To advertise here, Contact Us



അര്‍ജന്റീനയുമായി 29 ടെസ്റ്റ് കളിച്ച യുറഗ്വായ്


പി.ടി ബേബി

2 min read
Read later
Print
Share

ലോകഫുട്ബോളിലെ ഏറ്റവും ചീത്തക്കുട്ടിയായ സുവാരസ് ടീമിനൊപ്പമുണ്ട്. റഷ്യയില്‍ എന്തുസംഭവിക്കും

ത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഇംഗ്ലീഷുകാര്‍ യുറഗ്വായില്‍ ക്രിക്കറ്റ് അവതരിപ്പിച്ചു. പെട്ടെന്ന് അതിന് പ്രചാരവുമുണ്ടായി. യുറഗ്വായ്ക്ക് ഒരു ടെസ്റ്റ് ടീമുണ്ടായിരുന്നു. 1868-നും ഒന്നാം ലോകമഹായുദ്ധത്തിനുമിടയില്‍ അര്‍ജന്റീനയുമായി അവര്‍ 29 ടെസ്റ്റുകള്‍ കളിച്ചു. പിന്നീട് രാജ്യത്ത് ക്രിക്കറ്റ് നാമാവശേഷമായി. രംഗം ഫുട്ബോള്‍ കൈയടക്കി. അവര്‍ രാജാക്കന്‍മാരായി.

To advertise here, Contact Us

യുറഗ്വായ് ഫുട്ബോള്‍ലോകത്തെ ഭരിച്ച ഒരു കാലമുണ്ടായിരുന്നു. 1930ല്‍ ആദ്യ ലോകകപ്പിലെ കിരീടം മുതല്‍ ആ സുവര്‍ണകാലം തുടങ്ങുന്നു. ആദ്യ ഫൈനലില്‍ അവര്‍ക്കു മുന്നില്‍ തകര്‍ന്നടിഞ്ഞത് അര്‍ജന്റീനയായിരുന്നെങ്കില്‍ 1950-ല്‍ ഹൃദയം തകര്‍ന്നത് ബ്രസീലിനാണ്. മാറക്കാനയിലെ ഫൈനലില്‍ ബ്രസീലിനെ കീറിമുറിച്ച് യുറഗ്വായ് രണ്ടാം ലോകകിരീടവും ചൂടി.

15 തവണയാണ് യുറഗ്വായ് കോപ്പ അമേരിക്ക ചാമ്പ്യന്‍മാരാകുന്നത്. ഒടുവില്‍ ചാമ്പ്യന്‍മാരായത് 2011ല്‍. 1924, 1928 ഒളിമ്പിക്‌സുകളിലും ഫുട്ബോള്‍ സ്വര്‍ണം. യുറഗ്വായുടെ അലമാരയിലുള്ളത് ഇരുപതോളം ഔദ്യോഗിക കിരീടങ്ങളാണ്. മറ്റേതൊരു ടീമിനെക്കാള്‍ കൂടുതല്‍ അവര്‍ നേടിയിട്ടുണ്ട്.

സ്വന്തം നാട്ടില്‍ നടന്ന എല്ലാ പ്രധാന ചാമ്പ്യന്‍ഷിപ്പുകളും യുറഗ്വായ് ജയിച്ചു. ആ റെക്കോഡും മറ്റൊരു ടീമിന് അവകാശപ്പെടാനില്ല. ലാ സെലസ്റ്റെ (ആകാശനീലിമ) എന്ന ഓമനപ്പേരില്‍ അവര്‍ അറിയപ്പെട്ടു.

ജനസംഖ്യ നന്നേ കുറഞ്ഞൊരു രാജ്യം. 35 ലക്ഷമാണ് ഇപ്പോഴത്തെ ജനസംഖ്യ. 1930ല്‍ ആദ്യലോകകിരീടം സ്വന്തമാക്കുമ്പോള്‍ പതിനേഴര ലക്ഷം മാത്രമായിരുന്നു ജനങ്ങള്‍. ലോകകപ്പ് നേടുന്ന ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യം.

1954-ലും 1970-ലും ലോകകപ്പില്‍ യുറഗ്വായ് നാലാം സ്ഥാനം നേടി. പിന്നീടങ്ങോട്ട് ലോകവേദിയില്‍നിന്ന് മാഞ്ഞുമാഞ്ഞുപോവുകയായിരുന്നു. ഒമ്പത് ലോകകപ്പുകളില്‍ അഞ്ചിലും യോഗ്യതപോലും നേടാനായില്ല. 2010-ന് ശേഷമാണ് യുറഗ്വായ് പുനര്‍ജനിക്കുന്നത്.

ലൂയി സുവാരസ്. ഡീഗോ ഫോര്‍ലാന്‍, എഡിന്‍സണ്‍ കവാനി തുടങ്ങിയ ലോകോത്തര താരങ്ങള്‍ ഉദയംകൊണ്ടപ്പോള്‍ യുറഗ്വായ് വീണ്ടും പ്രകാശിച്ചു. 2010ല്‍ അവര്‍ ലോകകപ്പില്‍ നാലാംസ്ഥാനം നേടി. പിറ്റേവര്‍ഷം, 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അവര്‍ കോപ്പ അമേരിക്കയില്‍ ചാമ്പ്യന്‍മാരായി. ഏറ്റവും കൂടുതല്‍ കോപ്പ നേടുന്ന രാജ്യമെന്ന റെക്കോഡും സ്വന്തമാക്കി.

കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ടും ഇറ്റലിയും കോസ്റ്ററീക്കയും ഉള്‍പ്പെട്ട ഗ്രൂപ്പിലായിരുന്നു യുറഗ്വായ്. ആദ്യകളിയില്‍ കോസ്റ്ററീക്കയോട് ഞെട്ടിക്കുന്ന തോല്‍വി. രണ്ടാം മത്സരത്തില്‍ ലൂയി സുവാരസിന്റെ രണ്ടുഗോള്‍ മികവില്‍ ഇംഗ്ലണ്ടിനെതിരേ വിജയം. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇറ്റലിയെ തോല്പിച്ച് രണ്ടാം റൗണ്ടില്‍.

എന്നാല്‍ ആ മത്സരത്തില്‍ ടീമിന് തീര്‍ത്താല്‍ തീരാത്ത ചില നഷ്ടങ്ങളുണ്ടായി. ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ ചെല്ലിനിയെ കടിച്ചതിന് ലൂയി സുവാരസിനെതിരേ കടുത്ത അച്ചടക്കനടപടി. എട്ട് മത്സരങ്ങളില്‍നിന്ന് വിലക്ക്. നാല് മാസത്തേക്ക് ഒരു സ്റ്റേഡിയത്തില്‍ പോലും കയറിപ്പോകരുത് എന്നും ഫിഫ ഉത്തരവിട്ടു.

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കടുത്ത അച്ചടക്കനടപടി. പ്രീക്വാര്‍ട്ടറില്‍ കൊളംബിയയോട് തോറ്റ് അവര്‍ പുറത്തായി. അന്ന് സുവാരസിന് ആ ദുര്‍ബുദ്ധി തോന്നാതിരുന്നെങ്കില്‍... പിന്നീടങ്ങോട്ട് കോപ്പ അമേരിക്കയിലും യുറഗ്വായ് പച്ചപിടിച്ചില്ല. ലോകഫുട്ബോളിലെ ഏറ്റവും ചീത്തക്കുട്ടിയായ സുവാരസ് ടീമിനൊപ്പമുണ്ട്. റഷ്യയില്‍ എന്തുസംഭവിക്കും?

Content Highlights: Uruguay World Cup Team and History

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us