവ്യര്‍ ചിറ്റിലപ്പള്ളിയുടെ വിജയം.

പ്രതീകാത്മ ചിത്രം

കോഴിക്കോട്: ഇന്നോളമുള്ള കേരള നിയമസഭാ രാഷ്ട്രീയ ചരിത്രത്തെ തിരുത്തി കുറിച്ചു കൊണ്ട് തുടര്‍ഭരണത്തിലേക്ക് കയറിയ എല്‍ഡിഎഫ് ഇത്തവണ 16 സീറ്റാണ് പ്രതിപക്ഷത്തില്‍ നിന്ന് തിരിച്ചുപിടിച്ചത്. 15 സീറ്റുകള്‍ യുഡിഎഫില്‍ നിന്നും ഒരു സീറ്റ് ബിജെപിയില്‍ നിന്നും.

2016ലെ നിയമസഭയിലെ എൽഡിഎഫിനൊപ്പമില്ലാതിരുന്ന വട്ടിയൂര്‍കാവ്, നേമം, അരുവിക്കര, തിരുവനന്തപുരം, കോന്നി, പൂഞ്ഞാര്‍, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, ഇടുക്കി, കളമശ്ശേരി, കുന്നത്തുനാട്, വടക്കാഞ്ചേരി, തൃത്താല, കോഴിക്കോട് സൗത്ത്, കുറ്റ്യാടി, അഴീക്കോട് എന്നിങ്ങനെ 16 സീറ്റുകളാണ് ഇടതുമുന്നണി പിടിച്ചെടുത്തത്. ഇതില്‍ വട്ടിയൂര്‍ക്കാവ്, അരുവിക്കര, കോന്നി, കുന്നത്തുനാട്, തൃത്താല, വടക്കാഞ്ചേരി, കളമശ്ശേരി, കുറ്റ്യാടി, അഴീക്കോട്, നേമം എന്നിവയാണ് സിപിഎം പിടിച്ചെടുത്ത സീറ്റുകള്‍. ഇതിൽ തന്നെ വട്ടിയൂർകാവും കോന്നിയും ഉപതിരഞ്ഞെടുപ്പ് വഴി സിപിഎം പിന്നീട് പിടിച്ചെടുത്ത സീറ്റുകളാണ്.

  1. വട്ടിയൂര്‍കാവ്
വട്ടിയൂര്‍കാവില്‍ മത്സരിച്ച സിപിഎം സ്ഥാനാര്‍ഥി വി.കെ പ്രശാന്ത് 21515 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപിയിലെ വി.വി രാജേഷിനെ തോല്‍പിച്ചത്. കോണ്‍ഗ്രസ്സിലെ വീണ എസ് നായറെ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്താക്കി കൊണ്ടാണ് പ്രശാന്ത് ജയിച്ചു കയറിയത്. 2016ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ മുരളീധരന്‍ 7622 വോട്ടിന് ബിജെപിയിലെ കുമ്മനം രാജശേഖരനോട് ജയിച്ച സീറ്റാണ് സിപിഎം പിടിച്ചെടുത്തത് എന്ന പ്രത്യേകതയുമുണ്ട്. അന്ന് സിപിഎമ്മിലെ ടി. എന്‍ സീമ മണ്ഡലത്തില്‍ മൂന്നാമതായിരുന്നു. കെ. മുരളീധരന്‍ ലോക്‌സഭയില്‍ മത്സരിച്ച് ജയിച്ചതിനെത്തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പിന്നീട് വി. കെ പ്രശാന്ത് വിജയിച്ചിരുന്നു

2. അരുവിക്കര

കോണ്‍ഗ്രസ്സിലെ കെ. എസ് ശബരീനാഥ് 2016ല്‍ 21314 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലമാണ് അരുവിക്കര. കോണ്‍ഗ്രസ്സ് തങ്ങളുടെ ഉറച്ച സീറ്റെന്ന് കരുതിയ ഈ മണ്ഡലമാണ് സിപിഎമ്മിന്റെ ജി. സ്റ്റീഫന്‍ അട്ടിമറിയിലൂടെ പിടിച്ചെടുത്തത്. 5046 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സ്റ്റീഫന്‍ കോണ്‍ഗ്രസ്സിലെ ശബരീനാഥനെ തോല്‍പിച്ചത്.

3. കോന്നി

2016ല്‍ 20748 വോട്ടിന് കോണ്‍ഗ്രസ്സിലെ അടൂര്‍ പ്രകാശ് ജയിച്ച മണ്ഡലമാണ് കോന്നി. ഇത്തവണ സിപിഎമ്മിലെ യുവരക്തമായ കെ.യു ജനീഷ്‌കുമാര്‍ 8508 വോട്ടിനാണ് മണ്ഡലം കോണ്‍ഗ്രസ്സില്‍ നിന്ന് തിരിച്ചു പിടിക്കുന്നത്. കോണ്‍ഗ്രസ്സിലെ റോബിന്‍ പീറ്ററായിരുന്നു രണ്ടാം സ്ഥാനത്ത്. ഉപതിരഞ്ഞെടുപ്പില്‍ കെ. യു ജനീഷ് കുമാര്‍ വിജയിച്ചിരുന്നതിനാല്‍ സിപിഎമ്മിന് പ്രതീക്ഷയുള്ള മണ്ഡലമായിരുന്നു കോന്നി.

4.കുന്നത്തുനാട്

2679 വോട്ടിന്റെ ഭൂരിപക്ഷത്തിന് 2016ല്‍ കോണ്‍ഗ്രസ്സിലെ വി. പി സജീന്ദ്രന്‍ ജയിച്ച മണ്ഡലമാണ് പി. വി ശ്രീനിജനിലൂടെ ഇത്തവണ സിപിഎം പിടിച്ചെടുത്തത്. വെറും 2715 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജയം. 20 -20 യുടെ സുജിത്ത് പി സുരനേന്ദ്രന്റെ കൂടി സ്ഥാനാര്‍ഥിത്വത്തില്‍ ത്രികോണ മത്സരം കാഴ്ചവെച്ച മണ്ഡലമായിരുന്നു കുന്നത്തുനാട്. കഴിഞ്ഞ തവണ 2679 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വി പി സജീന്ദ്രന്‍ ഇവിടെ ജയിച്ചു കയറിയത്.

5.തൃത്താല

കേരളം ഉറ്റുനോക്കിയ മത്സരം കാഴ്ചവെച്ച മണ്ഡലങ്ങളിലൊന്നായിരുന്നു തൃത്താല. രണ്ട് തവണയായി കോണ്‍ഗ്രസ്സിലെ യുവനേതാവായ വിടി ബല്‍റാം തുടര്‍ച്ചയായി വിജയിച്ച മണ്ഡലമാണ് സിപിഎം പിടിച്ചെടുത്തത്. ബല്‍റാമിനെ വീഴ്ത്തുക എന്ന ഉദ്ദേശത്തോടെയാണ് സിപിഎം എംബി രാജേഷിനെ രംഗത്തു കൊണ്ടുവരുന്നത്. എംബി രാജേഷിന്റെ വരവോടെ ഹാട്രിക് നേട്ടം എന്ന ബല്‍റാമിന്റെ സ്വപ്‌നമാണ് പൊലിഞ്ഞത്. 3016 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു എംബി രാജേഷിന്റെ വിജയം.

6.വടക്കാഞ്ചേരി

സിപിഎമ്മിന്റെ ഏറ്റവും വലിയ പ്രതിഛായ പോരാട്ടങ്ങളിലൊന്നായിരുന്നു വടക്കാഞ്ചേരി മണ്ഡലത്തിലേത്. ലൈഫ് മിഷനെതിരേ കടുത്ത ആരോപണങ്ങളുയര്‍ത്തിയ അനില്‍ അക്കരയെ തോല്‍പിക്കുകയെന്ന വലിയ ദൗത്യവുമായാണ് സേവ്യര്‍ ചിറ്റിലപ്പള്ളിയെ സിപിഎം മത്സരത്തിനായി രംഗത്തിറക്കുന്നത്. കഴിഞ്ഞ തവണ 24 വോട്ടിന് അനില്‍ അക്കര ജയിച്ച മണ്ഡലത്തില്‍ 15168 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു സേവ്യര്‍ ചിറ്റിലപ്പള്ളിയുടെ വിജയം.

7.കളമശ്ശേരി

പാലാരിവട്ടം പാലം അഴിമതി എഫക്ടും തുടര്‍ഭരണ തരംഗവും ഒരുമിച്ച് ചേര്‍ന്നപ്പോഴാണ് ലീഗിന്റെ കോട്ടയായ കളമശ്ശേരി പി . രാജീവിലൂടെ സിപിഎം തിരിച്ചു പിടിക്കുന്നത്. ലീഗിലെ വി. കെ ഇബ്രാഹിംകുഞ്ഞ് 12118 വോട്ടിന്റെ ഭൂരിപക്ഷത്തിന് 2016ല്‍ ജയിച്ച മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ തന്നെ മകനായ വി. ഇ അബ്ദുള്‍ ഗഫൂര്‍ ആയിരുന്നു ഇത്തവണത്തെ ലീഗ് സ്ഥാനാര്‍ഥി.

8. കുറ്റ്യാടി

1901 വോട്ടിന് ലീഗിലെ പാറക്കല്‍ അബ്ദുള്ള 2016ല്‍ മത്സരിച്ച ജയിച്ച മണ്ഡലമായിരുന്നു കുറ്റ്യാടി. ഇത്തവണ കേരള കോണ്‍ഗ്രസ്സ് ജോസ് കെ മാണി വിഭാഗത്തിന് വിട്ടു കൊടുത്ത സീറ്റ് സിപിഎം അണികളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് ജോസ് കെ മാണി സിപിഎമ്മിന് വിട്ടു കൊടുക്കുന്നത്. ഇവിടെ 333 വോട്ടിനായിരുന്നു സിപിഎം നേതാവായ കെ. പി കുഞ്ഞമ്മദ് കുട്ടി ലീഗിന്റെ സിറ്റിങ് എംഎല്‍എയായ പാറക്കല്‍ അബ്ദുള്ളയെ തോല്‍പിച്ചത്.

9.അഴീക്കോട്

സിപിഎം സ്ഥാനാര്‍ഥിയായ കെ.വി സുമേഷ് ലീഗിന്റെ സിറ്റിങ് എംഎല്‍എയായ കെ എം ഷാജിയെ 6141 വോട്ടിനാണ് അഴീക്കോട് മണ്ഡലത്തില്‍ ഇത്തവണ തോല്‍പിച്ചത്. 2016ലെ തിരഞ്ഞെടുപ്പില്‍ കെ എം ഷാജി 2287 വോട്ടിനാണ് സിപിഎം സ്ഥാനാര്‍ഥിയും മാധ്യമപ്രവര്‍ത്തകനുമായിരുന്ന എം വി നികേഷ് കുമാറിനെ തോല്‍പിച്ച മണ്ഡലമാണിത്.

10.നേമം

എല്‍ഡിഎഫിനെ സംബന്ധിച്ച് തിരിച്ചു പിടിച്ച സീറ്റുകളില്‍ ഏറ്റവും മൂല്യമേറിയത് നേമമായിരുന്നു. 2016ല്‍ സിപിഎമ്മില്‍ നിന്ന് രാജഗോപാലിലൂടെ ബിജെപിയിലേക്ക് പോയ നേമം സീറ്റ് വി ശിവന്‍ കുട്ടിയിലൂടെയാണ് സിപിഎം തിരിച്ചു പിടിച്ചത്. അങ്ങനെ കേരള നിയമസഭാ ചരിത്രത്തില്‍ ബിജെപി തുറന്ന ഏക അക്കൗണ്ട് മുഖ്യമന്ത്രി അദ്ദേഹം തിരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ച പോലെ സിപിഎം പൂട്ടിച്ചു. 8671 വോട്ടിന് കഴിഞ്ഞ തവണ രാജഗോപാല്‍ മത്സരിച്ച വിജയിച്ച സീറ്റ് 3949 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം തിരിച്ചു പിടിക്കുന്നത്.

content highlights: CPM Acquired 9 sitting seats of UDF, one from BJP in Kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram