മൈതാനങ്ങളെ ത്രസിപ്പിക്കാന്‍ ഇനി അവനില്ല; ധനരാജിന് നാട് വിടചൊല്ലി


ടാലന്റ് ഫുട്‌ബോള്‍ അസോസിയേഷന്റെ പരിശീലകനായിരുന്ന ധനരാജിനെ അവസാനമായി കാണാനെത്തിയ ശിഷ്യരും പൊട്ടിക്കരയുകയായിരുന്നു

പാലക്കാട്: സങ്കടക്കടലായിരുന്നു കല്ലേപ്പുള്ളി തെക്കോണിയിലെ ധനരാജിന്റെ വീട്ടില്‍. പെരിന്തല്‍മണ്ണയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ കുഴഞ്ഞുവീണുമരിച്ച മുന്‍ കേരളതാരം ധനരാജിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ഭാര്യ അര്‍ച്ചനയും കുടുംബാംഗങ്ങളും മാത്രമല്ല ഗ്രാമം മുഴുവന്‍ നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞു.

കാല്‍പ്പന്തുകളിയില്‍ ഉയരങ്ങളിലെത്തുമ്പോഴും ഗ്രാമത്തിലെ മൈതാനത്ത് പന്തുകളിക്കാനെത്തുന്ന പ്രിയ താരത്തിന് നാടൊന്നാകെ വിടചൊല്ലി. ടാലന്റ് ഫുട്‌ബോള്‍ അസോസിയേഷന്റെ പരിശീലകനായിരുന്ന ധനരാജിനെ അവസാനമായി കാണാനെത്തിയ ശിഷ്യരും പൊട്ടിക്കരയുകയായിരുന്നു.

രണ്ടരയോടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളാണ് കാത്തുനിന്നത്. മുന്‍ പരിശീലകന്‍ ടി.കെ. ചാത്തുണ്ണി, വി.കെ. ശ്രീകണ്ഠന്‍ എം.പി., ഫുട്‌ബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുകൂടിയായ ഷാഫി പറമ്പില്‍ എം.എല്‍.എ., കെ.വി. വിജയദാസ് എം.എല്‍.എ., നഗരസഭാധ്യക്ഷ പ്രമീള ശശിധരന്‍ തുടങ്ങി നിരവധിപേര്‍ ആദരാഞ്ജലികളര്‍പ്പിച്ചു. മൂന്നരയോടെ മൃതദേഹം ഗ്രാമപ്പഞ്ചായത്ത് മൈതാനത്ത് പൊതുദര്‍ശനത്തിന് എത്തിച്ചപ്പോള്‍ പ്രിയതാരത്തിന് വിടചൊല്ലാന്‍ ആയിരങ്ങള്‍ കാത്തുനിന്നിരുന്നു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, ധനരാജിന്റെ ആദ്യകാല പരിശീലകനായ സുധാകരന്‍, സഹതാരങ്ങളായിരുന്ന സുശാന്ത് മാത്യു, നൗഷാദ്, ഷബീര്‍ അലി, എന്‍.പി. പ്രദീപ്, അനില്‍കുമാര്‍, വാഹിദ്, ഷാജഹാന്‍, കബീര്‍, ഹാരിസ്, ലയണല്‍ തോമസ് തുടങ്ങി നിരവധിപേര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. അഞ്ചരയോടെ മൃതദേഹം വിലാപയാത്രയായി ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തിലെത്തിച്ച് സംസ്‌കരിച്ചു. തുടര്‍ന്ന്, അനുശോചന പൊതുയോഗവും നടന്നു.

ധനരാജിന്റെ കുടുംബത്തിനായി 19-ന് ഫുട്‌ബോള്‍ മത്സരം

ധനരാജ് കുടുംബസഹായഫണ്ട് സ്വരൂപിക്കുന്നതിനായി നൂറണി മൈതാനത്ത് 19-ന് ഫുട്‌ബോള്‍മത്സരം നടത്തുമെന്ന് സഹതാരങ്ങള്‍ പറഞ്ഞു. മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോള്‍ സംഘടനകളും സഹായവാഗ്ദാനം നല്‍കിയിട്ടുണ്ട്. കായികതാരങ്ങള്‍ക്കുള്ള ജോലിക്കായി പരിഗണിക്കുമ്പോഴാണ് ധനരാജ് മരിച്ചത്. താരത്തിന് കിട്ടേണ്ട ജോലി ഭാര്യയ്ക്ക് നല്‍കണമെന്ന് സര്‍ക്കാരിന് അപേക്ഷ നല്‍കുമെന്ന് ഷാഫിപറമ്പില്‍ എം.എല്‍.എ. പറഞ്ഞു.

Content Highlights: native place say goodbye to Footballer R Dhanarajan Dies While Playing sevens match

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram