ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും| ഫോട്ടോ: പി.ജി ഉണ്ണിക്കൃഷ്ണൻ, മാതൃഭൂമി
തോല്‍വിയുടെ കാരണം ചികയുമ്പോഴും ഗ്രൂപ്പ് മാനേജര്‍മാര്‍ തിരക്കിലാണ്. വീഴ്ത്താന്‍ ഒരു ടീമും സംരക്ഷിക്കാന്‍ മറ്റൊരു ടീമും കളിക്കളത്തില്‍ ഇറങ്ങിക്കഴിഞ്ഞു. ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ലാത്ത മുല്ലപ്പള്ളിയാണ് രണ്ട് ഗ്രൂപ്പുകളുടെയും പൊതു ടാര്‍ജറ്റ്.
സംഘടനാ ദൗര്‍ബല്യമാണ് കുറ്റക്കാരനെന്ന ഐ ഗ്രൂപ്പിന്റെ കണ്ടെത്തലില്‍ എല്ലാമുണ്ട്. ഗംഭീരപ്രകടനം കാഴ്ചവെച്ച ചെന്നിത്തലയെ പിന്തുണക്കാന്‍ പാര്‍ട്ടിയില്ലാതെ പോയതത്രേ പണി പാളാന്‍ കാരണം. അല്ലെങ്കില്‍ 99 സീറ്റുമായി തകര്‍ത്തേനെ എന്ന രീതിയിലാണ് വ്യാഖ്യാനം.
ഉത്തരവാദിത്വമാണ് പ്രശ്‌നമെങ്കില്‍ അന്വേഷണം ഉമ്മന്‍ ചാണ്ടിയുടെ മേല്‍നോട്ട സമിതിയില്‍നിന്ന് തുടങ്ങണമെന്നാണ് പന്തളം പറയുന്നത്. ഒന്നുകില്‍ എല്ലാവരും കൂടി ചുമക്കാം. അത് സമ്മതമല്ലെങ്കില്‍ പാപഭാരം മുല്ലപ്പള്ളി തന്നെ ചുമന്നാ മതിയെന്ന് സാരം. പാസ് കൊടുത്തിട്ട് മിസ് പാസാക്കിയതിന് എന്തിന് ചെന്നിത്തലയെ പഴിക്കണം എന്നാണ് അവര്‍ ഐ ഗ്രുപ്പുകാര്‍ ചോദിക്കുന്നത്.
താക്കോല്‍ സ്ഥാനമൊന്നുമില്ലാത്ത എ ഗ്രൂപ്പാകട്ടെ തോല്‍വി ഒരു 'സുവര്‍ണാവസരമാക്കി' മറ്റാനുള്ള തയ്യാറെടുപ്പിലാണ്. ഗ്രൂപ്പ് യോഗം ചേര്‍ന്ന് പ്രസ്താവന ഇറക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി കഴിഞ്ഞു. ഒന്നുകില്‍ പ്രതിപക്ഷ നേതൃസ്ഥാനം അല്ലെങ്കില്‍ പാര്‍ട്ടി അധ്യക്ഷപദം. രണ്ടിലൊന്ന് തരപ്പെടുത്താന്‍ ഇതിലും നല്ലൊരു മുഹൂര്‍ത്തമില്ലെന്നാണ് രഹസ്യയോഗത്തിലെ കണ്ടെത്തലെന്നാണ് കേള്‍വി.
മുല്ലപ്പള്ളി മാറണം എന്ന് ആഗ്രഹമുണ്ട്. അത് ആവശ്യപ്പെട്ടാല്‍ സുധാകരന്‍ വരുമെന്ന ഭയം ഒരുവശത്ത്. മാറുമ്പോള്‍ രണ്ട് പേരും മാറട്ടെ അതല്ലെ അതിന്റെ ഒരു സ്പിരിറ്റെന്നാണ് എ ഗ്രൂപ്പിന്റെ മനസ്സിലിരിപ്പ്. 2016-ലെ ഉമ്മന്‍ ചാണ്ടിയുടെ മാതൃക അവര്‍ ഉയര്‍ത്തിക്കാണിക്കാന്‍ റെഡിയാണ്. ഇനി ഒരു ബാല്യം ഇല്ലെന്ന് ഒ.സിക്കും ടീമിനും അറിയാം. പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കണം. റെഡിയാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ ഇരിക്കൂര്‍ വിട്ട് കോട്ടയത്ത് പാര്‍ട്ടി 'ശക്തിപ്പെടുത്തുന്ന' തിരക്കിലുള്ള കെ.സി ജോസഫിന് തിരുവഞ്ചൂരിനെ മറികടക്കാനാകുമോ.
ബെന്നി ബെഹ്നാന് ചെന്നിത്തലയോട് ഒരു ചായ്‌വുണ്ടോയെന്ന് ചിലര്‍ക്കെങ്കിലും സംശയം. സീനിയോറിറ്റി കാര്‍ഡുള്ള മറ്റൊരാള്‍ പി.ടി. തോമസാണ്. തിയറി ഒന്റിയുടെ കാര്യം പോലെ ഗോളടിക്കാന്‍ മിടുക്കനാണ്. പക്ഷേ ഒറ്റയ്ക്ക് കളി ജയിപ്പിക്കാനാണ് ഇഷ്ടം. ഇടുക്കിയില്‍ ഇടഞ്ഞതോടെ ഇടക്കാലത്ത് റിസര്‍വ് ബഞ്ചിലേക്ക് തട്ടിയതാ. സുധീരന്‍ ബെന്നിക്ക് റെഡ് കാര്‍ഡ് കൊടുത്തതു കൊണ്ടാണ് ഫൈനല്‍ ഇലവനില്‍ ഇടംകിട്ടിയത്. കണ്ടകശനി മാറി ഊര്‍ജ്ജസ്വലനായ കെ. ബാബു ഇപ്പോ ഗ്രൂപ്പില്‍ എല്ലാവര്‍ക്കും സ്വീകാര്യനാണ്. പക്ഷേ ഗ്രൂപ്പിനെ കൊണ്ടുനടക്കാനുള്ള ഗ്രിപ്പുണ്ടോയെന്ന് സംശയം.
മറുവശത്ത് ഐ ഗ്രൂപ്പാണെങ്കില്‍ ഒരു കോണ്‍ഫെഡറേഷനായിട്ടാണ് പ്രവര്‍ത്തനം. ചെന്നിത്തല, സതീശന്‍. വാഴയ്ക്കന്‍ അച്ചുതണ്ട് ഒരു വശത്ത്. ഒറ്റയാനായി നില്‍ക്കുന്ന കെ. സുധാകരനും കണ്ണൂര്‍ ലോബിയും മറ്റൊരുവശത്ത്. കാര്യം ഐ ഗ്രൂപ്പാണെങ്കിലും ചെന്നിത്തലയുമായി സുധാകരന് അത്ര ഇഴയടുപ്പം പോര. പന്തളവും ശിവകുമാറും അടൂര്‍ പ്രകാശും ഉറച്ച ഗ്രുപ്പുകാരായി രണ്ടാം ടീം. ഇതിലൊന്നും പെടാതെ മുരളിയും സംഘവും റിസര്‍വ് ടീമില്‍.
തിരുത്തി മതിയായ തിരുത്തല്‍വാദികളെയെല്ലാം കൂട്ടി ചിന്നിച്ചിതറിയ ഗ്രൂപ്പിനെ വിശാല ഐയാക്കി കോര്‍ത്തെടുക്കാന്‍ ചെന്നിത്തല ഒരുപാട് പണിപ്പെട്ടതാണ്. ദേശീയതലത്തില്‍ സംഘടന ശക്തിപ്പെടുത്തുന്ന തിരക്കിലും കെ.സി. വേണുഗോപാലിന് കേരളത്തോട് ഇപ്പോഴും ഇഷ്ടം കൂടുതലാണ്. ഇരിക്കൂരില്‍ മാത്രമല്ല പഴകുളത്തും കെ.സിക്ക് പിടിയുണ്ട്.
എ ഗ്രൂപ്പില്‍ രണ്ടാം നിര ദുര്‍ബലമാണെങ്കില്‍ മൂന്നാം നിര യൂത്ത് ടീം ശക്തമാണ്. പി.സി. വിഷ്ണുനാഥ്, ഡീന്‍, സിദ്ദിഖ്, ഷാഫി പറമ്പില്‍ ഇവരിലാണ് ഗ്രൂപ്പിന്റെ ഭാവി. വിന്‍സെന്റും സനീഷ്‌കുമാറും ഒക്കെ കൈകോര്‍ക്കും. ഹൈബിയും റോജിയും അന്‍വര്‍ സാദത്തും സി.ആര്‍. മഹേഷും ശബരിയും അടങ്ങുന്ന ഐ ഗ്രൂപ്പിന്റെ ജൂനിയര്‍ ടീമും കട്ടയ്ക്ക് നില്‍ക്കും. സീനിയേഴ്‌സിനെ അപേക്ഷിച്ച് പരസ്പരം ചിന്നംവിളിച്ച് മത്സരിക്കാന്‍ യൂത്ത് ബ്രിഗേഡ് തയ്യാറല്ല.
അടിയന്തരമായി ബലിയാടിനെ കിട്ടിയേ തീരൂ. വിക്കറ്റ് ഒന്ന് നല്‍കാന്‍ ഐ ഗ്രൂപ്പ് തയ്യാറാണ്. അത് മുല്ലപ്പള്ളിയാണ്. എ ഗ്രൂപ്പ് രണ്ടും വീഴട്ടെ എന്ന മോഹത്തിലാണ്. എയും ഐയും പണ്ടേ തള്ളിയ മുല്ലപ്പള്ളി കഴിച്ചു കൂട്ടിയത് ആന്റണിയുടേയും ഹൈക്കമാന്‍ഡിന്റെയും പവറിലാണ്. തിരഞ്ഞെടുപ്പില്‍ എട്ടു നിലയില്‍ പൊട്ടിയ സ്ഥിതിക്ക് ഇനി ഡല്‍ഹി പിടിയുണ്ടാവില്ല മുല്ലപ്പള്ളിക്ക്.
എല്ലാമുണ്ട് പക്ഷേ, എന്തുണ്ട് കാര്യം എന്ന അവസ്ഥയിലാണ് ചെന്നിത്തല. മുഴുവന്‍ സമയവും സ്‌കോര്‍ തുല്യമായിരുന്നു. പക്ഷേ ക്ലൈമാക്‌സില്‍ അല്ല ട്രൈബ്രേക്കറില്‍ 4-1 ന് തോറ്റ നിലയിലാണ് ടീം. ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാന്‍സ് 2002-ല്‍ ഗ്രൂപ്പ് റൗണ്ടില്‍ തോറ്റ അവസ്ഥയിലാണ് കോണ്‍ഗ്രസിലെ കാര്യങ്ങള്‍. ഇനി ഇപ്പോ 2026-ലേക്ക് കണ്ണ് വെക്കണമെങ്കില്‍ ഗ്രൂപ്പ് റൗണ്ട് മുതല്‍ കളിച്ചുതുടങ്ങണം.
ജഗപൊകയാക്കുന്ന സുധാകരന്‍ പോലും ശാന്തശീലനായി മാറിയിരിക്കുന്നു. കാര്യങ്ങള്‍ കലങ്ങിത്തെളിയുമ്പോള്‍ രമേശിന്റെ റോളില്‍ വി.ഡി. സതീശനും മുല്ലപ്പള്ളിയുടെ കസേരയില്‍ സുധാകരനും ഉപവിഷ്ഠരാകുമോ? അങ്കലാപ്പ് കൂടുതല്‍ എ ഗ്രൂപ്പിലാണ്. സീനിയോറിറ്റിക്ക് ഒരു വില വേണ്ടേ. തിരുവഞ്ചൂരിന് പെരുന്നയില്‍നിന്നും ഉപദേശം തേടാവുന്നതാണ്. വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്ന ഉമ്മന്‍ ചാണ്ടി ആരുടെ പേര് പറയും?
പുതിയ അധ്യക്ഷന്‍ വന്നാലുടന്‍ പുന:സംഘടിപ്പിച്ച് ശക്തിയാര്‍ജിക്കുമെന്നാ കേള്‍ക്കുന്നേ. ഇതുവരെയുള്ള ചരിത്രം വച്ച് അത് പാര്‍ട്ടിയാകാന്‍ തരമില്ല. ഗ്രൂപ്പായിരിക്കും പുന:സംഘടിപ്പിക്കപ്പെടുക. ക്ലബ് ഫുട്‌ബോളില്‍ ട്രാന്‍സ്ഫര്‍ സീസണ്‍ പോലെ ഇടയ്ക്ക് ചിലര്‍ അങ്ങോട്ടും ഇങ്ങോട്ടും ഗ്രൂപ്പും മാറും. അതോടെ പുന:സംഘടന ക്ലോസ്. ഇനി സംഘടനാ തിരഞ്ഞെടുപ്പെങ്ങാന്‍ നടന്നാല്‍ കലങ്ങിത്തെളിയുന്നത് പുതിയൊരു ഗ്രൂപ്പിന്റെ ഉദയത്തിലായിരിക്കും.
പാച്ചേനിക്ക് ഒരു രാത്രി പോലും വേണ്ടി വന്നില്ല എയില്‍നിന്ന് ഐയിലേക്ക് മാറി സുധാകരനൊപ്പം ഇരിക്കാന്‍. ആ പേടി എ ഗ്രൂപ്പിനുണ്ട്. ചെന്നിത്തല മാറിയാലും തത്കാലം സേഫ് ആണ് ഐ ഗ്രൂപ്പ്. വിശാലമാക്കി വളര്‍ത്തിയ ക്യാപ്റ്റന്‍ ചെന്നിത്തല പക്ഷേ അത്ര സേഫല്ല. ഗ്രൂപ്പ് സമവാക്യങ്ങള്‍ പോലും അടിമുടി മാറിയേക്കാവുന്ന രാഷ്ട്രീയ തിരയിളക്കിന്റെ ചലനങ്ങളാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍. കലങ്ങിത്തെളിയുമ്പോള്‍ ആര് സ്‌കോര്‍ ചെയ്താലും 2026-ല്‍ ഫൈനല്‍ കളിക്കാനെങ്കിലും ബാക്കിയുണ്ടാവുമോ എന്തോ.
ഈ തോല്‍വിയില്‍ എനിക്ക് പങ്കില്ല. ഇതൊന്നും എന്നെ ബാധിക്കുന്നതല്ല എന്ന മട്ടില്‍ ഹസ്സന്‍ ഏകോപനത്തിന്റെ തിരക്കിലാണ്.