വായ തുറന്നാല്‍ വാറോല; ഒരു അധ്യാപകന്റെ അഭിപ്രായപ്രകടനം കേരള സര്‍ക്കാരിനെ ഭയപ്പെടുത്തുന്ന വിധം


ശ്യാം മുരളി

4 min read
Read later
Print
Share

പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI

ത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളുടെ നടത്തിപ്പിനെക്കുറിച്ച് വിശദീകരിക്കാന്‍ അടുത്തിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അധ്യാപകരുടെ അഭിപ്രായപ്രകടനത്തിനെതിരേ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. വിദ്യാഭ്യാസമേഖലയും പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയരാനിടയുള്ള വിമര്‍ശനങ്ങളെ എങ്ങനെയാണ് കൈകാര്യംചെയ്യുക എന്ന കാര്യത്തിലുള്ള മുന്നറിയിപ്പായിരുന്നു അതെന്ന് പിന്നീട് വ്യക്തമായി. ഏതാനും ദിവസത്തിനുള്ളില്‍ പയ്യന്നൂരിലെ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ പി. പ്രേമചന്ദ്രന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിക്കൊണ്ട് ഇക്കാര്യത്തിലുള്ള സര്‍ക്കാര്‍ നിലപാട് കൂടുതല്‍ പ്രകടമാക്കപ്പെട്ടു. വര്‍ഷങ്ങളായി പൊതുവിദ്യാഭ്യാസവും കരിക്കുലവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ലേഖനങ്ങള്‍ എഴുതുകയും ചെയ്യുന്ന, ഇടതുപക്ഷ അധ്യാപക സംഘടനയുടെ സജീവപ്രവര്‍ത്തകനായ അധ്യാപകനാണ് പ്രേമചന്ദ്രന്‍ എന്നത് മറ്റൊരു കാര്യം.

1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിലെ 60 എ വകുപ്പ് ലംഘിച്ചു എന്നാണ് പ്രേമചന്ദ്രന് ലഭിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കിടയിലും സമൂഹത്തിലും ഫോക്കസ് ഏരിയയുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിലൂടെ ആശയക്കുഴപ്പമുണ്ടാക്കി എന്നാണ് നോട്ടീസില്‍ ആരോപിച്ചിരിക്കുന്നത്. സാധാരണ രജിസ്‌ട്രേഡ് തപാലില്‍ അയക്കേണ്ട നോട്ടീസ്, തിരുവനന്തപുരത്തുനിന്ന് ഒരു ഉദ്യോഗസ്ഥന്‍ നേരിട്ടെത്തി നല്‍കുകയായിരുന്നു എന്നത് വിഷയത്തിന്റെ 'അടിയന്തിര പ്രാധാന്യം' വ്യക്തമാക്കുന്നു.

അക്കാദമിക് രംഗത്ത് നടത്തിയ അഭിപ്രായപ്രകടനത്തിന്റെ പേരില്‍, അത് സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങളോടുള്ള വിമര്‍ശനമായതിന്റെ പേരില്‍ ഒരു അധ്യാപകന് സര്‍ക്കാര്‍ കുറ്റപത്രം നല്‍കുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ഒരുപക്ഷേ, ആദ്യമായിരിക്കും. പൗരന്റെ അഭിപ്രായപ്രകടനത്തിനുള്ള അവകാശത്തെക്കുറിച്ചും അത് സംരക്ഷിക്കുന്നതിനേക്കുറിച്ചും ആവര്‍ത്തിച്ച് ഉരുവിടാറുള്ള ഇടതുപക്ഷം ഭരിക്കുന്ന കാലത്താണ് ഇത് സംഭവിക്കുന്നത് എന്നതാണ് അതിലെ ഏറ്റവും വലിയ വൈരുദ്ധ്യം.

premachandran
പി. പ്രേമചന്ദ്രന്‍

വര്‍ഷങ്ങളായി കേരളത്തിന്റെ പൊതുവിദ്യാഭ്യാസവും കരിക്കുലവും ഭാഷയുമായി ബന്ധപ്പെട്ട് മാതൃഭൂമി ആഴ്ചപ്പതിപ്പിലടക്കം അമ്പതിലധികം ലേഖനങ്ങള്‍ എഴുതിയിട്ടുള്ള ആളാണ് പി. പ്രേമചന്ദ്രന്‍. വിദ്യാഭ്യാസ മേഖലയ്ക്കും വിദ്യാര്‍ഥികള്‍ക്കും വേണ്ടി പതിറ്റാണ്ടുകളായി നിലപാടെടുക്കുകയും വാദിക്കുകയും ചെയ്യുന്ന ആള്‍. വിദ്യാഭ്യാസ രംഗവമായി ബന്ധപ്പെട്ട മികച്ച ലേഖനത്തിന് സര്‍ക്കാരിന്റെ മാധ്യമ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള അധ്യാപകന്‍. അദ്ദേഹം ഒരു ഓണ്‍ലൈന്‍ മാഗസിനിലും സാമൂഹ്യമാധ്യമങ്ങളിലും എഴുതിയ ലേഖനങ്ങളാണ് സര്‍ക്കാര്‍ വിമര്‍ശനക്കുറ്റത്തിന്റെ തൊണ്ടിമുതലുകള്‍.

നടപടിക്ക് ഇടയാക്കിയ 'കുറ്റകൃത്യം'

2022 മാര്‍ച്ചില്‍ നടക്കേണ്ട എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയുടെ ചോദ്യഘടനയെക്കുറിച്ച് കുട്ടികളിലും രക്ഷാകര്‍ത്താക്കളിലും ഉത്കണ്ഠ ഉളവാക്കുംവിധം എഴുതുകയും അവരെ സര്‍ക്കാരിനെതിരായി തിരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു എന്നും അത് തെളിയിക്കപ്പെട്ടിക്കുന്നും എന്നുമാണ് നോട്ടീസില്‍ പറയുന്നത്. ഇതിന്റെ പേരിലുള്ള അച്ചടക്ക നടപടിക്ക് അധ്യാപകന്‍ യോഗ്യനാണെന്നും കുറ്റപത്രത്തില്‍ കണ്ടെത്തിയിരിക്കുന്നു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്കായുള്ള ഫോക്കസ് ഏരിയ നിശ്ചയിക്കുന്നതിലും ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിലും സംഭവിച്ചിട്ടുള്ള പാകപ്പിഴ, പരീക്ഷയെഴുതുന്ന കുട്ടികള്‍ക്ക് വലിയതോതില്‍ ഗ്രേഡ് നഷ്ടപ്പെടുത്തുമെന്നും അത് സിബിഎസ്ഇയെ സഹായിക്കുന്ന നടപടിയാണെന്നുമുള്ള അഭിപ്രായപ്രകടനമാണ് പ്രേമചന്ദ്രനെതിരായ പ്രതികാര നടപടിക്കിടയാക്കിയത്.

കോവിഡ് മൂലമുള്ള അധ്യയന നഷ്ടം മൂലം 200 അധ്യയന ദിവസങ്ങള്‍ കൊണ്ട് പഠിക്കാനുള്ള സിലബസ് ഇരുപതോ ഇരുപത്തഞ്ചോ മണിക്കൂറുകൊണ്ട് ഒരു കുട്ടി പഠിക്കേണ്ടിവരുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിലാണ് ഫോക്കസ് ഏരിയ നിശ്ചയിച്ച് അതില്‍നിന്നുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി പരീക്ഷ നടത്താനുള്ള തീരുമാനം. ഫോക്കസ് ഏരിയ എന്ന സങ്കല്‍പം തന്നെ ഇല്ലാതാക്കുന്ന നടപടിയാണ് ഇത്തവണത്തെ ചോദ്യപ്പേപ്പര്‍ തയ്യാറാക്കലില്‍ നടന്നിരിക്കുന്നതെന്നാണ് പ്രേമചന്ദ്രന്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. പുതിയ ചോദ്യപേപ്പര്‍ പ്രകാരം നന്നായി പഠിച്ച ഒരു കുട്ടിക്കും പരമാവധി ലഭിക്കുക 80ല്‍ 56 മാര്‍ക്ക് മാത്രമാണെന്ന് പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു.

notice
ഫോക്കസ് ഏരിയയുടെ വ്യാപ്തി 40 ശതമാനത്തില്‍നിന്ന് 60 ശതമാനമാക്കി വര്‍ധിപ്പിച്ചുകൊണ്ടും ഫോക്കസ് ഏരിയ, നോണ്‍ ഫോക്കസ് ഏരിയ എന്നിങ്ങനെ ചോദ്യങ്ങളെ പ്രത്യേക കള്ളികളായി തിരിച്ചുകൊണ്ടും ചോദ്യപേപ്പറില്‍ അട്ടിമറി നടത്തിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ഇതുപ്രകാരം എത്ര പഠിക്കുന്ന വിദ്യാര്‍ഥിക്കും പരമാവധി ലഭിക്കുക ബി ഗ്രേഡ് മാത്രമായിരിക്കും. കുട്ടികള്‍ക്ക് ഫോക്കസ് ഏരിയയില്‍ ഓപ്ഷന്‍ കൊടുക്കുകയും ലോ ഫോക്കസ് ഏരിയയില്‍ ഓപ്ഷന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. വിവിധ ഭാഗങ്ങളില്‍ നിന്നായി കുട്ടികള്‍ക്ക് ഉത്തരം അറിയുന്ന ചോദ്യങ്ങള്‍ ചോദ്യപേപ്പറില്‍ ഉണ്ടായിരിക്കേ അത് എഴുതാനുള്ള അവസരം നിഷേധിക്കുന്നതായും അദ്ദേഹം പറയുന്നു.

മുന്‍ വര്‍ഷങ്ങളില്‍ കേരള സിലബസ് പഠിക്കുന്ന കുട്ടികള്‍ക്ക് ലഭിച്ചിരുന്ന ഉയര്‍ന്ന ഗ്രേഡ് അട്ടിമറിക്കുക എന്നതാണ് ഇതിന്റെ പിന്നിലുള്ള ലക്ഷ്യമെന്നാണ് പ്രേമചന്ദ്രന്‍ ഉന്നയിക്കുന്ന ആരോപണം. സി.ബി.എസ്.ഇയും വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥ ലോബിയും തമ്മിലുള്ള ഒത്തുകളിയാണെന്നും അദ്ദേഹം പറയുന്നു. കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന സ്‌കോറിന് തടയിടാനുള്ള സിബിഎസ്ഇ വിദ്യാഭ്യാസ ലോബിയുടെ നീക്കമായാണ് ഇതിനെ അദ്ദേഹം കാണുന്നത്.

പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉന്നയിച്ച മേല്‍പറഞ്ഞ ആശങ്കകളാണ് പ്രേമചന്ദ്രനെതിരായ പ്രതികാര നടപടിക്ക് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥവൃന്ദത്തെ ചോദ്യമുനയില്‍ നിര്‍ത്തുന്ന ആരോപണങ്ങള്‍ക്കുള്ള തക്കതായ മറുപടിയായിരുന്നു ഇത്. മേലില്‍ ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണ് ഇതെന്ന് നോട്ടീസിനു മുന്നോടിയായുള്ള വിദ്യാഭ്യാസമന്ത്രിയുടെ താക്കീതുമായി ചേര്‍ത്തുവായിക്കുമ്പോള്‍ വ്യക്തമാകും.

അധ്യാപകന്റെ അക്കാദമിക് ഇടപെടലുകളും സര്‍വീസ് ചട്ടങ്ങളും തമ്മിലെന്ത്?

1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിലെ 60 എ വകുപ്പ് ലംഘിച്ചു എന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നയങ്ങള്‍ സംബന്ധിച്ച് അഭിപ്രായപ്രകടനം നടത്തുന്നതും പ്രതിഷേധിക്കുന്നതും വിലക്കിക്കൊണ്ടുള്ളതാണ് ഇത്. സാമൂഹ്യമാധ്യമങ്ങളിലൂടെ സര്‍ക്കാര്‍ ജീവനക്കാര്‍ അഭിപ്രായപ്രകടനം നടത്തുന്നതിനെതിരേ 2017-ല്‍ ഒരു സര്‍ക്കുലറും പുറത്തിറക്കിയിരുന്നു. ഇവയെ ആധാരമാക്കിയാണ് ഇപ്പോള്‍ പ്രേമചന്ദ്രന് കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

സര്‍വീസ് ചട്ടത്തിന്റെ വാളോങ്ങി അഭിപ്രായപ്രകടനത്തിന്റെ വായമൂടിക്കെട്ടാന്‍ ഇടതുസർക്കാർ നടത്തുന്ന നീക്കമാണ് ഇപ്പോള്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. അക്കാദമിക് വിഷയങ്ങളില്‍ അധ്യാപകന്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ സര്‍വീസ് ചട്ടലംഘനമാകും എന്ന സാഹചര്യമാണ് പ്രേമചന്ദ്രനെതിരായ നടപടിയിലൂടെ ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്. എന്നാല്‍, പരീക്ഷാ നടത്തിപ്പിനേക്കുറിച്ച് അധ്യാപകര്‍ക്കുള്ള ആശങ്കകള്‍ പ്രകടിപ്പിക്കാന്‍ ഒരു വേദിയും ലഭിക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം ഉണ്ടായത് എന്നതാണ് വസ്തുത. മുന്‍ വര്‍ഷത്തേതില്‍നിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച ഏകപക്ഷീയ നടപടിയാണ് ഈ സാഹചര്യമുണ്ടാക്കിയത്.

കോവിഡ് സാഹചര്യത്തില്‍ പരീക്ഷ എങ്ങനെ നടത്തണം എന്ന കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം കൃത്യമായ നടപടിക്രമങ്ങള്‍ ഉണ്ടായിരുന്നു. സി. രവിന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന മുന്‍വര്‍ഷത്തില്‍ എസ്.സി.ഇ.ആര്‍.ടിയെ കൂടി ഉള്‍പ്പെടുത്തി ഡോക്കുമെന്റ് ഉണ്ടാക്കുകയും ഇതിനെ അടിസ്ഥാനമാക്കി ഫോക്കസ് ഏരിയ നിശ്ചയിക്കുകയും ചെയ്തിരുന്നു. ഇതിനെ ആധാരമാക്കിയായിരുന്നു ചോദ്യപേപ്പര്‍ തയ്യാറാക്കിയത്. ഇത്തവണ ഇത്തരം ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നു മാത്രമല്ല അക്കാദമിക് വിഷയങ്ങളുടെ ആധികാരികസംവിധാനമായ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയിലോ ഉപസമിതികളിലോ വിഷയം ചര്‍ച്ചചെയ്തിട്ടില്ലെന്നാണ് അറിയുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്റ്റിയറിങ് കമ്മിറ്റി കൂടിയിട്ടുമില്ല. ചോദ്യപേപ്പറിന്റെ ഘടന നിശ്ചയിച്ചതിലും കരിക്കുലം കമ്മിറ്റിക്ക് പങ്കില്ലായിരുന്നു. മാത്രമല്ല, അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്കകള്‍ ഉന്നയിക്കാന്‍, അത് ചര്‍ച്ചചെയ്യാന്‍ ഒരു വേദി ഉണ്ടായിരുന്നില്ല എന്നതും വസ്തുതയാണ്.

വര്‍ഷങ്ങളായി ഈ രംഗത്ത് ഇടപെടലുകള്‍ നടത്തുന്ന ഒരാളെന്ന നിലയില്‍ തന്റെ ആശങ്കകള്‍ പങ്കുവെക്കുകയാണ് പ്രേമചന്ദ്രന്‍ ചെയ്തതെന്നും അത് ഉള്‍ക്കൊള്ളാനും വൈകിയാണെങ്കിലും വിഷയം ചര്‍ച്ചയ്‌ക്കെടുക്കാനും തയ്യാറാകുന്നതിനു പകരം, ഏകാധിപത്യപരമായ അച്ചടക്ക നടപടി സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നാണ് ഉയരുന്ന ആരോപണം. വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്ന പ്രതികാര നടപടിക്കെതിരേ സാമൂഹ്യമാധ്യമങ്ങളിലടക്കം ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഇടതുപക്ഷ സഹയാത്രികരടക്കമുള്ളവരും വിഷയത്തില്‍ അഭിപ്രായപ്രകടനങ്ങളുമായി ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram