സമ്മതം ചോദിച്ചിരിക്കണം; 'മീടൂ'വിനെ നേരിടാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി ക്രിക്കറ്റ് അസോസിയേഷന്‍


1 min read
Read later
Print
Share

ഒരാളുമായി ഏതു തരത്തിലുള്ള ബന്ധത്തിനാണോ നിങ്ങള്‍ താല്‍പ്പര്യപ്പെടുന്നത്, അതിന്റെ ഓരോ ഘട്ടത്തിലും സമ്മതം ചോദിച്ചിരിക്കണമെന്നാണ് നിയമമെന്നും അസോസിയേഷന്‍ താരങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.

വെല്ലിങ്ടണ്‍: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സുപ്രധാന നീക്കവുമായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് പ്ലെയേഴ്‌സ് അസോസിയേഷന്‍ (എന്‍.ഇസഡ്‌.സി.പി.എ).

ക്രിക്കറ്റ് താരങ്ങള്‍ക്ക് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനെക്കുറിച്ചുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ താരങ്ങളുടെ ഹാന്‍ഡ് ബുക്കില്‍ ഉള്‍പ്പെടുത്തിയാണ് എന്‍.ഇസഡ്‌.സി.പി.എ വ്യത്യസ്തരാകുന്നത്. ഇതാദ്യമായാണ് ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ താരങ്ങളുടെ ഹാന്‍ഡ് ബുക്കില്‍ ഇടംപിടിക്കുന്നത് സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ക്രിക്കറ്റ് അസോസിയേഷന്റെ ഈ നടപടി.

എപ്പോഴും ശരിയായ തീരുമാനമെടുക്കുക എന്നത് ജീവിതത്തില്‍ വളരെ പ്രധാന്യമുള്ള കാര്യമാണ്. ലൈംഗിക ബന്ധത്തിന്റെ കാര്യത്തിലും ഇത് വളരെ പ്രധാനമാണ്. സാഹചര്യം എന്തു തന്നെയായാലും ലൈംഗിക ബന്ധത്തില്‍ ഉഭയസമ്മതത്തിന് വലിയ പ്രാധാന്യമുണ്ടെന്നും ക്രിക്കറ്റ് അസോസിയേഷന്‍ താരങ്ങള്‍ക്ക് നല്‍കിയ ഹാന്‍ഡ് ബുക്കില്‍ പറയുന്നു.

അവര്‍ താല്‍പ്പര്യമില്ലെന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം താല്‍പ്പര്യമില്ല എന്നു തന്നെയാണെന്നും അവരുടെ തീരുമാനത്തെ ബഹുമാനിക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

ഒരാളുമായി ഏതു തരത്തിലുള്ള ബന്ധത്തിനാണോ നിങ്ങള്‍ താല്‍പ്പര്യപ്പെടുന്നത്, അതിന്റെ ഓരോ ഘട്ടത്തിലും സമ്മതം ചോദിച്ചിരിക്കണമെന്നാണ് നിയമമെന്നും അസോസിയേഷന്‍ താരങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.

ന്യൂസിലന്‍ഡ് താരങ്ങളെ ലൈംഗിക ആരോപണങ്ങളില്‍ നിന്ന് രക്ഷിക്കാനുള്ള അസോസിയേഷന്റെ മുന്‍കരുതല്‍ കൂടിയാണിത്. ലോകമൊന്നാകെ മീ ടൂ ക്യാമ്പെയ്‌നിന്റെ ഭാഗമായി സ്ത്രീകള്‍ വെളിപ്പെടുത്തലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് പ്ലെയേഴ്‌സ് അസോസിയേഷന്റെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.

നേരത്തെ തനിക്ക് നേരിട്ട മാനസികപീഡനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും ശ്രീലങ്കയുടെ മുന്‍ ക്രിക്കറ്റ് ടീം നായകനും പെട്രോളിയം മന്ത്രിയുമായ അര്‍ജുന രണതുംഗയ്ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് ഫ്ളൈറ്റ് അറ്റന്‍ഡന്റും രംഗത്തെത്തിയിരുന്നു.

Content Highlights: new zealand cricket association adds sexual consent guidelines in players handbook

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram