നേമത്ത് ശിവന്‍കുട്ടിയെ ജയിപ്പിച്ചതാര്? കണക്കുകള്‍ കഥ പറയുന്നു


1 min read
Read later
Print
Share

കുമ്മനം രാജശേഖരൻ, വി.ശിവൻകുട്ടി, കെ.മുരളീധരൻ |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: ബി.ജെ.പിയുടെ നേമം അക്കൗണ്ട് പൂട്ടിയത് ആര്? ജയിച്ചത് സി.പി.എമ്മിന്റെ വി. ശിവന്‍കുട്ടി ആയതിനാല്‍ പിണറായി പറഞ്ഞത് പോലെ ആ അക്കൗണ്ട് ക്ലോസ് ചെയ്യപ്പെട്ടു. ആദ്യ ക്രെഡിറ്റ് സി.പി.എമ്മിന് തന്നെ. നേമത്തെ കരുത്തനാകാന്‍ എത്തിയ കെ. മുരളീധരന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അപ്പോഴും കുമ്മനത്തെ തോല്‍പിച്ചതില്‍ വലിയ പങ്ക് മുരളിയെ നിര്‍ത്തിയതിലൂടെ യു.ഡി.എഫിനുണ്ടെന്ന് പറഞ്ഞാലും തെറ്റില്ല.

2016-നെ അപേക്ഷിച്ച് ഇത്തവണ ജയിച്ച വി. ശിവന്‍കുട്ടിക്കും രണ്ടാമതെത്തിയ ബി.ജെ.പിയുടെ കുമ്മനം രാജശേഖരനും വോട്ട് കുറഞ്ഞപ്പോള്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന് വോട്ടുകള്‍ ഇരട്ടിയിലധികമായി വര്‍ധിച്ചു.

എല്‍.ഡി.എഫിന് 3,305-ഉം ബി.ജെ.പിക്ക് 15,925 വോട്ടുമാണ് കഴിഞ്ഞ തവണത്തെക്കാള്‍ കുറഞ്ഞത്. അതേസമയം, യു.ഡി.എഫിന് 22,664 വോട്ടുകളുടെ വര്‍ധനവുണ്ടായി.

2016-ല്‍ ബിജെപിക്ക് 67,813 വോട്ട് ലഭിച്ചിരുന്നു. ഇത്തവണ അത് 51,888 ആയി കുറഞ്ഞു. സി.പി.എമ്മിന് 2016-ല്‍ 59,142 വോട്ടായിരുന്നു ലഭിച്ചത്. ഇത്തവണ 55,837 വോട്ടായി കുറഞ്ഞു. വ്യത്യാസം 3,305 വോട്ട്. ശിവന്‍കുട്ടിയുടെ ഭൂരിപക്ഷം 3,949. യു.ഡി.എഫിന് 13,860 വോട്ടുണ്ടായിരുന്നത് 36, 524 വോട്ടായി വര്‍ധിച്ചു.

കെ. മുരളീധരന്റെ വരവോടെ കോണ്‍ഗ്രസിന് വോട്ട് ഗണ്യമായി വര്‍ധിപ്പിക്കാനായതും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വോട്ട് കുറഞ്ഞിട്ടും വി. ശിവന്‍കുട്ടിയുടെ വിജയം ഉറപ്പാക്കിയതില്‍ നിര്‍ണായകമായി. രാജഗോപാലിനെ ജയിപ്പിച്ചത് യു.ഡി.എഫാണെന്ന സി.പി.എം. ആരോപണത്തിലെ കഴമ്പും ഇതിലുണ്ടെന്ന് കാണാനാകും. അങ്ങനെയാണെങ്കില്‍ ശിവന്‍കുട്ടിയെ ജയിപ്പിച്ചതും കോണ്‍ഗ്രസ് ആണെന്നു പറയേണ്ടി വരും.

ഫലത്തില്‍ തോറ്റെങ്കിലും ബി.ജെ.പിയിലേക്ക് ഒഴുകിയ വോട്ട് തിരികെയെത്തിക്കാന്‍ കെ. മുരളീധരനിലൂടെ യു.ഡി.എഫിനും കഴിഞ്ഞുവെന്ന് ആശ്വസിക്കാം. അതേസമയം, തങ്ങളുടെ വോട്ടുകള്‍ എന്നും അരക്കിട്ടുപ്പിക്കാന്‍ സി.പി.എമ്മിനായിട്ടുണ്ട് എന്നതാണ് അവരുടെ വിജയത്തിന്റെ പ്രധാന ഘടകം. 2006-ല്‍ മണ്ഡലത്തില്‍ ജയിച്ച യു.ഡി.എഫിന് 2011, 2016, 2021 തിരഞ്ഞെടുപ്പുകളില്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

Content Highlights: Nemom election result udf bjp ldf

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram