To advertise here, Contact Us



ആശങ്കയിലാകുന്ന ഇന്ത്യൻ ഫെഡറലിസം


ശശി തരൂര്‍

4 min read
Read later
Print
Share

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് അർഹമായ കേന്ദ്രവിഹിതം നിഷേധിക്കപ്പെടുന്നു എന്ന ആശങ്ക ഉയർത്തിയിരിക്കുകയാണ് വിവിധ രാഷ്ട്രീയകക്ഷികൾ. ജനസംഖ്യാടിസ്ഥാനത്തിൽ നികുതിവരുമാനം വിഭജിക്കുന്നത് വികസന സൂചികകൾ മെച്ചപ്പെടുത്തുന്നവരെ

തികച്ചും സാങ്കേതികമായ പ്രശ്നങ്ങൾ നമ്മുടെ രാജ്യത്തിന്റെ നിലനില്പിനെത്തന്നെ ചോദ്യം ചെയ്യുന്ന തരത്തിൽ ഉയരുന്നത് അത്ര സാധാരണമായ കാര്യമല്ല. എന്നാൽ, ഈ മാസം ഇതാണ് സംഭവിച്ചത്. പതിനഞ്ചാമത് ധനകാര്യ കമ്മിഷൻ ‘മോശമായി ആസൂത്രണം ചെയ്ത’ അന്വേഷണവിഷയങ്ങളെ ചോദ്യം ചെയ്തുകൊണ്ട് ഡി.എം.കെ. നേതാവ് എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രിക്കും പത്ത് മുഖ്യമന്ത്രിമാർക്കും കത്തയച്ചിരുന്നു. ഇത് മോദി സർക്കാർ ചിന്തിക്കാതെയെടുത്ത ഒരു തീരുമാനം, രാജ്യത്തെ എങ്ങനെ ഗുരുതരമായി ബാധിക്കുന്നു എന്ന് കാണിക്കുന്നു.നമ്മുടെ ഭരണസംവിധാനങ്ങളിൽ അധികം അറിയപ്പെടാത്ത സ്ഥാപനമാണ് ധനകാര്യ കമ്മിഷൻ. നികുതിവരുമാനം സംസ്ഥാനങ്ങൾക്ക് എങ്ങനെ വിഭജിക്കണമെന്ന് തീരുമാനമെടുക്കാനായി ഓരോ അഞ്ചുവർഷം കൂടുന്തോറും നിയമിക്കപ്പെടുന്ന സ്ഥാപനമാണിത്. ഇങ്ങനെ പങ്കുവെക്കുന്നത് നിർണയിക്കാനായി ധനകാര്യകമ്മിഷൻ ഓരോ സംസ്ഥാനത്തിൽനിന്നുമുള്ള ജനസംഖ്യയുടെ ശതമാനക്കണക്കുൾപ്പെടെ വിവിധഘടകങ്ങൾ കണക്കിലെടുക്കുന്നു. നാലു പതിറ്റാണ്ടിലധികമായി 1971-ലെ സെൻസസ് പ്രകാരമുള്ള കണക്കാണ് കമ്മിഷൻ സ്വീകരിക്കുന്നത്.

To advertise here, Contact Us

1971-നുശേഷം നാല് സെൻസസുകൾ നടക്കുകയും ഇതിന്റെ കണക്ക് ധനകാര്യ കമ്മിഷനുകൾക്ക് ലഭിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇക്കാര്യം ചിലപ്പോൾ കൗതുകമായി തോന്നിയേക്കാം. എന്നിലിതിന്റെ കാരണം വളരെ ലളിതമാണ്, പാർലമെന്റിലെ പ്രാതിനിധ്യം. 1976-ൽ 42-ാമത് ഭരണഘടനാ ഭേദഗതി 25 വർഷത്തേക്ക് സംസ്ഥാനങ്ങൾക്ക് കൂടുതൽ ലോക്‌സഭാ സീറ്റുകൾ അനുവദിക്കുന്നത് മരവിപ്പിച്ചു. ജനസംഖ്യാനിയന്ത്രണം നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്ക് ലോക്‌സഭാ സീറ്റുകൾ നഷ്ടമാകില്ലെന്ന് ഉറപ്പുനൽകുന്നതായിരുന്നു ഈ ഭേദഗതി.

2001-ൽ പ്രധാനമന്ത്രി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ. സർക്കാർ ഈ നടപടി 25 വർഷത്തേക്കുകൂടി നീട്ടി. ഈ 91-ാമത് ഭേദഗതി പാർലമെന്റിന്റെ ഇരുസഭകളും ഐകകണ്ഠ്യേനയാണ് പാസാക്കിയത്. ഇത്തരമൊരു നയരൂപവത്കരണത്തിനു പിറകിലെ ചിന്ത വളരെ വ്യക്തമായിരുന്നു. ജനസംഖ്യാശാസ്ത്ര മാനുഷികവികസന മേഖലകളിൽ വികസനം കൈവരിക്കുന്ന ഒരു സംസ്ഥാനത്തിന് രാഷ്ട്രീയപരമായ തിരിച്ചടികൾ സമ്മാനിക്കരുത്. ജനാധിപത്യം എല്ലാ പൗരരെയും അവർ വികസിത സംസ്ഥാനങ്ങളിലോ അല്ലെങ്കിൽ സ്ത്രീ ശാക്തീകരണത്തിലും ശിശുമരണനിരക്ക് കുറയ്ക്കുന്നതിലും പരാജയപ്പെട്ട് ജനസംഖ്യ കുത്തനെ കൂട്ടുന്ന സംസ്ഥാനങ്ങളിലോ ആണ് കഴിയുന്നതെന്ന് വേർതിരിച്ചു കാണാതെ തുല്യരായി കാണണമെന്ന വാദം യുക്തിപരമാണ്. എന്നാൽ, സംയുക്ത സംസ്ഥാനസംവിധാനം (ഫെഡറലിസം) പിന്തുടരുന്ന ഒരു ജനാധിപത്യരാജ്യത്തിൽ നന്നായി വികസിച്ച സംസ്ഥാനങ്ങൾക്ക് അവരുടെ രാഷ്ട്രീയസ്വാധീനം നഷ്ടമാവുകയും പരാജയപ്പെടുന്ന സംസ്ഥാനങ്ങൾക്ക് പരാജയത്തിന് പ്രതിഫലമായി പാർലമെന്റിൽ കൂടുതൽ സീറ്റുകൾ ലഭിക്കുകയും ചെയ്യുന്ന സ്ഥിതി ഭൂഷണമല്ല. ഇത്തരത്തിൽ വളരെ ആലോചിച്ച് സന്തുലിതമായി നടപ്പാക്കിയ സംവിധാനമാണ് മോദിസർക്കാർ 1971-ലേതിനു പകരം 2011-ലെ സെൻസസ് കണക്കുകൾ ഉപയോഗിക്കണമെന്ന് ധനകാര്യകമ്മിഷന് നിർദേശം നൽകുക വഴി തകിടം മറിച്ചിരിക്കുന്നത്. ഇതാണ് സ്റ്റാലിനെ പ്രകോപിപ്പിച്ചതും.

ഇക്കാര്യത്തിൽ സ്റ്റാലിൻ തനിച്ചല്ല. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മുൻ സിനിമാതാരവും ആന്ധ്രാപ്രദേശിൽ പുതുതായി രാഷ്ട്രീയപ്പാർട്ടി രൂപവത്കരിക്കുകയും ചെയ്ത പവൻ കല്യാണും സാമൂഹികമാധ്യമങ്ങളിലൂടെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ‘ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വിജയം കേന്ദ്രം അവർക്കെതിരായി ഉപയോഗിക്കുമോ?’ എന്നായിരുന്നു പവന്റെ ട്വീറ്റ്. ജനസംഖ്യാടിസ്ഥാനത്തിൽ നികുതിവരുമാനം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും വിഭജിക്കുമ്പോൾ അത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബാധിക്കുമോ എന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സിദ്ധരാമയ്യ ഒരു പടികൂടി കടന്ന് ഇന്ത്യൻ ഫെഡറലിസം സംബന്ധിച്ച ധാരാളം ചോദ്യങ്ങൾ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഉയർത്തി. കർണാടകയുടെ ചരിത്രവും സ്വന്തമായി പതാക വേണമെന്നതിനുള്ള ന്യായവാദങ്ങളും കന്നട ഭാഷയെ ആദരിക്കേണ്ടതിന്റെ പ്രസക്തിയും നിലവിലെ നികുതിസമ്പ്രദായത്തിലെ അസമത്വവും പോസ്റ്റിൽ അദ്ദേഹം ചൂണ്ടിക്കാണിച്ചു.

‘ചരിത്രപരമായി നോക്കുമ്പോൾ ദക്ഷിണേന്ത്യ ഉത്തരേന്ത്യയെ സാമ്പത്തികമായി സഹായിച്ചുകൊണ്ടിരിക്കുകയാണെന്ന് കാണാം. ഉദാഹരണത്തിന്, ഉത്തർപ്രദേശ് നൽകുന്ന നികുതിപ്പണത്തിലെ ഓരോ രൂപയ്ക്കും അവർക്ക് 1.79 രൂപ തിരികെ ലഭിക്കുന്നു. കർണാടക നൽകുന്ന ഓരോ രൂപയ്ക്കും ലഭിക്കുന്നത് 0.47 രൂപയാണ്. പ്രാദേശികമായ അസമത്വം പരിഹരിക്കേണ്ടതിന്റെ ആവശ്യം ഞാൻ മനസ്സിലാക്കുന്നു. എന്നാൽ, വികസനത്തിനുള്ള പ്രതിഫലം എവിടെയാണ്?’ കേന്ദ്രനികുതി വരുമാനം വിഭജിക്കുന്നതിന് ജനസംഖ്യയെ മുഖ്യഘടകമാക്കുന്നതേപ്പറ്റിയും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ‘എത്രകാലം നമുക്ക് ജനസംഖ്യാവർധനയെ പ്രോത്സാഹിപ്പിക്കാൻ സാധിക്കും?’

ഇന്ത്യയ്ക്ക് അവഗണിക്കാൻ സാധിക്കാത്ത ചോദ്യങ്ങളാണിവ. ‘പശു ബെൽറ്റിലെ’ ഒരിക്കൽ ബിമാറു എന്ന് വിളിക്കപ്പെട്ടിരുന്ന ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങൾ, വികസനസൂചികകളെ പ്രത്യേകിച്ച് സ്ത്രീ സാക്ഷരതയും സ്ത്രീശാക്തീകരണവും മെച്ചപ്പെടുത്തുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി ഇവിടങ്ങളിലെ ജനസംഖ്യ ദക്ഷിണേന്ത്യയിലേതിനെ അപേക്ഷിച്ച് കണക്കിലധികം വർധിച്ചിരിക്കുന്നു. ധനകാര്യ കമ്മിഷന്റെ പുതിയ ഫോർമുല പ്രകാരം ഇതുകാരണം ഇവർക്ക് നികുതി വരുമാനത്തിന്റെ ഭൂരിഭാഗവും ലഭിക്കുകയും ചെയ്യും.

നമുക്ക് താത്കാലികമായി ഈ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിച്ചേക്കും. ധനകാര്യ കമ്മിഷൻ ചെയർമാൻ എൻ.കെ. സിങ്ങുമായി ഇത് സംബന്ധിച്ച് ഞാൻ സംസാരിച്ചിരുന്നു. ഉദ്യോഗഭരണത്തിന്റെ എല്ലാ കൗശലങ്ങളുമറിയാവുന്ന അദ്ദേഹം തനിക്ക് മുന്നിൽ വന്നിരിക്കുന്ന നിർദേശങ്ങളെ സംബന്ധിച്ച് ഒന്നുംചെയ്യാൻ സാധിക്കില്ല എന്നു വ്യക്തമാക്കിയെങ്കിലും ഇതൊരു കീറാമുട്ടിയാണെന്ന് സമ്മതിക്കുന്നുണ്ട്. വിഷയത്തിന്റെ ഗൗരവം അദ്ദേഹം മനസ്സിലാക്കുന്നുണ്ട്. ഈ പ്രതിസന്ധി താത്കാലികമായെങ്കിലും മറികടക്കാനുള്ള ഒരു മാർഗം അദ്ദേഹം കണ്ടുപിടിക്കും. 2011-ലെ സെൻസസ് വിവരങ്ങൾ ഉപയോഗിക്കുക എന്നതല്ലാതെ അദ്ദേഹത്തിന് വേറെ മാർഗങ്ങളില്ല. എന്നാൽ, കമ്മിഷന്റെ കണക്കുകൂട്ടലുകൾക്കുപയോഗിക്കുന്ന അനേകംഘടകങ്ങളിൽ ഒന്നുമാത്രമാണ് ജനസംഖ്യ. സംസ്ഥാനങ്ങളുടെ പങ്ക് കണക്കാക്കുമ്പോൾ ഈ ഘടകത്തിന്റെ പ്രാധാന്യം അദ്ദേഹത്തിന് കുറയ്ക്കാൻ സാധിക്കും.

പക്ഷേ, ഇതിനപ്പുറത്തേക്കും നമ്മൾ ശ്രദ്ധ ചെലുത്തണം. ബിഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 2001-നും 2011-നുമിടയിലെ ജനസംഖ്യാ വളർച്ചനിരക്ക് 20 ശതമാനത്തിലധികമാണ്. ഇതേ കാലയളവിൽ അവിഭജിത ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, തമിഴ്‌നാട് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനസംഖ്യാ വളർച്ചനിരക്ക് 16 ശതമാനത്തിലും താഴെയാണ്. എന്റെ സ്വന്തം സംസ്ഥാനമായ കേരളത്തിലാണ് രാജ്യത്തെതന്നെ ഏറ്റവും കുറഞ്ഞ ജനസംഖ്യാ വളർച്ചനിരക്ക് (2001-’11 കാലത്ത് 4.9 ശതമാനം. ഇത് കുറഞ്ഞു വരികയാണ്. 2021 ആകുമ്പോഴേക്ക് ഇത് ന്യൂനസംഖ്യയിലെത്തുമെന്നാണ് കരുതുന്നത്). ബിഹാറിലെ വളർച്ചനിരക്കിന്റെ അഞ്ചിലൊന്നാണിത്. തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തിയതിന് കേരളത്തിന് പാർലമെന്റ് സീറ്റുകൾ നഷ്ടപ്പെടുകയും അതുവഴി ദേശീയരാഷ്ട്രീയത്തിലെ തങ്ങളുടെ സ്വാധീനം കുറയുകയും ചെയ്യുന്നതിന്റെ യുക്തിയെന്താണ്?

ഇതിന്റെ ഉത്തരം വളരെ സ്പഷ്ടമാണ്. കൂടുതൽ ആളുകളെന്നാൽ കൂടുതൽ സ്വാധീനവും കൂടുതൽ നികുതിപ്പണവും നിങ്ങൾക്ക് ലഭിക്കും. പക്ഷേ, വൈവിധ്യങ്ങളാൽ സമ്പന്നവും ഏകത്വവുമുള്ള, എന്നാൽ, പ്രാദേശികവും മതപരവും ഭാഷാപരവുമായ സമ്മർദങ്ങളാൽ ഈ ഏകത്വം അപകടത്തിലുമായ ഇന്ത്യ പോലൊരു രാജ്യത്ത് ഇത്തരമൊരു ഉത്തരം നമ്മളെയെല്ലാം ഒന്നിപ്പിക്കുന്ന നിർമലമായ കണ്ണികളെ തകർത്തേക്കും.
അല്ലെങ്കിൽത്തന്നെ ഇന്നത്തെ ബി.ജെ.പി.യുടെ ‘ഹിന്ദി-ഹിന്ദു-ഹിന്ദുസ്ഥാൻ’ രാഷ്ട്രീയം വാജ്‌പേയിയുടെ കാലത്തെ എല്ലാവരെയും ഇണക്കിനിർത്തുന്ന സാഹചര്യത്തിൽനിന്ന് വ്യത്യസ്തമാണ്. അവരുടെ മൃഗീയ ഭൂരിപക്ഷം നേടിയതിന്റെ അഹങ്കാരം, ആശയസംവേദനത്തിലെ ഹിന്ദി ഭാഷയുടെ മേൽക്കോയ്മ, ആര്യ മേധാവിത്വവാദം തുടങ്ങിയവ ഇപ്പോൾത്തന്നെ പല ദക്ഷിണേന്ത്യൻ രാഷ്ട്രീയനേതാക്കൾക്കിടയിലും അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്.
ഇതിനുള്ള ഏക പരിഹാരം വികേന്ദ്രീകൃതമായ ഒരു ജനാധിപത്യവ്യവസ്ഥ നമുക്കാവശ്യമുണ്ട് എന്ന കാര്യം അംഗീകരിക്കുകയാണ്. അതിൽ നികുതിവരുമാനത്തിന്റെ കേന്ദ്രവിഹിതത്തിന് അത്ര പ്രാധാന്യമുണ്ടാകില്ല. ന്യൂഡൽഹിയിലെ അധികാരകേന്ദ്രങ്ങൾക്ക് അത്ര അപ്രമാദിത്വവുമുണ്ടാകില്ല. അത്തരമൊരു സംവിധാനത്തിന് പുതിയ സെൻസസ് വിവരങ്ങൾ ഉയർത്തുന്ന ആശങ്കകളെ മറികടക്കാൻ സാധിക്കും. പക്ഷേ, നമ്മുടെ സംവിധാനം മാറാത്തിടത്തോളം കാലം നാം കരുതലോടെയിരിക്കേണ്ടിയിരിക്കുന്നു. ഇതിലാണ്, ഇത്തവണയും മോദിസർക്കാർ പരാജയപ്പെട്ടത്‌.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
babu

4 min

ബാബു മലയില്‍ കുടുങ്ങിയതിന് ട്രെക്കിങ് നിരോധിക്കുകയാണോ വേണ്ടത്? മുരളി തുമ്മാരുകുടി എഴുതുന്നു

Feb 13, 2022


mathrubhumi

19 min

ഏറ്റവും ധനപ്രതിസന്ധി നേരിടുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്ന് കേരളം- കാരണം ധൂർത്തോ?

Jan 9, 2019

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us